Image

രാസായുധങ്ങളുടെ പിന്നിലെ ഒളിച്ചുകളികള്‍ (ജി. പുത്തന്‍കുരിശ്‌)

Published on 07 September, 2013
രാസായുധങ്ങളുടെ പിന്നിലെ ഒളിച്ചുകളികള്‍ (ജി. പുത്തന്‍കുരിശ്‌)
ലോകത്തിലെ മിക്ക ജനാധിപത്യരാജ്യങ്ങളുടേയും പത്തായപ്പുരകളില്‍ മനുഷ്യരാശിയെ ഒന്നടങ്കം കൊന്നൊടുക്കുന്നതിനുള്ള വിഷവാധകങ്ങളും രാസവസ്‌തുക്കളുമുണ്ടെന്നുള്ളത്‌, ഏറ്റവും ആശങ്കയോടമാത്രമെ ഓര്‍ക്കാന്‍ കഴിയുകയുള്ളു. ആയിരത്തി നാല്‍പ്പത്തി നാല്‌ ടണ്‍ സള്‍ഫര്‍ മസ്‌റ്റ്‌ഡ്‌ ഗ്യാസാണ്‌ ഇന്ത്യയുടെ കൈവശം ഉണ്ടായിരുന്നത്‌. അതില്‍ എഴുപത്തഞ്ചു ശതമാനവും നശിപ്പിച്ചുവെന്നത്‌ സന്തോഷകരമായ ഒരു വസ്‌തുതയാണ്‌. ആയിരത്തിതൊള്ളായിരത്തി എണ്‍പ്പത്തിയേഴിലെ ഇറാക്കും ഇറാനുമായുള്ള യുദ്ധത്തില്‍ ഇറാക്കുപയോഗിച്ച രാസായുധക്രമണത്തില്‍ മരണമടഞ്ഞവര്‍ അനേകായിരമാണ്‌. ജപ്പാന്‍, ലിബിയ ഈ രാജ്യങ്ങളെല്ലാം തങ്ങളുടെ യുദ്ധങ്ങളില്‍ കെമിക്കല്‍ വെപ്പണ്‍സ്‌ ഉപയോഗിച്ചുവെന്നത്‌ ആര്‍ക്കും നിരസിക്കാനാവാത്ത ഒരു സത്യമാണ്‌. രാഷ്‌ട്രങ്ങള്‍ രാസായുധങ്ങളുടെ ഉപയോഗം നിറുത്തണമെന്ന കെമിക്കല്‍സ്‌ വെപ്പണ്‍സ്‌ കണ്‍വെന്‍ഷന്‍ തീരുമാന പ്രകാരം റഷ്യ രണ്ടായിരത്തി പത്തില്‍ നശിപ്പിച്ചത്‌ പതിനെണ്ണായിരത്തി ഇരുനൂറ്റി നാല്‌പത്തിയൊന്ന്‌ ടണ്ണാണ്‌. അമേരിക്കയുടെ മുപ്പതിനായിരം ടണ്ണിലേറെ വരുന്ന രാസായുധശേഖരങ്ങള്‍ പസഫിക്ക്‌ സമുദ്രമടക്കം എട്ട്‌ സ്ഥലങ്ങളിലാണ്‌. നാലു സ്ഥലങ്ങളിലെ ശേഖരങ്ങള്‍ പരിപൂര്‍ണ്ണമായും, മുന്ന്‌ സ്ഥലങ്ങളിലെ ശേഖരങ്ങള്‍ ഭാഗികമായും അമേരിക്ക നശിപ്പിച്ചു കഴിഞ്ഞു. രണ്ടായിരത്തി പതിനേഴോടുകൂടി പരിപൂര്‍ണ്ണമായും അമേരിക്കയുടെ രാസായുധ ശേഖരങ്ങള്‍ നശിപ്പിക്കപ്പെടുമെന്ന്‌ വിശ്വസിക്കുന്നു. മസ്‌റ്റഡ്‌ ഗ്യാസ്‌, സള്‍ഫര്‍ മസ്‌റ്റഡ്‌ ഗ്യാസ്‌ പല തരത്തിലുള്ളതും എണ്ണമറ്റതുമമായ നേര്‍വ്‌ ഗ്യാസും മേല്‍പ്പറഞ്ഞ രാജ്യങ്ങളുടെ ശേഖരങ്ങളിലെ പ്രധാനമായ രാസായുധങ്ങളാണ്‌.

ഡ്യൂമാ, ഇര്‍ബിന്‍, ഹമുറാ, സമല്‍ക്കാ, സിക്കൂബാ, ജാബാര്‍ തുടങ്ങി ഏകദേശം പന്ത്രണ്ട്‌ ഗ്രാമങ്ങളില്‍ താമസിക്കുന്ന സ്വന്തം ജനതയുടെമേല്‍ അല്‍ അസാദിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ ഗവണ്മെന്റ്‌ നടത്തിയ രാസായുധക്രമണത്തില്‍ മരണമടഞ്ഞവരുടെ സംഖ്യ, നാനൂറ്റി അന്‍പത്തിയാറ്‌ കുഞ്ഞുങ്ങളടക്കം ആയിരത്തി നാനൂറിലധികമാണെന്ന്‌ അമേരിക്കന്‍ രഹസ്യന്വേഷണ വിഭാഗത്തിന്റെ കണുക്കുകള്‍ പ്രകാരം വിശ്വസിക്കപ്പെടുന്നു. സിറിയന്‍ ജനകീയ മുന്നേറ്റത്തില്‍ മരിച്ചവരുടെ എണ്ണം ഏകദേശം നൂറായിരമാണ്‌. മനുഷ്യരാശിയുടെമേല്‍ സിറയന്‍ ഗവണ്മെന്റ്‌ നടത്തിയ ഈ നിഷ്‌ഠൂരമായ മനുഷ്യക്കുരുതിയെ അപലപിച്ചുകൊണ്ട്‌ അമേരിക്ക, ഫ്രാന്‍സ്‌, ജര്‍മ്മനി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഒരു വശത്തും, ആവശ്യമായ തെളിവുകള്‍ ഇല്ലാതെ സിറിയന്‍ ഗവണ്മെന്റിനെ അക്രമിക്കാന്‍ മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ വിമാനവാഹിനി കപ്പലുകളടക്കം, അഞ്ചിലധികം പടക്കപ്പലുകള്‍ നിരത്തി യുദ്ധകാഹളം മുഴക്കുന്ന അമേരിക്കന്‍ നേതൃത്വത്തെ അപലപിച്ചുകൊണ്ട്‌ റഷ്യയും ചൈനയും മറുവശത്തും തങ്ങളുടെ ശക്‌തിപ്രകടനം നടത്തുകയാണ്‌.

റഷ്യയേയും ചൈനയേയും സംബന്ധിച്ചടത്തോളം ആയുധ വിപണനത്തിലൂടെ അവര്‍ സംമ്പാദിക്കുന്ന വിദേശ നാണ്യത്തിന്റെ വരുമാനം ഇല്ലാതാക്കുന്ന ഒന്നായിരിക്കും അസാദ്‌ ഗവണ്മെന്റിന്റെ പതനം. അത്‌കൊണ്ട്‌ ഐക്യരാഷ്‌ട്ര സഭയില്‍ എടുക്കുന്ന ഏത്‌ തീരുമാനത്തേയും തങ്ങളുടെ വീറ്റോ പവര്‍ ഉപയോഗിച്ച്‌ അവര്‍ പരാജയപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. വെപ്പണ്‍സ്‌ ഓഫ്‌ മാസ്‌ ഡിസ്‌റ്ററക്‌ഷന്‍ എന്ന കള്ള കഥമെനഞ്ഞ്‌ ജോര്‍ജ്‌ ബുഷ്‌ ഇറാക്കില്‍ നടത്തിയ അക്രമണത്തില്‍ അമേരിക്ക നേടിയത്‌ ലോകരാഷ്‌ട്രങ്ങളുടെ അവിശ്വാസമാണ്‌. രാസായുധങ്ങള്‍ ഉപയോഗിച്ച്‌ സിറിയ അക്രമണം നടത്തുന്നത,്‌ താന്‍ അത്തരം അക്രമണങ്ങള്‍ക്കെതിരെ വരച്ച ചുവന്നരേഖ മറിക്കടക്കുന്നതിന്‌ തുല്യമാണെന്നും, അത്‌ ലംഘിച്ചാല്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ലായെന്നുള്ള ഒബാമ നടത്തിയ വെല്ലുവിളി നിലനില്‌ക്കുമ്പോളാണ്‌ അല്‍ അസാദ്‌ തന്റെ രസതന്ത്ര വിദ്യ സ്വന്ത ജനതയുടെമേലൊന്ന്‌ പരിശോധിച്ചു നോക്കുന്നത്‌. ഇതിലെല്ലാമുപരി, വളരെ പ്രതീക്ഷയോടെ ലിബിയയിലും, ഈജിപ്‌ത്തിലും, അഫ്‌ഗാനിസ്ഥാനിലും നടന്ന ജനകീയ മുന്നേറ്റത്തെ അമേരിക്ക പിന്‍തുണച്ചെങ്കിലും, അല്‍ക്വയിഡ തുടങ്ങിയ തീവ്രവാദി സംഘടനകളുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്ന ഗവണ്മമെന്റും അതിന്റെ നേതൃത്വങ്ങളും അധികാരത്തില്‍ വന്നത്‌, സിറിയയുടെ ആസാദ്‌ ഗവണ്മെന്റിനെ പൂര്‍ണ്ണമായി തകിടം മറിക്കുന്നതില്‍ നിന്നും ഒബാമയെ പിന്‍തിരിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കിക്കൊണ്ടിരിക്കുകയാണ്‌. അതിന്റെ ഒരു ലാഞ്ചന, ബ്രിട്ടീഷ്‌ പാര്‍ലമെന്റിന്റെ നടപടികളെ മാതൃകയാക്കി, അമേരിക്ക അക്രമിക്കണോ വേണ്ടായോ എന്ന്‌, അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ തീര്‍പ്പിനായി വിട്ടുകൊടുത്തതില്‍ ഇല്ലെയെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.
രാസായുധങ്ങളുടെ പിന്നിലെ ഒളിച്ചുകളികള്‍ (ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക