Image

എന്നും ഓണം (മീട്ടു റഹ്‌മത്ത്‌ കലാം)

E malayalee Exclusive Published on 30 August, 2013
എന്നും ഓണം (മീട്ടു റഹ്‌മത്ത്‌ കലാം)
ഇളയവരെ ഉപദേശിക്കുമ്പോള്‍ പലരും പറയുന്ന ഒന്നുണ്ട്‌, `നിന്നെക്കാള്‍ രണ്ടോണം കൂടുതല്‍ ഉണ്ടതാണ്‌ ഞാന്‍' എന്ന്‌. അനുഭവസമ്പത്ത്‌ സൂചിപ്പിക്കാന്‍ ഓണത്തേക്കാള്‍ ഉചിതമായി, മലയാളിയ്‌ക്ക്‌ മറ്റൊന്നുണ്ടോ ?

ട്രെന്‍ഡുകള്‍ അനുസരിച്ച്‌ ഷോപ്പിങ്‌ മോളുകളില്‍ കയറിയിറങ്ങി വസ്‌ത്രങ്ങള്‍ ശേഖരിക്കുന്നവര്‍ക്ക്‌ ഓണക്കോടി എന്നത്‌ ഒരു സ്വപ്‌നമേയല്ല. ഉടുത്തുമാറാന്‍ മറ്റൊന്നിനായി ഓണം പുലരാന്‍ കാത്തിരിക്കുമ്പോള്‍, ഹൃദയങ്ങള്‍കൂടി ആഘോഷങ്ങള്‍ക്കായി അണിഞ്ഞൊരുങ്ങുമായിരുന്നു. താന്‍ അനുഭവിച്ച വിഷമതകള്‍ മക്കളറിയരുതെന്ന മാതാപിതാക്കളുടെ സ്വാര്‍ത്ഥമായ യാതനകള്‍ കേള്‍ക്കുമ്പോള്‍ കഴിഞ്ഞ തലമുറയില്‍ പെടാതിരുന്നത്‌ നന്നായി എന്ന്‌ തോന്നുമെങ്കിലും ചില കാര്യങ്ങളിലെങ്കിലും മുന്‍തലമുറയോട്‌ ഇളമുറക്കാര്‍ക്ക്‌ അസൂയ തോന്നും. അതില്‍ പ്രധാനം പണ്ടുകാലത്തെ ആഘോഷങ്ങള്‍ തന്നെ. പ്രത്യേകിച്ച്‌ ഓണാഘോഷം !

കാലം കഴിയും തോറും ചെലവ്‌ കൂടുന്നതല്ലാതെ ഓണാഘോഷത്തിന്‌ പഴയ തിളക്കം കിട്ടുന്നില്ല. പുളിമരത്തില്‍ മുത്തശ്ശനൊരുക്കിയ ഊഞ്ഞാലില്‍ ഊഴം കാത്തുള്ള ഊഞ്ഞാലാട്ടവും തൊടിയായ തൊടിയെല്ലാം സ്വന്തമെന്ന മട്ടില്‍ ഓടിനടന്ന്‌ പൂക്കളിറുത്ത്‌ തിരുമുറ്റത്തെ അണിയിച്ചൊരുക്കുന്നതും ഓണക്കോടിയുടുത്ത്‌ ചമ്രം പടിഞ്ഞിരുന്ന്‌ മുത്തശ്ശിയുടെ കൈപ്പുണ്യം കോരിനിറച്ച നാലുകൂട്ടം പായസവും സദ്യയും കഴിച്ച്‌ വയറും മനസ്സും നിറച്ച ബാല്യകാലം, ഓര്‍മ്മിക്കാന്‍ അതിലും സുഖമുള്ള മറ്റെന്തുണ്ട്‌ ?

20-20 ഫൈനല്‍ കാണാനുള്ള ഉത്സാഹം വള്ളംകളി വരുമ്പോള്‍ കാണിക്കാത്തവര്‍ക്ക്‌ അങ്ങനൊന്നുമുണ്ടാവില്ല. പുലികളിയും അവരെ ത്രില്ലടിപ്പിക്കില്ല. എന്നാല്‍, വിദേശത്തെ ശീതീകരിച്ച മുറിയിലിരുന്ന്‌ ജോലിയുടെ കടുത്ത സമ്മര്‍ദ്ദത്തിലും വഞ്ചിപ്പാട്ടിന്റെ ഈരടി കേട്ടാല്‍ വിരലുകള്‍ അറിയാതെ താളം പിടിച്ചു പോകുന്നവരും കുറവല്ല. രക്തത്തില്‍ മലയാളിത്തം അത്രമേല്‍ കലര്‍ന്നവര്‍ക്കേ ഓണത്തിന്റെ സത്ത ഉള്‍ക്കൊള്ളാന്‍ കഴിയൂ.

അസുരന്‍ എന്ന്‌ കേള്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്നത്‌ ക്രൂരതയുടെ പര്യായമായ രൂപമാണ്‌. എന്നാല്‍ ദേവഗണങ്ങളെപ്പോലും അസൂയയിലാഴ്‌ത്തിയ ഭരണം കാഴ്‌ച വച്ചു ചക്രവര്‍ത്തിയെ അങ്ങനെ സങ്കല്‍പിക്കാന്‍ പോലും കഴിയില്ല. കൊമ്പന്‍മീശയും കുടവയറുമൊക്കെയുണ്ടെങ്കിലും കുട്ടികള്‍ക്കൊന്നും പേടിതോന്നാത്ത രൂപമാണ്‌ മാവേലിക്ക്‌ കല്‌പിക്കപ്പെട്ടിരിക്കുന്നത്‌. ഓലക്കുട ചൂടി, ആഭരണങ്ങളൊക്കെയണിഅഞ്ഞ ആഢ്യത്തത്തോടെയുള്ള ആ വരവ്‌ അങ്ങേയറ്റം സ്‌നേഹാദരവോടെയേ മനസ്സില്‍ തെളിയൂ. വാമനന്‍ പാതാളത്തിലേയ്‌ക്ക്‌ ചവിട്ടിത്താഴ്‌ത്തുമ്പോള്‍പോലും അദ്ദേഹത്തിന്റെ ആശങ്ക തന്റെ പ്രജകളെ ഓര്‍ത്തായിരുന്നു. ഓണനാളുകളില്‍ ജനങ്ങളുടെ ക്ഷേമം വിലയിരുത്താന്‍ മഹാബലി എത്തുമ്പോള്‍ പൂക്കളമിട്ട തിരുമുറ്റവും സദ്യവട്ടവുമൊക്കെ കണ്ട്‌ തന്റെ രാജ്യം പഴയതിലും സമൃദ്ധമായി എന്ന്‌ കരുതി സന്തോഷിച്ചാകും ഓരോ വര്‍ഷവും തിരികെ പാതാളത്തിലേയ്‌ക്ക്‌ പോവുക. ഇന്‍സ്റ്റന്റ്‌ ആഘോഷങ്ങള്‍ ഒരു കണ്‍കെട്ടു വിദ്യപോലെയാണ്‌.ഡി.ഇ. ഒ വരുമ്പോള്‍ സ്‌കൂള്‍ അധികൃതര്‍ നടത്തുന്ന നാടകം പോലെ ഓണം കഴിയുമ്പോള്‍ എല്ലാം പഴയപടിയാകുന്നു.

എന്നും ഓണം ആഘോഷിക്കണമെന്നല്ല പറഞ്ഞുവരുന്നത്‌. വിലക്കയറ്റത്തിന്റെയും മൂല്യച്യൂതിയൂടെയും ഈ കാലത്ത്‌ ഭക്ഷ്യ സുരക്ഷാബില്‍ പാസ്സായെങ്കിലും ഒരു ദിവസത്തെ ആഘോഷം തന്നെ എല്ലാവരെക്കൊണ്ടും സാധ്യമല്ല. കള്ളവും ചതിയുമില്ലാതെ എല്ലാവരും ഒന്നു പോലെയെന്നുള്ള ആ മഹത്‌ സങ്കല്‌പം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമം, അതായിരിക്കും മാവേലിയ്‌ക്ക്‌ നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല ഓണവിരുന്ന്‌. ആ നാളുകളിലേയ്‌ക്കുള്ള അകലം കുറയാന്‍ ആത്മാര്‍ത്ഥമായി നമുക്കോരോരുത്തര്‍ക്കും ആഗ്രഹിക്കാം.
എന്നും ഓണം (മീട്ടു റഹ്‌മത്ത്‌ കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക