Image

ഇന്ത്യന്‍ വ്യവസായികളെ നയിക്കാന്‍ ക്രിസ്‌; കുടെ കുട്ടിയും (കുര്യന്‍ പാമ്പാടി)

Published on 28 August, 2013
ഇന്ത്യന്‍ വ്യവസായികളെ നയിക്കാന്‍ ക്രിസ്‌; കുടെ കുട്ടിയും (കുര്യന്‍ പാമ്പാടി)
ഒരു കാലത്തു ടാറ്റായും ബിര്‍ളയും അടക്കി വാണിരുന്ന ഇന്ത്യന്‍ വ്യവസായ വാണിജ്യരംഗത്ത്‌ സമര്‍ത്ഥരായ പുതുമുഖങ്ങള്‍ അരങ്ങു തകര്‍ക്കുകയാണ്‌. വ്യവസായികളുടെ ദേശീയ സംഘടനകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സി.ഐ.ഐ. എന്ന കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഇന്‍ഡസ്‌ട്രിയുടെ തലപ്പത്തു രണ്ടു മലയാളികള്‍ ഒരുമിച്ചെത്തുന്നത്‌ ഒരപൂര്‍വ്വ സംഗമം തന്നെ. ഇന്‍ഫോസിസ്‌ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ക്രിസ്‌ ഗോപാലകൃഷ്‌ണനാണു ദേശീയാദ്ധ്യക്ഷന്‍. സംഘടനയുടെ ഗള്‍ഫ്‌ വെസ്റ്റേഷ്യ, മിഡില്‍ ഈസ്റ്റ്‌, നോര്‍ത്ത്‌ ആഫ്രിക്ക ഡിവിഷന്റെ ദേശീയാദ്ധ്യക്ഷന്‍ കൊച്ചി അാസ്ഥാനമായുള്ള സൗത്ത്‌ വെസ്റ്റ്‌ ഗ്രൂപ്പ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ കെ.കെ.എം. കുട്ടിയും.

`വിദ്യാസമ്പന്നരുടെ കുറവല്ല ഇന്‍ഫോസിസും പൊതുവേ ഇന്ത്യയും നേരിടുന്ന പ്രശ്‌നം' ജന്മഗ്രാമമായ രാമപുരത്ത്‌ സെന്റ്‌ അഗസ്റ്റിന്‍സ്‌ കോളേജിലെ മാനേജ്‌മെന്റ്‌ വിദ്യാര്‍ത്ഥികളോടും അദ്ധ്യാപകരോടുമായി ക്രിസ്‌ ഈയിടെ പറഞ്ഞു ബി.ടെക്കും, എം.ടെക്കും, എം.ബി.എ. യുമായി ടൈയും കെട്ടി വരുന്നവരെ ജോലിക്കു വയ്‌ക്കണമെങ്കില്‍ വേറെ പഠിപ്പിച്ചെടുക്കണം. സിംഗപ്പൂര്‍, മലേഷ്യ, കൊറിയ, ഇന്‍ഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ സ്ഥിതി എത്രയോ ഭേദം. 30 രാജ്യങ്ങളില്‍ ഒന്നര ലക്ഷത്തിലേറെ പേര്‍ക്ക്‌ ശമ്പളം നല്‍കുന്ന കമ്പനിയുടെ സ്ഥാപക നേതാവ്‌ വെട്ടിത്തുറന്നു പറഞ്ഞു.

അച്ഛനു തിരുവനന്തപുരത്തു ബിസിനസ്‌ ഉണ്ടായിരുന്നതുകൊണ്ട്‌ ക്രിസ്‌ അവിടെ പഠിച്ചു. പിന്നീട്‌ ഐ.ഐ.ടിയിലും ബ്രിട്ടനിലും അമേരിക്കയിലുമൊക്കെ പഠിച്ച്‌ ബിരുദാനന്തര ബിരുദങ്ങള്‍ നേടി. 1981-ല്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയും മറ്റൊരു മലയാളി എസ്‌.ഡി. ഷിബുലാലുമായി ചേര്‍ന്ന്‌ ഇന്‍ഫോസിസ്‌ സ്ഥാപിച്ചു.

കെ.കെ.എം. കുട്ടി ഒരിക്കല്‍ അദ്ധ്യക്ഷനായിരുന്ന സി.ഐ.ഐ. കേരളഘടകത്തിന്റെ ഇപ്പോഴത്തെ ചെയര്‍മാന്‍ ബി.എന്‍.ബി. പാരിബ മാനേജിംഗ്‌ ഡയറക്‌ടര്‍ സി.ജെ. ജോര്‍ജാണ്‌ വൈസ്‌ ചെയര്‍മാന്‍ ഫെഡറല്‍ ബാങ്ക്‌ അദ്ധ്യക്ഷന്‍ ശ്യാം ശരണും.

`അഭിനയിക്കാനറിയാത്ത മമ്മൂട്ടിയാണു ഞാന്‍. പക്ഷെ ഇന്ത്യന്‍ ഡലിഗേഷനില്‍ അംഗമായി ചൈന ഉള്‍പ്പെടെയുള്ള വിദേശ്യരാജ്യങ്ങളില്‍ പോകുമ്പോള്‍, ഒരു കുഴപ്പവുമില്ല ഇന്ത്യയിലെ ഇന്‍വെസ്റ്റ്‌മെന്റ്‌ ക്ലൈമറ്റിന്‌ എന്ന മട്ടില്‍ അഭിനയിക്കാറുണ്ട്‌' കുട്ടി ചെറിയൊരു ചിരിയോടെ `ഇ-മലയാളി'യോടു പറഞ്ഞു. നാല്‌പതു വര്‍ഷമായി ബിസിനസ്‌ രംഗത്ത്‌ ഇറങ്ങിയിട്ട.്‌ തിരൂരില്‍ സീതിസാഹിബ്‌ പോളിടെക്‌നിക്കില്‍ പഠിച്ചശേഷം ബറോഡയില്‍ ഇന്റര്‍വ്യൂവിനുപോയി. കെ.കെ. മുഹമ്മദ്‌കുട്ടി എന്ന പേര്‌ ഗുജറാത്തില്‍ പ്രശ്‌നമായേക്കുമെന്ന്‌ പേടിച്ച്‌ കെ.കെ.എം. കുട്ടിയായി മാറി. ആരുമാകാമല്ലോ കുട്ടി. പക്ഷെ പഴയ സുഹൃത്തുക്കള്‍ക്കു കോട്ടയം കുന്നപ്പള്ളില്‍ കുഞ്ഞുമുഹമ്മദിന്റെ മകന്‍ മുഹമ്മദുകുട്ടി തന്നെ.

ഹിന്ദുസ്ഥാന്‍ ബ്രൗണ്‍ ബോവറിയിലെ അനുഭവ പരിജ്ഞാനവുമായി നാട്ടിലേക്കു തിരികെ വണ്ടികയറി. കളമശ്ശേരിയില്‍ മോട്ടോര്‍ എഞ്ചിനു വേണ്ട ഗാസ്‌കറ്റ്‌ നിര്‍മ്മിച്ചു തുടങ്ങിയാണു കുട്ടി. പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. കേരള, തമിള്‍നാട പളാന്‍റുകള്‍. ഇപ്പോള്‍ 17 രാജ്യങ്ങളിലേക്ക്‌ ഉല്‌പന്നങ്ങള്‍ കയറ്റി അയക്കുന്നു. മൂന്നു പതിറ്റാണ്ടായി സി.ഐ.എ.യില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ട്‌. സി.ഐ.ഐ. യുടെ കേരള ഘടകം ചെയര്‍മാന്‍, സതേണ്‍ റീജ്യന്‍ ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ക്കു ശേഷമാണ്‌ ദേശീയ സമിതിയില്‍ എത്തിപ്പെട്ടത്‌. ഇപ്പോഴത്തെ അദ്ധ്യക്ഷപദവിയില്‍ 19 രാജ്യങ്ങളുടെ ചുമതല വഹിക്കുന്നു.

അറുപതില്‍പരം രാജ്യങ്ങളില്‍ പര്യടനം നടത്തി. ചൈനയും റഷ്യയും ഉള്‍പ്പെടെ. ഗള്‍ഫില്‍ മാത്രം 200 ലേറെ തവണ. വ്യവസായിക അന്തരീക്ഷം മിക്കയിടത്തും ഇന്ത്യയെക്കാള്‍ മെച്ചമാണെന്നു കുട്ടിക്കു ബോധ്യമായി. എങ്കിലും ഡോളര്‍-രൂപാ ക്രൈസിസ്‌ ചില സ്ഥാപിത താല്‌പര്യക്കാര്‍ കൃത്രിമമായി സൃഷ്‌ടിച്ചതാണെന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം. ഡോളര്‍ കൂടുതല്‍ ശക്തമായതിന്റെ ഫലമായി ഏഷ്യയിലെ ഒട്ടേറെ കറന്‍സികള്‍ കൂപ്പുകുത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. രൂപയുടെ ഇടിവ്‌ എല്ലാ വികസ്വര രാജ്യങ്ങളും പണ്ട്‌ അനുഭവിച്ചതു തന്നെയാണ്‌. ഇന്ത്യയുടെ ഭീമമായ ഡോളര്‍ ശേഖരത്തില്‍ നിസാരമായ ഒരു ഭാഗം വിപണിയിലിറക്കിവിട്ട നിമിഷം വിലയിടിവ്‌ നിലച്ചു രൂപമെച്ചപ്പെട്ടു.

ഇതൊന്നും ചൈനയെ ഏശുകയില്ല. അമേരിക്കക്കുപോലുംഒന്നും ചെയ്യാനാവാത്തവിധം അതിഭീമമായ മുതല്‍മടക്കു അവിടെതന്നെ ചെയ്‌തിട്ടുള്ളരാജ്യമാണു ചൈന. ചൈനയുടെ യുവാന്‍ അഥവാ ആര്‍.എം.ബി. ഡോളറിനെതിരെ ഫിക്‌സഡ്‌ അല്ല. അതിനു കൂടുതല്‍ വാല്വു ഉണ്ടെന്ന്‌ അമേരിക്കക്കറിയാം പക്ഷെ ചൈന അനങ്ങി ല്ല.

ഇന്ത്യയ്‌ക്കു ആശങ്കിക്കേണ്ട കാര്യമില്ല. ഊഹാപോഹങ്ങള്‍ (സ്‌പെക്കുലേഷന്‍) കൊണ്ട്‌ മനപൂര്‍വ്വം വരുത്തൂന്ന വിലയിടിവില്‍ നിന്നു രൂപ കരകയറും. സ്വര്‍ണ്ണത്തിന്റെ ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചതോടെ അതു സൃഷ്‌ടിച്ച വേലിയിറക്കം ഇതിനൊരു തെളിവാണ്‌. കഴിഞ്ഞ വര്‍ഷം 60 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണ്ണമാണ്‌ ഇന്ത്യ ഇറക്കുമതി ചെയ്‌തത്‌. ഇനി അതു കുറയും. പക്ഷെ ഇന്ത്യയില്‍ പബ്ലിക്‌ പ്രൈവറ്റ്‌ ശേഖരത്തില്‍ 1.2. ട്രില്യന്‍ ഡോളറിന്റെ സ്വര്‍ണ്ണമുണ്ടെന്നു പ്രഖ്യാപിതമാണല്ലോ തിരുപ്പതിയില്‍ 200 ബില്യന്റെ സ്വര്‍ണ്ണമുണ്ടത്രെ.

ഇന്ത്യയുടെ കുഴപ്പം രാഷ്‌ട്രീയാസ്ഥിരതകളെയും പ്രതിസന്ധികളെയും പ്രൊഫഷനലായി മാനേജ്‌ ചെയ്യുന്നില്ല എന്നതാണ്‌. അമേരിക്കയില്‍ ഏതു പ്രസിസന്ധിയുണ്ടായാലും രാജ്യം ഒന്നാമത്‌ സമ്പദ്‌ വ്യവസ്ഥ ഒന്നാമത്‌ എന്ന കാര്യത്തില്‍ ഡെമോക്രാറ്റുകളും റിപ്ലബ്ലിക്കന്‍ പാര്‍ട്ടിയും ഒന്നിച്ചു നില്‍ക്കും. ഇവിടെ ഉള്ളിയുടെ വില കൂടിയാല്‍ താഴെപോകുന്ന ഗവണ്‍മെന്റ്‌ ആണ്‌. അതു മുതലെടുക്കാന്‍ സമമര്‍ദശക്തികള്‍ മത്സരിക്കുന്നു. ബിസിനസുകാരും വ്യവസായികളും അക്കൂടെയുണ്ടാവുതാനും.

മാദ്ധ്യമങ്ങളും ഒട്ടും പിന്നിലല്ല. അച്ചടി മാദ്ധ്യമങ്ങള്‍ പൈസവാങ്ങി ന്യൂസ്‌ നിരത്തുന്നു. 350 ചാനലുകള്‍ ഉണ്ട്‌. പുറത്തുപറയുന്നത്‌ മിക്കവരും നഷ്‌ടത്തിലെന്നാണ്‌. പക്ഷെ ഇങ്ങനെ കൂണുപോലെ പൊട്ടിമുളക്കുന്നതിനു പിന്നില്‍ കോടികളുടെ ഒഴുക്കുണ്ടെന്നു പകല്‍ പോലെ വ്യക്തം. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ ബിസിനസുകാര്‍ 10 ലക്ഷം വരെ മുടക്കുന്നു. അതച്ചടിക്കാന്‍ മാദ്ധ്യമങ്ങള്‍ക്കു ലക്ഷങ്ങള്‍ വാരി വിതറുന്നു.

ഏഷ്യയും യൂറോപ്പും ഗള്‍ഫുമെല്ലാം കുട്ടിക്കു കുട്ടിക്കളിയാണ്‌. പക്ഷെ ഇതുവരെ യു.എസിലും യു.കെ.യിലും പോയിട്ടില്ല. മധുരവും മദ്യവും തീര്‍ത്തും വര്‍ജ്യം. ലോകത്തിലെവിടെയാണെങ്കിലും സമയത്തു നിസ്‌കരിക്കും. മൂന്നു പെണ്‍മക്കളെയും നന്നായി പഠിപ്പിച്ചു, പറഞ്ഞയച്ചു. പതിഭക്തിയും അതിലേറെ ദൈവഭക്തിയുമുള്ള സഫിയയുണ്ട്‌ കൂട്ടിന്‌

(ക്രിസ്‌, കുട്ടി ഇമേജുകളില്‍ ചൈനയിലേതൊഴിച്ചെല്ലാം ലേഖകന്റെ വക).
ഇന്ത്യന്‍ വ്യവസായികളെ നയിക്കാന്‍ ക്രിസ്‌; കുടെ കുട്ടിയും (കുര്യന്‍ പാമ്പാടി)ഇന്ത്യന്‍ വ്യവസായികളെ നയിക്കാന്‍ ക്രിസ്‌; കുടെ കുട്ടിയും (കുര്യന്‍ പാമ്പാടി)ഇന്ത്യന്‍ വ്യവസായികളെ നയിക്കാന്‍ ക്രിസ്‌; കുടെ കുട്ടിയും (കുര്യന്‍ പാമ്പാടി)ഇന്ത്യന്‍ വ്യവസായികളെ നയിക്കാന്‍ ക്രിസ്‌; കുടെ കുട്ടിയും (കുര്യന്‍ പാമ്പാടി)ഇന്ത്യന്‍ വ്യവസായികളെ നയിക്കാന്‍ ക്രിസ്‌; കുടെ കുട്ടിയും (കുര്യന്‍ പാമ്പാടി)ഇന്ത്യന്‍ വ്യവസായികളെ നയിക്കാന്‍ ക്രിസ്‌; കുടെ കുട്ടിയും (കുര്യന്‍ പാമ്പാടി)ഇന്ത്യന്‍ വ്യവസായികളെ നയിക്കാന്‍ ക്രിസ്‌; കുടെ കുട്ടിയും (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക