Image

ഇന്ത്യന്‍ റുപ്പി - മലയാളത്തിലെ മാറ്റത്തിന്റെ കാഴ്‌ച

Published on 09 October, 2011
ഇന്ത്യന്‍ റുപ്പി - മലയാളത്തിലെ മാറ്റത്തിന്റെ കാഴ്‌ച
2011ലെ മികച്ച മലയാള ചിത്രമേതെന്ന്‌ ചോദിച്ചാല്‍ ഇന്ത്യന്‍ റുപ്പി എന്ന മറുപടിയാകും നല്ല നല്ല വിഭാഗം പ്രേക്ഷകര്‍ പറയുക. രഞ്‌ജിത്ത്‌ സംവിധാനം ചെയ്‌ത്‌ പൃഥ്വിരാജ്‌ നായകനായി അഭിനയിച്ച ഇന്ത്യന്‍ റുപ്പി. നമുക്കിടിയിലെ കഥാപാത്രങ്ങളുടെ കഥ പറയുന്ന ചിത്രങ്ങള്‍ മലയാള സിനിമയില്‍ അന്യമാകുമ്പോള്‍ ഇവിടെയാണ്‌ ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തിന്റെ പ്രസക്തി. ഏറെ കാലത്തിനു ശേഷം കാലികമായ കുറച്ച്‌ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും ഈ സിനിമയില്‍ കാണുന്നുണ്ട്‌. ഇന്ത്യന്‍ റുപ്പി ഒരു മികച്ച ചിത്രമാകുന്നതും ഇതുകൊണ്ടു തന്നെ. വളരെ റിയലിസ്റ്റിക്കായ ഒരു തിരക്കഥ ഏറ്റവും മികച്ച കൊമേഴ്‌സ്യല്‍ ഭംഗികളോടെ സിനിമാറ്റിക്കായി അവതരിപ്പിച്ചിരിക്കുന്നു.

ഇവിടെ ഇന്ത്യന്‍ റുപ്പി എന്ന സിനിമ മുന്നോട്ടു വെക്കുന്ന ആശയങ്ങളും നമുക്ക്‌ കണ്ടില്ലെന്ന്‌ വെക്കാനാവില്ല. സമ്പത്തിനു വേണ്ടിയുള്ള യാത്ര ചില നിമിഷങ്ങളില്‍ അര്‍ത്ഥമില്ലാതെയാകുന്നു എന്ന ഉള്‍കാഴ്‌ച ചിത്രം മുമ്പോട്ടുവെക്കുന്നു. അത്‌ ഒരു കഥാപാത്രത്തിലൂടെയല്ല പല കഥാപാത്രങ്ങളിലൂടെ കടന്നു പോകുന്നു. ജീവിതവും മരണവുമെല്ലാം ഏതോ ഒരു യാത്രക്കിടിയിലെ സംഭവങ്ങള്‍ മാത്രമാണെന്നും എവിടെയൊക്കെയോ ഒരു തത്ത്വജ്ഞാനിയുടെ ചിന്തകള്‍പോലെ ഈ സിനിമയില്‍ കാണാം. എന്നാല്‍ ഈ ആശയങ്ങളും, ചിന്തകളുമെല്ലാം ചേര്‍ന്ന്‌ ഇന്ത്യന്‍ റുപ്പിയെ വലിയൊരു സമാന്തര ചിത്രമാക്കുന്നുമില്ല. ഇന്ത്യന്‍ റുപ്പി തീര്‍ച്ചയായും തീയേറ്ററുകള്‍ക്ക്‌ വേണ്ടിയുളള കൊമേഴ്‌സ്യല്‍ സിനിമ തന്നെയാണ്‌.

ജയപ്രകാശ്‌ എന്ന ജെ.പിയുടെ ജീവിതത്തിലൂടെയാണ്‌ ഇന്ത്യന്‍ റുപ്പി എന്ന ചിത്രം കടന്നു പോകുന്നത്‌. ഏതൊരു സാധാരണക്കാരന്റെയും ജീവിതമാണ്‌ ജെ.പിയുടേത്‌. ബാധ്യതകള്‍ പലതുണ്ട്‌ ജെ.പിക്ക്‌. എന്നാല്‍ ശരാശരിക്കാരന്റെ ജീവിതത്തില്‍ നില്‍ക്കുമ്പോഴും വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ ജെ.പി ഏതൊരു ചെറുപ്പക്കാരനെയും പോലെ നിര്‍ബന്ധിതനാകുന്നു. അതിനായി ജെ.പി കണ്ടെത്തുന്ന മാര്‍ഗമാണ്‌ റിയല്‍ എസ്റ്റേറ്റ്‌ ബിസ്‌നസ്സ്‌. (ഇന്ന്‌ കേരളത്തില്‍ ഒരു വലിയ വിഭാഗം ചെറുപ്പക്കാരും ഭൂമിക്കച്ചവടം എന്ന മാന്ത്രിക ലോകത്ത്‌ ജീവിക്കുന്നവരാണ്‌ എന്നത്‌ ഈ സിനിമയെ ഏറെ കാലിക പ്രസക്തമാക്കുന്നു.) ഇവിടെ ജെ.പിക്കൊപ്പം ഹമീദ്‌ എന്ന സി.എച്ചും ചേരുമ്പോള്‍ അവരുടെ സ്വപ്‌നങ്ങളുടെയും അതിനായി പണം നേടാനുള്ള യാത്രയുടെയും കഥയാകുകയാണ്‌ ഇന്ത്യന്‍ റുപ്പി.

പണത്തിനു വേണ്ടി ഭൂമിക്കച്ചവടത്തിലെ തന്ത്രങ്ങളും തട്ടിപ്പുകളുമൊക്കെ കണ്ടും കേട്ടും ചെയ്‌തും മുമ്പോട്ടു പോകുമ്പോഴും നന്മയുടെ ഒരു അംശം ജെ.പിയുടെയും സി.എച്ചിന്റെയും മനസിലുണ്ട്‌. പണത്തിന്റെ ലോകത്ത്‌ ഇരുവരെയും മനുഷ്യരായി നിലനിര്‍ത്തുന്നതും ഈ നന്മയുടെ കണിക തന്നെ.

തന്ത്രങ്ങള്‍ പലതുപയറ്റുമ്പോഴും വിജയം കാണാതെ നില്‍ക്കുന്ന ജെ.പിയുടെ ജീവിതത്തിലേക്ക്‌ അച്യുതമേനോന്‍ എന്ന കഥാപാത്രം കടന്നു വരുന്നു. എല്ലാവരായും തിരസ്‌കരിക്കപ്പെട്ട ഒരു വൃദ്ധന്‍. എന്നാല്‍ പിന്നീട്‌ ഈ അച്യുതമേനോന്‍ ഉപദേശിക്കുന്ന തന്ത്രങ്ങളില്‍ നിന്നും രക്ഷപെടാനുള്ള സാധ്യതകള്‍ കണ്ടെത്തുകയാണ്‌ ജെ.പി. എന്നാല്‍ പണത്തിനു വേണ്ടിയുള്ള ഈ യാത്ര ജെ.പി കൊണ്ടുചെന്നെത്തിക്കുന്നത്‌ കൂടുതല്‍ ദുഷ്‌കരമായ ഘട്ടങ്ങളിലേക്കാണ്‌. അവിടെ താന്‍ ഇതുവരെ നേടിയതെല്ലാം കൈവിട്ടു പോകുമെന്ന്‌ ജെ.പിക്ക്‌ സ്വയം ബോധ്യമാകുന്നു. ഇവിടെയാണ്‌ ജെ.പിക്ക്‌ ജീവിതത്തിന്റെ തിരിച്ചറിവുണ്ടാകുന്നത്‌. അതോടെ താന്‍ ആഗ്രഹിച്ചതൊന്നും തനിക്ക്‌ വേണ്ടിയിരുന്നവയല്ലെന്ന്‌ തിരിച്ചറിവ്‌ ജെ.പിക്ക്‌ ഉണ്ടാകുന്നു. ജെ.പിയുടെ ഈ മാറ്റമാണ്‌ ഇന്ത്യന്‍ റുപ്പി പ്രേക്ഷകര്‍ക്ക്‌ മുമ്പില്‍ അവതരിപ്പിക്കുന്നത്‌.

മലയാള സിനിമയിലെ ഏറ്റവും കരുത്തനായ എഴുത്തുകാരനും, പിന്നീട്‌ സംവിധായകനുമായ രഞ്‌ജിത്തിന്റെ ക്രാഫ്‌റ്റ്‌ തന്നെയാണ്‌ ഇന്ത്യന്‍ റുപ്പിയുടെ ശക്തി. ഇന്ന്‌ മലയാള സിനിമയില്‍ കൊമേഴ്‌സ്യല്‍ ഗിമ്മിക്കുകള്‍ക്കും പതിവ്‌ സിനിമകള്‍ക്കും അപ്പുറം പുതിയൊരു സിനിമയെക്കുറിച്ചുള്ള കാഴ്‌ചപ്പാടുകള്‍ പങ്കുവെക്കുന്ന മുന്‍നിര സംവിധായകനും രഞ്‌ജിത്ത്‌ തന്നെ. നരസിഹവും, ആറാം തമ്പുരാനും, രാവണപ്രഭുവും എഴുതിയ രഞ്‌ജിത്ത്‌, ആസുരചിത്രങ്ങളിലൂടെ മലയാളത്തിലെ ഏറ്റവും വലിയ കൊമേഴ്‌സ്യല്‍ ഹിറ്റുകള്‍ സമ്മാനിച്ച രഞ്‌ജിത്ത്‌ ഇന്ന്‌ മലയാള സിനിമയെ മൊത്തം ഒരു മാറ്റത്തിന്റെ പാതയിലേക്ക്‌ നയിക്കുന്ന കാഴ്‌ചയാണ്‌ നാം കാണുന്നത്‌.

കൈയ്യൊപ്പ്‌, തിരക്കഥ, പാലേരിമാണിക്യം, പ്രാഞ്ചിയേട്ടന്‍ തുടങ്ങി സിനിമകളുടെ വ്യത്യസ്‌തകള്‍ക്കായി ശ്രമിച്ച രഞ്‌ജിത്തിന്റെ പുതുമയേറിയ ഒരു ശ്രമം തന്നെയാണ്‌ ഇന്ത്യന്‍ റുപ്പി. ആ ശ്രമം പൂര്‍ണ്ണമായും വിജിയിച്ചു എന്ന്‌ പറയുകയും ചെയ്യാം. ഒരു കാലത്ത്‌ കൊമേഴ്‌സ്യല്‍ മസാലകളിലൂടെ ജനപ്രീയ എഴുത്തുകാരനായും സംവിധായകനും പേരെടുത്ത രഞ്‌ജിത്ത്‌ ഇന്ന്‌ തന്റെ സിനിമകളില്‍ നിന്നും പതിവ്‌ ഫോര്‍മുലകളെയും മസാലകളെയും അകറ്റി നിര്‍ത്തുന്നതും നല്ല കാഴ്‌ച തന്നെ.

പ്രാഞ്ചിയേട്ടനില്‍ വ്യത്യസ്‌തമായ ഒരു ഹ്യൂമറിലൂടെ ജീവിതത്തിന്റെ കാഴ്‌ചകള്‍ കാണിക്കാന്‍ രഞ്‌ജിത്ത്‌ ശ്രമിച്ചപ്പോള്‍, ഇന്ത്യന്‍ റുപ്പിയില്‍ പച്ചയായ ജീവിതത്തിലൂടെ തന്നെയാണ്‌ കഥാപാത്രങ്ങളെ രഞ്‌ജിത്ത്‌ വരച്ചിടുന്നത്‌. ഇന്ന്‌ മലയാള സിനിമയില്‍ ഏറ്റവും വ്യത്യസ്‌തമായ പരീക്ഷണങ്ങള്‍ക്ക്‌ ശ്രമിക്കുന്ന ചലച്ചിത്രകാരനും രഞ്‌ജിത്ത്‌ തന്നെ. കേരളാ കഫേ പോലുള്ള ചിത്രങ്ങള്‍ ഉദാഹരണമായിട്ടുണ്ട്‌. ഈ ഗണത്തില്‍ ചേര്‍ത്തുവെക്കാവുന്ന ഏറ്റവും പുതിയ പരീക്ഷണമാണ്‌ തീര്‍ച്ചയായും ഇന്ത്യന്‍ റുപ്പി.

പൃഥ്വിരാജ്‌ എന്ന യുവനടന്‍ ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രം കൂടിയാണ്‌ ഇന്ത്യന്‍ റുപ്പി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പൃഥ്വിരാജ്‌ എന്ന നായക നടന്‌ ലഭിച്ച മികച്ച അവസരം തന്നെയായിരുന്നു ഇന്ത്യന്‍ റുപ്പി. കാരണം തുടര്‍ച്ചയായ പരാജയങ്ങളും നിലവാരമില്ലാത്ത സിനിമകളും പൃഥ്വിയുടെ കരിയറിന്‌ മങ്ങല്‍ ഏല്‍പ്പിക്കുന്ന സമയത്താണ്‌ ഒരു ആശ്വസമെന്ന പോലെ ഇന്ത്യന്‍ റുപ്പി എത്തുന്നത്‌.

ഏറെ വിമര്‍ശനങ്ങള്‍ കേട്ടുനില്‍ക്കുന്ന സമയത്ത്‌ ഇന്ത്യന്‍ റുപ്പിയിലെ ഭേദപ്പെട്ട അഭിനയ പ്രകടനം പൃഥ്വിക്ക്‌ ഒരു വഴിത്തിരിവാകുമെന്നതില്‍ തീര്‍ച്ച. ഇവിടെ പൃഥ്വിയെ ജെ.പിയായി കാസ്റ്റ്‌ ചെയ്‌തപ്പോള്‍ ഒരു കാര്യത്തില്‍ മാത്രമാണ്‌ രഞ്‌ജിത്തിന്‌ പിഴവ്‌ പറ്റിയത്‌. പ്രാഞ്ചിയേട്ടനില്‍ മമ്മൂട്ടിയുടെ തൃശൂര്‍ മലയാളം വന്‍ ഹിറ്റായതുകൊണ്ടാവാം ഈ സിനിമയില്‍ പൃഥ്വിയെകൊണ്ട്‌ ഒരു കോഴിക്കോടന്‍ മലയാളം പറയിക്കാന്‍ രഞ്‌ജിത്ത്‌ ശ്രമിക്കുന്നുണ്ട്‌. ചിത്രത്തിലെ മറ്റു താരങ്ങളായ ടിനി ടോമും, മാമുക്കോയുമൊക്കെ ഈ കോഴിക്കോടന്‍ മലയാളം അസലായി അവതരിപ്പിക്കുമ്പോള്‍, പൃഥ്വിരാജ്‌ ഈക്കാര്യത്തില്‍ തികഞ്ഞ പരാജയമാകുന്നു. കോഴിക്കോടന്‍ മലയാളത്തില്‍ തൃശ്ശൂരും, മലപ്പുറവും മുതല്‍ കോട്ടയം വരെ കലര്‍ത്തിയാണ്‌ പൃഥ്വി സംഭാഷണങ്ങള്‍ തട്ടിവിടുന്നത്‌.

എന്നാല്‍ അഭിനയത്തിന്റെ കാര്യത്തില്‍ പൃഥ്വിരാജ്‌ ഇന്ത്യന്‍ റുപ്പിയില്‍ ഒരുപാട്‌ മുന്നോട്ടു പോയിരിക്കുന്നു. മലയാള സിനിമയില്‍ ടിനിടോം എന്ന കാരക്‌ടര്‍ നടന്നെ സമ്മാനിച്ചു എന്നതും ഇന്ത്യന്‍ റുപ്പിയുടെ പ്രത്യേകതയാണ്‌. പ്രാഞ്ചിയേട്ടനില്‍ ചെറിയ വേഷത്തില്‍ എത്തിയ ടിനി ടോം ഇന്ത്യന്‍ റുപ്പിയില്‍ എത്തുമ്പോള്‍ മുഴുനീള കഥാപാത്രത്തിലാണ്‌. മികച്ച ഒരു അഭിനയ പ്രതിഭ തന്നിലുണ്ടെന്ന്‌ ഈ മിമിക്രിതാരം തെളിയിക്കുകയും ചെയ്‌തു.

വിലക്കുകളുടെ ഇടവേളയ്‌ക്ക്‌ ശേഷം തിലകന്‍ എന്ന അഭിനയ പ്രതിഭയുടെ തിരിച്ചുവരവിന്‌ കൂടി ഇന്ത്യന്‍ റുപ്പി വേദിയാകുന്നുണ്ട്‌. തിലകന്‍ തന്റെ കഥാപാത്രം അതിഗംഭീരമാക്കുകയും ചെയ്‌തിട്ടുണ്ട്‌. ഒപ്പം ജഗതി ശ്രീകുമാര്‍ എന്ന നടന്റെ കഥാപാത്രവും എടുത്തു പറയേണ്ടതായിട്ടുണ്ട്‌. എസ്‌.കുമാറിന്റെ കാമറയും ചിത്രത്തെ ഗംഭീരമാക്കുന്നതില്‍ ഏറെ വിജയിച്ചിരിക്കുന്നു.

ആകെമൊത്തത്തില്‍ ഇതൊരു രഞ്‌ജിത്ത്‌ ചിത്രം തന്നെയാണ്‌. രഞ്‌ജിത്ത്‌ ചിത്രത്തിലേക്ക്‌ എത്തിയവരെല്ലാം തങ്ങളുടെ റോളുകള്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്‌തിരിക്കുന്നു. എന്തായാലും മലയാള സിനിമയ്‌ക്ക്‌ ഇന്ത്യന്‍ റുപ്പി ഒരു പുതിയ ഉണര്‍വ്‌ നല്‍കും എന്നതില്‍ സംശയമില്ല.
ഇന്ത്യന്‍ റുപ്പി - മലയാളത്തിലെ മാറ്റത്തിന്റെ കാഴ്‌ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക