Image

സ്വാതന്ത്ര്യ ദിനത്തിന്റെ പൊരുള്‍ തേടുമ്പോള്‍ -ജി. പുത്തന്‍കുരിശ്‌

ഇ മലയാളി എക്‌സ്‌ക്ലൂസീവ്‌ Published on 15 August, 2013
സ്വാതന്ത്ര്യ ദിനത്തിന്റെ പൊരുള്‍ തേടുമ്പോള്‍ -ജി. പുത്തന്‍കുരിശ്‌

    സ്വാതന്ത്ര്യ ദിനത്തിന്റെ ആഘോഷങ്ങളില്‍ നാം അതിന്റെ പൊരുള്‍ തേടുമ്പോള്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹറിലാല്‍ നെഹ്രറു ആയിരത്തി തൊള്ളായിരത്തി നാല്പത്തിയേഴ് ഓഗസ്റ്റ് പതിനാലാം തിയതി അര്‍ദ്ധരാത്രിയില്‍  രാജ്യത്തോടു നടത്തിയ പ്രസംഗം ഭാരത ചരിത്രത്തില്‍ അന്നത്തെപോലെ ഇന്നും മാറ്റൊലി കൊള്ളുന്നു.   ബ്രിട്ടീഷ് കോളനികളുടെ ഭരണത്തിന്റെ ചങ്ങലകളില്‍ നിന്ന് വിമുക്തയായ ഭാരതാംബികയുടെ ദുഃഖങ്ങള്‍ അനവരതമായിരുന്നു. ദീര്‍ഘ നിദ്രയില്‍ നിന്ന് ഉണര്‍ന്ന് ഭാരതത്തിന് കിട്ടിയ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി രാജ്യത്തിന്റെ നന്മയ്ക്കും അഭിവൃദ്ധിക്കുമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. പട്ടിണി, വിദ്യാഭ്യാസമില്ലായ്മ, അനാരോഗ്യം, അജ്ഞത ഇവയില്‍ നിന്ന് പുറത്തു വരുവാനും അതിനായി കഠിനദ്ധ്വാനം ചെയ്യുവാനും അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ ജനങ്ങളെ ആഹ്വാനം ചെയ്തു. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ഒരോ വാക്കുകളും ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടി അറ്പത്തിയാറു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചിന്തിക്കുന്ന ഒരോ വ്യക്തികളുടെ ഹൃദയങ്ങളിലും പുത്തന്‍ ആവേശം നല്‍കി ഇന്നും മാറ്റൊലികൊള്ളുന്നു.

    വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാം നമ്മളുടെ വിധിയോട് ഒരു ഉടംമ്പടി ചെയ്തിരുന്നു. എന്നാല്‍ ഇന്ന് അതിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കണ്ടതായ സമയം ആസന്നമായിരിക്കുന്നു. ഭാഗികമായോ സാങ്കല്പികമായോ അല്ല നേരെമറിച്ച് ആ ഉടംമ്പടിയുടെ പൂര്‍ണ്ണമായ ഭൗതീക അവകാശം ഏറ്റെടുത്തുകൊണ്ട്. ഇന്ന്

അര്‍ദ്ധരാത്രിയില്‍ ലോകം സുഷ്പതിയിലായിരിക്കുമ്പോള്‍, ഘടികാരത്തില്‍ പന്ത്രണ്ടാം മണി അടിക്കുമ്പോള്‍, ഭാരതാംബിക ജീവിന്റെ തുടിപ്പോടെ സ്വാതന്ത്ര്യത്തിലേക്ക് ഉയര്‍ത്ത് എഴുന്നേല്‍ക്കും. അപൂര്‍വ്വമായി മാത്രം ചരിത്രത്തില്‍ കാണുന്ന ഈ അനര്‍ഘ നിമിഷം പഴമയുടെ അവസാനവും പുതുമയുടെ തുടക്കവും കുറിക്കും. ഇന്നുവരെ നിശ്ബദയാക്കപ്പെട്ടിരുന്ന ഭാരതാംബികയുടെ ചുണ്ടില്‍നിന്ന് സ്വതന്ത്ര്യം എന്ന ആ മധുരശബ്ദം ആദ്യമായി അടര്‍ന്നു വീഴും.

    ചരിത്രത്തില്‍ ഒരു പ്രഭാതംകൂടി പൊട്ടി വിരിഞ്ഞപ്പോള്‍ ഭാരതം അവളുടെ പ്രയാണം ആരംഭിച്ചു കഴിഞ്ഞു. ചരിത്രത്തിലെങ്ങും ഇതിന് മുന്‍പ് രേഖപ്പെടുത്തിയിട്ടില്ലാത്ത യാതനകളുടേയും ദുഃഖത്തിന്റേയും പാതയിലൂടെ. ഭാഗ്യവും നിര്‍ഭാഗ്യവും അവളെ നിരന്തരം വേട്ടയാടിയിരുന്നെങ്കിലും ഒരിക്കലും അവളുടെ ദൂരക്കാഴ്ച നഷ്ടപ്പെട്ടില്ലായിരുന്നു. ഇന്ന് നാം ആഘോഷിക്കുന്ന ഈ സുദിനം വരാന്‍പോകുന്ന അവസരങ്ങളിലേക്കും വിജയങ്ങളിലേക്കും, നേട്ടങ്ങളിലേക്കുമുള്ള ഒരു ചവിട്ടുപടി മാത്രമാണ്. നാം ധീരമായി  ആ വെല്ലുവിളികളെ നേരിടുമെങ്കില്‍ കഠിനമായി അദ്ധ്വാനിക്കുമെങ്കില്‍ ഇവയെല്ലാം നമ്മള്‍ക്ക് കരഗതമാക്കാവുന്നതെയുള്ളു.

    സ്വാതന്ത്ര്യവും നമ്മള്‍ക്ക് കിട്ടിയുട്ടുള്ള ഈ പുതിയ ശക്തിയും ഏറ്റവും വലിയ ഉത്തരവാദിത്വമാണ് നമ്മള്‍ക്ക് നല്‍കിയിരിക്കുന്നത്. പരമാധികാര ജനാധിപത്യത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ജനത നമ്മളെ ഭരമേല്‍പ്പിച്ചിരിക്കുന്ന ഈ പദവി ഏറ്റവും ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കേണ്ട കര്‍ത്തവ്യം ഒരോ ഭാരത പൗരനിലും നിഷിപ്തമായിരിക്കുന്നു. ഈ സ്വാതന്ത്ര്യത്തിനുവേണ്ടി നാം സഹിച്ച യാതനകളും ത്യാഗവും അനിര്‍വ്വചനീയമാണെന്നിരിക്കിലും,  പഴയതിനെ മറന്ന് പുതിയതിനെ ലാക്കാക്കി നാം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു.  കൂടുതല്‍ കഷ്ടപ്പാടുകളുടേയും യാതനകളുടേയും  ദിനങ്ങളാണ് നമ്മള്‍ക്ക് മുന്നിലുള്ളതെന്ന ചിന്തയോടെ നാം ഏവരും കഠിനദ്ധ്വാനം ചെയ്യേണ്ടിയിരിക്കുന്നു.

    ഈ സ്വതന്ത്യ ദിനത്തില്‍ നാം ആദ്യം ഓര്‍ക്കേണ്ടത് ഇതിന്റെ ശില്പിയും തന്ത്രഞ്ജനും നമ്മളുടെ രാഷ്ട്ര പിതാവുമായ ഗാന്ധിജിയേയാണ്. നമ്മളെ അന്ധകാരത്തില്‍ നിന്ന് മോചിപ്പിച്ച് ഈ പ്രകാശത്തിലേക്ക് നയിച്ച അദ്ദേഹത്തിന്റെ വാക്കുകളെ നാം പലപ്പോഴും അവഗണിച്ചിട്ടുണ്ട്. ആത്മധൈര്യത്തിന്റേയും വിശ്വാസത്തിന്റേയും എളിമത്വത്തിന്റേയും പ്രതീകമായിരുന്ന ഭാരതത്തിന്റെ ഈ പുത്രന്‍ കൊളുത്തിയ സ്വാതന്ത്ര്യത്തിന്റെ ദീപ ശിഖ വരും തലമുറ ഊതികെടുത്തുകയില്ല എന്ന് നമ്മള്‍ക്ക് പ്രതീക്ഷിക്കാം. അടുത്തതായി നാം ഓര്‍ക്കേണ്ടത് നാം ഒരിക്കല്‍ പോലു കണ്ടിട്ടില്ലാത്തവരും കേട്ടിട്ടില്ലാത്തവരുമായ, സ്വാന്ത്ര്യത്തിനു വേണ്ടി ജീവനൊടുക്കിയ നമ്മളുടെ സഹോദരി സഹോദരങ്ങളേയും വീര ഭടന്മാരേയുമാണ്.  പ്രതിഫലവും പ്രശംസയും പ്രതീക്ഷിക്കാതെ സ്വാതന്ത്യത്തിനുവേണ്ടി മരണംവരെ പോരാടിയ ധീരയോദ്ധാക്കളെ. നമ്മള്‍ക്ക് മുന്നില്‍ കഠിനാദ്ധ്വാനം ഏറെയാണ്. അനേകായിരങ്ങള്‍ ജീവന്‍കൊടുത്ത് അറുപത്തിയാറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നേടിയ ഈ സ്വതന്ത്ര്യത്തിന്റെ  ഓര്‍മ്മകള്‍ കൊണ്ടാടുന്ന ഈ ദിവസങ്ങളില്‍, സ്വാതന്ത്ര്യവും നമ്മള്‍ക്ക് കിട്ടിയുട്ടുള്ള ഈ പുതിയ ശക്തിയും ഏറ്റവും വലിയ ഉത്തരവാദിത്വമാണ് നമ്മള്‍ക്ക് നല്‍കിയിരിക്കുന്നതെന്നും പരമാധികാര ജനാധിപത്യത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ജനത നമ്മളെ ഭരമേല്‍പ്പിച്ചിരിക്കുന്ന ഈ പദവി ഏറ്റവും ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കേണ്ട കര്‍ത്തവ്യം ഒരോ ഭാരത പൗരനിലും നിഷിപ്തമായിരിക്കുന്നു എന്ന നെഹ്‌റുവിന്റെ വാക്കുകള്‍ ഒരോ ഭാരത പൗരന്റേയും ഹൃദയഭിത്തിയില്‍ ഒരിക്കലും മായാത്തവണ്ണം ആലേഖനം ചെയ്യപ്പെടട്ടെ എന്നാശംസിക്കുന്നു.

ഒരു സത്യോപാസകന്‍ തന്റെ സത്യം കൊണ്ടുള്ള പരീക്ഷണങ്ങളില്‍ എത്രയധികം വിഷമാവസ്ഥയിലേക്ക് എറിയപ്പെടാമെന്നും അതുപോലെ ഒരു സ്വാതന്ത്രേ്യാപാസകനോട് എത്രയധികം ബലിദാനങ്ങള്‍ അതിന്റെ ദാക്ഷണ്യമില്ലാത്ത ദേവി ആവശ്യപ്പെടാമെന്നും അറിഞ്ഞിരിക്കുക (എം. കെ. ഗാന്ധി)
                                               

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക