Image

സ്‌മാര്‍ട്ട്‌സിറ്റി: ആഹ്ലാദത്തോടെ ഗള്‍ഫ്‌ മലയാളികള്‍

Published on 08 October, 2011
സ്‌മാര്‍ട്ട്‌സിറ്റി: ആഹ്ലാദത്തോടെ ഗള്‍ഫ്‌ മലയാളികള്‍
ദുബായ്‌: കാത്തിരുന്ന സ്‌മാര്‍ട്ട്‌സിറ്റി നിര്‍മാണത്തിന്‌ ഒടുവില്‍ ഇന്നു രാവിലെ കൊച്ചിയില്‍ തുടക്കം കുറിച്ചപ്പോള്‍ ഗള്‍ഫിലെ, പ്രത്യേകിച്ച്‌ യുഎഇയിലെ മലയാളികളുടെ മനസില്‍ ലഡു പൊട്ടി. ദുബായ്‌ ഗവണ്‍മെന്റിന്റെ കീഴിലുള്ള ടീകോമാണ്‌ സ്‌മാര്‍ട്ട്‌സിറ്റി നിര്‍മിക്കുന്നത്‌. യുഎഇയെ തങ്ങളുടെ രണ്ടാം വീടായി കാണുന്ന പ്രവാസികള്‍ ഈ രാജ്യത്തിന്‌ ഇന്ത്യയുമായുള്ള ബന്ധം ഒന്നുകൂടി അരക്കിട്ടുറപ്പിക്കാന്‍ സ്‌മാര്‍ട്ട്‌ സിറ്റി വഴിയൊരുക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

പദ്ധതിക്ക്‌ 2,000 കോടി രൂപ ചെലവു വരുമെന്നാണ്‌ ഇപ്പോഴത്തെ കണക്കുകൂട്ടല്‍. നേരത്തെ 1500 കോടി രൂപയായിരുന്നു ചെലവ്‌ പ്രതീക്ഷിച്ചിരുന്നത്‌. 1500 കോടി രൂപ(12 ബില്യന്‍ ദിര്‍ഹം) കെട്ടിട നിര്‍മാണത്തിനാണ്‌ ചെലവഴിക്കുകയെന്ന്‌ ടീകോം വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇത്‌ ഇപ്പോള്‍ 16 ബില്യനാക്കി ഉയര്‍ത്തി. നേരത്തെ 10 വര്‍ഷം കൊണ്ട്‌ പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനമെങ്കിലും അഞ്ചര വര്‍ഷം കൊണ്ട്‌ യാഥാര്‍ഥ്യമാക്കാനാണ്‌ ഇപ്പോഴത്തെ നീക്കം. 8.8 ദശലക്ഷം ചതുരശ്ര അടി വിസ്‌തീര്‍ണത്തില്‍ 20 മുതല്‍ 25 വരെ കൂറ്റന്‍ കെട്ടിടങ്ങള്‍ കൊണ്ട്‌ പദ്ധതി യാഥാര്‍ഥ്യമാക്കുമെന്ന്‌ കൊച്ചി സ്‌മാര്‍ട്ട്‌സിറ്റി എംഡി ഡോ.ബാജു ജോര്‍ജ്‌ പറഞ്ഞു. പദ്ധതിയുടെ 16% ഓഹരി കേരള സര്‍ക്കാരിനാണ്‌. രാജ്യാന്തര തലത്തിലെ പ്രമുഖ ഐടി കമ്പനികളെ സ്‌മാര്‍ട്ട്‌സിറ്റിയിലേയ്‌ക്ക്‌ കൊണ്ടുവരാനാണ്‌ ടീകോമിന്റെ തന്നെ ദുബായ്‌ ഇന്റര്‍നെറ്റ്‌ സിറ്റി ഇപ്പോള്‍ ലക്ഷ്യമിടുന്നത്‌.

പദ്ധതി പൂര്‍ത്തിയായാല്‍ 90,000 പേര്‍ക്ക്‌ ജോലി ലഭിക്കുമെന്നാണ്‌ പ്രതീക്ഷ. ആദ്യത്തെ മൂന്നു നാല്‌ വര്‍ഷത്തിനകം കാല്‍ലക്ഷം തസ്‌തികകള്‍ സൃഷ്‌ടിക്കപ്പെടും. കൊച്ചി സ്‌മാര്‍ട്ട്‌സിറ്റിയില്‍ തങ്ങളുടെ സ്‌ഥാപനം യാഥാര്‍ഥ്യമാക്കാന്‍ ഇപ്പോള്‍ തന്നെ ദുബായ്‌ ഇന്റര്‍നെറ്റ്‌ സിറ്റിയെ പ്രമുഖ കമ്പനികള്‍ സമീപിച്ചത്‌ ശുഭപ്രതീക്ഷ നല്‍കുന്നുവെന്ന്‌ ഡോ.ബാജു ജോര്‍ജ്‌ പറഞ്ഞു.

2004-ലായിരുന്നു സ്‌മാര്‍ട്ട്‌ സിറ്റി നിര്‍മിക്കുന്നതിനെ കുറിച്ച്‌ ആലോചനകള്‍ തുടങ്ങുന്നത്‌. പിന്നീട്‌, നിയമപരവും രാഷ്‌ട്രീയപരവുമായ തടസ്സങ്ങള്‍ മൂലം വര്‍ഷങ്ങളോളം വൈകി. തുടര്‍ന്ന്‌ എം.എ. യൂസഫലിയെ മധ്യസ്‌ഥനായി കേരളാ ഗവണ്‍മെന്റ്‌ നിയോഗിച്ചു. അദ്ദേഹത്തിന്റെ പ്രയത്‌നഫലമായി കേരളത്തിന്‌ ഏറെ ഗുണകരമാകുന്ന സ്‌മാര്‍ട്ട്‌സിറ്റി യാഥാര്‍ഥ്യമാവുകയുമാണ്‌.
സ്‌മാര്‍ട്ട്‌സിറ്റി: ആഹ്ലാദത്തോടെ ഗള്‍ഫ്‌ മലയാളികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക