Image

പ്രസവം ആരെ രക്ഷിക്കും - മഞ്ജു വാര്യരെ, ശ്വേതയെ? (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 14 August, 2013
പ്രസവം ആരെ രക്ഷിക്കും - മഞ്ജു വാര്യരെ, ശ്വേതയെ? (കുര്യന്‍ പാമ്പാടി)
മലയാളത്തിന്റെ നായികാവസന്തത്തിലെ നറുമലരായ മഞ്ജു വാര്യര്‍ ഒരു പ്രസവരംഗത്തോടെ അഭിനയലോകത്തിലേക്കു തിരിച്ചുവരാനുള്ള ശ്രമം പ്രതീക്ഷയോടെ കാത്തിരുന്നവര്‍ക്കു നിരാശയായി. പതിന്നാലു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം പ്രസവിച്ചുകിടക്കാനല്ല, പ്രസരിപ്പോടെ പുളകങ്ങള്‍ വാരിവിതറാനാണ് ലോകമെമ്പാടുമുള്ള മലയാളികള്‍ അവരുടെ സങ്കല്പവിമാനങ്ങളില്‍ സഞ്ചരിച്ചുകൊണ്ടിരുന്നത്.

'മഞ്ജു വാര്യര്‍ ഡിസപ്പോയിന്റ്‌സ്' - ട്വിറ്ററിലും ഫേസ്ബുക്കിലും യുടൂബിലും കണ്ണുനട്ടിരുന്ന നിരവധി പേര്‍ തിക്കിത്തിരക്കി അഭിപ്രായങ്ങള്‍ വാരിയെറിഞ്ഞു. സ്‌നേഹം വാരിച്ചൊരിഞ്ഞിരുന്ന പിതാവില്‍നിന്നു തെറ്റിയകന്ന് സ്‌നേഹിച്ച പുരുഷന്റെ പിറകേ പോയ പെണ്‍കുട്ടി, ഒടുവില്‍ ഗര്‍ഭിണിയായി വേദനിക്കുമ്പോള്‍ അച്ഛനെയോര്‍ത്തു വില്പിക്കുന്നതും. അച്ഛന് കാണാമറയത്തുനിന്ന് ഓടിയെത്തി മകളെ പ്രസവാശുപത്രിയിലേക്കു കൊണ്ടുപോകുന്നതും ''ഞാന്‍ വിളിച്ചാല്‍ അച്ഛന്‍ വരുമെന്ന് എനിക്കു വിശ്വാസമുണ്ടായിരുരുന്നു'' എന്ന് പെണ്‍കുട്ടി പറയുന്നതുമാണ് കല്യാണ്‍ ജൂവലേഴ്‌സിന്റെ രണ്ടോ മൂന്നോ മിനിറ്റുള്ള പരസ്യചിത്രത്തിന്റെ പ്രമേയം.

'വിശ്വാസമല്ലേ എല്ലാം' എന്ന മുദ്രാവാക്യവുമായി കല്യാണ്‍ ജൂവലേഴ്‌സിന്റെ ലോഗോ ഉയര്‍ന്നുവരുന്നതോടെ അമിതാഭ് ബച്ചന്‍ - മഞ്ജു വാര്യര്‍ ചിത്രം അവസാനിക്കുന്നു. പ്രസവിച്ച കുഞ്ഞുമായി കിടക്കുന്ന പ്രണയിനിയുടെ അടുത്തേക്ക് ഓടിയെത്തുന്ന ഭര്‍ത്താവിനെ ഏതാനും സെക്കന്‍ഡുകൊണ്ട് അവതരിപ്പിക്കുന്നത് പ്രശസ്തനായ ഒരു മറുനാടന്‍ അഭിനേതാവാണ്.
ശോഭന, ഉര്‍വശിമാര്‍ കത്തിനില്‍ക്കുന്ന കാലത്താണ് ചൂരും ചുണയുമുള്ള ഒരു വ്യത്യസ്ത നായികയെ മലയാളസിനിമ കണ്ടെത്തിയത്. ദിലീപ് ചിത്രങ്ങളിലൂടെ മലയാളിയുടെ നായികാസങ്കല്പങ്ങള്‍ക്ക് പുതിയ ഊടും പാവും നെയ്ത ഒരു നായിക. മൂന്നു വര്‍ഷംകൊണ്ട് കൈനിറയെ ചിത്രങ്ങള്‍. നര്‍ത്തകിയായ ആ നായികസിനിമയില്‍ നിറഞ്ഞാടി.

പക്ഷേ, പതിന്നാലു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഒരു പ്രസവത്തിലൂടെ വേണമോ മഞ്ജുവിനു തിരിച്ചുവരാന്‍ എന്ന ചോദ്യമാണ് മലയാളിയെ മഥിക്കുന്നത്? കന്മഥം, സമ്മര്‍ ഇന്‍ ബേത്‌ലേഹം, കണ്ണെഴുതി പൊട്ടുംതൊട്ട്, ആറാം തമ്പുരാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ മനസ്സില്‍ താരാട്ടുപാടി കൊണ്ടുനടന്ന നായികയെവിടെ? പ്രസവിച്ചുകിടക്കുന്ന നായികയെവിടെ? ഒരുപക്ഷേ, കാളന്‍ നെല്ലായിയുടെ പരസ്യംപോലെ, പ്രസവിക്കുന്തോറും സൗന്ദര്യം വര്‍ധിക്കുമായിരിക്കും!
മികച്ച നര്‍ത്തകിയെന്ന നിലയില്‍ രണ്ടുതവണ കലാതിലകം അണിഞ്ഞ ആളാണ് മഞ്ജു വാര്യര്‍. 1995ല്‍ പതിനേഴാം വയസ്സില്‍ 'സാക്ഷ്യം' എന്ന ചിത്രത്തോടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഈ നടി 99ല്‍ 'പത്രം' എന്ന ചിത്രത്തോടെ അഭിനയജീവിതം അവസാനിപ്പിച്ചു. മൂന്നു വര്‍ഷംകൊണ്ട് ഇരുപതു ചിത്രങ്ങള്‍. മിക്കവാറും എല്ലാംതന്നെ വന്‍ ഹിറ്റുകള്‍. ഏറ്റം മികച്ച നായികയെന്ന നിലയില്‍ നാലു തവണ ഫിലിം ഫെയര്‍ അവാര്‍ഡുകള്‍. ഒരുതവണ ദേശീയ ചലച്ചിത്ര ജൂറിയുടെ മികവാര്‍ന്ന നടിയെന്ന പരാമര്‍ശം (കണ്ണെഴുതി പൊട്ടുംതൊട്ട്). ഇതില്‍ കൂടുതല്‍ എന്തംഗീകാരം വേണം!
ഈ പുഴയും കടന്ന് (1996), ആറാം തമ്പുരാന്‍ (1997), കന്മഥം (1998), പത്രം (1998) എന്നീ നാലു ചിത്രങ്ങള്‍ക്കാണ് ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചത്. 'സല്ലാപ'ത്തില്‍ ആദ്യമായി ദിലീപിന്റെ നായികയായി അഭിനയിച്ചു. ഈ പുഴയും കടന്ന്, കുടമാറ്റം എന്നീ ചിത്രങ്ങളിലൂടെ മഞ്ജു-ദിലീപ് ബന്ധം വളര്‍ന്നു. തൃശൂര്‍ ജില്ലയില്‍ ചേര്‍പ്പിനടുത്ത് പുള്ളു എന്ന ഗ്രാമവാസിയാണ് മഞ്ജു എന്ന ഈ വാര്യര്‍കുട്ടി (അച്ഛനമ്മമാര്‍ അധ്യാപകര്‍, സഹോദരന്‍ മധു വാര്യര്‍ നടന്‍, ഇപ്പോള്‍ ദിലീപുമൊത്ത് കൊച്ചിയില്‍ താമസം). 1998 ഒക്‌ടോബര്‍ 28ന് വിവാഹിതയായി. ഇരുപതാം വയസ്സില്‍ അഭിനയകലയോടു വിടപറഞ്ഞു.

മഞ്ജുവിന്റെ പ്രസവവും ശ്വേതാ മേനോന്റെ യഥാര്‍ത്ഥ പ്രസവവും തമ്മില്‍ കൂട്ടിക്കുഴയ്‌ക്കേണ്ട ആവശ്യമില്ല. ആര്, എവിടെ, എങ്ങനെ പ്രസവിച്ചാല്‍ സമൂഹത്തിന് എന്തു കാര്യം?  അഭിനയത്തികവുള്ള നായികമാരെന്ന നിലയില്‍ വെള്ളിത്തിരയില്‍ അവര്‍ എങ്ങനെ പ്രകടനം നടത്തുന്നു എന്നു നോക്കിയാല്‍ പോരേ എന്നാണ് കോട്ടയത്ത് മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ പ്രോ വൈസ് ചാന്‍സലറും, സാമൂഹ്യപ്രശ്‌നങ്ങളില്‍ നല്ല അവഗാഹമുള്ള നിയമജ്ഞയുമായ ഡോ. ഷീന ഷുക്കൂറിന്റെ വിലയിരുത്തല്‍.

''ഒരു വ്യക്തിയെന്ന നിലയില്‍ തന്റെ പ്രസവം പ്രേക്ഷകര്‍ കാണുന്നതില്‍ തനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നാണ് ശ്വേത പറയുന്നത്. ഞാനിത് അംഗീകരിക്കുന്നു, അപ്രിഷ്യേറ്റ് ചെയ്യുന്നു. ഒരു കലാകാരന്റെ കണ്ണുകളോടെയാണ് പ്രസവം താന്‍ ചിത്രീകരിച്ചതെന്ന് 'കളിമണ്ണി'ന്റെ സംവിധായകന്‍ ബ്ലെസി പറയുന്നു. പ്രഗത്ഭനായ ബ്ലെസി എങ്ങനെ അതു പൂര്‍ത്തീകരിച്ചുവെന്ന് ഓഗസ്റ്റ് 23നു കാണാം'' -പതിവായി സിനിമ കാണാറുള്ള ഡോ. ഷീന പറയുന്നു.

പക്ഷേ, ഷീനയുടെ ഓഫീസിന് ഒരു മിനിറ്റ് അകലെ ബിഹേവിയറല്‍ സയന്‍സ് വകുപ്പിന്റെ പുതിയ ബഹുനിലമന്ദിരത്തിന്റെ വര്‍ണഭംഗിയില്‍ അഭിരമിച്ചു നില്‍ക്കുന്ന വകുപ്പു മേധാവി ഡോ. റസീന പത്മം അതിനോടു യോജിക്കുന്നില്ല: ''ധാര്‍മികമൂല്യങ്ങള്‍ ഓരോ സമൂഹത്തിലും ഓരോ രീതിയിലാണ്. ഹോളിവുഡ് ചിത്രങ്ങള്‍ ആത്യന്തം പച്ചയായ കാര്യങ്ങള്‍ കാണിക്കുമ്പോള്‍ നൂറു തികഞ്ഞ ഇന്ത്യന്‍ സിനിമയില്‍ ചുംബനം പോലും നിഷിദ്ധമാണ്. ബലാത്സംഗം ലൈറ്റ് ആന്‍ഡ് ഷെയ്ഡിലൂടെയേ മലയാള പ്രേക്ഷകര്‍ കണ്ടിട്ടുള്ളൂ.

''ശ്വേതയുടെ അഭിപ്രായം ചെറുപ്പത്തിന്റെ വകതിരിവില്ലായ്മയോ എടുത്തുചാട്ടമോ ആയി മാത്രമേ ഞാന്‍ കാണുന്നുള്ളൂ. ഞാന്‍ എക്കാലവും ഒരു മകളും ഭാര്യയും അമ്മയുമാണ്. എനിക്ക് ശ്വേതയുടെ പ്രായമുള്ള ഒരു മകളുണ്ട്. പത്തു വര്‍ഷം കഴിയുമ്പോള്‍ ശ്വേതയുടെ അഭിപ്രായം മാറും എന്നെനിക്കു തീര്‍ച്ചയുണ്ട്'' -ഡോ. റസീന പറയുന്നു.

എങ്കിലും മഞ്ജുവിന്റെ പ്രസവം കാണിക്കുന്ന പരസ്യചിത്രത്തിന്റെ പ്രമേയം ഡോ. റസീനയ്ക്ക് ഇഷ്ടമാണ്. ഭാവതീവ്രതയോടെ അതിന്റെ സന്ദേശം പ്രേക്ഷകരിലെത്തിക്കാന്‍ സംവിധായകനും കൃതഹസ്തരായ നടീനടന്മാര്‍ക്കും കഴിഞ്ഞിട്ടുണ്ട്. അത് മഞ്ജുവിന്റെ മടങ്ങിവരവിനു സഹായിക്കുമോ എന്നതു വേറെ വിഷയം. സഹായിക്കുമെന്നു തന്നെയാണ് പ്രൊഫസറുടെ പക്ഷം.

മഞ്ജുവുമായി വെറുമൊരു പ്രേക്ഷകനെന്ന നിലയിലുള്ള ബന്ധമല്ല ഈ ലേഖകനുള്ളത്. 1998 ഒക്‌ടോബര്‍ 28ന് ഗുരുവായൂരില്‍ നടന്ന ദിലീപ്-മഞ്ജു വിവാഹത്തിന്റെയും സദ്യയുടെയും ചിത്രങ്ങള്‍ എടുത്ത് ഗള്‍ഫില്‍ ഞാന്‍ ജോലിചെയ്തിരുന്ന 'ദി പെനിന്‍സുല' എന്ന പത്രത്തിലേക്ക് ജീവിതത്തില്‍ ആദ്യമായി ഇ-മെയില്‍ ചെയ്ത കാര്യം ഞാനോര്‍ക്കുന്നു. അതുവരെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ പോയി ഖത്തര്‍ എയര്‍വേസിലെ പൈലറ്റുമാരുടെ പക്കല്‍ ദോഹയിലേക്ക് ചിത്രങ്ങള്‍ കൊടുത്തുവിടുകയായിരുന്നു പതിവ്. ഈ വര്‍ഷമാദ്യം കൊച്ചി ബിനാലെ പ്രദര്‍ശനം ചുറ്റിനടന്നു കാണുന്നതിനിടയില്‍ പെട്ടെന്നൊരു ബഹളം. ആളുകള്‍ ഓടിക്കൂടുന്നു. പിന്നിലേക്കു നോക്കുമ്പോള്‍ ദാ വരുന്നൂ, മഞ്ജു വാര്യര്‍. 14 വര്‍ഷത്തിനു ശേഷം മഞ്ജുവിനെ ആദ്യമായി കാണുന്നു. ഞാന്‍ പെട്ടെന്ന് കാമറ ക്ലിക്ക് ചെയ്തു ചിത്രങ്ങളെടുത്തു. ''നിങ്ങള്‍ക്കു നാണമില്ലേ മനുഷ്യാ ഈ പ്രായത്തില്‍... അവള്‍ അവളുടെ പാട്ടിനു പോകട്ടെ'' എന്ന് ഈര്‍ഷ്യയോടെ ഭാര്യയുടെ കമന്റ്.

മഞ്ജുവിനെ അങ്ങനെ വിടാനൊക്കുമോ? മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുകയല്ലേ ആ മുഖം. നവംബര്‍ ഒന്നിന് മഞ്ജുവിന് 35 തികഞ്ഞാല്‍ത്തന്നെ പ്രേക്ഷകര്‍ക്ക് ആ കുസൃതിച്ചിരി, ആ ദൈന്യഭാവം, ആ ഗൗരവം... എങ്ങിനെ മറക്കാനാവും?


പ്രസവം ആരെ രക്ഷിക്കും - മഞ്ജു വാര്യരെ, ശ്വേതയെ? (കുര്യന്‍ പാമ്പാടി)പ്രസവം ആരെ രക്ഷിക്കും - മഞ്ജു വാര്യരെ, ശ്വേതയെ? (കുര്യന്‍ പാമ്പാടി)പ്രസവം ആരെ രക്ഷിക്കും - മഞ്ജു വാര്യരെ, ശ്വേതയെ? (കുര്യന്‍ പാമ്പാടി)പ്രസവം ആരെ രക്ഷിക്കും - മഞ്ജു വാര്യരെ, ശ്വേതയെ? (കുര്യന്‍ പാമ്പാടി)പ്രസവം ആരെ രക്ഷിക്കും - മഞ്ജു വാര്യരെ, ശ്വേതയെ? (കുര്യന്‍ പാമ്പാടി)പ്രസവം ആരെ രക്ഷിക്കും - മഞ്ജു വാര്യരെ, ശ്വേതയെ? (കുര്യന്‍ പാമ്പാടി)പ്രസവം ആരെ രക്ഷിക്കും - മഞ്ജു വാര്യരെ, ശ്വേതയെ? (കുര്യന്‍ പാമ്പാടി)പ്രസവം ആരെ രക്ഷിക്കും - മഞ്ജു വാര്യരെ, ശ്വേതയെ? (കുര്യന്‍ പാമ്പാടി)പ്രസവം ആരെ രക്ഷിക്കും - മഞ്ജു വാര്യരെ, ശ്വേതയെ? (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക