Image

മലയാളിയുടെ അഹംഭാവം അവജ്ഞയോടെ തള്ളുന്നു: ബ്ലെസി (കുര്യന്‍ പാമ്പാടി)

ഇ മലയാളി എക്‌സ്‌ക്ലൂസീവ്‌ Published on 30 August, 2013
മലയാളിയുടെ അഹംഭാവം അവജ്ഞയോടെ തള്ളുന്നു: ബ്ലെസി (കുര്യന്‍ പാമ്പാടി)
തിരുവല്ലയില്‍ വഞ്ചിനാടിന്‌ രാവിലെ ഇറങ്ങുമ്പോള്‍ ഏഴുമണി. ട്രാക്കിലൂടെ പത്തു മിനിറ്റ്‌ പിറകോട്ടു നടന്നാല്‍ ഓവര്‍ബ്രിഡ്‌ജ്‌. വലത്ത്‌ കുറ്റപ്പുഴ ജംഗ്‌ഷന്‍. വീണ്ടും വലത്തേക്ക്‌ പത്തു മിനിറ്റ്‌. മാര്‍ത്തോമ്മാ കോളജായി. കോളജിനു തൊട്ടുചേര്‍ന്ന്‌ സംവിധായകന്‍ ബ്ലെസിയുടെ ഒരേക്കറില്‍ വിരിച്ചൊരുക്കിയ പുതിയ വീട്‌. ബ്ലെസി പഠിച്ചതും മാര്‍ത്തോമ്മാ കോളേജില്‍.

കോളേജ്‌ ഗ്രൗണ്ടില്‍ ബ്ലെസി-മിനി ദമ്പതികള്‍ ജോഗിംഗ്‌ കഴിഞ്ഞതേയുള്ളൂ. ഒപ്പം പോകാന്‍ `മെല്‍ റോസി`ലെ സണ്ണി (എക്‌സ്‌ ബഹറിന്‍), കൃപാ മന്ദിരത്തിലെ സന്തോഷ്‌ (എക്‌സ്‌ ദുബൈ), മണലേല്‍ ജ്യുവല്ലറി ഉടമ ജോസ്‌. പക്ഷേ, മിനിക്ക്‌ കൂട്ടുകാരികളില്ല. എന്തിനു കൂട്ടുകാര്‍? ഇരുപതു വര്‍ഷം മുമ്പു വിവാഹം കഴിച്ചതുമുതല്‍ ബ്ലെസിയില്ലേ കൂട്ടിന്‌!

സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ സിനിമയില്‍ കമ്പം കയറിയതാണ്‌. ടൗണില്‍ വീടിനു തൊട്ടടുത്തുള്ള ദീപാ തിയേറ്ററിലെ സിനിമാപ്പാട്ടു കേട്ടാണ്‌ ജീവിതം തുടങ്ങിയത്‌. മാര്‍ത്തോമ്മാ കോളേജില്‍നിന്ന്‌ സുവോളജിയില്‍ ഡിഗ്രിയെടുത്തശേഷം ഫുള്‍ടൈം സിനിമയായി (മിനിക്ക്‌ അതേ കോളേജില്‍നിന്ന്‌ ഫിസിക്‌സില്‍ ബിരുദം). പത്മരാജനും ലോഹിതദാസുമായിരുന്നു വഴികാട്ടികള്‍.

മമ്മൂട്ടിയെ നായകനാക്കി 2004ല്‍ ആദ്യചിത്രം സംവിധാനം ചെയ്‌തു - കാഴ്‌ച. ബെസ്റ്റ്‌ ഫിലിം, ബെസ്റ്റ്‌ ആക്‌ടര്‍ ഉള്‍പ്പെടെ മൂന്നു സംസ്ഥാന അവാര്‍ഡുകള്‍. അടുത്ത ചിത്രം തന്മാത്ര (2005, മോഹന്‍ലാല്‍). ഏറ്റം മികച്ച മലയാളസിനിമയ്‌ക്കുള്ള ദേശീയ അവാര്‍ഡ്‌, അഞ്ച്‌ സംസ്ഥാന അവാര്‍ഡുകള്‍. വീണ്ടും മമ്മൂട്ടിയുമായി പളുങ്ക്‌ (2006), ദിലീപുമായി കല്‍ക്കട്ട ന്യൂസ്‌ (2008), വീണ്ടും മോഹന്‍ലാലിനെ കൂട്ടി ഭ്രമരം (2009). പിന്നീട്‌ മോഹന്‍ലാല്‍, അനുപം ഖേര്‍, ജയപ്രദ നടിച്ച പ്രണയം (2011). ഏറ്റവുമൊടുവില്‍ ഇതാ കളിമണ്ണ്‌.

ഒന്‍പതു സംവിധാനവര്‍ഷങ്ങള്‍, ഏഴു ചിത്രങ്ങള്‍, കൈനിറയെ പുരസ്‌കാരങ്ങള്‍. മലയാളികള്‍ കളിമണ്ണിനെ നോക്കിപ്പാര്‍ത്തിരുന്നതില്‍ അത്ഭുതമില്ല. മലയാളസിനിമ ശതാബ്‌ദിക്ക്‌ 15 വര്‍ഷം അടുത്തെത്തി നില്‍ക്കുമ്പോള്‍ നവസിനിമാ പ്രസ്ഥാനത്തെ വിളംബരം ചെയ്‌ത വ്യക്തിയെന്ന നിലയില്‍ ബ്ലെസിക്ക്‌ അഭിമാനിക്കാം. എന്തിനധികം ചിത്രങ്ങള്‍! ഡോ. ഷിവാഗോ പോലുള്ള ക്ലാസിക്‌ ചിത്രങ്ങള്‍ സൃഷ്‌ടിച്ച വിശ്വോത്തര സംവിധായകന്‍ ഡേവിഡ്‌ ലീനിന്‌ പത്തു ചിത്രങ്ങള്‍ തികച്ചില്ല.

പ്രസവം വിറ്റു കാശാക്കാന്‍ ശ്രമിച്ചു, അമ്മയ്‌ക്ക്‌ ചിത്രം സമര്‍പ്പിച്ചു (പാവം അമ്മ!), ഭാവനാശൂന്യനായ സംവിധായകന്റെ വികലചിത്രം എന്നൊക്കെ കളിമണ്ണിനെ പലരും ആക്ഷേപിക്കുമ്പോള്‍ ചിത്രത്തിന്‌ അനുകൂലമായും പ്രതികൂലമായും മലയാളി പ്രേക്ഷകര്‍ രണ്ടായി പിളര്‍ന്നിരിക്കുന്നു. റിലീസായി അഞ്ചാം ദിവസം ഈ ലേഖകന്‍ ചിത്രം കണ്ടു. പകല്‍ രണ്ടാം ഷോ. തിയേറ്ററില്‍ നാലില്‍ മൂന്ന്‌ കാലിയായിക്കിടക്കുന്നു. ചിത്രം അവസാനിക്കുന്നതിന്‌ അഞ്ചു മിനിറ്റ്‌ ബാക്കി നില്‍ക്കുമ്പോള്‍ ചില ചെറുപ്പക്കാര്‍ അട്ടഹസിച്ചുകൊണ്ട്‌ ഇറങ്ങിപ്പോയി. പക്ഷേ, അവസാനനിമിഷത്തില്‍ അപ്രതീക്ഷിതമായി ഒരു കരഘോഷം കേട്ടു - ഒരുകൂട്ടം പെണ്‍കുട്ടികള്‍ എഴുന്നേറ്റു നിന്ന്‌... അങ്ങനെ കോട്ടയത്ത്‌ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു പ്രകടനം.

ശ്വേതാ മേനോന്റെ യഥാര്‍ത്ഥ പ്രസവം ഒരു മിനിറ്റേ ചിത്രത്തിലുള്ളൂ. ഒരു കലാകാരന്റെ കണ്ണിലൂടെയാണ്‌ ബ്ലെസി അതിനെ സമീപിക്കുന്നത്‌. അതല്ല പ്രശ്‌നം. മൃതപ്രായനായ (ബ്രെയ്‌ന്‍ ഡെഡ്‌) ഭര്‍ത്താവിന്റെ ബീജം സ്വീകരിച്ച്‌ പ്രസവിക്കാമോ എന്നതാണു പ്രശ്‌നം. സ്‌ത്രീസ്വാതന്ത്ര്യവാദികള്‍ പോലും രണ്ടായി തിരിഞ്ഞു. മാധ്യമങ്ങള്‍ വിവാദം കൊട്ടിഘോഷിച്ചു. പ്രശ്‌നം കോടതി കയറി.

``ഞാനൊരു ക്രിയേറ്റീവ്‌ ആര്‍ട്ടിസ്റ്റാണ്‌. ഒരു കഥാബീജം മനസിന്റെ മൂശയിലിട്ടു കൊണ്ടുനടന്ന്‌ വാര്‍ത്തെടുക്കുകയെന്നത്‌ വികാരവിക്ഷുബ്‌ധമായ ഒരു പ്രക്രിയയാണ്‌. നല്ല പുസ്‌തകം, നല്ല സംഗീതം, നല്ല ചിത്രം എന്നിവപോലെ നല്ല സിനിമയും ജീവിതത്തിന്‌ ആര്‍ദ്രത പകരുന്നു. സിനിമ കാണാത്തവര്‍, പുസ്‌തകം വായിക്കാത്തവര്‍, സംഗീതം കേള്‍ക്കാത്തവര്‍... ആര്‍ദ്രമായ ഹൃദയത്തിന്റെ ഉടമകളായിരിക്കില്ല'' -ബ്ലെസി പറയുന്നു.

കളിമണ്ണ്‌ കൂട്ടിക്കുഴച്ചുണ്ടാക്കിയ ഒരു വികലരൂപമാണെന്നു പറഞ്ഞ്‌ അടച്ചാക്ഷേപിക്കുന്നവര്‍ ആര്‍ദ്രതയില്ലാത്ത മുഖംമൂടി ധരിച്ചവരാണ്‌. എനിക്കെല്ലാം അറിയാമെന്നും ഞാന്‍ കഴിഞ്ഞേ ആരുമുള്ളൂ എന്നും അഹങ്കരിക്കുന്ന മലയാളികളാണവര്‍. അവരെ അര്‍ഹിക്കുന്ന അവജ്ഞയോടെ ഞാന്‍ തള്ളിക്കളയുന്നു -ബ്ലെസി സമചിത്തതയോടെ, നേരിയ പുഞ്ചിരിയോടെ മറുപടി പറഞ്ഞു.

പറയുന്നതിനിടയില്‍ പിറകേ പിറകേ ഫോണ്‍കോളുകള്‍. പത്തനംതിട്ടയില്‍നിന്ന്‌ ഒരു യുവവൈദികന്‍. `പ്രോ ലൈഫ്‌' ആശയക്കാരനാണ്‌. ``ഞാനെന്റെ അമ്മയുമായി സിനിമയ്‌ക്കു പോയി. അമ്മയ്‌ക്കു വളരെ ഇഷ്‌ടപ്പെട്ടു.'' വയനാട്ടില്‍നിന്ന്‌ ഒരു പോലീസുകാരന്‍ വിളിക്കുന്നു: ``ഞാനും ഗര്‍ഭിണിയായ ഭാര്യയുംകൂടി ഇന്നലെ രാത്രിയാണ്‌ സെക്കന്‍ഡ്‌ഷോയ്‌ക്കു പോയത്‌. ഷോ കഴിഞ്ഞ്‌ ഭാര്യയെ ലേബര്‍ റൂമിലേക്കു വിട്ടിട്ട്‌ ഞാന്‍ മടങ്ങിപ്പോന്നു.''

അമ്മയും ഗര്‍ഭപാത്രത്തിലെ കുഞ്ഞും തമ്മില്‍ സംവദിക്കുകയെന്ന മനോഹരമായ സങ്കല്‌പം സെല്ലുലോയ്‌ഡിലേക്കു പകര്‍ത്തി എന്ന മഹത്തായ ദൗത്യംകൂടി ബ്ലെസി നിര്‍വഹിക്കുന്നുണ്ട്‌.

``ചിത്രം ആദ്യദിവസംതന്നെ ഭാര്യ തരുണിയുമൊത്ത്‌ പോയിക്കണ്ടു. ചിത്രത്തില്‍ ഞാന്‍ വിദഗ്‌ധാഭിപ്രായം പറയുന്ന ഒരു മിനിറ്റ്‌ സീനുണ്ട്‌. ചിത്രം ഞങ്ങള്‍ക്ക്‌ വളരെ ഇഷ്‌ടപ്പെട്ടു. ആദ്യത്തെ നൃത്തരംഗങ്ങളും അവസാനത്തെ ഡിബേറ്റുകളും കുറെ എഡിറ്റു ചെയ്‌തു നീക്കാമെങ്കില്‍ നല്ലത്‌'' -ജസ്റ്റീസ്‌ കെ.ടി. തോമസ്‌ ഈ ലേഖകനോടു പറഞ്ഞു.

ചിത്രത്തിന്‌ നാല്‌-നാലര കോടി മുടക്കിയ തോമസ്‌ തിരുവല്ല ദുബൈയിലിരുന്നുകൊണ്ട്‌ ആദ്യ ആഴ്‌ചയിലെ തണുത്ത പ്രതികരണത്തെപ്പറ്റി കേട്ട്‌ ഞെട്ടിയോ? ബ്ലെസിയുടെ വമ്പന്‍ വീട്ടലെ സ്വീകരണമുറിയിലിരുന്ന്‌ ഞാന്‍ ചോദിച്ചു. (അത്ഭുതം. വീടുനിറയെ സ്വീകരണമുറികള്‍!) വൈറ്റ്‌ഹൗസ്‌ എന്നു വിളിക്കാവുന്ന മുഴുവന്‍ വെള്ള പെയിന്റടിച്ച വീട്‌. പച്ചമരത്തണലും പുല്‍ത്തകിടിയും നിറഞ്ഞ വളപ്പ്‌. മുറിയിലിരുന്നു നിയന്ത്രിക്കാവുന്ന ഓട്ടോമേറ്റഡ്‌ ഗേറ്റ്‌. വനിതാ മാസികകളുടെ ഫോട്ടോഗ്രാഫര്‍മാര്‍ക്ക്‌ പ്രവേശനം നിഷേധിച്ചുകൊണ്ട്‌ ബ്ലെസി പറഞ്ഞു: ``ഇതെന്റെ സ്വകാര്യജീവിതമാണ്‌. ആര്‍ക്കും കണ്ട്‌ ആസ്വദിക്കാനുള്ളതല്ല.''

കളിമണ്ണ്‌ കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെ 80 തിയേറ്ററുകളിലാണു റിലീസ്‌ ചെയ്‌തത്‌. കുട്ടികളുമായി പോയിക്കാണാന്‍ പറ്റുന്നതാണോ എന്ന സംശയത്താല്‍ അമ്മമാര്‍ ചിത്രം കാണാന്‍ മടിച്ചു. തെറ്റിദ്ധാരണകള്‍ മാറിവരുന്നതോടെ രാത്രികാല ഷോകള്‍ക്ക്‌ കൂടുതല്‍ ആളുകള്‍ എത്തിത്തുടങ്ങി. വയനാട്ടിലെ പോലീസ്‌ ആരാധകന്‍ പറഞ്ഞത്‌, കല്‌പറ്റയിലെ തിയേറ്ററില്‍ സെക്കന്‍ഡ്‌ഷോയ്‌ക്ക്‌ നിറയെ ആളുണ്ടായിരുന്നുവെന്നാണ്‌.

കളിമണ്ണ്‌ ബ്ലെസിയുടെ സിനിമാജീവിതത്തിലെ രണ്ടാമൂഴത്തിന്റെ വിളംബരമാണ്‌. സുനില്‍ ഷെട്ടി, അനുപം ഖേര്‍, പ്രിയദര്‍ശന്‍... ഒക്കെ പ്രത്യക്ഷപ്പെടുന്നു. മുംബൈയില്‍ മുഖ്യഭാഗവും ചിത്രീകരിച്ച കളിമണ്ണ്‌ ബ്ലെസിക്ക്‌ മലയാളത്തിനപ്പുറത്തേക്കു പോകാന്‍ കഴിയുമെന്നു പ്രഖ്യാപിക്കുന്നു.

മേശപ്പുറത്ത്‌ ബെന്യാമിന്റെ `ആടുജീവിത' ത്തിന്റെ കോപ്പി കണ്ടു. അടുത്തത്‌ അതിനെ ആസ്‌പദമാക്കിയുള്ള ഒരാഗോള ചിത്രമാണ്‌. വിദേശ ലൊക്കേഷനുകള്‍, വിദേശ നടീനടന്മാര്‍ ഒക്കെ വന്നെന്നിരിക്കും. മരുഭൂമിയില്‍ ഉഴലുന്ന നജീബ്‌ എന്ന നായകനെ അവതരിപ്പിക്കുന്നത്‌ പൃഥ്വിരാജ്‌ ആയിരിക്കുമെന്നാണു കേഴ്‌വി. എന്നാല്‍, പൃഥ്വിക്കു തിരക്കേറിയാല്‍ പകരം മോഹന്‍ലാലിനെ കൊണ്ടുവരുമെന്നും റിപ്പോര്‍ട്ടുണ്ട്‌. (കഷ്‌ടം! മോഹന്‍ലാലിനോട്‌ വണ്ണം കുറയ്‌ക്കാന്‍ പട്ടിണി കിടക്കാന്‍ പറയൂ. ലാലിനേക്കാള്‍ എത്രയോ ഭേദമായിരിക്കും ഫഹദ്‌ ഫാസില്‍ - എന്ന്‌ ഇന്റര്‍നെറ്റില്‍ അഭിപ്രായങ്ങള്‍.)

``കണ്ടോ, ഇതുകൊണ്ടാണ്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കിനോട്‌ എനിക്ക്‌ അവജ്ഞ തോന്നുന്നത്‌. ഞാന്‍ ഒരിക്കലും ആലോചിക്കുകപോലും ചെയ്യാത്ത കാര്യങ്ങളാണ്‌ ഇതൊക്കെ. അതിന്റെ പേരിലും വിവാദം തുടങ്ങിക്കഴിഞ്ഞു.

കുറ്റപ്പുഴയിലെ `വൈറ്റ്‌ഹൗസി' ല്‍നിന്ന്‌ വാഷിംഗ്‌ടണിലെ വൈറ്റ്‌ഹൗസിലേക്ക്‌ ഒരു സന്ദര്‍ശനത്തിനു പോകുകയാണു ബ്ലെസി. സെപ്‌റ്റംബര്‍ മൂന്നിന്‌ അമ്പതാം പിറന്നാള്‍ ആഘോഷിച്ചശേഷം. അതിനുമുമ്പ്‌ ബ്ലെഡ്‌ഷുഗര്‍ ഒന്നു ചെക്ക്‌ ചെയ്യണം. മധുരമില്ലാത്ത ചായയേ കഴിക്കൂ. എവിടെയായാലും രാവിലെ നടക്കാന്‍ പോകും.

രണ്ടു പുത്രന്മാര്‍. സ്‌കൂളിലായതേയുള്ളൂ. അതുവരെ മിനിതന്നെ കൂട്ട്‌. ആരാധക, വിമര്‍ശക, നന്നായി പാലപ്പം ചുടും, മുട്ടക്കറി വയ്‌ക്കും.

എന്തിനിത്ര വലിയ വീട്‌. ആണ്‍മക്കളാരെങ്കിലും ഇവിടെ താമസിക്കാന്‍ പോകുന്നോ?

``ഇതിന്‌ മൂന്നു ബെഡ്‌റൂമേയുള്ളൂ. ധാരാളം സ്‌പേസുള്ളതുകൊണ്ട്‌ വലുതായിത്തോന്നും. സ്‌പേസ്‌ എനിക്കിഷ്‌ടമാണ്‌. ഞാനൊരു ക്ലബ്ബിലും അംഗമല്ല. എന്റെ സ്‌പേസ്‌, അതാണെന്റെ ലോകം.

ബ്ലെസി കേരളത്തില്‍ തലങ്ങും വിലങ്ങും ധാരാളം സഞ്ചരിക്കുന്ന ആളാണ്‌. സ്‌കോഡ ഒക്‌ടോവിയയില്‍ ഡ്രൈവറുമായി. ചെറിയൊരു കാര്‍ വാങ്ങണമെന്നുണ്ട്‌. പക്ഷേ, അതേതായാലും നാനോ ആയിരിക്കില്ല.


(രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
മലയാളിയുടെ അഹംഭാവം അവജ്ഞയോടെ തള്ളുന്നു: ബ്ലെസി (കുര്യന്‍ പാമ്പാടി)മലയാളിയുടെ അഹംഭാവം അവജ്ഞയോടെ തള്ളുന്നു: ബ്ലെസി (കുര്യന്‍ പാമ്പാടി)മലയാളിയുടെ അഹംഭാവം അവജ്ഞയോടെ തള്ളുന്നു: ബ്ലെസി (കുര്യന്‍ പാമ്പാടി)മലയാളിയുടെ അഹംഭാവം അവജ്ഞയോടെ തള്ളുന്നു: ബ്ലെസി (കുര്യന്‍ പാമ്പാടി)മലയാളിയുടെ അഹംഭാവം അവജ്ഞയോടെ തള്ളുന്നു: ബ്ലെസി (കുര്യന്‍ പാമ്പാടി)മലയാളിയുടെ അഹംഭാവം അവജ്ഞയോടെ തള്ളുന്നു: ബ്ലെസി (കുര്യന്‍ പാമ്പാടി)മലയാളിയുടെ അഹംഭാവം അവജ്ഞയോടെ തള്ളുന്നു: ബ്ലെസി (കുര്യന്‍ പാമ്പാടി)മലയാളിയുടെ അഹംഭാവം അവജ്ഞയോടെ തള്ളുന്നു: ബ്ലെസി (കുര്യന്‍ പാമ്പാടി)മലയാളിയുടെ അഹംഭാവം അവജ്ഞയോടെ തള്ളുന്നു: ബ്ലെസി (കുര്യന്‍ പാമ്പാടി)മലയാളിയുടെ അഹംഭാവം അവജ്ഞയോടെ തള്ളുന്നു: ബ്ലെസി (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക