Image

ബ്ലെസിയുടെ കളിമണ്ണ് കണ്ടിറങ്ങിയപ്പോള്‍ (മൂവി റിവ്യു): മാതൃത്വം ലോകമറിയട്ടെ

Published on 22 August, 2013
ബ്ലെസിയുടെ കളിമണ്ണ് കണ്ടിറങ്ങിയപ്പോള്‍ (മൂവി റിവ്യു): മാതൃത്വം ലോകമറിയട്ടെ
ഏറെ പ്രതീക്ഷകള്‍ക്കിടയിലും അതിലേറെ വിവാദങ്ങള്‍ക്കിടയിലും ബ്ലസിയുടെ കളിമണ്ണ്‌ തീയറ്ററിലെത്തിയിരിക്കുന്നു. കളിമണ്ണിലെ പ്രസവ രംഗങ്ങളെച്ചൊലി വിവാദങ്ങളുണ്ടായപ്പോള്‍ ശ്വേതാ മേനോന്‍ പറഞ്ഞ മറുപടിയാണ്‌ `മാതൃത്വം ലോകമറിയട്ടെ' എന്ന്‌. ഇതു തന്നെയാണ്‌ കള്ളിമണ്ണ്‌ എന്ന സിനിമയിലൂടെ ബ്ലസി മുന്നോട്ടു വെക്കുന്ന ആശയവും. മാതൃത്വം എന്നത്‌ ലോകം അറിയട്ടെ. മാതൃത്വത്തിന്റെ മഹത്വവും അതിന്റെ അനന്യമായ മാനവിക സ്വഭാവവുമാണ്‌ കള്ളിമണ്ണിലെ മീര എന്ന കഥാപാത്രത്തിലൂടെ അവളുടെ മാതൃത്വത്തിലൂടെ ബ്ലസി പ്രേക്ഷകന്റെ മുമ്പോട്ടു വെക്കുന്നത്‌.

ഭാരതീയ ഇതിഹാസമായ മഹാഭാരതത്തിലെ അഭിമന്യുവിന്റെ കഥാശകലത്തില്‍ നിന്നാണ്‌ കളിമണ്ണ്‌ എന്ന സിനിമക്ക്‌ ആലോചന തുടങ്ങുന്നത്‌ എന്ന്‌ ബ്ലസി പറയുന്നു. അമ്മയുടെ ഉദരത്തിലിരുന്ന കാലത്ത്‌ തന്നെ പിതാവായ അര്‍ജ്ജുനന്‍ സംസാരിച്ചിരുന്ന യുദ്ധതന്ത്രങ്ങള്‍ കേട്ട്‌ പഠിച്ചിരുന്നു അഭിമന്യു. ഉദരത്തിലിക്കുന്ന കാലത്ത്‌ തന്നെ പത്മവ്യൂഹം ഭേദിക്കുവാന്‍ പഠിച്ച അഭിമന്യു അമ്മയും അമ്മയുടെ ഉദരത്തില്‍ വളരുന്ന കുഞ്ഞും തമ്മിലുള്ള അഭേദ്യമായ ബന്ധം വെളിപ്പെടുത്തുന്നു. ഗര്‍ഭീണിയായ സ്‌ത്രീക്ക്‌ രണ്ടു മനസും രണ്ടു ശരീരവുമാണ്‌ എന്ന്‌ ചിത്രത്തില്‍ പറയുന്നുണ്ട്‌. ഈ സവിശേഷമായ മാനസികാവസ്ഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ്‌ ബ്ലസിയുടെ കളിമണ്ണ്‌.

ആദ്യകാഴ്‌ചയില്‍ മനോഹരമായ പ്രമേയ ഭംഗികൊണ്ടും ആസാധ്യമായ വൈകാരികത കൊണ്ടും നിറഞ്ഞു നില്‍ക്കുന്ന കളിമണ്ണ്‌ എന്ന ചിത്രം പ്രമേയത്തിന്റെ തീവ്രതക്ക്‌ അപ്പുറം സിനിമയെന്ന നിലയില്‍ എത്രത്തോളം മികവ്‌ പുലര്‍ത്തി എന്നത്‌ പ്രേക്ഷകരില്‍ നിന്നും സ്വാഭാവികമായി ഉയരുന്ന ചോദ്യമാണ്‌. ഗര്‍ഭാവസ്ഥയുടെ ഒരു മെഡിക്കല്‍ ഡോക്യുമെന്ററി എന്ന നിലയിലേക്ക്‌ പലപ്പോഴും ബ്ലസിക്ക്‌ സ്വന്തം സിനിമ കൈവിട്ടു പോകുന്നു എന്ന്‌ പറയേണ്ടി വരും. ചലച്ചിത്രാവിഷ്‌കാരത്തിന്റെ സ്വഭാവം ഡോക്യുമെന്റേഷന്‌ വഴിമാറുമ്പോള്‍, മാതൃത്വത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ ഒരു ലേഖന രൂപത്തില്‍ പ്രേക്ഷകനെ പഠിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ സിനിമയെന്ന അനുഭവം പൂര്‍ണ്ണതയില്‍ പ്രേക്ഷകനിലേക്ക്‌ എത്തുന്നില്ല എന്ന്‌ തന്നെ മനസിലാക്കണം. ഏറെ പ്രതീക്ഷകളുമായി എത്തിയ കളിമണ്ണിനെ ഒരുവേള പിന്നോട്ടടിക്കുന്ന കാര്യവും ഇതു തന്നെയാവും. എന്നാല്‍ പ്രമേയ വൈകാരികതയില്‍ സിനിമ ആസ്വദിക്കുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കാവുന്ന ഒന്ന്‌ തന്നെയാണ്‌ കളിമണ്ണ്‌.

മുംബൈയില്‍ ബാര്‍ ഡാന്‍സറായ മീരയില്‍ നിന്നാണ്‌ സിനിമ ആരംഭിക്കുന്നത്‌. ബാര്‍ഡാന്‍സറുടെ മോശം ജീവിതവും പ്രണയ പരാജയവും കാരണം ആത്മഹത്യക്ക്‌ ശ്രമിക്കുന്ന മീരയെ രക്ഷിക്കുന്നത്‌ മുംബൈയിലെ ടാക്‌സി ഡ്രൈവറായ ശ്യാമാണ്‌. പിന്നീട്‌ മനോഹരമായ ഒരു കുടുംബ ജീവിതത്തിലേക്ക്‌ മീരയും ശ്യാമും എത്തുന്നു. നൃത്തം ചെയ്യാനുള്ള മീരയുടെ കഴിവിനെ പ്രോല്‍സാഹിപ്പിക്കുന്നതും സിനിമയില്‍ അഭിനയിക്കാനുള്ള പിന്തുണ നല്‍കുന്നതും ശ്യാം തന്നെ. സിനിമയില്‍ ഐറ്റം ഡാന്‍സറായി എത്തുന്ന മീര പതിയെ നായികയായി മാറുന്നു. മീര ആദ്യമായി നായികയായി അഭിനയിച്ച സിനിമയുടെ പ്രീമയര്‍ ഷോ ഗംഭീരമായി ആരംഭിക്കുന്നു. ഷോ ആരംഭിക്കുമ്പോള്‍ മീര ശ്യാമിനെ പ്രതീക്ഷിച്ചിരിക്കുകയാണ്‌.

എന്നാല്‍ തീയറ്ററിലേക്കുള്ള യാത്രക്കിടയില്‍ ശ്യാമിന്‌ ഒരു ആക്‌സിഡന്റ്‌ സംഭവിക്കുന്നു. ഹോസ്‌പിറ്റലില്‍ എത്തിക്കുന്ന ശ്യാമിന്‌ ബ്രെയിന്‍ ഡെത്ത്‌ സംഭവിച്ചു എന്ന വാര്‍ത്തയാണ്‌ മീരയെ കാത്തിരിക്കുന്നത്‌. ബ്രെയിന്‍ ഡെത്ത്‌ സംഭവിച്ച ശ്യാമിനെ വെന്റിലേറ്ററില്‍ കഴിയാന്‍ വിടേണ്ടതില്ല എന്ന പ്രായോഗിക നിലപാടാണ്‌ ഡോക്‌ടര്‍മാര്‍ അവള്‍ക്ക്‌ മുമ്പില്‍ വെയ്‌ക്കുന്നത്‌. ശ്യാമിന്റെ അവയവങ്ങള്‍ ആവിശ്യമുള്ളവര്‍ക്ക്‌ ദാനം ചെയ്യാമെന്നും ഡോക്‌ടേഴ്‌സ്‌ പറയുന്നു.

ഈ ലോകത്ത്‌ സ്വന്തമെന്ന്‌ പറയാന്‍ ആരുമില്ലാത്ത ഒരു അവസ്ഥ മുന്നില്‍ കാണുന്നത്‌ മീരയെ സംബന്ധിച്ചിടത്തോളം സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. ഒരു കുഞ്ഞു പോലുമില്ല തനിക്ക്‌ എന്ന നൊമ്പരം അവള്‍ക്ക്‌ ബാക്കിയാവുന്നു. ബ്രെയിന്‍ ഡെത്ത്‌ സംഭവിച്ചുവെങ്കിലും ശ്യാമില്‍ നിന്നും ബീജം സ്വീകരിച്ചു കൊണ്ട്‌ ക്രിത്രിമ ഗര്‍ഭധാരണത്തിന്‌ സാധ്യതകളുണ്ടെന്ന്‌ മീരയോട്‌ പറയുന്നത്‌ അവളുടെ സുഹൃത്തായ സോഫിയാണ്‌. എന്നാല്‍ അതിന്‌ മെഡിക്കല്‍ അസോസിയേഷന്റെ അനുമതി വേണ്ടതുണ്ട്‌. ബ്രെയിന്‍ ഡെത്ത്‌ സംഭവിച്ച ഒരാളുടെ ബീജം സ്വീകരിക്കുക വഴി ഗര്‍ഭധാരണം നടത്തിയ സംഭവങ്ങള്‍ തീര്‍ത്തും വിരളമാണ്‌ എന്നതും തടസമായി മീരക്ക്‌ മുമ്പിലെത്തുന്നു. മെഡിക്കല്‍ അസോസിയേഷന്‍ ഇതിനുള്ള അനുമതി നിഷേധിക്കുന്നതോടെ കോടതിയെ സമീപിക്കുകയാണ്‌ മീരയുടെ മുമ്പിലുള്ള പോംവഴി. മീരയുടെ തീരുമാനത്തെ യാഥാസ്ഥിതിക മനോഭാവക്കാരും, മതമേലധ്യക്ഷന്‍മാരും വലിയ തോതില്‍ എതിര്‍ക്കുന്നു. അവസാനം കോടതിയുടെ തീരുമാനം മീരക്ക്‌ അനുകൂലമാകുകയാണ്‌. അങ്ങനെ ശ്യാമിന്റെ മരണ ശേഷവും ശ്യാമിന്റെ കുഞ്ഞിനെ ഉദരത്തില്‍ പേറാനുള്ള ഭാഗ്യം മീരക്ക്‌ ലഭിക്കുന്നു.

തുടര്‍ന്ന്‌ മാതൃത്വവുമായുള്ള മീരയുടെ സഞ്ചാരമാണ്‌ സിനിമയില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്‌. എല്ലാ വിമര്‍ശനങ്ങളെയും പ്രതിസന്ധികളെയും മറികടന്ന്‌ അവള്‍ അമ്മയാകുമ്പോള്‍ സിനിമയും അവസാനിക്കുന്നു. എങ്കിലും അവളുടെ തീരുമാനത്തെ വിടാതെ പിന്തുടര്‍ന്ന മാധ്യമങ്ങളെയും യഥാസ്ഥിതിക മൗലീക വാദികളെയും സിനിമ വിമര്‍ശിക്കുകയും ചെയ്യുന്നു. ഗര്‍ഭാവസ്ഥയിലുള്ള സ്‌ത്രീകള്‍ എങ്ങനെയാവണം സ്വന്തം മാനസികവും ശാരീരികവുമായ നില രൂപപ്പെടുത്തേണ്ടത്‌ എന്നും അവരുടെ ഗര്‍ഭ പരിചരണം എങ്ങനെയെന്നും വിശദമായി വിവരിക്കുന്നുണ്ട്‌ ബ്ലസി ഈ ചിത്രത്തില്‍.

പ്രേക്ഷകനെ ഒരു കഥയിലേക്ക്‌ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളിക്കുന്ന വിധം ഒരു കഥാഗതി സിനിമയില്‍ സംഭവിക്കുന്നില്ല എന്നതാണ്‌ കളിമണ്ണിന്റെ പോരായ്‌മ. മാതൃത്വത്തിന്റെ സവിശേഷമായ മാനവികതയെ പ്രമേയമാക്കുമ്പോള്‍ സിനിമയുടെ അവസാനം സ്ഥിരം ഫെമിനിസ്റ്റ്‌ കാഴ്‌ചപ്പാടുകളിലേക്ക്‌ സിനിമ ഒതുങ്ങിപ്പോകുന്നു. അതായത്‌ സ്‌ത്രീയുടെ ഇരവാദം എന്ന നിലയിലേക്ക്‌ ചുരുങ്ങുകയാണ്‌ സിനിമ. ഫെമിനിസമോ ഇന്ത്യന്‍ സ്‌ത്രീയുടെ സാഹചര്യമോ തീവ്രമായ പ്രമേയമല്ല എന്ന്‌ ഇവിടെ വിമര്‍ശിക്കുന്നില്ല. മറിച്ച്‌ മാതൃത്വത്തിന്റെ കഥയിലൂടെ കടന്നു വരുന്ന സിനിമ അവസാനം എത്തിനില്‍ക്കുന്ന ഉപരിപ്ലവമായ ചില വിമര്‍ശനങ്ങളിലേക്ക്‌ മാത്രമാണ്‌ എന്നതാണ്‌ വിമര്‍ശന വിധേയമാകുന്നത്‌.

സമൂഹത്തില്‍ രൂഡമൂലമായ സ്‌ത്രീവിരുദ്ധത എന്നത്‌ പുരുഷനിലൂടെ മാത്രം സംഭവിക്കുന്ന ഒന്നാകുന്നില്ല. യഥാര്‍ഥത്തില്‍ സ്‌ത്രീവിരുദ്ധത എന്നത്‌ ഒരു സമൂഹത്തിലെ സ്‌ത്രീയും പുരുഷനും ഒരുപോലെ ഉപയോഗിക്കുന്ന ഒരു കാര്യമാണ്‌. സമൂഹത്തിന്റെ ഒരു അവസ്ഥയാണത്‌. അവിടെ സ്‌ത്രീവിരുദ്ധത എന്നത്‌ പുരുഷ മനസിന്റെ മാത്രം പ്രയോഗമാണെന്ന പ്രചരണം ആത്യന്തികമായ സ്‌ത്രീയുടെ വര്‍ഗ ശത്രുവാണ്‌ പുരുഷന്‍ എന്ന നിലയിലേക്ക്‌ കാര്യങ്ങളെ എത്തിക്കും. ഇത്തരം സൂക്ഷമമായ നിരീക്ഷണങ്ങള്‍ കള്ളിമണ്ണ്‌ എന്ന സിനിമയുടെ രചനാഘട്ടത്തില്‍ എമ്പാടും ബ്ലസി കൈവിട്ടു കളയുന്നു. അങ്ങനെ സിനിമ മുമ്പോട്ടു വെക്കുന്ന രാഷ്‌ട്രീയം ചിലപ്പോഴെങ്കിലും താളം തെറ്റിപ്പോകുന്നു എന്ന്‌ പ്രേക്ഷകനും തിരിച്ചറിയും.

ശ്വേതാ മേനോന്റെ അഭിനയ പ്രകടനത്തിന്‌ മിക്കപ്പോഴും ഒരേ ടെമ്പോ സൂക്ഷിക്കാന്‍ കഴിയുന്നില്ല എന്നത്‌ ഒരു പോരായ്‌മയാണ്‌. ചില രംഗങ്ങളില്‍ മികച്ച അഭിനേത്രിയായി തോന്നുന്ന ശ്വേതയെ കാമറക്ക്‌ മുമ്പില്‍ വെറുതെ സമയം തള്ളുന്ന ആര്‍ട്ടിസ്റ്റായും ചില സമയങ്ങളില്‍ കാണാന്‍ കഴിയും.

സാങ്കേതികമായി കളിമണ്ണ്‌ ഏറെ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുവെന്നും എടുത്തു പറയേണ്ടതുണ്ട്‌. മികച്ച സംഗീതവും ഛായാഗ്രഹണവും ചിത്രത്തിന്റെ പ്ലസ്‌ പോയിന്റുകളാണ്‌. ആവിഷ്‌കാരത്തില്‍ കുറച്ച്‌ പ്രേക്ഷകര്‍ക്ക്‌ തോന്നിയേക്കുവുന്ന ഡോക്യുമെന്റേഷന്‍ രീതി ഒരു പ്രശ്‌നമല്ലാത്തവര്‍ക്ക്‌ ആസ്വദിക്കാവുന്ന ചിത്രം തന്നെയാണ്‌ കളിമണ്ണ്‌. അതേപോലെ തന്നെ തീവ്രമായ വൈകാരിക പ്രമേയങ്ങളോട്‌ താത്‌പര്യമുള്ള പ്രേക്ഷക സമുഹത്തിനും കളിമണ്ണ്‌ തിരഞ്ഞെടുക്കാന്‍ കഴിയും.

ഏറ്റവും പ്രധാനമായി ഈ സിനിമയെക്കുറിച്ച്‌ പറയേണ്ടത്‌ കളിമണ്ണിനെക്കുറിച്ച്‌ ആദ്യസമയങ്ങളിലുണ്ടായ വിവാദങ്ങള്‍ വെറും പുക മാത്രമായിരുന്നു എന്നതാണ്‌. ശ്വേതാ മേനോന്റെ പ്രസവം ചിത്രീകരിച്ചു എന്നതില്‍ തുടങ്ങിയായിരുന്നു കളിമണ്ണിനെതിരെയുള്ള വിമര്‍ശനങ്ങള്‍. എന്നാല്‍ പ്രസവ മുറിയിലേക്ക്‌ കയറുന്ന സ്‌ത്രീ അനുഭവിക്കുന്ന നൊമ്പരത്തിന്റെ ഒരു നേര്‍കാഴ്‌ചയാണ്‌ ബ്ലസി ഈ രംഗങ്ങളില്‍ ചിത്രീകരിച്ചിട്ടുള്ളത്‌. അതില്‍ അശ്ലീലമോ അസ്വഭാവികമോ ആയ ഒന്നും തന്നെയില്ല. വെറും മൂന്ന്‌ മിനിറ്റുകളില്‍ താഴെ മാത്രം ബന്ധമുള്ള ഈ രംഗങ്ങള്‍ ഏത്‌ കുടുംബത്തിനും ഒരുമിച്ചിരുന്ന്‌ കാണാന്‍ കഴിയുന്നവ തന്നെയാണ്‌. ശ്വേത മേനോന്റെ പ്രസവം ചിത്രീകരിച്ചപ്പോള്‍ ഉയര്‍ന്ന യഥാസ്ഥിതിക മൗലീകവാദികളുടെ വിമര്‍ശനങ്ങളെ തന്നെയാണ്‌ സിനിമയിലും ചോദ്യം ചെയ്യുന്നത്‌ എന്ന്‌ വരുമ്പോള്‍ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി സിനിമ സ്വയം നല്‍കുന്നുമുണ്ട്‌.
ബ്ലെസിയുടെ കളിമണ്ണ് കണ്ടിറങ്ങിയപ്പോള്‍ (മൂവി റിവ്യു): മാതൃത്വം ലോകമറിയട്ടെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക