Image

ഇംഗ്ലീഷ്‌ മമ്മിയെ ഓര്‍മിക്കുന്നു, ഏഷ്യയിലെ ആദ്യത്തെ ഗേള്‍സ്‌ സ്‌കൂള്‍ (കുര്യന്‍ പാമ്പാടി)

Published on 19 August, 2013
ഇംഗ്ലീഷ്‌ മമ്മിയെ ഓര്‍മിക്കുന്നു, ഏഷ്യയിലെ ആദ്യത്തെ ഗേള്‍സ്‌ സ്‌കൂള്‍ (കുര്യന്‍ പാമ്പാടി)
നൂറു വര്‍ഷം പൂര്‍ത്തിയാക്കാന്‍ ഒരു വ്യാഴവട്ടം അടുത്തെത്തി നില്‍ക്കുന്ന ഏഷ്യയിലെ ആദ്യത്തെ ഗേള്‍സ്‌ സ്‌കൂള്‍ - തിരുമൂലപുരം ബാലികാമഠം - കഴിഞ്ഞദിവസം ഇംഗ്ലീഷുകാരിയായ പ്രഥമ പ്രിന്‍സിപ്പലിന്റെ ഓര്‍മകള്‍ക്കു മുമ്പില്‍ ശിരസു നമിച്ചു.

ഫിലിസ്‌ ബ്രുക്‌സ്‌ സ്‌മിത്ത്‌ ഇംഗ്ലണ്ടിലെ ബര്‍ക്ക്‌ഷെയറില്‍നിന്ന്‌ കപ്പല്‍ കയറി ബോംബെയിലും അവിടെനിന്നു ട്രെയിനില്‍ കൊച്ചിയിലും അവിടെനിന്ന്‌ ബോട്ടില്‍ കോട്ടയത്തും കോട്ടയത്തുനിന്നു കാറില്‍ തിരുവല്ലയിലും എത്തിയത്‌ 1920-ലാണ്‌. ബ്രിട്ടീഷുകാര്‍ ഇന്ത്യ അടക്കിവാഴുന്ന കാലത്ത്‌, കറന്റുപോലും ഇല്ലാത്ത ഒരു കാലയളവില്‍ പെണ്‍കുട്ടികള്‍ക്കു മാത്രമായി ഒരു വിദ്യാലയം ഇരുവെള്ളിപ്ര എന്ന കുഗ്രാമത്തില്‍ രൂപംകൊണ്ടു എന്നതുതന്നെ അവിശ്വസനീയം.

ബഹുമുഖ പ്രതിഭാശാലിയും ക്രാന്തദര്‍ശിയും മലയാള മനോരമയുടെ സ്ഥാപക പത്രാധിപരും, എല്ലാറ്റിനുമുപരി നാട്ടുകാരനുമായ കണ്ടത്തില്‍ വറുഗീസ്‌ മാപ്പിളയുടെ ആശയമായിരുന്നു സ്‌കൂള്‍. ഒന്നാംതരം ആഞ്ഞിലിത്തടി ഉപയോഗിച്ച്‌ തിരുവിതാംകൂര്‍ മഹാരാജാക്കന്മാരുടെ കൊട്ടാരം പോലുള്ള ഒരു എട്ടുകെട്ടാണ്‌ താന്‍ സംഭാവന ചെയ്‌ത എട്ടേക്കറില്‍ പടുത്തുയര്‍ത്താന്‍ അദ്ദേഹം യത്‌നിച്ചത്‌.

താന്‍ സ്വപ്‌നംകണ്ട സ്‌കൂളിന്‌ ബാലികാമഠം എന്നദ്ദേഹം പേരിടുകയും ചെയ്‌തു. 1902ല്‍ കെട്ടിടം പണിതീര്‍ന്നു. പരിശുദ്ധ പരുമല മാര്‍ ദിവന്നാസ്യോസ്‌ മെത്രാപ്പോലീത്ത അതു കൂദാശ ചെയ്‌തു. സുഹൃത്തായ കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ മന്ദിരം ഉദ്‌ഘാടനം ചെയ്‌തു. പക്ഷേ, തന്റെ സ്വപ്‌നം സാക്ഷാത്‌കരിക്കുവാന്‍ കഴിയുംമുമ്പ്‌, ഏതാനും ആഴ്‌ചകള്‍ക്കുശേഷം വറുഗീസ്‌ മാപ്പിള മരണമടഞ്ഞു - വെറും നാല്‌പത്തേഴാം വയസ്സില്‍. ഇരുവള്ളിപ്ര ഗ്രാമം അന്നത്തെ മഹാരാജാവ്‌ ശ്രീമൂലം തിരുനാളിനെ ആദരിച്ച്‌ തിരുമൂലപുരമായി.

തിരുമൂലപുരത്തെ പെണ്‍പള്ളിക്കൂടം യാഥാര്‍ത്ഥ്യമാക്കാന്‍ പിന്നെയും ഇരുപതു വര്‍ഷം കാത്തിരിക്കേണ്ടിവന്നു; ഓക്‌സ്‌ഫഡ്‌ മിഷന്‍ പ്രവര്‍ത്തകരായ മിസ്‌ ഹോംസും മരുമകള്‍ മിസ്‌ പി. ബ്രൂക്‌സ്‌ സ്‌മിത്തും ഇംഗ്ലണ്ടില്‍നിന്ന്‌ എത്തിച്ചേരുന്നതുവരെ. സ്‌കൂള്‍ തുടങ്ങി ഏതാനും നാള്‍ കഴിഞ്ഞപ്പോള്‍ മിസ്‌ ഹോംസ്‌ മടങ്ങിപ്പോയി. ഒടുവില്‍, അദ്ധ്യാപകരെ റിക്രൂട്ട്‌ ചെയ്യുന്നതു മുതല്‍ കുട്ടികളെ കണ്ടെത്തി ബോര്‍ഡിംഗില്‍ താമസിപ്പിക്കുന്നതു വരെയുള്ള സ്‌കൂളിന്റെ ബാലാരിഷ്‌ടതകള്‍ മുഴുവന്‍ ഇരുപത്തേഴുകാരിയായ, മമ്മിയെന്നു കുട്ടികള്‍ സ്‌നേഹപൂര്‍വം വിളിക്കുന്ന ബ്രൂക്‌സ്‌മിത്തിന്റെ ചുമലിലായിരുന്നു. തിരുവിതാംകൂറിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസചരിത്രത്തില്‍ രോമാഞ്ചജനകമായ ഒരു തുടക്കമായിരുന്നു അത്‌. സ്‌കൂളിന്റെ അദ്ധ്യാപനം അന്നത്തെ ബ്രിട്ടീഷ്‌ ഗവര്‍ണര്‍ വില്ലിംഗ്‌ടണ്‍ പ്രഭു നിര്‍വഹിച്ചു. ചട്ടയും മുണ്ടും ധരിച്ച പെണ്‍കുട്ടികളും ചട്ടയ്‌ക്കും മുണ്ടിനും പുറമേ ഒരു കവണികൂടി ധരിച്ച അദ്ധ്യാപികമാരും അണിനിരന്നു കണ്ടപ്പോള്‍ ലേഡി വില്ലിംഗ്‌ടണ്‍ പ്രഭ്വി അമ്പരന്നുപോയത്രെ.

ഇംഗ്ലീഷ്‌ ഫ്രോക്കും ബോബ്‌ ചെയ്‌ത മുടിയും കറുത്ത കണ്ണടയും ധരിച്ച്‌ സന്തതസഹചാരിയായ ടൈഗര്‍ എന്ന ശ്വാനനുമായി മമ്മി തിരുമൂലപുരത്തും അവിടെനിന്ന്‌ എം.സി റോഡിലൂടെ തിരുവല്ല വരെയും നടന്നുപോകുന്നത്‌ കണ്ടുനില്‍ക്കാന്‍ ആളുണ്ടായിരുന്നത്രെ. അവര്‍ പഠിപ്പിച്ചവരുടെ നീണ്ട നിര കേന്ദ്ര ധനകാര്യമന്ത്രിയും കേരള സര്‍വകലാശാലാ വൈസ്‌ ചാന്‍സലറുമായിരുന്ന ഡോ. ജോണ്‍ മത്തായിയുടെ പത്‌നി അച്ചാമ്മയില്‍ തുടങ്ങി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പത്‌നി മറിയാമ്മ വരെ നീളുന്നു. പിന്നീട്‌ മികച്ച നിരവധി കലാകാരികളെയും കായികപ്രതിഭകളെയും ബാലികാമഠം സൃഷ്‌ടിച്ചു. അവരില്‍ ഒരാളാണ്‌ സിനിമാതാരമായ നവ്യ നായര്‍.

സ്‌കൂള്‍ ചാപ്പലിനോടു ചേര്‍ന്നുള്ള ബ്രൂക്‌സ്‌ സ്‌മിത്തിന്റെ കുടീരത്തില്‍ പൂച്ചെണ്ടു സമര്‍പ്പിച്ചുകൊണ്ടായിരുന്നു അനുസ്‌മരണചടങ്ങുകളുടെ തുടക്കം. ചാപ്ലൈന്‍ പെരുനാട്‌ ബഥനി ആശ്രമം സുപ്പീരിയര്‍ തോമസ്‌ റമ്പാന്‍ കുര്‍ബാന അര്‍പ്പിച്ചതോടെ പരിപാടികള്‍ ആരംഭിച്ചു. സ്‌കൂള്‍ മാനേജര്‍ ഡോ. കെ.സി. മാമ്മനായിരുന്നു അദ്ധ്യക്ഷന്‍.

``ഞാനെന്തിന്‌ ഈ പരിപാടിക്കു വരണം?'' എന്നു ചോദിച്ചുകൊണ്ടായിരുന്നു ജോയിന്റ്‌ എക്‌സൈസ്‌ കമ്മീഷണര്‍ തോമസ്‌ കെ. ഏബ്രഹാം മുഖ്യപ്രസംഗം ആരംഭിച്ചത്‌. ``കാരണം, എന്നെ ഒന്നാന്തരമായി ഇംഗ്ലീഷ്‌ പഠിപ്പിച്ച അദ്ധ്യാപിക ബാലികാമഠത്തിന്റെ സന്തതിയായിരുന്നു.''

സ്‌കൂളില്‍ പഠിച്ച്‌ ഗവണ്‍മെന്റ്‌ കോളജില്‍ പ്രിന്‍സിപ്പലായി വിരമിച്ച അന്നമ്മ വര്‍ഗീസിനും (അലുംമ്‌നി അസോസിയേഷന്‍ പ്രസിഡന്റ്‌) അവിടെ പഠിച്ച്‌ തിരുവല്ല മാര്‍ത്തോമ്മാ കോളേജില്‍ അസിസ്റ്റന്റ്‌ പ്രൊഫസ്സറായ ഡോ. സോണി അച്ചാമ്മ തോമസിനും ബാലികാമഠത്തിലെ ശിക്ഷണത്തെക്കുറിച്ച്‌ ഗൃഹാതുരതയോടെ പലതും പറയാനുണ്ടായിരുന്നു. ആഭരണം പാടില്ല, പൗഡര്‍ പൂശരുത്‌, ചെരുപ്പു വേണ്ട, നിലത്ത്‌ ചൗക്കാളം വിരിച്ചു കിടക്കണം എന്നൊക്കെയായിരുന്നു സ്‌കൂള്‍ തുടങ്ങിയ കാലത്തെ ചിട്ടവട്ടങ്ങള്‍. ഡൈനിംഗ്‌ ഹാളിലെ നിലത്ത്‌ ഒരുമണി ചോറു വീണാല്‍ മമ്മി ദേഷ്യത്തോടെ നോക്കും; ഒരു ബാഡ്‌മാര്‍ക്ക്‌!

സ്‌കൂളില്‍ വേനല്‍ക്കാലത്ത്‌ വെള്ളത്തിനു ക്ഷാമം വരുമ്പോള്‍ മുതിര്‍ന്ന പെണ്‍കുട്ടികളെ നിരനിരയായി തൊട്ടടുത്തുള്ള മണിമലയാറ്റില്‍ കുളിക്കാന്‍ കൊണ്ടുപോയിരുന്ന കഥകള്‍ അന്നമ്മ വര്‍ഗീസ്‌ ഓര്‍മിച്ചെടുത്തു. റാണി ഏബ്രഹാമും അന്നമ്മ ചെറിയാനും സ്വാഗതവും നന്ദിയും പറഞ്ഞു. മുന്‍ അദ്ധ്യാപകരുടെയും പ്രഥമാദ്ധ്യാപകരുടെയും ഒരു നിരതന്നെ ചടങ്ങിനെത്തിയിരുന്നു. സ്‌കൂളിന്റെ ഇപ്പോഴത്തെ സാരഥിമാര്‍ ലീലാമ്മ ജോര്‍ജും സാറാമ്മ ഉമ്മനും ഒപ്പം നിന്നു.

ചിത്രങ്ങള്‍: ലേഖകന്‍; രാജേഷ് പാളിയില്‍ (5-6)
ഇംഗ്ലീഷ്‌ മമ്മിയെ ഓര്‍മിക്കുന്നു, ഏഷ്യയിലെ ആദ്യത്തെ ഗേള്‍സ്‌ സ്‌കൂള്‍ (കുര്യന്‍ പാമ്പാടി)ഇംഗ്ലീഷ്‌ മമ്മിയെ ഓര്‍മിക്കുന്നു, ഏഷ്യയിലെ ആദ്യത്തെ ഗേള്‍സ്‌ സ്‌കൂള്‍ (കുര്യന്‍ പാമ്പാടി)ഇംഗ്ലീഷ്‌ മമ്മിയെ ഓര്‍മിക്കുന്നു, ഏഷ്യയിലെ ആദ്യത്തെ ഗേള്‍സ്‌ സ്‌കൂള്‍ (കുര്യന്‍ പാമ്പാടി)ഇംഗ്ലീഷ്‌ മമ്മിയെ ഓര്‍മിക്കുന്നു, ഏഷ്യയിലെ ആദ്യത്തെ ഗേള്‍സ്‌ സ്‌കൂള്‍ (കുര്യന്‍ പാമ്പാടി)ഇംഗ്ലീഷ്‌ മമ്മിയെ ഓര്‍മിക്കുന്നു, ഏഷ്യയിലെ ആദ്യത്തെ ഗേള്‍സ്‌ സ്‌കൂള്‍ (കുര്യന്‍ പാമ്പാടി)ഇംഗ്ലീഷ്‌ മമ്മിയെ ഓര്‍മിക്കുന്നു, ഏഷ്യയിലെ ആദ്യത്തെ ഗേള്‍സ്‌ സ്‌കൂള്‍ (കുര്യന്‍ പാമ്പാടി)ഇംഗ്ലീഷ്‌ മമ്മിയെ ഓര്‍മിക്കുന്നു, ഏഷ്യയിലെ ആദ്യത്തെ ഗേള്‍സ്‌ സ്‌കൂള്‍ (കുര്യന്‍ പാമ്പാടി)ഇംഗ്ലീഷ്‌ മമ്മിയെ ഓര്‍മിക്കുന്നു, ഏഷ്യയിലെ ആദ്യത്തെ ഗേള്‍സ്‌ സ്‌കൂള്‍ (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക