Image

നിനവും നനവും (അരുളറിവുകള്‍ ആട്ടമാടുമ്പോള്‍ - കെ.എ. ബീന)

Published on 14 August, 2013
നിനവും നനവും (അരുളറിവുകള്‍ ആട്ടമാടുമ്പോള്‍  - കെ.എ. ബീന)

അവന്റെ മുഖത്തിന് പച്ചനിറമായിരുന്നു,  കണ്ണുകള്‍ നീലയും, നഖങ്ങള്‍് ചുവപ്പും, മുടിക്ക് സ്വര്‍ണ്ണ വര്‍ണ്ണവും... അവന് മാത്രമല്ല അവന്റെ അമ്മയ്ക്കും നിറങ്ങളുടെ ധാരാളിത്തമുണ്ടായിരുന്നു.  അവരുടെ ചേലകളില്‍ നിറങ്ങള്‍  അസംബന്ധ നൃത്തം ചെയ്തു.  ഓറഞ്ച് അല്ലികള്‍ വായില്‍ വച്ച് തന്ന് അവന്‍ പാടിത്തന്ന തമിഴ് പാട്ടിന്റെ വരികളെന്തായിരുന്നു?
ഇശലേ, കാതലേ എന്നൊക്കെ ഓര്‍മ്മയില്‍.
അന്ന് ഞാന്‍ മഞ്ഞപ്പിത്തം  മൂര്‍ച്ഛിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍് ഇടതുകാല്‍ തളര്‍ന്ന് കിടക്കുകയായിരുന്നു.  ആറാം ക്ലാസ്സിലെ അവധിക്കാലത്താണ് മഞ്ഞപ്പിത്തം ഞങ്ങളുടെ വീട്ടിലെത്തുന്നത്.  അനിയത്തിമാര്‍ രണ്ടുപേരും രോഗികളായി കിടന്നപ്പോള്‍ മരുന്ന് വാങ്ങാനും അവരെ ശുശ്രൂഷിക്കാനുമൊക്കെ ഓടി നടന്നു..  ഹോമിയോ ഡോക്ടറും ബന്ധു വുമായ അപ്പൂപ്പന്‍ മഞ്ഞപ്പിത്തം പിടിച്ചാല്‍ ആകെ കഴിക്കാന്‍ അനുവദിച്ചിരുന്നത് ഉപ്പിടാതെ വേവിച്ച പയറും പുഴുങ്ങിയ ഏത്തപ്പഴവുമായിരുന്നു.  അനിയത്തിമാര്‍ അത് കഴിക്കാന്‍ പറ്റില്ല എന്ന് ശാഠ്യമെടുത്ത് കരഞ്ഞപ്പോള്‍ ഞാന്‍ ആശ്വസിപ്പിച്ചു.
''ചേച്ചീം വേറെയൊന്നും കഴിക്കില്ല.  നിങ്ങളുടെ സൂക്കേട് മാറും വരെ പയറും, പുഴുങ്ങിയ പഴവും മാത്രമേ കഴിക്കൂ.''
ഏറെ ദിവസം കഴിയും മുമ്പ് ആ ഭക്ഷണങ്ങള്‍ മാത്രമേ കഴിക്കാന്‍ പറ്റൂ എന്ന അവസ്ഥയിലായി ഞാനും.  അനിയത്തിമാരുടെ ശുശ്രൂഷകള്‍ക്കിടയില്‍പ്പെട്ട് നടന്നതിനാല്‍ വളരെ കൂടിയതിനു ശേഷമാണ് എന്റെ രോഗം കണ്ടുപിടിക്കപ്പെടുന്നത്, അപ്പോഴേക്കും ഇടതുകാല്‍ തളര്‍ന്ന് നടക്കാനാവാത്ത അവസ്ഥയിലായിക്കഴിഞ്ഞിരുന്നു.
മെഡിക്കല്‍ കോളേജില്‍ ഒരു മാസത്തോളം പരീക്ഷണ വസ്തുവിനെപ്പോലെ.  സ്‌പെഷ്യലിസ്റ്റുകള്‍, സാദാ ഡോക്ടര്‍മാര്‍, ഹൗസ് സൗര്‍ജന്‍മാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍.  കാരണമറിയാതെ തളര്‍ന്നുപോയ എന്റെ കാലിനെ പൊക്കിയും ഞെക്കിയും അവരെല്ലാവരും സ്വന്തം നിഗമനങ്ങള്‍ ഉച്ചത്തില്‍ പങ്കുവച്ചുകൊണ്ടേയിരുന്നു.  'മഞ്ഞപ്പിത്തം കൊണ്ട് ഇങ്ങനെ വരില്ല' എന്ന് ഒരു സ്‌പെഷ്യലിസ്റ്റ്, ''വരും'' എന്ന് മറ്റൊരാള്‍.  രക്തസാമ്പിളുകള്‍, എക്‌സ്‌റേകള്‍ (അന്ന് സ്‌കാനിംഗില്ലാത്തതു കൊണ്ട് അത് ഒഴിവായി) മറ്റ് നൂറ് നൂറ് പരിശോധനകള്‍.  എന്റെ കട്ടിലിനരികിലിരുന്ന് മറ്റമ്മ (അമ്മയുടെ അമ്മ)യും അമ്മയും ദൈവങ്ങള്‍ക്ക് കൈക്കൂലികള്‍ നേര്‍ന്നു കൊണ്ടേയിരുന്നു.  ആഴ്ചകള്‍ കടന്നു പോയി.  ഒരു മാറ്റവുമില്ലാതെ ചലനമറ്റ് കിടക്കുന്ന കാലിലേക്ക് നോക്കി അമ്മയോട് ചോദിക്കും.
''ഇതിനി എന്നും ഇങ്ങനെയാണോ?''
അമ്മ വാപൊത്തി തടുക്കും.
''അങ്ങനൊന്നും പറയരുത്.  ഒക്കെ ശരിയാവും.''
മെഡിക്കല്‍ കോളേജിനടുത്ത് താമസിക്കുന്ന വലിയമ്മയുടെ വീട്ടില്‍ നിന്ന് മൂന്ന് നേരവും ഭക്ഷണം കൊണ്ടു വരുന്നത് മാത്രമായിരുന്നു ആ ദിവസങ്ങളിലെ  സന്തോഷം. (അന്ന് കാന്റീനുകളും കഫെറ്റീരിയകളുമൊന്നും ആശുപത്രികളുടെ ഭാഗമായിരുന്നില്ല, വീടുകളില്‍ നിന്ന് ഭക്ഷണം കൊണ്ടു വന്നേ തീരൂ .) 
ഒടുവില്‍ ഡോക്ടര്‍ അമ്മയോട് പറഞ്ഞു.
''ഈ കാലിന് ചലനസാധ്യത കുറവാണ്.  കുട്ടിക്ക് നടക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ നോക്കേണ്ടി വരും.  ക്രെച്ചസോ, വീല്‍ചെയറോ....''
അമ്മ കണ്ണു നിറഞ്ഞ് കേട്ടു നിന്നു.  എന്നിട്ട് എന്റെയടുത്ത് വന്ന് ധൈര്യശാലിയായി പറഞ്ഞു.
''മോള് നടക്കും.  ലോകം മുഴുവന്‍ യാത്ര ചെയ്യും.  എനിക്കുറപ്പാണ്.''
ബാല്യത്തിന്റെ നിഷ്‌കളങ്കത കൊണ്ടാവണം സംഭവത്തിന്റെ ഗൗരവമൊന്നും മനസ്സിലാവാതെ ഞാന്‍ ഓറഞ്ച് തിന്നണമെന്ന് പറഞ്ഞ് അപ്പോള്‍ വാശി പിടിച്ചത്.  എന്നെ ഒറ്റയ്ക്കാക്കി ഓറഞ്ച് വാങ്ങാന്‍ പോകുന്നതെങ്ങനെ എന്ന് ചോദിച്ച് സമാധാനിപ്പിക്കാന്‍ ശ്രമിച്ചിരുന്ന അമ്മയുടെ അടുത്തേക്ക് അപ്പുറത്തെ ബെഡില്‍ കിടക്കുന്ന രോഗിയുടെ മകന്‍ നടന്നു വന്നു.  രണ്ട് കൈകളിലും ഓരോ ഓറഞ്ചുമായി.  ഒരു ഓറഞ്ച് എന്റെ കയ്യില്‍ തന്ന് അവന്‍ ചിരിച്ചു. 
ഞാനും ചിരിച്ചു.
അതേവരെ നിറങ്ങളൊന്നുമില്ലാതിരുന്ന ആശുപത്രി വാര്‍ഡിലേക്ക് പെട്ടെന്നൊരായിരം നിറങ്ങള്‍ വന്നു നിറഞ്ഞു.  അവന് എന്റെയൊപ്പം പ്രായമുണ്ടായിരുന്നുവെങ്കിലും കാഴ്ചയില്‍ ചെറിയ  കുട്ടിയായിരുന്നു. 
''എന്‍ പേര് അരുളകം''
അവനാണ് സംഭാഷണം തുടങ്ങിയത്.  നാഗര്‍കോവിലിനടുത്ത ഏതോ ഗ്രാമത്തില്‍ നിന്ന് ഹൃദ്രോഗിയായ അമ്മയെയും കൊണ്ട് ചികിത്സയ്ക്ക് വന്നതാണ്.  അച്ഛന്‍ ലോറി ഡ്രൈവറായിരുന്നു, അപകടത്തില്‍ മരിച്ചു.  ഒരു ചേച്ചിയും രണ്ട് അനിയത്തിമാരുമുണ്ട്.  അവരെ ഒരു ബന്ധുവിന്റെ വീട്ടിലാക്കി അമ്മയും മകനും ആശുപത്രിയിലേക്ക് വന്നതാണ്.  ഓപ്പറേഷന്‍ നടത്തിയാലേ ഹൃദയം ശരിയാവും എന്ന്  ഡോക്ടര്‍ പറയുന്നു.  എന്തു ചെയ്യും, എവിടുന്ന് രൂപ ഉണ്ടാക്കും  എന്നൊന്നും അറിയില്ല.  11 വയസ്സുള്ള ആ കുട്ടി  മുതിര്‍ന്ന ആളുകളെപ്പോലെ എന്നോടും അമ്മയോടും പറഞ്ഞു.
''കടവുളേ കാപ്പാത്തും.''
അമ്മ ഏറ്റു പറഞ്ഞു-
''ഭഗവാന്‍ ഒക്കെത്തിനും വഴി കാണും.''

തമിഴ് കലര്‍ന്ന മലയാളത്തില്‍ അവനൊരുപാട് കഥകള്‍ പറഞ്ഞു, പാട്ടുകള്‍ പാടിത്തന്നു.  'ന്റുപ്പാപ്പാക്കൊരാനേണ്ടാര്‍ന്നു', 'മരപ്പാവകള്‍',  ''വാളമീന്‍ കല്‍പ്പിക്കുന്നു ഞാന്‍ ഇച്ഛിക്കുന്നു'' ഒക്കെ ഞാന്‍ അവന് പറഞ്ഞു കൊടുത്തു.  അവന്‍ പറഞ്ഞതില്‍ പാതി എനിക്കും ഞാന്‍ പറഞ്ഞതിലേറെയും  അവനും മനസ്സിലായില്ലെങ്കിലും ഞങ്ങള്‍ക്കിടയില്‍ നീണ്ടു പരന്നു കിടന്നിരുന്ന നിസ്സഹായതയുടെയും നിരാശയുടെയും പെരുവഴികളെ ഒന്നിപ്പിക്കാന്‍ ആ കഥകളും പാട്ടുകളും സഹായിച്ചു .  പലപ്പോഴും അവന്‍ അവന്റെ അമ്മയെ കൈപിടിച്ച് നടത്തി എന്റെ കട്ടിലില്‍ കൊണ്ട് വന്ന് ഇരുത്തുമായിരുന്നു.  ജട പിടിച്ച അവരുടെ മുടി ഞാന്‍ റിബ്ബണിട്ട് കെട്ടിക്കൊടുക്കുമായിരുന്നു.   തളര്‍ന്ന എന്റെ കാലില്‍ കൈകള്‍ വച്ച് അവര്‍ പ്രാര്‍ത്ഥിക്കും.
''കാപ്പാത്തുങ്കോ, കുളന്തയെ കാപ്പാത്തുങ്കോ.''
ഒരു ദിവസം ഞാന്‍ അവന് അല്ലാവുദ്ദീന്റെയും അത്ഭുതവിളക്കിന്റെയും  കഥ പറഞ്ഞു കൊടുക്കുകയായിരുന്നു.
''ഒരു അത്ഭുതവിളക്ക് എനിക്ക് വേണം.''
''എന്നിട്ട് നീയെന്ത് ചെയ്യും?''
''നിന്റെ കാല്‍ ശരിയാക്കണം, അമ്മേടെ ചങ്കിലെ ദീനം മാറണം.  അത്ഭുത വിളക്ക് കിട്ടിയാല്‍ വീട്ടിലെ ദാരിദ്ര്യം മാറ്റാം.''
 അമ്മ നിറഞ്ഞ കണ്ണുകളോടെ എന്റെ ചലനമറ്റ കാലിലേക്ക് നോക്കി കണ്ണീരടക്കി . മററമ്മ ശാസ്താവിന് വഴിപാടുകള്‍ നേര്‍ന്നു.  ഏതോ വിദേശരാജ്യത്ത് കടലില്‍ കപ്പലില്‍ കഴിയുന്ന അച്ഛനെ ഇതൊന്നും അറിയിക്കേണ്ടെന്ന് അമ്മാവന്മാര്‍ അമ്മയോട് പറഞ്ഞു.
ഒരു ദിവസം  അരുളകം പറഞ്ഞു.
''ഇന്ത കാലില്‍ ചിലമ്പ് പോടണം .  ഛില്‍ ഛില്‍ എന്ന് ആടണം.  റൊമ്പ അഴകായിരിക്കും.''
ഞാന്‍ കണ്ണു നിറച്ച് അവനെ നോക്കി. എന്റെ കാല്‍ ആദ്യമായി എന്നെ തളര്‍ത്തി.  ഞാനെന്റെ ചിലങ്കകളെ ഓര്‍ത്തു,  നൃത്തം ചെയ്ത വേദികളും, നൃത്തച്ചുവടുകളും ഓര്‍ത്തു. 
അവന്‍ വീണ്ടും പറഞ്ഞു.
''നീ ആടും, അഴകാന ആട്ടമാടും.''
എന്റെ ഉള്ളില്‍ വീണ്ടും താളമേളങ്ങളുയര്‍ന്നു, നൃത്തവേദികളില്‍ നിന്ന് പാന്‍കേക്കിന്റെ മണവും മുല്ലപ്പൂവിന്റെ മണവും എന്നിലേക്ക് നിറഞ്ഞു.  ആവേശത്തോടെ ഞാന്‍ ഡോക്ടര്‍ വന്നപ്പോള്‍ ചോദിച്ചു.
''ഡോക്ടര്‍, എനിക്ക് വീണ്ടും ഡാന്‍സ് ചെയ്യാന്‍ പറ്റുമോ?''
ഡോക്ടര്‍ നിസ്സഹായതയോടെ പറഞ്ഞു.
''നാളെ ഞങ്ങള്‍ കുട്ടിയെ ഡിസ് ച്ചാര്‍ജ്ജ് ചെയ്യുകയാണ്.  ഈ ആശുപത്രിയില്‍ പെയിന്റിംഗ് നടക്കാന്‍ പോകുന്നു.  ചികിത്സ അത്യാവശ്യമുള്ള രോഗികളെ മാത്രം കിടത്താനേ പറ്റൂ.  മോള് വീട്ടില്‍ പോയി കിടന്നോളൂ.  മരുന്നൊക്കെ കഴിക്കണം, ഒക്കെ ശരിയാവും.''
അന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഇനി ഒരിക്കലും ഞാന്‍ നടക്കില്ല എന്നാണ് ആ ഡോക്ടര്‍ പറഞ്ഞതെന്ന് അമ്മ എന്നോട് പറഞ്ഞത് എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞായിരുന്നു.
അരുളകത്തിന്റെ അമ്മയെ അന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തില്ല; എന്നെ കട്ടിലില്‍ നിന്ന് എടുത്ത് വീല്‍ ചെയറിലേക്ക് ഇരുത്തുമ്പോള്‍ അരുളകം അമ്മയോട് പറഞ്ഞു. 
''നടക്കും, കുളന്തെ നടക്കും.  അഴലപ്പെടാതുങ്കോ.  അവളെ ആട്ടം പഠിപ്പിക്കണം.''
അമ്മ അന്തം വിട്ട് അരുളകത്തെ നോക്കി.  അപ്പോഴേക്കും പോകാനുള്ള കാര്‍ വന്നു.
മുന്നോട്ടു പോകുന്ന വീല്‍ചെയറിലിരുന്ന് പിന്നില്‍ നിശ്ചലനായി നില്‍ക്കുന്ന അരുളകത്തിന് ഞാന്‍ റ്റാറ്റാ പറഞ്ഞു.  അപ്പോഴും ആശുപത്രി വാര്‍ഡില്‍ നിറങ്ങള്‍ നിറഞ്ഞു  നിന്നിരുന്നു.
നടക്കാനാവാത്ത എന്നെ അമ്മയ്ക്ക് ഒറ്റയ്ക്കു നോക്കാനുള്ള പ്രയാസം കാരണം തറവാട്ടിലേക്കാണ് കൊണ്ടു പോയത്.  തറവാട് എന്നും എന്റെ സ്വര്‍ഗ്ഗരാജ്യമായിരുന്നു, അസാദ്ധ്യമായതെന്തും നേടാനാവുമെന്ന് പറഞ്ഞ് ചെറുപ്പത്തിലേ എന്നെ ഉഷാറാക്കുന്ന ഒരുപാട് പേരും ഒരുപാട് കാര്യങ്ങളും അവിടെ ഉണ്ടായിരുന്നു.
സ്‌കൂള്‍ തുറന്നു .  അമ്മ സ്‌കൂളില്‍ പോയി പാഠപുസ്തകങ്ങള്‍ വാങ്ങിക്കൊണ്ടു തന്നു.  മലയാളം പാഠാവലിയിലെ കവിതകള്‍ കാണാപ്പാഠം പഠിച്ച് , സാമൂഹ്യപാഠ പുസ്തകം വായിച്ച്  നടക്കാനാവാതെ കിടക്കുന്ന ഒരു പാവം.  ചുറ്റുമുള്ള ലോകം എന്നെ അങ്ങനെ മാത്രമായി കണക്കാക്കിത്തുടങ്ങിയെന്ന് ഞാന്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു.  കക്കൂസിലേക്കും കുളിമുറിയിലേക്കും എടുത്തുകൊണ്ടു പോവുമ്പോള്‍ അമ്മാവന്മാരും കുഞ്ഞമ്മമാരും കളിയാക്കി,
''ഇനി ഇവള്‍ക്ക് ചോറ് കൊടുക്കണ്ട, എന്തൊരു ഭാരം'' എന്നെക്കാള്‍ 4, 5 വയസ്സ് മാത്രം പ്രായവ്യത്യാസമുള്ള അവര്‍ക്ക് എന്നെ എടുത്തു കൊണ്ട് നടക്കുന്നത് അത്ര എളുപ്പമല്ല എന്നത്
സത്യമായിരുന്നു. 
അരുളകം എന്റെ ഓര്‍മ്മകളില്‍ ചൈതന്യം നിറച്ച് കടന്നു വന്നു പറയും:
''അഴലാതെ കൊളന്തേ''
ഒരു രാത്രി ഞാന്‍ ഉറക്കെ കരഞ്ഞാവശ്യപ്പെട്ടു.
''എനിക്ക് സ്‌കൂളില്‍ പോകണം.'' 
വീട് ഞെട്ടി.
''എങ്ങനെ?''
അതെനിക്കറിയില്ലായിരുന്നു.
''പോണം, എനിക്ക് പോണം.''
പിറ്റേന്ന് രാവിലെ ശ്രീമാമന്റെ സൈക്കിളിന് മുന്നിലിരുന്ന് ഞാന്‍ സ്‌കൂളിലെത്തി.  ക്ലാസ്സില്‍ എന്നെ കൊണ്ടിരുത്തി ശ്രീമാമന്‍ പോയി.  പകല്‍ സഹപാഠികള്‍ ആരൊക്കെയോ എന്റെ കയ്യില്‍ പിടിച്ച് വലിച്ച് പറഞ്ഞു.
''വാ, കളിക്കാം.''
ഞാന്‍ കരഞ്ഞു.  പൊട്ടിപ്പൊട്ടിക്കരഞ്ഞു.
വൈകിട്ട് സൈക്കിളില്‍ എന്നെ എടുത്തിരുത്തുമ്പോള്‍ ശ്രീമാമന്‍ പറഞ്ഞു.
''നാളെയും സ്‌കൂളില്‍ കൊണ്ടുവരാം കേട്ടോ, വിഷമിക്കണ്ട.''
അന്ന് രാത്രി എല്ലാവരും ഉറങ്ങിക്കഴിഞ്ഞപ്പോള്‍ ഞാനുണര്‍ന്നു.  മുന്നോട്ടുള്ള ജീവിതമുയര്‍ത്തുന്ന ചോദ്യചിഹ്നം ആ ഇരുട്ടിലും എന്റെ കണ്ണുകളില്‍ ഇരുട്ടുനിറച്ചു. 
''നടന്നേ തീരൂ, ഇനിയുമെത്രനാള്‍ മറ്റുള്ളവരെ ബുദ്ധമുട്ടിച്ച് ഇങ്ങനെ.''
അന്ന് രാത്രി മുറിയുടെ ചുവരില്‍ അള്ളിപ്പിടിച്ച് ഞാന്‍ പതുക്കെ നടക്കാന്‍ ശ്രമിച്ചു.  നിലത്തു വീഴാതെ, ചലനമറ്റ കാലിനെ ശക്തിപ്പെടുത്തി ഞാന്‍ മുറിയില്‍ നടന്നു കൊണ്ടേയിരുന്നു.  ആ നടപ്പ് ഡോക്ടറുടെയും വീട്ടുകാരുടെയും വിലയിരുത്തലുകളെയും തെറ്റിച്ചു.
ഞാന്‍ നടന്നു.
ഞാന്‍ വീണ്ടും സ്വന്തം കാലുകളില്‍ നടന്നു.  വീഴാന്‍ തുടങ്ങിയപ്പോഴൊക്കെ താങ്ങി അമ്മയും വീട്ടുകാരും ശക്തി പകര്‍ന്നു.
''അരുളകത്തിനോട് പറയണം'' ഏതു ദുര്‍വ്വാശിക്കും കൂട്ടുചേരുന്ന അമ്മാവന്‍ മെഡിക്കല്‍ കോളേജില്‍ പോയി.  അവനും അമ്മയും അവിടെയില്ലായിരുന്നു. 
നൊമ്പരം മുള്ളായി മനസ്സിനെ നോവിച്ചപ്പോള്‍ ഞാനവന്റെ സ്വപ്നമോര്‍ത്തു.
''ആടണം, ചിലമ്പ് കെട്ടി നീ ആടണം.''
കേട്ടപ്പോള്‍ എല്ലാവരും ഞെട്ടി.  ഇങ്ങനെ വയ്യാത്ത ഒരു കാലും കൊണ്ട് എങ്ങനെ.  പക്ഷേ ഞാനുറപ്പിച്ചു കഴിഞ്ഞിരുന്നു. 
ഞാനെന്റെ ചിലങ്കകള്‍ പൊടിതട്ടിയെടുത്തു.  കലാമണ്ഡലം വിമലാമേനോന്റെ മുന്നില്‍ ദക്ഷിണ വച്ച് ഭരതനാട്യ ചുവടുകളുടെ തുടക്കം. കാലുകളുടെ ശേഷി വീണ്ടെടുക്കാന്‍ ഭരതനാട്യമാണ് നല്ലതെന്ന് ഒരു തോന്നല്‍ . ആദ്യമൊക്കെ വേദന കൊണ്ട് പുളഞ്ഞുവെങ്കിലും ഇടതുകാലിന ്ശക്തി തിരിച്ച് കിട്ടുന്നത് പതുക്കെ പതുക്കെ ഞാനറിഞ്ഞു.  രോഗാവസ്ഥയും ആശുപത്രിവാസവും ഡോക്ടര്‍മാരും കൂടി എന്റെ ഉള്ളില്‍ തീര്‍ത്ത ഭീതികളെയും നിസ്സഹായതയെയും ഭരതനാട്യ പഠനം കാറ്റില്‍ പറത്തി.  ഞാന്‍ ജീവിതത്തിലേക്ക് മടങ്ങിവന്നു, സജീവമായിത്തന്നെ.  ഉറച്ച ചുവടുകളോടെ ''അരങ്ങേറ്റം'' നടത്തുമ്പോള്‍ ഞാന്‍ അരുളകത്തെ ഓര്‍ത്തു.  ആ നൃത്തം അവന് വേണ്ടി ഉള്ളതായിരുന്നു.  നിശ്ചലതയില്‍ നിന്ന് ജീവിതത്തിന്റെ സജീവതയിലേക്ക് മടക്കിക്കൊണ്ടു വന്ന ആ കൊച്ചു ചങ്ങാതിക്ക് വേണ്ടി. ചില നേരത്ത് ദൈവം കടന്നു വരുന്നത് ഇങ്ങനെയൊക്കെയായിരിക്കാം.  മനുഷ്യരായി, അവരുടെ വാക്കായി, നോക്കായി, സ്‌നേഹമായി.  കഷ്ടിച്ച് ഒരാഴ്ച നീണ്ടു നിന്ന ഒരു ചങ്ങാത്തം, ദേശഭാഷാഭേദങ്ങള്‍ക്കപ്പുറത്ത് ആശുപത്രിവാര്‍ഡിലുണ്ടായ ഒരു കൊച്ചുസൗഹൃദം.   രണ്ട് വര്‍ഷത്തിനകം തന്നെ റഷ്യയിലെ ആര്‍ത്തേക്ക് ക്യാമ്പില്‍ പല വേഷങ്ങളില്‍  ഞാന്‍ നൃത്തം ചെയ്തു.
എന്റെ ഇടതുകാലിന്റെ ചുവടുകളിലിന്നും ആ കൂട്ടുകെട്ടിന്റെ ഊര്‍ജ്ജമുണ്ട്, നൈര്‍മ്മല്യമുണ്ട്, ആത്മാര്‍ത്ഥതയുണ്ട്.  
അരുളകം ഇപ്പോള്‍ എവിടെയാണ്.
വന്നെത്തുന്ന സൗഹൃദങ്ങളിലൊക്കെ ഞാന്‍ അവനെ തിരയാറുണ്ട് ..
അരുളകം  എനിക്ക് സ്വാര്‍ത്ഥരഹിതമായ, കളങ്കമില്ലാത്ത സന്മനസ്സാണ്, ഏതിരുട്ടിലും മുന്നോട്ടു പോകാനാവും എന്ന് വഴികാട്ടുന്ന വെളിച്ചമാണ്.  വന്നെത്തുന്നത് മിന്നാമിന്നികളാണെങ്കില്‍പ്പോലും ഞാന്‍ കൈകളില്‍ വാരിയെടുത്ത് ആ വെളിച്ചത്തിന് സ്തുതി പറയുന്നു ...

നിനവും നനവും (അരുളറിവുകള്‍ ആട്ടമാടുമ്പോള്‍  - കെ.എ. ബീന)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക