Image

മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി തുരുത്തി നിവാസികള്‍ക്കൊപ്പം

ജോയിച്ചന്‍ പുതുക്കുളം Published on 15 October, 2011
മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി തുരുത്തി നിവാസികള്‍ക്കൊപ്പം
ഷിക്കാഗോ: സീറോ മലബാര്‍ സഭയുടെ മഹാ ഇടയനായ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പിതാവ്‌, ചങ്ങനാശേരി തുരുത്തിയില്‍ നിന്നും ഷിക്കാഗോയില്‍ കുടിയേറിപ്പാര്‍ത്തിരിക്കുന്ന ബന്ധുക്കളും സമീപവാസികളുമായി ഒത്തുചേര്‍ന്ന്‌ ഏതാനും സമയം ചെലവഴിച്ചത്‌ തുരുത്തി നിവാസികള്‍ക്ക്‌ മഹനീയ നിമിഷങ്ങള്‍ സമ്മാനിച്ചു. തങ്ങളുടെ സ്വന്തം പിതാവിന്‌ ലഭിച്ച സ്ഥാനലബ്‌ദിയില്‍ തുരുത്തിക്കാര്‍ ആനന്ദ ലഹരിയിലാണ്‌.

പിതാവിന്റെ സൗകര്യാര്‍ത്ഥം ഷിക്കാഗോ സീറോ മലബാര്‍ രൂപതാ ആസ്ഥാനത്ത്‌ ഞായറാഴ്‌ച പ്രഭാതത്തില്‍ ഒന്നിച്ചുകൂടിയ തുരുത്തി നിവാസികള്‍ക്കൊപ്പം അഭിവന്ദ്യ പിതാവ്‌ പ്രഭാത ഭക്ഷണം കഴിക്കുകയും, ഓരോരുത്തരുമായി കുശലാന്വേഷണം നടത്തുകയും ചെയ്‌തത്‌ വളരെ ചാരിതാര്‍ത്ഥ്യത്തോടുകൂടിയാണ്‌ പിതാവിന്റെ ബന്ധുകൂടിയായ സ്‌കറിയാക്കുട്ടി തോമസ്‌, കൊച്ചുവീട്ടില്‍ വിവരിച്ചത്‌.

ഷിക്കാഗോ സീറോ മലബാര്‍ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, വികാരി ജനറാള്‍ ഫാ. ആന്റണി തുണ്ടത്തില്‍, ചാന്‍സലര്‍ ഫാ. വിനോദ്‌ മഠത്തിപ്പറമ്പില്‍ എന്നിവരും തുരുത്തി നിവാസികള്‍ക്കൊപ്പം സന്തോഷത്തില്‍ പങ്കെടുത്തു.

ലോകമെങ്ങുമുള്ള സീറോ മലബാര്‍ സഭയുടെ എല്ലാ മക്കളേയും ഒരേ കുടക്കീഴില്‍ ഒരുമയോടെ നയിക്കുവാനുള്ള പരിശുദ്ധാത്മാവിന്റെ പ്രചോദനവും, ശക്തിയും, ദീര്‍ഘായുസ്സും തങ്ങളുടെ പിതാവിന്‌ ലഭിക്കുവാന്‍ എന്നും പ്രാര്‍ത്ഥിക്കുമെന്നും തുരുത്തി നിവാസികള്‍ അറിയിച്ചു.

വിഭവസമൃദ്ധമായ പ്രഭാതഭക്ഷണം തയാറാക്കിക്കൊണ്ടുവന്ന്‌, അഭിവന്ദ്യ പിതാവിനോടൊപ്പം നല്ല ഒരു സുപ്രഭാതം പങ്കിടുവാന്‍ അവസരം ഒരുക്കുന്നതിന്‌ സ്‌കറിയാക്കുട്ടി തോമസ്‌ (കുഞ്ഞച്ചന്‍ കൊച്ചുവീട്ടില്‍), ബോബന്‍ കളത്തില്‍, ജോയി കൊച്ചുവീട്ടില്‍, വിക്‌ടര്‍ വര്‍ഗീസ്‌, ഡോ. മനോജ്‌ നേര്യംപറമ്പില്‍, റോയി, വിറ്റോ പഞ്ഞിക്കാരന്‍, ത്രേസ്യാമ്മ വാണിയപ്പുരയ്‌ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി തുരുത്തി നിവാസികള്‍ക്കൊപ്പം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക