Image

ഉപരാഷ്‌ട്രപതി ഹമീദ്‌ അന്‍സാരി എര്‍ഡോഗാനുമായി കൂടിക്കാഴ്‌ച നടത്തി

ജോസ്‌ കുമ്പിളുവേലില്‍ Published on 12 October, 2011
ഉപരാഷ്‌ട്രപതി ഹമീദ്‌ അന്‍സാരി എര്‍ഡോഗാനുമായി കൂടിക്കാഴ്‌ച നടത്തി
ഈസ്റ്റാന്‍ബുള്‍: തുര്‍ക്കി സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ ഉപരാഷ്‌ട്രപതി ഹമീദ്‌ അന്‍സാരി പ്രധാനമന്ത്രി എര്‍ഡോഗാനുമായി കൂടിക്കാഴ്‌ച നടത്തി. ഇരുവരുടെയും കൂടിക്കാഴ്‌ചയില്‍ ഭീകരത മുഖ്യ ചര്‍ച്ചാവിഷയമായി. ഭീകര ഭീഷണി നേരിടുന്നതില്‍ ഉറച്ചു നില്‍ക്കണമെന്ന്‌ ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ ഏകകണ്‌ഠമായി അഭിപ്രായപ്പെട്ടു.

തുര്‍ക്കി പ്രസിഡന്റ്‌ അബ്‌ദുള്ള ഗുലിന്‌ സന്ദര്‍ശിച്ച്‌ അന്‍സാരി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ടര്‍ക്കിഷ്‌ ഗ്രാന്‍ഡ്‌ നാഷണല്‍ അസംബ്ലി അംഗങ്ങളുമായും പ്രതിനിധിതല ചര്‍ച്ചയുണ്‌ടായിരുന്നു.

ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഇലക്‌ട്രോണിക്‌ വോട്ടിംഗ്‌ മെഷീനുകളില്‍ തുര്‍ക്കി സജീവ താത്‌പര്യം പ്രകടിപ്പിച്ചതായി വിദേശമന്ത്രാലയ സെക്രട്ടറി പിനാക്‌ രഞ്‌ജന്‍ ചക്രവര്‍ത്തി അറിയിച്ചു. ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയില്‍ സൗഹൃദം വളര്‍ത്താന്‍ ഇന്ത്യ തുര്‍ക്കി ഫ്രണ്‌ട്‌ഷിപ്പ്‌ ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്‌ട്‌.

തുര്‍ക്കി സന്ദര്‍ശനത്തിനുശേഷം ഹമീദ്‌ അന്‍സാരി കെനിയ സന്ദര്‍ശിക്കും. അവിടെ മെവ്‌ലാന യൂണിവേഴ്‌സിറ്റി അദ്ദേഹത്തിന്‌ ഓണററി ഡോക്‌റ്റേറ്റും സമ്മാനിക്കും.

തുര്‍ക്കിയുമായുള്ള വ്യാപാര-വാണിജ്യ സഹകരണം വിപുലപ്പെടുത്താനാണ്‌ ഉപരാഷ്‌ട്രപതി ഹാമീദ്‌ അന്‍സാരിയുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം തിങ്കളാഴ്‌ചയാണ്‌ തുര്‍ക്കിയിലെത്തിയത്‌. സാമൂഹിക ക്ഷേമ മന്ത്രി മുകുള്‍ വാസ്‌നിക്‌, മുതിര്‍ന്ന സിപിഎം അംഗം സീതാറാം യെച്ചൂരി, എംപിമാരായ രഞ്‌ജിത്‌സിംഗ്‌ വിജയസിംഗ്‌ പട്ടേല്‍, വിജയ്‌ പാല്‍ സിംഗ്‌, ഇംഗ്രിഡ്‌ മക്ലിയോഡ്‌ തുടങ്ങിയവരും പ്രമുഖ വ്യവസായികളും ഉപരാഷ്‌ട്രപതിയെ അനുഗമിക്കുന്നുണ്‌ട്‌. അടിസ്‌ഥാന സൗകര്യ വികസനം, ഐടി, ഓട്ടമൊബൈല്‍ എന്‍ജിനീറിംഗ്‌ തുടങ്ങിയ മേഖലകളിലെ സഹകരണത്തിനാണ്‌ ഇന്ത്യ ഊന്നല്‍ നല്‍കുക. ഒക്‌ടോബര്‍ 15 ന്‌ സന്ദര്‍ശനം അവസാനിക്കും.

പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ്‌യുടെ നേതൃത്വത്തില്‍ 2003 ലാണ്‌ അവസാനമായി ഇന്ത്യന്‍ സംഘം തുര്‍ക്കി സന്ദര്‍ശിച്ചത്‌. അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി 1998 ല്‍ ഇവിടം സന്ദര്‍ശിച്ചിരുന്നത്‌ വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
ഉപരാഷ്‌ട്രപതി ഹമീദ്‌ അന്‍സാരി എര്‍ഡോഗാനുമായി കൂടിക്കാഴ്‌ച നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക