Image

തട്ടിപ്പ്‌ : ഒരു കല, അല്ല ശാസ്‌ത്രം? (ജോണ്‍മാത്യു)

Published on 20 August, 2013
തട്ടിപ്പ്‌ : ഒരു കല, അല്ല ശാസ്‌ത്രം? (ജോണ്‍മാത്യു)
ആകര്‍ഷണീയമായ രീതിയില്‍ എന്തെങ്കിലും ചെയ്യുന്നത്‌ കലാപരമെന്ന്‌ പറയപ്പെടുന്നു. അതുപോലെ ഒരു കാര്യം വീണ്ടും വീണ്ടും ചെയ്യുമ്പോള്‍ ഫലം ഒരുപോലെ പ്രത്യക്ഷപ്പെടുകയാണെങ്കില്‍ അത്‌ ശാസ്‌ത്രമായും അംഗീകരിക്കപ്പെടുന്നു. ഈ അളവുകോല്‍ വച്ച്‌ നോക്കിയാല്‍ എന്തുകൊണ്ട്‌ `തട്ടിപ്പ്‌' കലയും ശാസ്‌ത്രവുമൊക്കെ ആയിക്കൂടാ.

ഒരു തട്ടിപ്പില്‍ അകപ്പെട്ടാല്‍, മറ്റാരും അറിയുന്നില്ലെങ്കില്‍, മിണ്ടാതിരിക്കുന്നതല്ലേ `വിദ്വാന്‌ ഭൂഷണം', പഴഞ്ചൊല്ല്‌ ഇവിടെ തുണയായിട്ടെത്തുന്നു. എല്ലാക്കാലങ്ങളിലും ഈ തട്ടിപ്പ്‌ ഉണ്ടായിരുന്നെങ്കിലും രാഷ്‌ട്രീയക്കാരും സിനിമക്കാരും കച്ചവടക്കാരും പൊതുപ്രവര്‍ത്തകരും. ഒന്നടങ്കം തട്ടിപ്പ്‌ നടത്തിയപ്പോഴോ അല്ലെങ്കില്‍ അതിന്‌ ഇരയായിത്തീര്‍ന്നപ്പോഴോ ഇതൊരു ചര്‍ച്ചാവിഷയമായി. ഈ `താരത്തിളക്കങ്ങള്‍' കഴിയുമ്പോള്‍ എല്ലാം കെട്ടടങ്ങുകയും ചെയ്യും. അതും മറ്റൊരു തട്ടിപ്പുതന്നെ.

ഒരു പഴയ ക്ലാസിക്ക്‌ തട്ടിപ്പ്‌ കഥ ഇവിടെ ഓര്‍ക്കുകയാണ്‌. ആര്‍ക്കും അത്ര വളരെ നഷ്‌ടമൊന്നും ഉണ്ടായില്ലെങ്കിലും ഇത്‌ ബാലപാഠമാണ്‌.

വെറും ശുദ്ധഗതിക്കാരും നിഷ്‌ക്കളങ്കരുമായ കുട്ടികള്‍ക്കിടയില്‍ എങ്ങനെയോ അല്‌പം തടിമിടുക്കുള്ള ഒരു `തട്ടിപ്പുകാരനും' വന്നുപെട്ടു. ഇത്‌ പണ്ടുകാലത്ത്‌ സംഭവിച്ചത്‌.

`നാലണ എടുക്കാനുണ്ടോ? നാളെ മടക്കിത്തരാം.' അവന്‍ ചോദിച്ചു.

നാലണ എന്നാല്‍ അക്കാലത്തെ കാല്‍ രൂപ. ഒരൂണിന്റെ വില.

ആ `നാളെ' എന്ന ദിവസം ഒന്നും നടന്നില്ല, നാളെയെപ്പറ്റി അയാള്‍ മറന്നെന്ന്‌ ഭാവിച്ചു. മൂന്നാല്‌ ദിവസം കഴിഞ്ഞപ്പോള്‍ അതാ വരുന്നു നമ്മുടെ സുഹൃത്ത്‌. കൃത്യമായി കാല്‍രൂപാത്തുട്ട്‌ മടക്കിത്തന്നിട്ട്‌ അത്യാവശ്യസമയത്ത്‌ കാശ്‌ കടംകിട്ടിയത്‌ വലിയ ഉപകാരമായിരുന്നെന്നും പറഞ്ഞു.

അതിനുശേഷം നാടകീയമായി കീശയില്‍ കയ്യിട്ട്‌ ഒരണകൂടി എടുത്തു.

`ഇതിരിക്കട്ടെ, ഞാന്‍ കുറേ താമസിച്ചുപോയില്ലേ.'

പലിശ!

അന്ന്‌ പലിശയെന്ന ആ വാക്ക്‌ ഞങ്ങള്‍ക്ക്‌ അറിയില്ലായിരുന്നു. പക്ഷേ നമ്മുടെ സുഹൃത്തിന്‌ അറിയാമായിരുന്നു മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന മാര്‍ഗ്ഗം.

മടക്കിത്തന്ന നാലണയും അതിലധികമോ മറ്റൊരാളിന്റെ പക്കല്‍നിന്ന്‌ കടം വാങ്ങിയിട്ടായിരുന്നെന്ന വിവരം കുട്ടികള്‍ എങ്ങനെ അറിയാന്‍.

ഇനിയും പിറ്റേന്നും വീണ്ടും നാലണ കടം ചോദിച്ചപ്പോള്‍ എങ്ങനെ കൊടുക്കാതിരിക്കും. ഒരിക്കല്‍ കടം വാങ്ങിയ പണത്തിന്‌ അയാള്‍ `പലിശയും' കൂട്ടിയല്ലേ മടക്കിത്തന്നത്‌.

ഇതാണ്‌ തട്ടിപ്പിന്റെ ബാലപാഠം!

ഈ ബാലപാഠമുപയോഗിച്ചാണ്‌ ഏതാനും വര്‍ഷം മുന്‍പ്‌ ഹൂസ്റ്റനില്‍ മലയാളിയായ ഒരു സമര്‍ത്ഥന്‍ ലക്ഷക്കണക്കിന്‌ ഡോളര്‍ തട്ടിയെടുത്തത്‌. നിക്ഷേപിച്ചതിന്‌ പിറ്റേന്നുമുതല്‍ വന്‍പിച്ച ലാഭവിഹിതം കൊടുത്തുതുടങ്ങിയത്രേ!

മനസ്സില്‍നിന്നും മായാതെ നില്‌ക്കുന്ന ചില തട്ടിപ്പുകഥകളുണ്ട്‌. അതിലൊന്നാണ്‌ ബര്‍നാര്‍ഡ്‌ മഡോഫിന്റേത്‌. അയാള്‍ ഇനിയും പുറംലോകം കാണുകേയില്ലെന്ന്‌ കേള്‍ക്കുന്നു വൈറ്റ്‌ വാട്ടര്‍ സ്‌കാന്‍ഡലില്‍ പ്രസിഡന്റ്‌ ബില്‍ ക്ലിന്റനെതിരായി ആരോപണമുണ്ടായിരുന്നെങ്കിലും എങ്ങനെയോ രക്ഷപ്പെട്ടു. ഷെയര്‍ മാര്‍ക്കറ്റില്‍ അത്ഭുതങ്ങള്‍ സൃഷ്‌ടിച്ച `എന്‍റോണ്‍' എനര്‍ജി സ്ഥാപനത്തിന്റെ കഥയും ഇപ്പോഴും ആരും മറന്നിട്ടില്ല.

നൂറ്റിപ്പത്ത്‌ വര്‍ഷത്തേക്ക്‌ ശിക്ഷിക്കപ്പെട്ട ഹൂസ്റ്റനിലെ ആലന്‍ സാന്‍ഫോഡ്‌ ഇന്‍വെസ്റ്റുമെന്റ്‌ ബാങ്കര്‍ ആയിരുന്നു. അയാള്‍ കോടതിയില്‍ പറഞ്ഞത്‌ ഇങ്ങനെ:

`ഞാനാരെയും വഞ്ചിച്ചിട്ടില്ല. നിങ്ങള്‍ എന്റെ ബാങ്ക്‌ പൊളിച്ചില്ലായിരുന്നെങ്കില്‍, എന്റെ കക്ഷികളുടെ പണം ഞാന്‍ മടക്കിക്കൊടുക്കുമായിരുന്നു.'

ശരിയാണ്‌. എങ്ങനെ മടക്കിക്കൊടുക്കും? ഈ തട്ടിപ്പ്‌ തുടര്‍ന്നുകൊണ്ടേയിരുന്നാല്‍ ആദ്യ നിക്ഷേപകര്‍ക്ക്‌ പണം മടക്കിക്കിട്ടും, തീര്‍ച്ച! നാലണ കടം വാങ്ങി ഒരണ പലിശകൊടുത്തുകൊണ്ടിരുന്ന നമ്മുടെ ബാലസുഹൃത്തും ഇതേ സാങ്കേതികതതന്നെയായിരുന്നല്ലോ ഉപയോഗിച്ചിരുന്നത്‌.

അയാള്‍ തുടര്‍ന്നു:

`ബാങ്കും ഇന്‍ഷുറന്‍സും സോഷ്യല്‍ സെക്ക്യൂരിറ്റിയും ചെയ്യുന്നത്‌ ഇതൊക്കെത്തന്നെയല്ലേ? അതിന്‌ നിമയത്തില്‍ ആനുകൂല്യം ഉണ്ടെന്ന്‌ മാത്രം.'

മലയാളി എന്നും തട്ടിപ്പിന്‌ വഴങ്ങിക്കൊടുക്കുന്നുവെന്ന്‌ പറയുന്നത്‌ മുഴുവന്‍ ശരിയല്ല. ആരും കാണാതെ, ആകാശത്തില്‍നിന്ന്‌ പിടിച്ചെടുക്കുന്നതുപോലെ പണമുണ്ടാക്കിയാല്‍ കൊള്ളാമെന്ന്‌ ആര്‍ക്കാണ്‌ മോഹമില്ലാത്തത്‌. ഇത്‌ ജീവിതത്തിന്റെ ഒരു ഭാഗമാണ്‌, എല്ലാ മനുഷ്യരുടെയും സ്വകാര്യ സ്വപ്‌നമാണ്‌! എന്നിട്ട്‌ പൂച്ച എലിയെപ്പിടിച്ച്‌ പടിവാതിലില്‍ കൊണ്ടുവരുന്നതുപോലെ നേട്ടങ്ങള്‍ മറ്റുള്ളവരെ അഭിമാനപൂര്‍വ്വം കാണിക്കുകയും വേണം.

ആഫ്രിക്കയില്‍ വിമാനം തകര്‍ന്ന്‌ മരിച്ച അകന്ന ഒരമ്മാവന്റെ ശേഷപത്രം നമ്മുടെ പേരിലാണെന്നും, ഇടപാട്‌ പൂര്‍ത്തിയാക്കാന്‍ വേണ്ടുന്ന പണവുമായി മറുപടി അയച്ചാല്‍ മതിയെന്നും കാണിച്ച്‌ കത്തുകിട്ടിയാല്‍ അധികംപേരും വിശ്വാസിക്കയില്ലായിരിക്കാം. വേണ്ട, തട്ടിപ്പുകാരന്‌ ആയിരംപേരില്‍ ഒരാളിന്റെ മറുപടി കിട്ടിയാല്‍ മതി.

ദുര്‍ബല മനസ്സുള്ളതുകൊണ്ട്‌, അല്ലെങ്കില്‍ സഹതാപം തോന്നിയതുകൊണ്ട്‌ വലയില്‍വീണ്‌ തട്ടിപ്പ്‌ വ്യവസായത്തിന്റെ ഭാഗമായിത്തീര്‍ന്നവരും ഇരകള്‍ത്തന്നെ. ചിലപ്പോള്‍ അങ്ങനെയുള്ളവരുടെമേല്‍ പ്രായോഗിക രാഷ്‌ട്രീയക്കളിക്കുവേണ്ടി കുറ്റംചുമത്തി തലയാളന്മാര്‍ രക്ഷപ്പെടും. എന്നിട്ടും ഈ പ്രധാന സൂത്രധാരന്മാര്‍ അടുത്ത കച്ചവടവും തേടി കയ്യുംവീശി, നെഞ്ചും വിരിച്ച്‌ നടക്കുകയും ചെയ്യും.
തട്ടിപ്പ്‌ : ഒരു കല, അല്ല ശാസ്‌ത്രം? (ജോണ്‍മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക