Image

അറിവിന്റെ വാതായനങ്ങള്‍ -മീട്ടു റഹ്മത്ത് കലാം

ഇ-മലയാളി എക്‌സ്‌ക്ലൂസീവ് Published on 05 September, 2013
അറിവിന്റെ വാതായനങ്ങള്‍ -മീട്ടു റഹ്മത്ത് കലാം
 അനുഭവങ്ങളാണ് ഏറ്റവും നല്ല അദ്ധ്യാപകന്‍ എന്ന് പറയുമ്പോഴും നല്ലൊരദ്ധ്യാപകനാണ് ഏറ്റവും നല്ല അനുഭവം എന്ന് തിരുത്താനാണ് എനിക്കിഷ്ടം. ജീവിതത്തില്‍ കരപറ്റിയവരെ നമ്മുടെ നാട്ടുകാര്‍ വാഴ്ത്തുക പോലും ഗുരുത്വമുള്ളവന്‍ എന്നാണല്ലോ? ഇരുട്ടിനെ അകറ്റുന്നവന്‍ എന്നര്‍ത്ഥമുള്ള ഗുരു എന്ന വാക്കിന് ദൈവത്തോളം പ്രധാന്യം കല്പിക്കുന്ന സംസ്‌കാരമുള്ള നമ്മള്‍ ഗുരുവിന്റെ അനുഗ്രഹത്തിന് അത്രമാത്രം വിലമതിക്കുന്നു. അതുകൊണ്ട് തന്നെ അദ്ധ്യാപകദിനം നമുക്ക് സമര്‍പ്പണത്തിന്റെ ദിനം കൂടിയാണ്.

ഡോ.എസ്. രാധാകൃഷ്ണന്‍ എന്ന മുന്‍ രാഷ്ട്രപതിയുടെ ജന്മദിനമാണ് ഇന്ത്യയില്‍ അദ്ധ്യാപക ദിനമായി ആചരിക്കുന്നത്. ഡോ. എ. പി.ജെ. അബ്ദുള്‍ കലാമിനെപ്പോലെതന്നെ രാഷ്ട്രപതിയെന്ന പരമോന്നത പദവിയെക്കാള്‍ ശ്രീ. രാധാകൃഷ്ണനും സംതൃപ്തി അദ്ധ്യാപകവൃത്തിയിലായിരുന്നു. തന്റെ ജന്മദിനം ഒരാഘോഷമാക്കി മാറ്റാന്‍ ആലോചിച്ചവരോട് ആ ദിനം അദ്ധ്യാപക സമൂഹത്തിനുള്ള സമര്‍പ്പണമാകുമെങ്കില്‍ സന്തോഷം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെ 1962 മുതല്‍ സെപ്റ്റംബര്‍ 5 അദ്ധ്യാപകദിനമായി.

കണ്‍വെട്ടത്ത് അച്ഛനമ്മമാര്‍ ഇല്ലാത്ത ലോകത്തേയ്ക്കുള്ള പറിച്ചുനടലാണ് കുട്ടികള്‍ക്ക് വിദ്യാലയം. സ്‌ക്കൂളുകളെ വീടുവിട്ടുള്ള വീട്(home away from home) ആയി തോന്നണമെങ്കില്‍ അതില്‍ അദ്ധ്യാപകന്റെ സംഭാവന ചെറുതല്ല. അപരിചിതമായ വഴിയില്‍ കൈത്താങ്ങായെത്തി കാണാത്ത ലോകങ്ങളുടെ വാതായനങ്ങള്‍ തുറന്ന് എന്തിനും ഞാനുണ്ട് കൂടെ എന്ന് പറയാതെ പറയുമ്പോള്‍ അറിവിന് വേണ്ടിയുള്ള യാത്രയ്ക്ക് മനസ്സ് സജ്ജമാകും.

ഒരു കല്ല് എത്ര നല്ല ശില്പമായി തീരും എന്നത് അതെത്തപ്പെടുന്ന ശില്പിയെ ആശ്രയിച്ചിരിക്കും എന്നതുപോലെ അദ്ധ്യാപകന് തന്റെ വിദ്യാര്‍ത്ഥിയില്‍ വളരെയധികം സ്വാധീനമുണ്ട്. എന്നിലെ എഴുത്തിന്റെ സ്പാര്‍ക്ക് ആദ്യം തിരിച്ചറിഞ്ഞതും എന്റെ പ്രിയപ്പെട്ട അദ്ധ്യാപികയാണ് ജയന്തി മിസ് എന്ന് ഞങ്ങള്‍ വിളിക്കുന്ന എന്റെ ഇംഗ്ലീഷ് ടീച്ചര്‍. ആന്ഡ്ര സ്വദേശിനിയാണ് ഇപ്പോള്‍ IELTS റ്റിയൂട്ടറാണ്. എന്നെ ഒന്നാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെ പഠിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ സ്‌ക്കൂളില്‍ പഠിക്കുന്ന സമയത്ത് തന്നെ ടെലിഫോണ്‍ പ്രചാരത്തിലായത് കൊണ്ട് കത്തെഴുത്ത് ഏറെക്കുറെ അസ്തമിച്ചിരുന്നു. പരീക്ഷയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കത്തുകളെഴുതാന്‍ ഞങ്ങളെ പരിശീലിപ്പിക്കുമായിരുന്നു. പാഠഭാഗത്തിലെ ഏതെങ്കിലും കഥാപാത്രമായി സങ്കല്പിച്ചും സമകാലീന പ്രശ്‌നങ്ങള്‍ക്കെതിരെയുള്ള ശബ്ദമായും അങ്ങനെ പല തരത്തിലുള്ള കത്തുകള്‍, ഡയറി എഴുതാനുള്ള താല്‍പര്യവും അങ്ങനെ ജനിച്ചതാണ്. ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണെന്ന് തോന്നുന്നു കാര്‍ഗില്‍ യുദ്ധം. അതിനെ ആസ്പദമാക്കി ഒരു പത്രറിപ്പോര്‍ട്ട് തയ്യാറാക്കി വരാന്‍ ഗൃഹപാഠം തന്നയച്ചിരുന്നു. ആരുടെ സഹായം വേണമെങ്കിലും വാങ്ങാം. ഇന്നത്തെപ്പോലെ നെറ്റില്‍ തപ്പി കാര്യമൊപ്പിക്കാനൊന്നും അന്ന് പറ്റില്ല. ഒറ്റയ്ക്ക് ചിന്തിച്ചിരുന്നപ്പോള്‍ യുദ്ധത്തിന്റെ ചിത്രങ്ങള്‍ നേര്‍ക്കാഴ്ച കണക്കേ മനസ്സില്‍ അലതല്ലി. ആ വേദന ഉള്‍ക്കൊണ്ട് ഞാന്‍ പോലും അറിയാതെ എന്റെ പേന ചലിച്ചു. 'കാര്‍ഗിലിലെ മഞ്ഞിന് പോലുമിപ്പോള്‍ ചുവപ്പാണ് നിറം, ചോരയുടെ ചുവപ്പ്,' എന്ന് അര്‍ത്ഥം വരുന്ന വാചകത്തില്‍ തുടങ്ങി. ക്ലാസ്സില്‍ അത് ഉറക്കെ വായിപ്പിച്ച ശേഷം, പത്രപ്രവര്‍ത്തകനായ അച്ഛന്റെ സഹായമുണ്ടോ എന്ന് മിസ്സ് തിരക്കി. 'തനിയെ എഴുതിയതാ' എന്ന എന്റെ നിഷ്‌കളങ്കമായ മറുപടിക്ക് നന്നായി എഴുതുന്നുണ്ടല്ലോ, ഞന്‍ പഠിപ്പിച്ചതില്‍ ഒരെഴുത്തുകാരിയും ഇരിക്കട്ടെ എന്ന ആ വാക്കുകള്‍ എന്നെ എഴുത്തിലേയ്ക്ക് അടുപ്പിച്ചു. എന്റെ  ഉച്ചാരണത്തിന് പലരും നല്ല അഭിപ്രായം പറയുമ്പോഴും അതിനൊക്കെ കാരണക്കാരിയായ ടീച്ചറെ ഞാന്‍ ഓര്‍ക്കാറുണ്ട്. കോളജില്‍ പഠിക്കുമ്പോള്‍ ബസ് യാത്രയ്ക്കിടയിലാണ് ഒടുവിലായി മിസ്സിനെ കണ്ടത്. ഒരു നിമിഷം ഞാന്‍ പഴയ ക്ലാസ്മുറിയിലാണെന്നോര്‍ത്ത് ചാടിയെണീറ്റു. ആറ് വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടിട്ടുള്ള ടീച്ചറുടെ ആദ്യം ചോദ്യം 'ഇപ്പോഴും എഴുത്തൊക്കെയുണ്ടോ' എന്നായിരുന്നു. ആ സ്‌നേഹോഷ്മളതയില്‍ യാത്രയ്ക്ക് ദൂരം അല്പം കൂടിയിരുന്നെങ്കിലെന്ന് തോന്നി.

എന്റെ തലമുറയിലെ പലരിലും കാണുന്ന ഒന്ന് ഉപദേശങ്ങളോടുള്ള വിരക്തിയാണ്. എനിക്ക് ചെറുപ്പം തൊട്ടേ ഉപദേശങ്ങള്‍ ഇഷ്ടമാണ്. അറിയാത്ത കാര്യങ്ങള്‍ പറഞ്ഞു തരുന്നതാരാണെങ്കിലും ആ നേരത്ത് അവരെ ഗുരുസ്ഥാനത്ത് കാണണം എന്ന തത്ത്വം എങ്ങനെയോ മനസ്സില്‍ കൂടിയതാണ്. ഏകലവ്യനെപ്പോലെ മനസ്സുകൊണ്ട് ഗുരുവായി കാണുന്ന ചില എഴുത്തുകാരുമുണ്ട്. അഴിക്കോടിനെയും കെ.പി. അപ്പനെയും പോലെ ചിലര്‍. എഴുതാനിരിക്കുമ്പോള്‍ ഇടയ്‌ക്കൊക്കെ അവരുടെ അഭിപ്രായങ്ങള്‍ അതേ ശബ്ദത്തില്‍ കേള്‍ക്കാറുപോലുമുണ്ട്. ഗുരുസ്ഥാനത്ത് ചിലരെ പ്രതിഷ്ഠിക്കുമ്പോള്‍ മരണാനന്തരവും അവര്‍ നമ്മെ സഹായിക്കുന്നതോ അനുഗ്രഹിക്കുന്നതോ ആയിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. ഗുരുഭക്തി അത്ര പവിത്രമാകണം എന്നു മാത്രം. എത്രയോ നാളുകളുടെ ശ്രമഫലമായി ആര്‍ജ്ജിച്ച അറിവ് ചുരുങ്ങിയ സമയം കൊണ്ട് മറ്റുള്ളവരിലേക്ക് പകരുക ചില്ലറ കാര്യമല്ല. അതൊരു ജന്മവാസനയാണ്. അറിവുള്ള എല്ലാവര്‍ക്കും അദ്ധ്യാപകരാകാന്‍ കഴിയില്ല. എന്നാല്‍ അദ്ധ്യാപകരെല്ലാം അറിവുള്ളവരായിരിക്കണം, അത് ശിഷ്യരിലേക്ക് എത്തിക്കാനുള്ള കഴിവും വേണം.

അദ്ധ്യാപകവൃത്തിക്ക് ആരുണ്ട് റോള്‍ മോഡല്‍ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഹെലന്‍ കെല്ലറെ പഠിപ്പിച്ച ആന്‍. പഞ്ചേന്ദ്രിയങ്ങള്‍ അനുകൂലമായി നില്‍ക്കാത്ത ഒരാളുടെ ജീവിതത്തിന് പോലും നിറച്ചാര്‍ത്തു നല്‍കാന്‍ ഗുരുവിന് കഴിയുമെന്ന് അവര്‍ തെളിയിച്ചു. അവരുടെ ജീവിതം ആസ്പദമാക്കിയെടുത്ത 'ബ്ലാക്ക്' എന്ന ഹിന്ദി ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച 'ദേബ് രാജ് സഹായ്' അദ്ധ്യാപകന്റെ പൂര്‍ണ്ണമായ അര്‍ത്ഥമാണ്. അന്ധയും ബധിരയുമായ എട്ടുവയസ്സുകാരി നൊന്തുപ്രസവിച്ച അമ്മയ്ക്കുപോലും ഭാരമായി തോന്നുന്ന സന്ദര്‍ഭത്തില്‍ അവളെ അറിവിന്റെ ലോകത്തേയ്ക്ക് പിടിച്ചു കയറ്റുന്ന അദ്ധ്യാപകന്‍. സ്‌ക്കൂള്‍ ... വിദ്യാഭ്യാസം പോലും സാധ്യമാകില്ലെന്ന് ചുറ്റുമുള്ളവര്‍ വിധിയെഴുതിയ അവളെ ബിരുദധാരിയാക്കുന്നത് ആ ഗുരുവിന്റെ പ്രയത്‌നമാണ്. ഒടുവില്‍ ബിരുദധാന ചടങ്ങില്‍, ആദ്യമായി ഗൗണ്‍ ധരിക്കേണ്ടത് തന്റെ അദ്ധ്യാപകന്റെ മുന്‍പിലാണെന്ന് പറഞ്ഞ് റാണി മുഖര്‍ജി അവതരിപ്പിച്ച മിഷേല്‍ എന്ന കഥാപാത്രം അല്‍ഷിമേഴ്‌സ് ബാധിച്ച ബച്ചനെ കാണാന്‍ പോകുമ്പോള്‍ ആരുടെയും കണ്ണുകള്‍ ഈറനണിയും. ഗുരു-ശിഷ്യബന്ധത്തിന്റെ പവിത്രത ആ കണ്ണീരില്‍ സ്ഫുരിക്കും.

തിരികെ ഒന്നും പ്രതീക്ഷിക്കാതെയാണ് അദ്ധ്യാപകരുടെ സേവനം. ബന്ധങ്ങളുടെ ബന്ധനമില്ലാതെ നമ്മെ സ്‌നേഹിക്കുകയും നമ്മുടെ വളര്‍ച്ചയില്‍ അഭിമാനിക്കുകയും ചെയ്യുന്ന അവരെ ജീവിതയാത്രയില്‍ ഇടയ്‌ക്കെങ്കിലും ഓര്‍ക്കണം. മാതാപിതാക്കള്‍ മക്കളെ വളര്‍ത്തുമ്പോള്‍ വാര്‍ദ്ധക്യത്തില്‍ ഒരു താങ്ങാകുമെന്ന പ്രതീക്ഷയെങ്കിലും വയ്ക്കുന്നുണ്ട്. വല്ലപ്പോഴും കാണുമ്പോഴുള്ള മാഷേ, ടീച്ചറേ തുടങ്ങിയ വിളികള്‍ കേള്‍ക്കുമ്പോഴുള്ള ആനന്ദത്തിനു വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞുവെച്ച കുറേ അധികം പേരുണ്ട്. അവര്‍ക്കുള്ള ദക്ഷിണയാകട്ടെ ഓരോ അദ്ധ്യാപകദിനവും.


അറിവിന്റെ വാതായനങ്ങള്‍ -മീട്ടു റഹ്മത്ത് കലാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക