Image

ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്‍െറ പുതിയ ചിത്രം മീരാ നായര്‍ സംവിധാനം ചെയ്യും

Published on 07 October, 2011
ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്‍െറ പുതിയ ചിത്രം മീരാ നായര്‍ സംവിധാനം ചെയ്യും
ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്‌ (ഡി.എഫ്‌.ഐ) നിര്‍മിക്കുന്ന പുതിയ ചിത്രം പ്രശസ്‌ത ഇന്ത്യന്‍ സംവിധായിക മീരാ നായര്‍ സംവിധാനം ചെയ്യും. പാക്‌ എഴുത്തുകാരനായ മുഹ്‌സിന്‍ ഹാമിദിന്‍െറ ദി റെലക്‌റ്റന്‍റ്‌ ഫണ്ടമെന്‍റലിസ്റ്റ്‌ എന്ന നോവലാണ്‌ സിനിമയാകുന്നത്‌. സിനിമയുടെ ചിത്രീകരണം ന്യൂദല്‍ഹി, അറ്റ്‌ലാന്‍റ, ന്യൂയോര്‍ക്ക്‌, ലാഹോര്‍ എന്നിവിടങ്ങളിലായി ഈ ആഴ്‌ച ആരംഭിക്കും.
ലോകസിനിമക്ക്‌ ഡി.എഫ്‌.ഐയുടെ രണ്ടാമത്തെ സംഭാവനയാണ്‌ മീരാനായര്‍ ഒരുക്കുന്ന ചിത്രം. ഈ വര്‍ഷം ആദ്യം ഡി.എഫ്‌.ഐയുടെ സാമ്പത്തികസഹായത്തോടെ നിര്‍മിച്ച ബ്‌ളാക്ക്‌ ഗോള്‍ഡിന്‍െറ ആദ്യപ്രദര്‍ശനം ഈ മാസം 25 മുതല്‍ ദോഹയില്‍ സംഘടിപ്പിക്കുന്ന ട്രിബേക്ക ചലച്ചിത്രോല്‍സവത്തിന്‍െറ ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ നടക്കും.

അമേരിക്കയിലെ വാള്‍സ്‌ട്രീറ്റില്‍ കോര്‍പറേറ്റായി ഉയര്‍ന്നുവരുന്ന ചെങ്കിഷ്‌ എന്ന പാക്‌ യുവാവിന്‍െറ ജീവിതവും സെപ്‌തംബര്‍ 11 ആക്രമണത്തിന്‌ ശേഷം പണത്തിനും അധികാരത്തിനുമപ്പുറം മൗലികവാദത്തോട്‌ കൂറ്‌ പ്രകടിപ്പിക്കുന്ന അയാളുടെ ആത്മസംഘര്‍ഷങ്ങളുമാണ്‌ റെലക്‌റ്റന്‍റ്‌ ഫണ്ടമെന്‍റലിസ്റ്റ്‌ പറയുന്നത്‌. 2007ല്‍ ബുക്കര്‍ സമ്മാനത്തിന്‌ നാമനിര്‍ദേശം ചെയ്യപ്പെട്ട ഈ നോവല്‍ വില്‍പനയില്‍ റെക്കോര്‍ഡ്‌ സൃഷ്ടിക്കുകയും ദി ഗാര്‍ഡിയനും ന്യൂയോര്‍ക്ക്‌ ടൈംസും മികച്ച പുസ്‌തകമായി തെരഞ്ഞെടുക്കുകയും ചെയ്‌തിരുന്നു. റിസ്‌ അഹമ്മദ്‌ ആണ്‌ ചിത്രത്തില്‍ ചെങ്കിഷിനെ അവതരിപ്പിക്കുന്നത്‌. ഓംപുരി, ഷബാന അസ്‌മി, ലീവ്‌ സ്‌ക്രീബര്‍, കീഫര്‍ സതര്‍ലാന്‍റ്‌, നെല്‍സണ്‍ എല്ലിസ്‌, മാര്‍ട്ടിന്‍ ഡൊനോവന്‍, മീസാ ഷാഫി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്‌.

ഇസ്ലാമും പാശ്ചാത്യലോകവും തമ്മിലുള്ള വിടവ്‌ ഓരോ ദിവസവും കൂടിവരുന്ന സാഹചര്യത്തില്‍ പാകിസ്ഥാനെക്കുറിച്ച്‌ ഒരു സമകാലിന്ന സിനിമയെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന്‌ മീരാ നായര്‍ പറഞ്ഞു. രാഷ്ട്രീയമാനങ്ങളുള്ള ചിത്രം സ്വാതന്ത്ര്യത്താടെ ചെയ്യാന്‍ കഴിയുന്നത്‌ ഭാഗ്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. സെപ്‌തംബര്‍ 11ന്‍െറ പത്താം വാര്‍ഷികത്തില്‍ ഏറ്റവും പ്രസക്തമായ പ്രമേയമാണ്‌ മീരാനായര്‍ ദൃശ്യവത്‌കരിക്കുന്നതെന്ന്‌ ഡി.എഫ്‌.ഐ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ അമന്ത പാമിര്‍ പറഞ്ഞു. മീരയുടെ സംവിധാനശൈലിയെക്കുറിച്ച്‌ പഠിക്കാന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള സംഘം സിനിമയുടെ ചിത്രീകരണവേളയില്‍ അവരോടൊപ്പമുണ്ടാകും. ഡെക്‌ളാന്‍ ക്വിന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍െറ കോസ്റ്റ്യൂം ഡിസൈനര്‍ അര്‍ജുന്‍ ഭാസിനും എഡിറ്റര്‍ ഷിമിത്‌ അമിനുമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക