Image

പ്രവാസി ആക്‌ഷന്‍ കൗണ്‍സിലിന്‌ പ്രമുഖ സംഘടനകളുടെ പിന്തുണ

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 15 October, 2011
പ്രവാസി ആക്‌ഷന്‍ കൗണ്‍സിലിന്‌ പ്രമുഖ സംഘടനകളുടെ പിന്തുണ
ന്യൂയോര്‍ക്ക്‌: പ്രവാസികളുടെ നിരവധി പ്രശ്‌നങ്ങള്‍ക്ക്‌ ശാശ്വത പരിഹാരം കാണുന്നതിനായി രൂപീകരിച്ച `ഇന്ത്യന്‍ പ്രവാസി ആക്‌ഷന്‍ കൗണ്‍സിലില്‍' (IPAC) ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ നിരവധി സംഘടനകള്‍ രംഗത്തെത്തി.

ഒക്ടോബര്‍ 4-നു വിളിച്ചുചേര്‍ത്ത ഹൂസ്റ്റന്‍ റീജിയണ്‍ കോണ്‍ഫറന്‍സില്‍ ഹൂസ്റ്റണ്‍ കോണ്‍സുലേറ്റിന്റെ പരിധിയിലുള്‍പ്പെട്ട അലബാമ, അര്‍ക്കന്‍സാസ്‌, ഫ്‌ളോറിഡ, ജോര്‍ജിയ, കാന്‍സസ്‌, ലൂസിയാന, മിസ്സിസ്സിപ്പി, ഓക്‌ലഹോമ, ടെക്‌സാസ്‌ എന്നിവിടങ്ങളില്‍നിന്നുള്ള പ്രമുഖരായ അനേകം സാമൂഹ്യപ്രവര്‍ത്തകര്‍ തങ്ങളുടെ പിന്തുണ പ്രഖ്യാപിക്കുകയും വിവിധ കമ്മിറ്റികളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു.

ഒക്ടോബര്‍ 12-നു വിളിച്ചു ചേര്‍ത്ത ഷിക്കാഗോ റീജിയണ്‍ കോണ്‍ഫറന്‍സില്‍ ഷിക്കാഗോ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പരിധിയില്‍ വരുന്ന ഇല്ലിനോയ്‌, ഇന്‍ഡ്യാന, അയോവ, മിഷിഗന്‍, മിനസോട്ട, വിസ്‌കോസിന്‍, മിസ്സൗറി, നോര്‍ത്ത്‌ ഡക്കോട്ട, സൗത്ത്‌ ഡക്കോട്ട എന്നിവിടങ്ങളില്‍ നിന്ന്‌ അത്ഭുതാവഹമായ പ്രതികരണമാണ്‌ ഐപാകിന്‌ ലഭിച്ചത്‌. വിവിധ സംഘടനാ പ്രസിഡന്റുമാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തില്‍ അറിയപ്പെടുന്ന പല പ്രമുഖ വ്യക്തികളും തങ്ങളുടെ സഹകരണ പ്രഖ്യാപനവുമായി കോണ്‍ഫറന്‍സില്‍ ആദ്യാവസാനം വരെ പങ്കെടുത്തു.

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍, ഫൊക്കാന, ഫോമ എന്നീ പ്രമുഖ സംഘടനാ നേതാക്കളെക്കൂടാതെ, നിരവധി മലയാളി സംഘടനാ പ്രതിനിധികള്‍ വിഭാഗീയതകള്‍ മറന്ന്‌ ഐപാകിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ മുന്നോട്ടു വന്നത്‌ ഈ പ്രസ്ഥാനത്തിന്റെ ആവശ്യകതയെ വിളിച്ചോതുന്നു. വാഷിംഗ്‌ടണ്‍, സാന്‍ഫ്രാന്‍സിസ്‌കോ, ന്യൂയോര്‍ക്ക്‌ എന്നീ റീജിയണുകളിലെ കോണ്‍ഫറന്‍സ്‌ വരുംദിനങ്ങളില്‍ നടക്കുന്നതായിരിക്കും.

ഐപാകിന്റെ വെബ്‌സൈറ്റ്‌ പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാമാകുമ്പോള്‍ നിങ്ങള്‍ക്ക്‌ പരാതികളും അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നതോടൊപ്പം വോട്ട്‌ ചെയ്യാനുള്ള സംവിധാനവും ഉണ്ടായിരിക്കുന്നതാണ്‌.

ജിബി തോമസ്‌, വിന്‍സന്‍ പാലത്തിങ്കല്‍, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ടി. ഉണ്ണിക്കൃഷ്‌ണന്‍, സിബി ഡേവിഡ്‌, സജീവ്‌ വേലായുധന്‍, സന്തോഷ്‌ നായര്‍ എന്നീ വിവരസാങ്കേതിക വിദഗ്‌ധരടങ്ങുന്ന സംഘമാണ്‌ വെബ്‌സൈറ്റിന്റേയും ഇലക്ട്രോണിക്‌ വോട്ടിംഗിന്റേയും നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്‌. അതുപോലെ വിവിധ കമ്മിറ്റികള്‍ അവരവരുടെ കര്‍മ്മമണ്ഡലങ്ങളില്‍ ശ്രദ്ധയൂന്നി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ആയിരക്കണക്കിനു പേര്‍ ഇതിനോടകം ഫേസ്‌ ബുക്കിലും ഐപാകിന്റെ അംഗങ്ങളായിക്കഴിഞ്ഞു.

ഐപാകിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ കൂടുതല്‍ അറിയുവാന്‍ താല്‌പര്യമുള്ളവര്‍ ബന്ധപ്പെടുക: pravasiaction@yahoogroups.com
പ്രവാസി ആക്‌ഷന്‍ കൗണ്‍സിലിന്‌ പ്രമുഖ സംഘടനകളുടെ പിന്തുണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക