Image

ഓണം അന്നും ഇന്നും (കവിത: ജി. പുത്തന്‍കുരിശ്‌)

Published on 13 September, 2013
ഓണം അന്നും ഇന്നും (കവിത: ജി. പുത്തന്‍കുരിശ്‌)
ഓണത്തിനോര്‍മ്മകള്‍ ഓടിയെത്തീടുമ്പോള്‍
ആനന്ദത്താല്‍ മനം തുന്ദിലമാകുന്നു.
ജാതിമതത്തിന്റെ തിന്മകള്‍ തീണ്ടാതെ
മോദമായി സര്‍വ്വരും ഒന്നിച്ച നാളുകള്‍
കൂട്ടുകാരൊന്നിച്ചു പൂക്കളിറുക്കുവാന്‍
മേട്ടുവഴികളില്‍ ഓടിനടന്നതും
മുറ്റത്ത്‌ പൂക്കളം തീര്‍ത്തട്ടിതിന്‍ ഭംഗി
കുട്ടികളാം ഞങ്ങള്‍ ആസ്വദിച്ചാര്‍ത്തതും
ഓണപുടവയണിഞ്ഞേിട്ടേവരും
ഓണത്തപ്പനെ കാത്തങ്ങു നിന്നതും
ഇന്നലെയെന്നപോല്‍ വന്നെന്‍ മനസ്സിന്റെ
മുന്നില്‍ നിന്നങ്ങനെ കൈകൊട്ടിയാടുന്നു.
കാലചക്രം അതിശീഘ്രം തിരിഞ്ഞപ്പോള്‍
കോലങ്ങള്‍ മാറി ഓര്‍മ്മയും മാഞ്ഞു
ഓണാഘോഷമൊക്കയും ടീവിയിലെവെറും
ചേണുറ്റ സ്വപ്‌നമായ്‌ ചുങ്ങിചുരുങ്ങി.
മാവേലി മന്നന്റെ നാട്ടിലെ ജനം
ഹാ! വെറും സ്വര്‍ത്ഥമതികളായി മാറി
ജാതിമതത്തിന്റെ സ്‌പര്‍ദ്ധകളെല്ലാടോം
വ്യാധിപോലെ പടര്‍ന്നങ്ങുകേറി
മോഹത്താല്‍ ചിന്തയുറഞ്ഞു മരച്ചു
ആഹന്തയാല്‍ ജനം അന്ധരായിമാറി
മൂക്കറ്റം മുഴുവനും മദ്യംകഴിച്ചാണുങ്ങള്‍
വാക്കേറ്റം പീഡനം ഭാര്യയെ മര്‍ദ്ദനം
കാമവെറിപൂണ്ട കശ്‌മലര്‍ സ്‌ത്രീകളെ
ഹേമിച്ചു മാനഭംഗപ്പെടുത്തീടുന്നു
വേലി വിളവുതിന്നുന്നപോല്‍ ചിലര്‍
ചേലപറിക്കുന്നു സ്വന്തകിടാങ്ങടെ
കള്ളത്തരം കൊല കൊള്ളയുമൊക്കയും
തള്ളിക്കയറുന്നു നാടായനാടൊക്കെ
അയ്യോ! എന്‍ നാടൊരു പോര്‍ക്കളമായി മാറി
വയ്യാ! തിരുമേനി വന്നീടുവേഗം
കാലചക്രങ്ങളെ വിണ്ടും തിരിക്കുവാന്‍
ചേലെഴും ഓണത്തിന്‍ ഓര്‍മ്മപുതുക്കുവാന്‍.
ഓണം അന്നും ഇന്നും (കവിത: ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക