Image

എഴുത്തുകാരനും, പിന്നെ വായനക്കാരനായ ഞാനും തമ്മില്‍ (ജോണ്‍ മാത്യു)

Published on 26 August, 2013
എഴുത്തുകാരനും, പിന്നെ വായനക്കാരനായ ഞാനും തമ്മില്‍ (ജോണ്‍ മാത്യു)
(ഹൂസ്റ്റനിലെ കേരള റൈറ്റേഴ്‌സ്‌ ഫോറം സംഘടിപ്പിച്ച ഒരു സമ്മേളനത്തിലെ ചര്‍ച്ചാവിഷയം ``എഴുത്തുകാരോട്‌ ഒരു വാക്ക്‌''?എന്നായിരുന്നു. പ്രസ്‌തുത സമ്മേളനത്തില്‍ അവതരിപ്പിച്ച ലഘുപ്രബന്ധമാണിത്‌)

ഞാനാരാണ്‌ ഇവിടെയുള്ള എഴുത്തുകാരെയെല്ലാം ഉപദേശിക്കാന്‍? അല്ലെങ്കില്‍ ഞാന്‍ പറഞ്ഞാല്‍ ആരാണ്‌ കേള്‍ക്കുക? അതുകൊണ്ട്‌ മറ്റുള്ളവര്‍ക്ക്‌ അടുക്കും ചിട്ടയും നിര്‍ദ്ദേശിക്കുന്നതിനുപകരം എന്നോടുതന്നെ ഈ ലേഖനത്തില്‍ക്കൂടി ഒരു വാക്ക്‌! ഇതിന്‌ ഞാന്‍ തന്നെ എന്തു മൂല്യം കല്‌പിക്കുമെന്നും ഇപ്പറയുന്നതെല്ലാം പാലിക്കപ്പെടുമോയെന്നും ഇപ്പോള്‍ ഭയപ്പെടുകയാണ്‌.

ഏതാണ്ട്‌ രണ്ട്‌ പതിറ്റാണ്ടുകാലംമുന്‍പ്‌ എന്റെയൊരു കഥാസമാഹാരം പ്രസിദ്ധീകരണയോഗ്യമാക്കിത്തന്നത്‌, സുപ്രസിദ്ധ സാഹിത്യകാരന്‍ കാക്കനാടന്റെ സഹോദരന്‍ ശ്രീ. തമ്പി കാക്കനാടനായിരുന്നു. ഭാഷാവ്യുല്‍പത്തിയില്‍, ഇംഗ്ലീഷിലും മലയാളത്തിലും, തമ്പി കാക്കനാടന്റെ ഒപ്പം നില്‍ക്കാന്‍ അധികമാരും അക്കാലത്ത്‌ കേരളത്തില്‍ കാണുമായിരുന്നില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌ ഞാന്‍ അദ്ദേഹത്തെ അവസാനമായി ഡല്‍ഹിയില്‍വച്ച്‌ കണ്ടിരുന്നത്‌. അറുപതുകള്‍ മുതല്‍ത്തന്നെ എത്രയോ സാഹിത്യചര്‍ച്ചകളില്‍ ഞങ്ങള്‍ ഒരുമിച്ച്‌ പങ്കെടുത്തിരുന്നു.

പുതിയ സമാഹാരത്തിലെ കഥകള്‍ വായിച്ചിട്ട്‌ അദ്ദേഹം എന്റെ പേര്‍ക്ക്‌ എഴുതി: `ജോണ്‍മാത്യുവിനോട്‌ അന്ന്‌ സംസാരിച്ചിരുന്നതുപോലെ, ആ വര്‍ത്തമാനരീതികള്‍ കഥകളില്‍ക്കൂടി ഓര്‍മ്മയിലെത്തുന്നു.'

തമ്പി കാക്കനാടന്റെ ഈ പ്രസ്‌താവന എന്നെ ഒരു പാഠം പഠിപ്പിച്ചു. ഞാന്‍ തന്നെയാണ്‌ എന്റെ ശൈലി. അതെനിക്ക്‌ പൈതൃകമായി വന്നുചേര്‍ന്നതാണ്‌. ദാനമായി കിട്ടിയതാണ്‌. ഒപ്പം ചില അറിവുകള്‍ കൂട്ടിച്ചേര്‍ക്കുക മാത്രമാണ്‌ ഞാന്‍ ചെയ്‌തിട്ടുള്ളത്‌.

സാമാന്യ വിദ്യാഭ്യാസം നേടിയവര്‍ക്കെല്ലാം വായിച്ചാല്‍ മനസ്സിലാകുന്നതായിരിക്കണം എഴുത്ത്‌ എന്നാണ്‌ വെയ്‌പ്‌? അത്‌ ജേര്‍ണലിസത്തിന്റെ കഥയായിരിക്കാം. പക്ഷേ, ഞാന്‍ എന്നോടുതന്നെ പറയുകയാണ്‌ അങ്ങനെ എല്ലാവര്‍ക്കും മനസ്സിലാകണമെന്ന നിര്‍ബന്ധത്തിന്റെയൊന്നും ആവശ്യം ക്രിയാത്മക എഴുത്തുകള്‍ക്കില്ലെന്ന്‌. എഴുത്തുകാരനെന്ന നിലയില്‍ മനസ്സില്‍ തോന്നിയത്‌ അങ്ങ്‌ എഴുതിയേക്കുക. രാഷ്‌ട്രീയമോ മതപരമോ ആയ സംഘടനകളുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയും സംരക്ഷിക്കേണ്ടുന്ന ചുമതലയും എനിക്കില്ല, ഒരാള്‍ക്ക്‌ വോട്ടു ചെയ്‌തെന്നോ ഒരിക്കല്‍ പിന്തുണച്ചെന്നോ കരുതി അയാള്‍ ചെയ്യുന്ന കുരുത്തക്കേടുകള്‍ക്കെല്ലാം സ്‌തുതി പാടേണ്ടുന്ന കടമയും എനിക്കില്ല. എഴുത്തുകാരന്‍ ജനത്തിന്റെ പിന്നാലെയല്ല, മുന്‍പില്‍ത്തന്നെയാണ്‌ നടക്കേണ്ടുന്നത്‌, മറ്റാരും കാണാത്ത കാര്യങ്ങള്‍ കണ്ടുകൊണ്ട്‌.

എഴുത്തിന്റെ ലോകത്തിലെങ്കിലും `ജനപ്രീതി'യെന്ന വാക്ക്‌ നിഘണ്ടുവില്‍നിന്ന്‌ വെട്ടിക്കളഞ്ഞേക്കുക.

ഞാന്‍ എഴുത്തുകാരനാണെന്ന്‌ അവകാശപ്പെടണോ? ഒളിച്ചിരിക്കാനാണ്‌ ചിലപ്പോള്‍ തോന്നുക. പക്ഷേ, എഴുത്തുകാരന്റെ ആ അഹന്ത ഇടയ്‌ക്കിടെ പുറത്തുവരും, എന്തിനെപ്പറ്റിയും അഭിപ്രായം പറഞ്ഞുകളയും. മനഃസംയമനം പാലിക്കണമെന്ന്‌ അറിയാഞ്ഞിട്ടല്ല, സ്വയം ഉപദേശിക്കാഞ്ഞിട്ടുമല്ല. അപ്പോഴാണ്‌ സാമൂഹിക പ്രതിബദ്ധതയുടെ പ്രശ്‌്‌നം! ഞാനും സമൂഹത്തില്‍ ആരോ ഒക്കെ അല്ലേ?

ഈ `സാമൂഹികപ്രതിബദ്ധത' എത്രയോ കാലമായി കേള്‍ക്കുന്നതാണ്‌. എഴുതിയും പ്രസംഗിച്ചും സമൂഹത്തെ മുഴുവന്‍ നന്നാക്കിക്കളയാമോ, എന്തോ?

ഞാനെന്തിനാണ്‌ എഴുതുന്നത്‌? വായനപോലും ഇല്ലാതായിക്കൊണ്ടിരിക്കുന്ന ലോകത്തില്‍ ആര്‍ക്കുവേണ്ടി എഴുതണം? ഇവിടെയാണ്‌ ഞാനും പറഞ്ഞുപോകുന്നത്‌, അങ്ങ്‌ എഴുതിയേക്കുക ഈ സാമൂഹിക പ്രതിബദ്ധതയൊക്കെ പിന്നാലെ വന്നുകൊള്ളും, അതും വേണമെങ്കില്‍!

വീണ്ടും ഞാന്‍ ചോദിക്കുകയാണ്‌, എന്നോടുതന്നെ: ``സ്വന്തം സൃഷ്‌ടികളെപ്പറ്റി ആത്മാര്‍ത്ഥമായി സംസാരിക്കാന്‍ കഴിയുമോ?''

മറ്റുള്ളവര്‍ എഴുതിയതിനെപ്പറ്റി തക്കംപോലെ ഖണ്‌ഡന മണ്‌ഡനങ്ങള്‍ നടത്താമായിരിക്കാം. ``എന്റെ ഒരു കൃതി വിമര്‍ശനാത്മകമായി വായിക്കാന്‍ കഴിയുമോ? ഒരു സാഹിത്യസദസില്‍ ആ വിമര്‍ശനം അവതരിപ്പിക്കാന്‍ കഴിയുമോ?''

ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ലാനയുടെ ഫിലാദല്‍ഫിയ സമ്മേളനത്തില്‍ ശ്രീ. ദേവരാജ്‌ കാരാവള്ളിയും ഈ ലേഖകനും ചേര്‍ന്ന്‌ `വിചിന്തനവീചി' എന്നൊരു ഇനംകൂടി പരിപാടിയില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിച്ചു. ഒരു `സ്വയംനിരൂപണവേദി'! എഴുത്തുകാരന്‍ വായനക്കാരന്റെ ഉടുപ്പണിയുന്നു. പക്ഷേ, അതും പരാജയപ്പെട്ടു. എഴുത്തുകാര്‍ക്ക്‌ സ്വയം ഒന്നും പറയാനില്ലാതായി. വഴിമുട്ടി. ശ്രദ്ധ മറ്റുള്ളവരിലേക്ക്‌ തിരിഞ്ഞപ്പോള്‍ മീറ്റിംഗ്‌ അവിടെ നിര്‍ത്തി.

`ഇതൊന്ന്‌ വായിച്ച്‌ അഭിപ്രായം.....'

കേള്‍ക്കാനുള്ള, അത്‌ എഴുതിക്കിട്ടാനുള്ള ആര്‍ത്തിയോടെ ഇങ്ങനെ ചോദിക്കുന്നത്‌ കേട്ടിട്ടില്ലേ?

അതിനു പകരം എന്റെ കൃതികള്‍ ഞാന്‍ തന്നെ വിമര്‍ശന ബുദ്ധിയോടെ വായിക്കണമെന്ന്‌ ഞാനങ്ങ്‌ നിര്‍ദ്ദേശിക്കുകയാണ്‌. അതിനെ ഉപദേശമെന്നും വിളിച്ചുകൊള്ളൂ.

എന്തിന്‌?

സാഹിത്യ സൃഷ്‌ടി എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ബന്ധമാണ്‌. ഈ ബന്ധം മറ്റേതോ ഒരു വായനക്കാരനുമായിട്ടാണെന്ന്‌ സ്വപ്‌നം കാണുന്നുണ്ടായിരിക്കാം. പക്ഷേ, ഇത്‌ മറ്റൊരു വിധത്തിലായാലോ? ഞാനെന്ന എഴുത്തുകാരനും ഞാനെന്ന വായനക്കാരനും തമ്മില്‍ എന്താണ്‌ ബന്ധം എന്നായാലോ? ഇതുതന്നെയാണ്‌ എന്നോട്‌ ഒറ്റവാക്കിലുള്ള എന്റെ ചോദ്യവും.

--0--
എഴുത്തുകാരനും, പിന്നെ വായനക്കാരനായ ഞാനും തമ്മില്‍ (ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക