Image

രാമകൃഷ്‌ണന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍

ജി.കെ Published on 09 October, 2011
രാമകൃഷ്‌ണന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍
പി.രാമകൃഷ്‌ണന്‍ അങ്ങനെ കണ്ണൂര്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷപദവിയില്‍ നിന്ന്‌ രക്ഷപ്പെട്ടിരിക്കുന്നു. രക്ഷപ്പെട്ടിരിക്കുന്നു എന്നു തന്നെ പറയേണ്‌ടി വരും. കാരണം കെ.സുധാകരനെ ഇത്രയും കാലം വെല്ലുവിളിച്ചിട്ടും തടികേടാകാതെ കാത്തുസൂക്ഷിച്ച അപൂര്‍വം നേതാക്കളില്‍ ഒരാളാണ്‌ രാമകൃഷ്‌ണന്‍. അല്ലെങ്കിലും ഒരു കൂട്ടില്‍ രണ്‌ടും സിംഹങ്ങള്‍ വാണ ചരിത്രമില്ല. കണ്ണൂരിലെ സിംഹം സുധാകരനാണെന്ന്‌ അറിയാത്തതായി കോണ്‍ഗ്രസില്‍ പി. രാമകൃഷ്‌ണന്‍ മാത്രമെ ഉണ്‌ടാവുള്ളൂ. വൈകിയാണെങ്കിലും ഒടുവില്‍ ആ സത്യം തിരിച്ചറിഞ്ഞപ്പോള്‍ രാമകൃഷ്‌ണന്‍ ഡിസിസി പ്രസിഡന്റിന്റെ കുപ്പായം അഴിച്ചുവെക്കുകയും ചെയ്‌തു.

കണ്ണൂരില്‍ കോണ്‍ഗ്രസുകാരനായിരിക്കണമെങ്കില്‍ ചില മിനിമം യോഗ്യതയെങ്കിലും ഉണ്‌ടായിരിക്കണമെന്ന്‌ അറിയാത്തയാളാണ്‌ രാമകൃഷ്‌ണന്‍. കണ്ണൂരില്‍ `അടി'യുറച്ച കോണ്‍ഗ്രസുകാരനായിരിക്കണമെങ്കില്‍ അടിയും തടയും നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. വെടിവെയ്‌ക്കാന്‍ അറിയുമെങ്കില്‍ അത്‌ അധിക യോഗ്യതയാണ്‌. ആരെടാ എന്നു സിപിഎമ്മുകാര്‍ ചോദിച്ചാല്‍ ഞാനെടാ എന്ന്‌ മറുപടി പറയാന്‍ കഴിയണം. സിപിഎമ്മുകാര്‍ പോയിട്ട്‌ സ്വന്തം പാര്‍ട്ടിക്കാര്‍ ചോദിച്ചാല്‍ പോലും ഇത്തരത്തില്‍ മറുപടി പറയാത്ത ആളാണ്‌ രാമകൃഷ്‌ണന്‍. രാമകൃഷ്‌ണന്‍ മാത്രമല്ല കണ്ണൂരിലെ ഒട്ടുമിക്ക കോണ്‍ഗ്രസ്‌ നേതാക്കളും ഈ ഗണത്തില്‍ പെടുന്നവരാണ്‌ .അതുകൊണ്‌ടുതന്നെയാണ്‌ കണ്ണൂര്‍ കോണ്‍ഗ്രസില്‍ ഒറ്റ സിംഹമേയുള്ളൂ, അത്‌ കെ.സുധാകരനാണെന്ന്‌ എല്ലാവരും പറയുന്നത്‌.

ഇതൊക്കെ കേട്ടിട്ട്‌ രാമകൃഷ്‌ണന്‍ വെറും ഭീരുവാണെന്ന്‌ കോണ്‍ഗ്രസുകാര്‍ പോലും പറയില്ല. കാരണം എല്ലാം തികഞ്ഞ സുധാകരനെതിരെ നാലു പറയാന്‍ രാമകൃഷ്‌ണന്‍ മാത്രമെ ധൈര്യം കാണിച്ചുള്ളൂ. പടയിലൊന്നും പങ്കെടുത്തിട്ടില്ലെങ്കിലും രാമകൃഷ്‌ണന്‍ പണ്‌ടേ ഒരു പടയാളിയാണ്‌. തൂലിക പടവാളാക്കിയായിരുന്നു പടയാളി പത്രത്തിലൂടെ രാമകൃഷ്‌ണന്‍ സുധാകരനെതിരെയുള്ള ആദ്യ പോരാട്ടം തുടങ്ങിയത്‌. അന്ന്‌ പത്രത്തിലെ ചരമ പേജൊഴികെയുള്ള എല്ലാ പേജും സുധാകരവധം ആട്ടക്കഥയ്‌ക്കായി നീക്കിവെയ്‌ക്കാന്‍ രാമകൃഷ്‌ണന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്ന്‌ കോണ്‍ഗ്രസുകാര്‍ക്കുപോലും അറിയാം.

അഴീക്കോട്‌ ഗാന്ധി എന്നായിരുന്നു കുട്ടിക്കാലത്തെ രാമകൃഷ്‌ണന്റെ ഇരട്ടപ്പേര്‌. ആദര്‍ശത്തിന്റെ കുപ്പായമിട്ടു നടക്കാന്‍ കേന്ദ്രത്തിലും കേരളത്തിലും ഓരോരുത്തരെ കോണ്‍ഗ്രസ്‌ ചുമതലപ്പെടുത്തിയിട്ടുള്ളതിനാല്‍ ആ കുപ്പായം കൊണ്‌ട്‌ അധികം മുന്നോട്ടുപോവാനില്ലെന്ന്‌ തിരിച്ചറിഞ്ഞതോടെ കടന്നപ്പള്ളിയുടെ കൂടെ ചേര്‍ന്ന്‌ ഇടക്കാലത്ത്‌ ആദര്‍ശത്തിന്റെ മൂല്യം കൂട്ടാനൊരു ശ്രമം നടത്തിയിരുന്നു രാമകൃഷ്‌ണന്‍. അവിടെ മൂന്നു നേരം കഞ്ഞികുടിക്കാനുള്ള വക തന്നെ കഷ്‌ടിയാണെന്ന്‌ തിരിച്ചറിഞ്ഞപ്പോള്‍ ആദര്‍ശക്കുപ്പായം അഴിച്ചുവെച്ച്‌ തിരിച്ചു കോണ്‍ഗ്രസില്‍ തന്നെ ചേക്കേറി.

പിന്നെ വെച്ചടി വെച്ചടി ഒരു കയറ്റമായിരുന്നു. ആദ്യം കൂത്തുപറമ്പില്‍ സ്ഥാനാര്‍ഥി. പിന്നീട്‌ കണ്ണൂരിലെ ഡിസിസി പ്രസിഡന്റ്‌. കെ.സുധകരന്‍ വിചാരിച്ചിട്ടുപോലും കുഞ്ഞൂഞ്ഞിന്റെ വിശ്വസ്‌തനെന്ന്‌ പേരുകേള്‍പ്പിച്ച രാമകൃഷ്‌ണന്റെ ഉയര്‍ച്ച തടയാനായില്ല. അങ്ങനെ മൂന്നുനേരം ഉണ്‌ടും ഉറങ്ങിയും സുഭിക്ഷ ജീവിതം നയിച്ച്‌ ബോറടിച്ചപ്പോഴാണ്‌ സുധാകരനുമായി വീണ്‌ടുമൊന്ന്‌ ഏറ്റുമുട്ടി ബോറടി മാറ്റാമെന്ന്‌ കരുതിയിരുന്നത്‌. സിപിഎമ്മില്‍ നിന്ന്‌ വന്ന അത്ഭുതക്കുട്ടിക്ക്‌ തെരഞ്ഞെടുപ്പില്‍ സീറ്റ്‌ നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു ആദ്യ ഏറ്റമുട്ടല്‍. പതിവുപോലെ സുധാകരനെ വിജയിയായി പ്രഖ്യാപിക്കുകയും അബ്‌ദുള്ളക്കുട്ടി നിയമസഭയിലേക്കു പോകുകയും ചെയ്‌തു.

ഇനിയെന്തു ചെയ്യുമെന്ന്‌ ആലോചിച്ച്‌ തലപുകച്ചപ്പോഴാണ്‌ സിപിഎമ്മില്‍ നിന്ന്‌ പിണറായി സഖാവ്‌ പടിയടച്ച്‌ പണ്‌ഡംവെച്ച ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ക്ക്‌ രക്ഷാമതില്‍ ഒരുക്കിക്കൊടുക്കുമെന്ന പ്രസ്‌താവനയുമായി സുധാകരന്‍ രംഗത്തുവന്നത്‌. ബെര്‍ലിന്റെ വീട്ടില്‍ തേങ്ങയിടാനും മുറ്റമടിക്കാനും കോണ്‍ഗ്രസുകാരെ പറഞ്ഞയക്കുമെന്ന്‌ പറയാന്‍ സുധാകരന്‍ ആരാണെന്ന്‌ പറഞ്ഞുകൊണ്‌ടായിരുന്നു രണ്‌ടാമത്തെ അങ്കം. പിന്നെ പാര്‍ട്ടി രക്തസാക്ഷിയുടെ പേരില്‍ കെ.സുധാകരന്‍ നടത്തിയ പിരിവിനെക്കുറിച്ച്‌ പാര്‍ട്ടിയുടെ ചില വിക്കിലീക്‌സ്‌ കേന്ദ്രങ്ങള്‍ വഴി പുറത്തുവന്ന കാര്യങ്ങള്‍ വിളിച്ചുപറഞ്ഞു. അല്ലെങ്കിലും ഇത്തരം വിവരങ്ങള്‍ കിട്ടിയാല്‍ പ്രസിഡന്റാണെന്ന കാര്യം രാമകൃഷ്‌ണന്‍ പലപ്പോഴും മറന്നുപോകും. തന്നിലെ പഴയ പടയാളി പത്രപ്രവര്‍ത്തകന്‍ സടകുടഞ്ഞുണരും.

അങ്ങനെ പലതും വിളിച്ചുപറഞ്ഞ കൂട്ടത്തില്‍ കൂത്തുപറമ്പ്‌ വെടിവെയ്‌പ്പിന്‌ കാരണക്കാരന്‍ സുധാകരനാണെന്നുകൂടി വിളിച്ചുപറഞ്ഞതോടെ കാര്യങ്ങള്‍ രാമകൃഷ്‌ണന്റെ പിടിവിട്ട്‌ പോയി. രാമകൃഷ്‌ണന്റെ പ്രസ്‌താവനയുടെ ചുവടുപിടിച്ച്‌ കേസ്‌ വീണ്‌ടും അന്വേഷിക്കണമെന്നും സുധാകരനെ പ്രതിയാക്കണമെന്നും ആവശ്യപ്പെട്ട്‌ കോടിയേരിയും ജയരാജനുമെല്ലാം രംഗം കൊഴുപ്പിച്ചതോടെ കുഞ്ഞൂഞ്ഞും രാമൃഷ്‌ണനെ കൈവിട്ടു. അതോടെ ഡിസിസി പ്രസിഡന്റ്‌ കുപ്പായം ഊരിവെയ്‌ക്കാതെ തരമില്ലെന്നായി. അങ്ങനെ കണ്ണൂര്‍ കോണ്‍ഗ്രസിലെ പോരാളി വീണ്‌ടും പടയാളി മാത്രമായി.

രാമകൃഷ്‌ണന്റെ ആരോപണങ്ങള്‍ക്ക്‌ തന്ത്രപരമായ മൗനത്തിലൂടെ മറുപടി പറഞ്ഞ സുധാകരനാകട്ടെ പാര്‍ട്ടിയില്‍ സുരക്ഷിതനാവുയും കണ്ണൂര്‍ കോണ്‍ഗ്രസില്‍ തന്നെ വെല്ലുവിളിക്കാന്‍ ഇനി ആരുമില്ലെന്ന്‌ ഉറപ്പാക്കുകയും ചെയ്‌തു. ഇതൊക്കെയാണെങ്കിലും സുധാകരനെതിരെയുള്ള തന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ തുടരുമെന്നു തന്നെയാണ്‌ രാമകൃഷ്‌ണന്റെ ഇന്നത്തെ പ്രസ്‌താവനയും തെളിയിക്കുന്നത്‌. സംഘടനാ പുന:സംഘടന കഴിയുമ്പോള്‍ രാമകൃഷ്‌ണന്‍ കോണ്‍ഗ്രസിലുണ്‌ടാവുമോ എന്ന്‌ ഇനി കാത്തിരുന്ന്‌ കാണാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക