Image

സമയം തക്കത്തില്‍ ഉപയോഗിക്കണം (ചിന്താധാരകള്‍: സരോജ വര്‍ഗീസ്‌, ന്യൂയോര്‍ക്ക്‌)

Published on 30 August, 2013
സമയം തക്കത്തില്‍ ഉപയോഗിക്കണം (ചിന്താധാരകള്‍: സരോജ വര്‍ഗീസ്‌, ന്യൂയോര്‍ക്ക്‌)
ലഭിക്കുന്ന അവസരങ്ങളും സമയവും ശരിയായി വിനിയോഗിക്കുന്നവര്‍ ജീവിതത്തില്‍ വിജയം കൈവരിക്കുന്നു. സമയവും തിരമാലയും ആരേയും കാത്ത്‌ നില്‍ക്കാറില്ല എന്ന ചൊല്ല്‌ തീര്‍ത്തും യാഥാര്‍ത്‌ഥ്യമാണ്‌. സമയം തക്കത്തില്‍ ഉപയോഗിക്കുവാന്‍ സമയത്തിന്റെ വിലയെക്കുറിച്ച്‌ മനുഷ്യന്‍ ബോധവാനാകണം. കഴിഞ്ഞുപോയ നിമിഷം എന്നന്നേക്കുമായി നഷ്‌ടപ്പെട്ടതാണ്‌. അന്നന്നു ചെയ്‌ത്‌ തീര്‍ക്കേണ്ട കാര്യങ്ങള്‍ പിറ്റേന്ന്‌ ചെയ്യാം എന്നു കരുതി മാറ്റി വയ്‌ക്കുന്നത്‌ ശരിയല്ല. വിജയത്തിന്റെ സോപാനത്തിലെത്താന്‍ കര്‍ത്തവ്യത്തെക്കുറിച്ച്‌ അഗാധമായ ബോധം ഉണ്ടായിരിക്കണം. ചെയ്യേണ്ട കാര്യങ്ങളില്‍ പൂര്‍ണ്ണമായും ശ്രദ്ധയുണ്ടായിരിക്കുകയും വേണം. അല്‍പ്പം അശ്രദ്ധ നേരിട്ടാല്‍, വളരെ നിസ്സാരമായ ക്രിത്യവിലോപം ഉണ്ടായാല്‍ നേരിടാവുന്ന അപകടങ്ങളെപ്പറ്റി നാം നിത്യേന കേള്‍ക്കുന്നു. വാഹനാപകടങ്ങളില്‍ ഭൂരിഭാഗവും ഡ്രൈവര്‍മാരുടെ അല്‍പ്പ മായ അശ്രദ്ധകൊണ്ട്‌ ഉണ്ടാകുന്നതായി കാണുന്നു. ലോകപ്രസിദ്ധമായ ടൈറ്റാനിക്ക്‌ കപ്പലിന്റെ അത്യാഹിതം തന്നെ അല്‍പം അശ്രദ്ധകൊണ്ട്‌ ഉണ്ടായതാണല്ലോ. കുടുംമ്പജീവിതത്തിലും വ്യക്‌തിജീവിതത്തിലും മാത്രമല്ല പൊതുക്കാര്യങ്ങളില്‍ പങ്കാളികളാകുന്നവരും സമയത്തിന്റെ വിലയെക്കുറിച്ച്‌ വളരെയധികം ശ്രദ്ധിക്കണം.

സമയം തക്കത്തില്‍ പ്രയോജനപ്രദമായി ഉപയോഗിക്കുവാന്‍ ത്വര ഉള്ളവര്‍ക്കുപോലും പല വിധത്തിലുള്ള പ്രതിബന്ധങ്ങള്‍ തരണം ചെയ്യേണ്ടതായി വരുന്ന സന്ദര്‍ഭങ്ങളുണ്ടാകാം. എന്നാല്‍ ഒരു വ്യക്‌തമായ ലക്ഷ്യം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന വ്യക്‌തി ആ പ്രതിബന്ധങ്ങളെ ധൈര്യപൂര്‍വ്വം നേരിടണം. പലപ്പോഴും ലക്ഷ്യം മറന്നുപോകുന്നത്‌ കൊണ്ടാണ്‌ സമയം തക്കത്തില്‍ ഉപയോഗിക്കുന്നതിനും പ്രതിബന്ധങ്ങളെ തരണം ചെയ്‌ത്‌ മുന്നോട്ട്‌ പോകുന്നതിനും സാധിക്കാതെ വരുന്നത്‌. ഇടക്കിടെ നമ്മുടെ യാത്രയുടെ ലക്ഷ്യം ശരിയാണോ എന്ന്‌ ഒരു സ്വയപരിശോധന നടത്തുന്നത്‌ നന്നായിരിക്കും. ലക്ഷ്യ ബോധം ഉണ്ടാകുമ്പോള്‍ കര്‍ത്തവ്യബോധവും താനെ ഉണ്ടാകും.

ആധുനിക മനുഷ്യന്‍ സുഖലോലുപതയുടെ കാഴ്‌ചകളില്‍ മുഴുകിയിരിക്കുമ്പോള്‍ കടമകള്‍ പലതും മറന്നുപോകാനിടയുണ്ട്‌. നാം ഏറ്റെടുത്ത്രിക്കുന്ന കടമകള്‍ സമയാസമയങ്ങളില്‍ ചെയ്‌ത്‌ തീര്‍ക്കണം. എന്തെല്ലാം പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായാലും കര്‍ത്തവ്യബോധം മറന്നുകളയരുത്‌.

സദാചാരത്തിനും ധാര്‍മ്മികതയ്‌ക്കും വില കല്‍പ്പിക്കാത്ത ഒരു സമീപനമാണു ഇന്ന്‌ സാര്‍വ്വത്രികമായി കാണുന്നത്‌ . അധികാര മോഹവും അധികാര ദുര്‍വിനിയോഗവും സ്വാര്‍ത്ഥസംരക്ഷണവും, ലക്ഷ്യം മാര്‍ഗ്ഗത്തെ ന്യായീകരിക്കുന്നു എന്ന സമീപനവും എവിടേയും പ്രകടമാണ്‌. സത്യസന്ധതയും ആര്‍ജ്‌ജവത്വവും കൈവെടിഞ്ഞു ചതിവും കളവും പ്രയോഗിക്കുന്നതിലുള്ള സാമര്‍ത്ഥ്യമാണ്‌ വിജയത്തിന്റെ മാര്‍ഗ്ഗം എന്ന്‌ ലോകം ധരിച്ചിരിക്കുന്നു. മനുഷ്യന്‍ തത്വത്തെ ബലികഴിച്ചുകൊണ്ട്‌ അവസരവാദികളായി മാറുന്നത്‌ വിജയത്തിനു പകരം പരാജയം ക്ഷണിച്ചു വരുത്തുകയാണ്‌.

രണ്ടായിരത്തഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ചൈനയില്‍ ജീവിച്ചിരുന്ന തത്വചിന്തകനായ കണ്‍ഫൂഷ്യസിനെപ്പോലെയുള്ള മഹാത്മാക്കള്‍ സദാചാരത്തെപ്പറ്റിയും ധാര്‍മ്മികതയെപ്പറ്റിയും നല്‍കിയിട്ടുള്ള പ്രബോധനങ്ങള്‍ ഇന്നും പ്രസക്‌തങ്ങളാണു.

ഒരേ സാഹചര്യത്തെയും ഒരേ സംഭവത്തെയും വ്യത്യസ്‌ത വീക്ഷണത്തില്‍ക്കൂടി പലര്‍ക്കും കാണാം. നമ്മുടെ ജീവിതവീക്ഷണം നമ്മുടെ പ്രവര്‍ത്തനങ്ങളെയും അനുഭവങ്ങളെയും വളരെയേറെ സ്വാധീനിക്കുന്നു.

ഒരുവന്റെ ഇഷ്‌ടത്തിനും സൗകര്യത്തിനും അനുയോജ്യമായ വിധത്തില്‍ പരിതസ്‌ഥികള്‍ തനിക്ക്‌ വിപരീതമായി തീരുമ്പോഴും അവയില്‍ നിരാശനാകാതെ അവയോട്‌ പൊരുത്തപ്പെടാന്‍ കഴിയണം. നിസ്സാര കാര്യങ്ങള്‍ നമ്മെ ശല്യപ്പെടുത്തുവാന്‍ അനുവദിച്ചുകൂടാ. നാം ബന്ധപ്പെടുന്ന ഓരോ വ്യക്‌തിയിലും നാം നേരിടുന്ന ഓരോ അനുഭവങ്ങളിലും ഉള്ള നല്ല ഭാവങ്ങളെ ഉള്‍ക്കൊള്ളുകയും ദോഷഭാവങ്ങളെ വര്‍ജ്‌ജിക്കുന്നതിനും സാധിക്കണം. സ്വന്തം കഴിവുകളേയും പരിമിതികളെയുംപ്പറ്റി വ്യക്‌തമായ ഒരു ധാരണ ഉണ്ടായാല്‍ അമിതമായ ആത്മപ്രശംസയില്‍നിന്നും അഹന്തയില്‍ നിന്നും നമുക്ക്‌ നമ്മെ ഒഴിച്ചുനിര്‍ത്തുവാന്‍ സാധിക്കും. അമിതമായ അപകര്‍ഷതാബോധവും നമ്മുടെ വ്യക്‌തിവികസനത്തെ സാരമായി ബാധിക്കാനിടയുണ്ട്‌. പരിമിതികളെ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നവനു നിശ്‌ചയമായും ഔന്നത്യത്തിലെത്താന്‍ സാധിക്കും.

ജീവിതം സന്തോഷപ്രദവും സുഗമവുമാക്കാന്‍ ചില സന്ദര്‍ഭങ്ങളില്‍ നാം പലതും മറക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ്‌പോയ വേദനകള്‍, സന്തോഷകരമല്ലാത്ത സംഭവങ്ങള്‍, സംഭാഷണങ്ങള്‍ ഇവയെ മറക്കാനും പൊറുക്കാനും കഴിയണം. നഷ്‌ടപ്പെട്ട അവസരങ്ങളെപ്പറ്റി ഓര്‍ത്ത്‌ ദുഃഖിക്കുന്നത്‌ കൊണ്ട്‌ പ്രയോജനമില്ല. മുന്നിലുള്ള അവസരങ്ങളേയും കര്‍ത്തവ്യങ്ങളേയും ധീരതയോടെയും ശുഭപ്രതീക്ഷയോടെയും നേരിടുകയാണു ആവശ്യം.

ആര്‍ഷഭാരതത്തെ തന്റെ കര്‍മ്മഭൂമിയായി തെരഞ്ഞെടുത്ത്‌ കല്‍ക്കട്ടയിലെ ഇരുണ്ട തെരുവുകളില്‍ മദര്‍ തെരേസ എന്ന ആ പുണ്യവതി കത്തിച്ചുവെച്ച കൈവിളക്ക്‌ എല്ലാ ഭൂഖണ്‌ഡങ്ങളിലും സ്‌നേഹത്തിന്റെയും ആര്‍ദ്രതയുടേയും നിര്‍മ്മലകാന്തി ചൊരിയുന്ന ഉന്നത പ്രകാശഗോപുരമായി പരിണമിച്ചു. ആ അമ്മ ഒരിക്കല്‍ എഴുതിയ വാക്യംഃ `നിങ്ങള്‍ എത്രമാത്രം പ്രവര്‍ത്തിക്കുന്നു എന്നതിലല്ല, നിങ്ങളുടെ പ്രവര്‍ത്തിയില്‍ നിങ്ങള്‍ എത്രമാത്രം സ്‌നേഹം നിറക്കുന്നു എന്നതാണ്‌ പ്രധാനം' അവസരങ്ങളെ വിലയിരുത്തുവാനും ഉപയോഗപ്പെടുത്തുവാനും കഴിയുന്നില്ല എങ്കില്‍ ജീവിതത്തിന്റെ ഏത്‌ രംഗങ്ങളില്‍ ആയാലും പരാജയം സംഭവിക്കും. നമുക്ക്‌ എത്ര സമയം ലഭിച്ചു എന്നതിനെക്കാള്‍ ലഭിച്ച സമയം അര്‍ഥപൂര്‍ണ്ണമായും പ്രയോജനപ്രദമായും വിനിയോഗിച്ചുവോ എന്നതാണ്‌ പ്രധാനം. ലഭിച്ചിരിക്കുന്ന സമയത്തെ ഉത്തമചിന്തകളാലും ഉത്‌കൃഷ്‌ട പ്രവര്‍ത്തികളാലും നിറക്കുന്നതില്‍ സംതൃപ്‌തി കണ്ടെത്തണം.

@@@@@@@@@@@@@@

Saroja Varghese , New York Tel. 718-347-3828.e-mail: sarojavarghese@yahoo.com
സമയം തക്കത്തില്‍ ഉപയോഗിക്കണം (ചിന്താധാരകള്‍: സരോജ വര്‍ഗീസ്‌, ന്യൂയോര്‍ക്ക്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക