Image

ടോക്കിയോ: നായര്‍സാനു ശേഷം മലയാളികള്‍ക്കൊരു ദേവമംഗലം (കുര്യന്‍ പാമ്പാടി)

Published on 26 September, 2013
ടോക്കിയോ: നായര്‍സാനു ശേഷം മലയാളികള്‍ക്കൊരു ദേവമംഗലം (കുര്യന്‍ പാമ്പാടി)
ഒളിമ്പിക്‌സ്‌ അര നൂറ്റാണ്ടിനുശേഷം 2020ല്‍ ഏഷ്യയിലേക്കു മടങ്ങിവരുന്നുവെന്ന സത്യം ജപ്പാന്‍കാരേക്കാളേറെ ഇതര ജനസമൂഹങ്ങളെയാണ്‌ വിസ്‌മയിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്യുന്നത്‌. കുറഞ്ഞപക്ഷം അഞ്ഞൂറു മലയാളികളുണ്ട്‌ ജപ്പാനില്‍. അവരില്‍ ഒറ്റയാള്‍പ്പോലും 1964ല്‍ ടോക്കിയോയില്‍ അരങ്ങേറിയ ഒളിമ്പിക്‌സ്‌ കണ്ടിട്ടുണ്ടാവില്ല. കാല്‍ നൂറ്റാണ്ടടുത്ത്‌ നിപ്പണ്‍ സര്‍വ്വകലാശാലയില്‍ ജോലിചെയ്യുന്ന റൂബിയാണ്‌ ഒരുപക്ഷേ ഏറ്റം സീനിയര്‍ മലയാളി. റൂബിയും ഒളിമ്പിക്‌സ്‌ നേരിട്ടു കണ്ടിരിക്കില്ല.

പുതുപ്പള്ളി കന്നുകുഴി കുടുംബാംഗമായ പ്രൊഫ. റൂബി ഉല്ലാസ്‌ പവങ്കര്‍ (ഭര്‍ത്താവ്‌ ഏതാനും വര്‍ഷം മുമ്പു ടോക്കിയോയില്‍ അന്തരിച്ചു) ലോകമൊട്ടാകെ അറിയപ്പെടുന്ന ഒരു ശാസ്‌ത്രജ്ഞയാണ്‌. വേള്‍ഡ്‌ അലര്‍ജി ഓര്‍ഗനൈസേഷന്റെ ചരിത്രത്തില്‍ ആദ്യത്തെ വനിതാ പ്രസിഡന്റും ആദ്യത്തെ ഏഷ്യക്കാരിയുമാണു റൂബി. ഷിക്കാഗോയില്‍ ഡിസംബറില്‍ ഒരു ആഗോള അലര്‍ജി കണ്‍വന്‍ഷന്‍ നടത്തുന്ന തിരക്കിനിടയില്‍ ഡല്‍ഹിയിലെത്തിയ റൂബി ഈ ലേഖകനുമായി ഫോണില്‍ സംസാരിച്ചു.

``ഞാന്‍ കോട്ടയത്തെ ബേക്കര്‍ സ്‌കൂളിലും ബി.സി.എം കോളജിലും പഠിച്ചയാളാണ്‌. ഡാഡി ടി.സി. മാത്യു ജോലിചെയ്‌തിരുന്ന കല്‍ക്കട്ടയിലെത്തിയപ്പോള്‍ ലൊറേറ്റോ സ്‌കൂളിലും പഠിച്ചു. പൂനയില്‍ ആംഡ്‌ ഫോഴ്‌സസ്‌ മെഡിക്കല്‍ കോളജില്‍നിന്നും എം.ബി.ബി.എസും ബി.ജെ മെഡിക്കല്‍ കോളജില്‍നിന്ന്‌ എം.ഡി.യും എടുത്തു. ടോക്കിയോയിലെ നിപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നാണു ഡോക്‌ടറേറ്റ്‌'' - റൂബി പറഞ്ഞു. അരുന്ധതി റോയിയുടെ അമ്മ മേരി റോയിയുമായി അമ്മവഴി ബന്ധമുള്ള റൂബിക്ക്‌ ഒരു സഹോദരന്‍ - അഹമ്മദ്‌ബാദില്‍ താമസിക്കുന്ന ടി.കെ. കോര. കോട്ടയത്തുള്ള ബന്ധു സണ്ണി പാലത്തിങ്കല്‍ മരിച്ചശേഷം `വത്സക്കൊച്ചമ്മ'യെ കാണാന്‍ രണ്ടുവര്‍ഷംമുമ്പ്‌ എത്തിയിരുന്നു.

ടോക്കിയോയിലെ മലയാളികള്‍ എണ്ണത്തില്‍ കുറവെങ്കിലും ഐക്യത്തില്‍ ശക്തിയാണ്‌. അവര്‍ ഓണവും നവവത്സരവും ആഘോഷിക്കുന്നു. ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ കേരളോത്സവം നടത്തുന്നു. മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. തിരുവാതിരയും മോഹനിയാട്ടവും കഥകളിയുമൊക്കെ അവതരിപ്പിക്കുന്നു. `ഗുരുകുലം' എന്ന പേരില്‍ മലയാളം പഠനക്കളരി നടത്തുന്നു. പഠിപ്പിക്കുന്നവരില്‍ ഒരാള്‍ കോട്ടയത്തെ ശക്തികുമാര്‍. ``കേരളമെന്നു കേട്ടാലോ, തിളയ്‌ക്കണം ചോര നമുക്കു ഞരമ്പുകളില്‍...'' -ശക്തി പഠിപ്പിക്കുന്നു. ശക്തിയുടെ ടോക്കിയോയിലെ വീടിന്റെ പേര്‌ `ദേവമംഗലം'. എല്ലാവരെയും കോര്‍ത്തിണക്കാനായി `നിഹന്‍കൈരളി' എന്ന വെബ്‌ജേണല്‍ ഇറക്കുന്നു. (നിഹന്‍, നിപ്പണ്‍ എന്നീ പദങ്ങള്‍ക്ക്‌ ജപ്പാന്‍ എന്നര്‍ത്ഥം).

പതിവുപോലെ ഇത്തവണയും ഓണം പൊടിപൂരമായി സംഘടിപ്പിച്ചു. 1.32 കോടി ജനം വസിക്കുന്ന ടോക്കിയോ നഗരത്തില്‍ തന്നെയുള്ള മിസുവേ സ്റ്റേഷനില്‍നിന്നു രണ്ടു മിനിറ്റ്‌ നടന്നാലെത്തുന്ന ഫ്രണ്ട്‌ ഹാളിലായിരുന്നു പരിപാടി. മുഖ്യാതിഥി ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വാ. വാഴയിലയില്‍ വിളമ്പിയ സദ്യയില്‍ കുട്ടികളും സ്‌ത്രീകളുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. നിര്‍വ്വാണം, കേരള ഭവന്‍, റോയല്‍ ഇന്ത്യന്‍ ഡൈനിംഗ്‌ എന്നീ സ്ഥാപനങ്ങളാണ്‌ സദ്യയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചത്‌.

മലയാളികളുടെ ഏതു കൂട്ടായ്‌മയിലും നടുനായകത്വം വഹിക്കുന്ന കോട്ടയംകാരനായ ശക്തികുമാര്‍ (ടോയോ സര്‍വ്വകലാശാലയില്‍ നാനോ സയന്‍സ്‌ പ്രൊഫസര്‍), ശ്രീകുമാര്‍, ഉദയരാജ്‌, സോബി തോമസ്‌ ഏബ്രഹാം, ജയപ്രകാശ്‌ തുടങ്ങിയവര്‍ ഇത്തവണയും അരങ്ങുതകര്‍ത്തു. 2009-ല്‍ യോക്കഹാമയില്‍ കേരളോത്സവം സംഘടിപ്പിച്ചു പേരെടുത്ത ബാങ്ക്‌ ഓഫീസര്‍ സുരേഷ്‌ ലാലും നാട്ടില്‍ പോയി മടങ്ങിയെത്തിയിരുന്നു.

2005-ല്‍ ഈ ലേഖകന്‌ യോക്കഹാമ ചുറ്റിനടന്നു കാണിച്ചുതന്ന തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശിയാണ്‌ സുരേഷ്‌ലാല്‍. 1923 സെപ്‌റ്റംബര്‍ ഒന്നിന്‌ ജപ്പാനെ പിടിച്ചുലച്ച ഏറ്റം ഭയാനകമായ ഭൂമികുലുക്കത്തില്‍ ഒരു ലക്ഷം പേരാണത്രേ മണ്ണടിഞ്ഞത്‌. ആയിരക്കണക്കിന്‌ ഇന്ത്യക്കാരും അക്കൂട്ടത്തിലുണ്ടായിരുന്നു. യോക്കഹാമ തുറമുഖത്ത്‌ അവരെ സ്‌മരിക്കാന്‍ പടുത്തുയര്‍ത്തിയ സ്‌മാരകത്തിനു മുമ്പില്‍ നിന്ന്‌ ഞങ്ങള്‍ ചിത്രങ്ങളെടുത്തു മറക്കാനാവാത്ത മറ്റൊരാളുണ്ട്‌. ഫുക്കവോക്കയില്‍നിന്നു കാറോടിച്ച്‌, അണുബോംബേറ്റു തകര്‍ന്ന നാഗസാക്കി കാണിക്കാന്‍ കൊണ്ടുപോയ പ്രൊഫ. അബ്‌ദുള്ള ബാവ (ക്യുഷു ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി) യാണ്‌ മറ്റൊരാള്‍.

ടോക്കിയോയിലെ ഏറ്റം തിരക്കുപിടിച്ച ബിസിനസ്‌ കേന്ദ്രം ഗിന്‍സ ഡിസ്‌ട്രിക്‌ടില്‍ മാനംമുട്ടെ നില്‍ക്കുന്ന സ്‌ഫിടകക്കെട്ടിടങ്ങള്‍ക്കു താഴെ മസാലദോശ വില്‍ക്കുന്ന നായര്‍സാനെ മറക്കാനൊക്കുമോ...? രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ഒരു ജാപ്പനീസ്‌ വനിതയെ വിവാഹംചെയ്‌ത്‌ നായര്‍സാന്‍ എന്ന പേരു സ്വീകരിച്ച ഈ തിരുവനന്തപുരത്തുകാരന്‍ ഇപ്പോഴില്ല. മകന്‍ ജി.എ. നായരാണ്‌ സ്ഥാപനം നടത്തുന്നത്‌. ഡി.ആര്‍. നായര്‍ മാനേജറും.

എല്ലാ നായന്മാരും എല്ലാ മാപ്പിളമാരും എല്ലാ മുസല്‍മാന്‍മാരും നോക്കിപ്പാര്‍ത്തിരിക്കുകയാണ്‌ 2020 ലെ ഒളിമ്പിക്‌സ്‌ മാമാങ്കം. 1964-ല്‍ ഏഷ്യയില്‍ ആദ്യമായി മേള അരങ്ങേറിയ സ്റ്റേഡിയം തല്ലിപ്പൊളിച്ച്‌, പൂര്‍ണമായും സൗരോര്‍ജത്തില്‍ ഓടുന്ന ലോകത്തിലെ ആദ്യത്തെ സ്റ്റേഡിയം പടുത്തുയര്‍ത്തനാണ്‌ ജപ്പാന്‍ ഒരുമ്പെടുന്നത്‌. 64-ല്‍ ഒളിമ്പിക്‌സ്‌ സംഘടിപ്പിച്ച പ്രധാനമന്ത്രിയുടെ കൊച്ചുമകന്‍ ഷിന്‍സു ആബെ ആണ്‌ ഇപ്പോഴത്തെ പ്രധാനമന്ത്രി.

ഈ ലേഖകനുമുണ്ട്‌ ടോക്കിയോ 2020-ല്‍ ചില കാര്യങ്ങള്‍. ഔദ്യോഗിക അക്രഡിറ്റേഷനുമായി ഒളിമ്പിക്‌സ്‌ റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ ആദ്യത്തെ മലയാളി എന്ന നിലയ്‌ക്കാണത്‌. 1976ല്‍ മോണ്‍ട്രിയോളില്‍വച്ച്‌ ഞാന്‍ കണ്ടുമുട്ടിയ ജര്‍മന്‍ സുവര്‍ണതാരം (വാള്‍പ്പയറ്റ്‌) ആറടിയിലേറെ പൊക്കമുള്ള തോമസ്‌ ബാക്ക്‌ ആണ്‌ ഇന്ന്‌ ഇന്റര്‍നാഷണല്‍ ഒളിമ്പിക്‌സ്‌ കമ്മിറ്റി പ്രസിഡന്റ്‌. അന്നു പ്രസിഡന്റായിരുന്ന ലോര്‍ഡ്‌ മൈക്കില്‍ കില്ലാനിന്റെ സര്‍ട്ടിഫിക്കറ്റുമായി ഒരിക്കല്‍ക്കൂടി ഒളിമ്പിക്‌സിനു പോയാലോ...?

ടോക്കിയേയിലേക്ക്‌ എന്നെ പിടിച്ചുവലിക്കുന്ന ബന്ധങ്ങള്‍ ചിലതുകൂടിയുണ്ട്‌. 2005ല്‍ അവിടെ എന്നെ ഹൃദ്യമായി സ്വീകരിച്ച ഡോ. ശക്തികുമാര്‍. ഒപ്പം, അവിടെ ഇംഗ്ലീഷ്‌ പഠിപ്പിക്കുന്ന എം.ബി.എക്കാരിയായ ഭാര്യ നീന. അവര്‍ക്ക്‌ അങ്കിതിനു പുറമേ അഭയ്‌ എന്നൊരു പുത്രന്‍കൂടിയുണ്ടിപ്പോള്‍. അഭയിനെ ഇതുവരെ കണ്ടിട്ടില്ല. പക്ഷേ, ശക്തിയുടെ പിതാവ്‌ മനോരമയില്‍ എന്റെ സഹപ്രവര്‍ത്തകനായിരുന്ന പി. ദാസപ്പന്‍നായരെയും അവിടെത്തന്നെയുള്ള സഹോദരന്‍ ജയകുമാറിനെയും, നീനയുടെ പിതാവ്‌ കെ.ആര്‍. രാജശേഖരന്‍നായരെയും അമ്മ ശോഭനയെയും കൂടെക്കൂടെ കണ്ട്‌ ഓര്‍മ പുതുക്കാറുണ്ടെന്നു മാത്രം.

സുനാമി നാശംവിതച്ച ഫുക്കുഷിമ ടോക്കിയോയ്‌ക്ക്‌ 240 കിലോമീറ്റര്‍ അകലെയാണ്‌. പീച്ച്‌, ആപ്പിള്‍ പഴങ്ങള്‍ക്കു പ്രസിദ്ധമായ ഫുക്കുഷിമ പണ്ടത്തെപ്പോലെതന്നെ പഴങ്ങള്‍ ടണ്‍കണക്കിന്‌ വിപണിയില്‍ എത്തിക്കുന്നതായി ജാപ്പനീസ്‌ ടിവിയില്‍ കണ്ടു. ഒരിക്കല്‍ക്കൂടി ഫുക്കുഷിമ കാണണം. അവസാനമായി ഒന്നുകൂടി - ഷിക്കൊക്കു ദ്വീപിലെ `കൊച്ചി' എന്നുതന്നെ പേരുള്ള തുറമുഖപട്ടണവും സന്ദര്‍ശിക്കണം.

(ചിത്രങ്ങള്‍: ലേഖകന്‍, നിഹണ്‍ കേരളം, വേള്‍ഡ്‌ വൈഡ്‌ വെബ്‌)
ടോക്കിയോ: നായര്‍സാനു ശേഷം മലയാളികള്‍ക്കൊരു ദേവമംഗലം (കുര്യന്‍ പാമ്പാടി)ടോക്കിയോ: നായര്‍സാനു ശേഷം മലയാളികള്‍ക്കൊരു ദേവമംഗലം (കുര്യന്‍ പാമ്പാടി)ടോക്കിയോ: നായര്‍സാനു ശേഷം മലയാളികള്‍ക്കൊരു ദേവമംഗലം (കുര്യന്‍ പാമ്പാടി)ടോക്കിയോ: നായര്‍സാനു ശേഷം മലയാളികള്‍ക്കൊരു ദേവമംഗലം (കുര്യന്‍ പാമ്പാടി)ടോക്കിയോ: നായര്‍സാനു ശേഷം മലയാളികള്‍ക്കൊരു ദേവമംഗലം (കുര്യന്‍ പാമ്പാടി)ടോക്കിയോ: നായര്‍സാനു ശേഷം മലയാളികള്‍ക്കൊരു ദേവമംഗലം (കുര്യന്‍ പാമ്പാടി)ടോക്കിയോ: നായര്‍സാനു ശേഷം മലയാളികള്‍ക്കൊരു ദേവമംഗലം (കുര്യന്‍ പാമ്പാടി)ടോക്കിയോ: നായര്‍സാനു ശേഷം മലയാളികള്‍ക്കൊരു ദേവമംഗലം (കുര്യന്‍ പാമ്പാടി)ടോക്കിയോ: നായര്‍സാനു ശേഷം മലയാളികള്‍ക്കൊരു ദേവമംഗലം (കുര്യന്‍ പാമ്പാടി)ടോക്കിയോ: നായര്‍സാനു ശേഷം മലയാളികള്‍ക്കൊരു ദേവമംഗലം (കുര്യന്‍ പാമ്പാടി)ടോക്കിയോ: നായര്‍സാനു ശേഷം മലയാളികള്‍ക്കൊരു ദേവമംഗലം (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക