Image

കൊളംബിയയില്‍നിന്ന്‌ ആര്‍ട്‌ കേന്ദ്രത്തില്‍, മലയാളിയുടെ പാദമുദ്രകള്‍ (കുര്യന്‍ പാമ്പാടി)

Published on 14 August, 2013
കൊളംബിയയില്‍നിന്ന്‌ ആര്‍ട്‌ കേന്ദ്രത്തില്‍, മലയാളിയുടെ പാദമുദ്രകള്‍ (കുര്യന്‍ പാമ്പാടി)
അമേരിക്കയിലെ ഏറ്റം അറിയപ്പെടുന്ന മലയാളി ജേര്‍ണലിസം പ്രൊഫസര്‍ ശ്രീ ശ്രീനിവാസന്‍ കൊളംബിയ സര്‍വ്വകലാശാലയോടു വിടപറഞ്ഞു. ന്യൂയോര്‍ക്കിലെ മെട്രോപ്പോലീറ്റന്‍ മ്യൂസിയത്തിന്റെ ചീഫ്‌ ഡിജിറ്റല്‍ ഓഫീസറായി ഇക്കഴിഞ്ഞ 12ന്‌ അദ്ദേഹം ചാര്‍ജെടുത്തു.

പത്രപ്രവര്‍ത്തനത്തിന്‌ പുലിറ്റ്‌സര്‍ സമ്മാനം ഏര്‍പ്പെടുത്തിയത്‌ കൊളംബിയ സര്‍വ്വകലാശാലയാണ്‌. ലോകത്തിലെ ഏറ്റം മികച്ച പത്രപ്രവര്‍ത്തന പരിശീലനകേന്ദ്രം അവിടത്തെ ഗ്രാഡ്വേറ്റ്‌ സ്‌കൂള്‍ ഓഫ്‌ ജേര്‍ണലിസം ആണുതാനും. അവിടെ വിദ്യാര്‍ത്ഥിയായും അദ്ധ്യാപകനായും ഏറ്റവുമൊടുവില്‍ സര്‍വ്വകലാശാലയുടെ ചീഫ്‌ ഡിജിറ്റല്‍ ഓഫീസറായും സേവനംചെയ്‌ത ശേഷമാണ്‌ കൊളംബിയയോട്‌ ശ്രീ ഗുഡ്‌ബൈ പറയുന്നത്‌.

``ഇത്‌ ജേര്‍ണലിസത്തോടുള്ള പൂര്‍ണമായ വിടപറയലല്ല. 21 വര്‍ഷംകൊണ്ട്‌ അവിടെനിന്നു പഠിച്ചെടുത്ത കാര്യങ്ങള്‍ പ്രയോഗിച്ച്‌ മ്യൂസിയത്തെ ഒരു ലോകോത്തര `ന്യൂസ്‌റൂം' ആക്കി മാറ്റാമെന്നാണ്‌ എന്റെ പ്രതീക്ഷ. ഡിജിറ്റല്‍, സോഷ്യല്‍, മൊബൈല്‍, വീഡിയോ എന്നിങ്ങനെ ഞാന്‍ സ്വപ്‌നം കാണുന്ന നിരവധി മേഖലകളെ സംയോജിപ്പിച്ചുകൊണ്ട്‌. കൊളംബിയയില്‍ ഓരോ സെമസ്റ്ററിലും ഒരു ക്ലാസെടുക്കാമെന്ന്‌ ഞാന്‍ സമ്മതിച്ചിട്ടുണ്ട്‌'' -ശ്രീ ഒരു ഇ-മെയില്‍ സന്ദേശത്തില്‍ ഈ ലേഖകനോടു പറഞ്ഞു.

ലോകത്തിലെ ഏറ്റം മികച്ച പത്രങ്ങളിലൊന്നായ `വാഷിംഗ്‌ടണ്‍ പോസ്റ്റ്‌' ആമസോണ്‍ എന്ന ഭീമന്‍ ഇലക്‌ട്രോണിക്‌ റീട്ടെയില്‍ കമ്പനിയുടെ ഉടമ ജെഫ്‌ ബെസോസിന്‌ വിറ്റുവെന്ന വാര്‍ത്ത വന്ന അതേ വാരത്തിലാണ്‌ ശ്രീയുടെ ചുവടുമാറ്റം എന്നത്‌ കൗതുകകരമാണ്‌. `ബോസ്റ്റണ്‍ ഗ്ലോബും' കൈമാറി. `ഷിക്കാഗോ സണ്‍ ടൈംസ്‌' പത്രം 25 പേരുള്ള ഫോട്ടോഗ്രാഫി ഡിപ്പാര്‍ട്ട്‌മെന്റ്‌ അപ്പാടെ അടച്ചുപൂട്ടി.

വാട്ടര്‍ ഗേറ്റ്‌ അന്വേഷണത്തിലൂടെ റിച്ചാര്‍ഡ്‌ നിക്‌സണെ അമേരിക്കന്‍ പ്രസിഡന്റുപദത്തില്‍നിന്നു നിഷ്‌കാസനം ചെയ്‌ത്‌ വീരേതിഹാസം രചിച്ച ചരിത്രമാണ്‌ വാഷിംഗ്‌ടണ്‍ പോസ്റ്റിന്റേത്‌. അന്നത്തെ ഉടമ കാതറിന്‍ ഗ്രഹാമും മാനേജിംഗ്‌ എഡിറ്റര്‍ ബെന്‍ ബ്രാഡ്‌ലിയും യുവ റിപ്പോര്‍ട്ടര്‍മാര്‍ കാള്‍ ബേണ്‍സ്റ്റീനും ബോബു വുഡ്‌വേര്‍ഡും അങ്ങനെ വീരപുരുഷന്മാരായി. 1976ല്‍ വാഷിംഗ്‌ടണ്‍ സന്ദര്‍ശിച്ചപ്പോള്‍ പത്രമോഫീസില്‍ പര്യടനം നടത്തിയതും ഈ പ്രശസ്‌തരുമൊത്ത്‌ ഫോട്ടോയെടുത്തതും ഞാന്‍ ഓര്‍ത്തുപോകുന്നു.

``വാഷിംഗ്‌ടണ്‍ പോസ്റ്റ്‌ ദേശത്തിന്റെ പൊതുസ്വത്താണ്‌ - നാഷണല്‍ ട്രഷര്‍. പ്രതിവര്‍ഷം 50 ദശലക്ഷം ഡോളര്‍ നഷ്‌ടവുമായി എങ്ങനെ പിടിച്ചുനില്‍ക്കാനാവും? ആമസോണ്‍ വഴി ഇ-കൊമേഴ്‌സ്‌ രംഗത്ത്‌ ബഹുശത കോടികള്‍ സ്വരൂപിച്ച ആള്‍ക്കല്ലാതെ ആര്‍ക്കാണ്‌ പോസ്റ്റിനെ രക്ഷിച്ചെടുക്കാനുള്ള കൗശലമുണ്ടാകുക?'' ശ്രീ ചോദിക്കുന്നു.

തലമുറകള്‍ക്ക്‌ ശ്രീ നല്‍കിയ സംഭാവന എന്താണ്‌? ഒരു ആഗോള മലയാളിക്ക്‌ ഏതു പടവും ചവിട്ടിക്കയറാനാവുമെന്ന്‌ ശ്രീ തെളിയിക്കുന്നു. ഒരുപക്ഷേ, ഓബ്രി മെനനു ശേഷം ഭൂമിമലയാളം സൃഷ്‌ടിച്ച ഏറ്റം മികച്ച മലയാളി പത്രപ്രവര്‍ത്തകന്‍ ശ്രീ ആയിരിക്കും. പാലക്കാട്ടു വേരുകളുള്ള ഓബ്രി മെനന്‍ ലണ്ടനിലാണ്‌ ജീവിതമത്രയും കഴിഞ്ഞത്‌. പത്രപ്രവര്‍ത്തനം, പബ്ലിക്‌ റിലേഷന്‍സ്‌, നോവലെഴുത്ത്‌ തുടങ്ങിയ മേഖലകളില്‍ പടവുകള്‍ ചവിട്ടിക്കയറി. പുസ്‌തകങ്ങളില്‍ ഏറെയും അമേരിക്കയില്‍ പ്രസിദ്ധീകരിച്ചു. 1989ല്‍ മരിക്കുമ്പോള്‍ ന്യൂയോര്‍ക്ക്‌ ടൈംസ്‌ പ്രസിദ്ധീകരിച്ച നീണ്ട അനുസ്‌മരണം ഇങ്ങനെയാണു തുടങ്ങിയത്‌: ''Aubrey Menen, a novelist, critic and essayist, died of throat cancer on Feb. 13 in Trivandrum, Kerala, India. He was 76 years old. Word of Mr. Menen's death was...''

നാല്‌പത്തിരണ്ടുകാരനായ ശ്രീയെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല എന്നതാണു സത്യം. പക്ഷേ, ഞങ്ങള്‍ തമ്മില്‍ അടുത്തറിയാം. കൊളംബിയയില്‍ പഠിപ്പിക്കുമ്പോള്‍ ശ്രീ `സാജാ' എന്ന പേരില്‍ സൗത്തേഷ്യന്‍ ജേര്‍ണലിസ്റ്റ്‌സ്‌ അസോസിയേഷന്‍ രൂപവത്‌കരിച്ച കാലം മുതലേ ഞങ്ങള്‍ പരിചയക്കാരാണ്‌. അച്ഛന്‍ തിരുവനന്തപുരം സ്വദേശിയും പ്രശസ്‌ത നയതന്ത്രജ്ഞനുമായ ടി.പി. ശ്രീനിവാസനെ എനിക്കു നന്നായറിയാം. അദ്ദേഹത്തിന്റെ അനുജനും മൗറീഷ്യസിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായ ടി.പി. സീതാറാമിനെയും പരിചയമുണ്ട്‌; സാംബിയയില്‍വച്ച്‌ അദ്ദേഹം ലുസാക്കയിലെ ഇന്ത്യന്‍ എംബസിയില്‍ ജോലിചെയ്യുന്ന കാലത്ത്‌. അദ്ദേഹം ഉടനെ അംബാസഡറായി അബുദാബിയിലേക്കു പോകും. ഈയിടെ തിരുവനന്തപുരത്ത്‌ ഏഷ്യന്‍ ബിസിനസ്‌ സ്‌കൂളില്‍ ഡിജിറ്റല്‍ ഏണിംഗിന്റെ അനന്തസാധ്യതകളെക്കുറിച്ചു പ്രസംഗിക്കാന്‍ ശ്രീ എത്തിയിരുന്നു. മടങ്ങുംവഴി ചെന്നൈയില്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ ശ്രീയെ ഫോണില്‍ വിളിച്ചു, കൂടെയുണ്ടായിരുന്ന അമ്മ ലേഖയുടെ ഫോണിലേക്ക്‌. പുതിയ സ്ഥാനലബ്‌ധിയില്‍ അഭിനന്ദിച്ചപ്പോള്‍ത്തന്നെ കൊളംബിയ സ്‌കൂളില്‍നിന്നു പിരിയുന്നതില്‍ വിഷമമില്ലേ എന്ന്‌ ആരായുകയും ചെയ്‌തു.

അച്ഛന്‍ നയതന്ത്രജ്ഞനായി എവിടെയൊക്കെ ഇരുന്നിട്ടുണ്ടോ അവിടമെല്ലാം ശ്രീയെ ഒരു ഗ്ലോബല്‍ മലയാളിയായി വളര്‍ത്തുന്നതില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. ടോക്കിയോയില്‍ ജനിച്ചു; മന്‍ഹട്ടന്‍, ഭൂട്ടാന്‍, മുന്‍ സോവ്യറ്റ്‌ യൂണിയന്‍, മ്യാന്‍മര്‍, ഫിജി എന്നിവിടങ്ങളില്‍ വളര്‍ന്നു. ഡല്‍ഹി സെന്റ്‌ സ്റ്റീഫന്‍സില്‍നിന്ന്‌ ബി.എയും കൊളംബിയയില്‍നിന്ന്‌ ജേര്‍ണലിസത്തില്‍ എം.എസും എടുത്തു. തമിഴ്‌നാട്ടില്‍ ഡി.ജി.പി ആയിരുന്ന കണ്ണൂര്‍ സ്വദേശി കെ.വി. ഉണ്ണിക്കൃഷ്‌ണന്റെ മകള്‍ രൂപയാണു ഭാര്യ. ഓക്‌സ്‌ഫഡില്‍ പഠിച്ച റോഡ്‌സ്‌ സ്‌കോളര്‍, ഷൂട്ടിംഗില്‍ അര്‍ജുന അവാര്‍ഡ്‌ ജേതാവ്‌. ദുര്‍ഗ, കൃഷ്‌ണ എന്നീ ഇരട്ടകളുമായി മാന്‍ഹട്ടനില്‍ താമസം.

ശ്രീ കൊളംബിയയില്‍ ഡിജിറ്റല്‍ ജേര്‍ണലിസം പ്രൊഫസറാകുന്നത്‌ 1993ലാണ്‌. 2008-12 കാലത്ത്‌ സ്റ്റുഡന്റ്‌ അഫയേഴ്‌സ്‌ ഡീന്‍ ആയി, 2012ല്‍ ചീഫ്‌ ഡിജിറ്റല്‍ ഓഫീസറും. സര്‍വ്വകലാശാലകളെ ഓണ്‍ലൈന്‍ വിദ്യാഭ്യാസകേന്ദ്രങ്ങളാക്കി മാറ്റി ലോകമാസകലം വിദ്യാര്‍ത്ഥികളുള്ള ആഗോള സര്‍വ്വകലാശാലകളായി മാറ്റുക എന്ന ആശയമാണ്‌ തിരുവനന്തപുരത്തും ശ്രീ അവതരിപ്പിച്ചത്‌. ന്യൂയോര്‍ക്ക്‌ മെട്രോ മ്യൂസിയം ഓഫ്‌ ആര്‍ട്ടിനെയും അങ്ങനെയാക്കുക എന്നതാണു സ്വപ്‌നം. അവിടെ സഹായിക്കാന്‍ 70 പേരുള്ള സ്റ്റാഫുമുണ്ട്‌.

ശ്രീ പുതിയ സ്ഥാനലബ്‌ധി ആഘോഷിക്കുമ്പോള്‍ നാട്ടിലും സന്തോഷം പടരുന്നു. കേരള ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലിന്റെ ഉപാധ്യക്ഷനായും പ്രഭാഷകനും എഴുത്തുകാരനും ടിവി അവതാരകനുമായും അച്ഛന്‍ ശ്രീനിവാസന്‍ സാമൂഹ്യപ്രവര്‍ത്തകയായ ഭാര്യ ലേഖയോടൊത്തു ജീവിതം ആഘോഷിക്കുന്നു. ശ്രീയുടെ ഭാര്യ രൂപ ഉണ്ണിക്കൃഷ്‌ണന്‍ ന്യൂയോര്‍ക്കില്‍ ഒരു ആഗോള കണ്‍സള്‍ട്ടന്റാണ്‌. ഇത്‌ കംപ്യൂട്ടറില്‍ അടിക്കുന്ന അതിരാവിലെ എത്തിയ എക്കണോമിക്‌ ടൈംസ്‌ മറിച്ചുനോക്കി. അതിന്റെ വേള്‍ഡ്‌ വ്യൂ പേജില്‍ ലേഖനം: Why it is Time to Have Her on Board. എഴുതിയത്‌ രൂപ ഉണ്ണിക്കൃഷ്‌ണന്‍ - Strategy and Inovation Consultant based in New York. വെറുതെയല്ല ശ്രീ-രൂപ ദമ്പതികളെ ന്യൂയോര്‍ക്കുകാര്‍ സ്‌നേഹപൂര്‍വം 'Power Couple' എന്നു വിളിക്കുന്നത്‌.
കൊളംബിയയില്‍നിന്ന്‌ ആര്‍ട്‌ കേന്ദ്രത്തില്‍, മലയാളിയുടെ പാദമുദ്രകള്‍ (കുര്യന്‍ പാമ്പാടി)കൊളംബിയയില്‍നിന്ന്‌ ആര്‍ട്‌ കേന്ദ്രത്തില്‍, മലയാളിയുടെ പാദമുദ്രകള്‍ (കുര്യന്‍ പാമ്പാടി)കൊളംബിയയില്‍നിന്ന്‌ ആര്‍ട്‌ കേന്ദ്രത്തില്‍, മലയാളിയുടെ പാദമുദ്രകള്‍ (കുര്യന്‍ പാമ്പാടി)കൊളംബിയയില്‍നിന്ന്‌ ആര്‍ട്‌ കേന്ദ്രത്തില്‍, മലയാളിയുടെ പാദമുദ്രകള്‍ (കുര്യന്‍ പാമ്പാടി)കൊളംബിയയില്‍നിന്ന്‌ ആര്‍ട്‌ കേന്ദ്രത്തില്‍, മലയാളിയുടെ പാദമുദ്രകള്‍ (കുര്യന്‍ പാമ്പാടി)കൊളംബിയയില്‍നിന്ന്‌ ആര്‍ട്‌ കേന്ദ്രത്തില്‍, മലയാളിയുടെ പാദമുദ്രകള്‍ (കുര്യന്‍ പാമ്പാടി)കൊളംബിയയില്‍നിന്ന്‌ ആര്‍ട്‌ കേന്ദ്രത്തില്‍, മലയാളിയുടെ പാദമുദ്രകള്‍ (കുര്യന്‍ പാമ്പാടി)കൊളംബിയയില്‍നിന്ന്‌ ആര്‍ട്‌ കേന്ദ്രത്തില്‍, മലയാളിയുടെ പാദമുദ്രകള്‍ (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക