Image

പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍.....(ദളം 2; ഓര്‍മ്മക്കുറിപ്പുകള്‍: സരോജ വര്‍ഗീസ്‌, ന്യൂയോര്‍ക്ക്‌)

സരോജ വര്‍ഗീസ്‌ Published on 01 October, 2013
പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍.....(ദളം 2; ഓര്‍മ്മക്കുറിപ്പുകള്‍: സരോജ വര്‍ഗീസ്‌, ന്യൂയോര്‍ക്ക്‌)
അരുണാഭ വിതറിയ പശ്ചിമാംബരം വളരെ ആകര്‍ഷണീയമായിരിക്കുന്നു. ഹരിതഭംഗി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വൃക്ഷലതാദികള്‍ പ്രകൃതിയുടെ ദൃശ്യചാരുതയില്‍ വ്യത്യസ്ഥത വരുത്തുന്നു. അങ്ങുദൂരെ മേഘപാളികളെ വകഞ്ഞു മാറ്റിക്കൊണ്ട് ഒരു വിമാനം മുന്നോട്ടു പായുന്നു. ഏകാന്തതയിലിരുന്ന് ഈ സായാഹ്നത്തിന്റെ സൗന്ദര്യം ആസ്വദിക്കുമ്പോള്‍ ഗതകാലസ്മരണകളെ തട്ടിയുണര്‍ത്തിക്കൊണ്ട് കാലചക്രം പിന്നോട്ടുതള്ളുന്നു.

എന്റെ പ്രിയപ്പെട്ടവന്‍, എന്നോടൊപ്പം ഈ വരാന്തയിലിരുന്ന് എന്റെ ഹൃദയവികാരങ്ങളെ തൊട്ടറിഞ്ഞവന്‍, ഗ്രാമത്തിന്റെ വിശുദ്ധിയില്‍ നിന്നും, പരിഷ്‌ക്കാരത്തിന്‌റെ പ്രതീകമായ ഈ മറുനാടന്‍ ജീവിതത്തിലേക്ക് എന്നെ അനുഗമിച്ചവന്‍, തേനും പാലും ഒഴുക്കുന്ന നാട്ടില്‍ ആറടിമണ്ണ് സ്വന്തമാക്കി വിശ്രമം കൊള്ളുന്ന എന്റെ സ്‌നേഹനിധി. 47 വര്‍ഷങ്ങള്‍ക്കു മുമ്പ്, യുവത്വം തുളുമ്പുന്ന പുഞ്ചിരിയുമായി, വീട്ടുകാരുമൊത്ത് 'പെണ്ണുകാണല്‍' ചടങ്ങിനായി എന്റെ തറവാടിന്റെ ഉമ്മറത്തുവന്ന എന്റെ ജോ.

വര്‍ഷങ്ങള്‍ കൊഴിഞ്ഞുവീണു. ന്യൂയോര്‍ക്കിലെ ഈ വീട്ടിലെ വരാന്തയില്‍ ഒരു കസേരയില്‍ ഞാനിരുന്നു ചിന്തിക്കയാണ്. ഇപ്പോള്‍ എനിക്കു ചുറ്റും നിറഞ്ഞ നിശബ്ദത. ഒരു പകല്‍ മുഴുവന്‍ കത്തിജ്വലിച്ചതിനുശേഷം സൂര്യന്‍ പിന്മാറുകയാണ്. അന്ധകാരം നിറഞ്ഞ രാത്രി മുഴുവന്‍ കഴിയുമ്പോഴാണ് ഇനി വെളിച്ചം പരക്കുന്നത്. എന്റെ ജീവിതത്തില്‍ ഇപ്പോള്‍ ഇരട്ടു നിറയുകയാണ്. വിരഹത്തിന്റെ വേദനയുടെ ഇരുട്ട്. നാളെ ഞായറാഴ്ചയാണ്. ഞായറാഴ്ചകളിലെ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കാന്‍ ഞങ്ങള്‍ ഒരുമിച്ചാണു പോയിരുന്നത്. സന്തോഷത്തിന്റെ, സംതൃപ്തിയുടെ ആ നല്ല നാളുകള്‍ ഇനിയും ഉദിക്കയില്ല. ദൈവത്തില്‍ അചഞ്ചലമായ വിശ്വാസമുള്ള ഞാന്‍ എന്റെ ഭാരങ്ങള്‍ എല്ലാം അവനില്‍ അര്‍പ്പിക്കുന്നു.

പെണ്ണുകാണല്‍ ചടങ്ങിനു ജോ വന്നതും ഒരു ഞായറാഴ്ച ആയിരുന്നു. അന്നേയ്ക്ക് ഏകദേശം മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ സഹോദരിയുടെ സാന്നിദ്ധ്യത്തില്‍ ഒരിക്കല്‍ ഞാനദ്ദേഹത്തെ കണ്ടിരുന്നു. ഒത്ത ഉയരവും സാമാന്യം നല്ല നിറവുമുള്ള , ഒരു സാധാരണ പെണ്‍കുട്ടിക്ക് ഇഷ്ടപ്പെടത്തക്ക ആകാരവടിവുമുള്ള ഒരു യുവാവ്. എങ്കിലും പരസ്പരം സംസാരിച്ചിട്ടില്ല. പിന്നീട് ഒരിക്കല്‍ പോലും ആ രൂപം മനസ്സില്‍ വന്നിട്ടുമില്ല. ആ യുവാവ് തന്നെയാണ് ഇന്നു തന്നെ പെണ്ണുകാണാന്‍ വരുന്നതെന്നറിഞ്ഞപ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ അല്പം ഇക്കിളി തോന്നാതിരുന്നില്ല.

അന്ന് ദേവാലയത്തില്‍ വച്ച് വിശുദ്ധകുര്‍ബാന കൈക്കൊള്ളുമ്പോള്‍ എന്റെ മനസ്സു തുടിക്കയായിരുന്നു. ഇന്നാണാ ദിവസം, ഭാവി വരനെ കണ്ടുമുട്ടുന്ന ദിവസം ഒരിക്കല്‍ കണ്ടുമുട്ടിയ പോലെയല്ല ഇപ്പോള്‍ എന്ന ചിന്തയും എനിക്കു പരവേശം നല്‍കിയിരുന്നു. ഒരു സ്ത്രീയുടെ ജീവിതത്തിലെ അവിസ്മരണീയമായ ദിവസം വാസ്തവത്തില്‍ പ്രാര്‍ത്ഥനാനിര്‍ഭരമാകേണ്ടിയിരുന്ന എന്റെ മനസ്സ് യുവചാപല്യത്താല്‍ ഇളകി കൊണ്ടിരുന്നു. എല്ലാം ഇന്നലെയെന്നപ്പോള്‍ ഇപ്പോള്‍ തോന്നുന്നു. ജോ സ്‌നേഹസമ്പന്നനായിരുന്നു. ഒരിക്കല്‍ പോലും എന്നെ വേദനിപ്പിച്ചിട്ടില്ല. ക്ഷമയുടെയും ശാന്തതയുടെയും ഒരു ദേവനായിരുന്നു. എങ്ങനെ ഇത്ര ശാന്തത കൈവരിക്കാന്‍ സാധിക്കുന്നു എന്നെനിക്ക് അതിശയം തോന്നാറുണ്ട്.

ആ ഞായറാഴ്ച, ആഹ്ലാദം അലതല്ലിയിരുന്ന ആ ദിവസം. വീട്ടിലുള്ളവര്‍ അതിഥിസല്‍ക്കാരത്തിന്റെ തിരക്കിലാണ്. എന്റെ ചിന്തകളില്‍ ജീവിതസ്വപ്നങ്ങളുടെ പൂമൊട്ടുകള്‍ വിരിയുകയായിരുന്നു. ഞാന്‍ ലജ്ജയുടെ പരിവേഷമണിഞ്ഞ് അക്ഷമയോടെ കാത്തിരുന്നു. എനിക്കായി ദൈവം സൃഷ്ടിച്ച കൂട്ടുകാരന്‍ എന്നെ തേടിവരുന്ന ശുഭമുഹൂര്‍ത്തം. സന്തോഷത്തിന്റെ ആ നല്ല നിമിഷങ്ങളില്‍ നമ്മള്‍ വരാന്‍ പോകുന്ന കാലങ്ങളെ ഓര്‍ക്കുന്നില്ല. അനുഭൂതികളുടെ ലോകമാണ് യുവഹൃദയങ്ങളിലുണ്ടാകുക. ഇപ്പോള്‍ ഇണ പിരിഞ്ഞ ഞാന്‍ ആ കാലം ഒരു നിഴല്‍ പോലെ കാണുന്നു. അന്നത്തെ കാര്യങ്ങള്‍ ഒന്നൊന്നായി ഓര്‍ത്തു നെടുവീര്‍പ്പിടുകയാണ്.

അവര്‍, ചെറുക്കനും അമ്മയും സഹോദരിയും അമ്മാച്ചനുമുണ്ടായിരുന്നു. ഇന്നത്തെപ്പോലെ, ചെറുക്കനും പെണ്ണും ഒരുമിച്ചിരുന്നു സംസാരിക്കുന്ന സമ്പ്രദായം അന്ന് ഇല്ലായിരുന്നു. ചെറുക്കനും ചെറുക്കനൊപ്പമുള്ളവരും എന്റെ വീട്ടുകാരുടെ മുന്‍പില്‍ വച്ച് എന്നോടു സംസാരിച്ചു. ഉദ്യോഗത്തിനുള്ള ഒരു കൂടിക്കാഴ്ച്ച കഴിഞ്ഞപോലെ ഞാന്‍ തളര്‍ന്നുപോയിരുന്നു. ചെറുക്കനെ എനിക്കിഷ്ടമായി. അദ്ദേഹത്തിന് എന്നെ ഇഷ്ടമാകണമല്ലോ? അങ്ങനെ ചിന്തിച്ചിരിക്കുമ്പോള്‍ വാതില്‍ക്കല്‍ അദ്ദേഹം വീണ്ടും പ്രത്യക്ഷപ്പെടുന്നു. “we will see soon” എന്നു പറഞ്ഞു പുഞ്ചിരിച്ചുകൊണ്ട് നടന്നകന്നു. നമ്മള്‍ വീണ്ടും കാണും. എനിക്കിപ്പോള്‍ നല്ലപോലെ കേള്‍ക്കാം. അത് അതു സന്തോഷത്തിന്റെ ഒരു വാഗ്ദാനം ആയിരുന്നു. ഇന്നു ഞാന്‍ ഇരുട്ടില്‍ തപ്പുന്നതുപോലെ ചോദിക്കുന്നു, ഇനി നമ്മള്‍ എന്നു കാണും, ജോ, നീ എവിടെയാണ് എനിക്കുവേണ്ടി കാത്തിരിക്കുന്നത്. നീ ദൈവസന്നിധിയിലാണെന്നു ഞാന്‍ വിശ്വസിക്കുന്നു. നീലമേഘങ്ങള്‍ ആകാശത്തൂടെ നീന്തിനടക്കുന്നുണ്ടിപ്പോള്‍. ഇളംനീല ടെര്‍ലിന്‍ ഷര്‍ട്ടും തൂവെള്ള ഡബിള്‍മുണ്ടുമുടുത്ത് അന്ന് എന്റെ വീട്ടില്‍ വന്നുമടങ്ങിയ ജോ അനന്തമായ ആകാശത്ത് എന്നെ തേടി നടക്കുകയായിരിക്കാം. മനസ്സു വ്യാകുലപ്പെടുമ്പോള്‍ എന്തെല്ലാം ചിന്തകളാണ് ഉണ്ടാകുന്നത്. ഞാനന്ന് ജനലിലൂടെ നോക്കിനിന്ന യുവതിയാണെന്നോര്‍ക്കുമ്പോള്‍ ജോ എനിക്കൊപ്പമുള്ള പ്രതീതി തോന്നുന്നു.

പ്രസന്നത സ്ഫുരിക്കുന്ന മുഖവും, വിരിഞ്ഞ നെഞ്ചുമായി, കാറ്റില്‍ പറക്കുന്ന തലമുടി ഇടത്തുകൈകൊണ്ട് മാടി ഒതുക്കി അവന്‍ അതാ നടന്നു പോകുന്നു. ആ രൂപം എന്റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചു. അന്നുമുതല്‍ ഇന്നോളം ആ രൂപത്തിനു മാറ്റമുണ്ടായിട്ടില്ല. ഞങ്ങളുടെ രൂപ-ഭാവാദികള്‍ കാലം മാറ്റിയപ്പോഴും ഞാന്‍ പറഞ്ഞു:- ജോ, ഇളംനീല ടെര്‍ലിന്‍ ഷര്‍ട്ടിട്ട, കാറ്റിന്‍ തലമുടി ഒതുക്കി നടന്നുപോകുന്ന ആ യുവാവിനെ ആണു മനസ്സിന്റെ കണ്ണുകള്‍ കാണുന്നതെന്ന്. ഇപ്പോഴും അങ്ങിനെതന്നെ ഞാന്‍ കാണുന്നു. എന്റെ മനസ്സില്‍ ജോ ജീവിച്ചിരിക്കയാണ്.
കല്യാണവസ്ത്രങ്ങള്‍ എടുക്കാന്‍ കോട്ടയം പാര്‍ത്ഥാസ്സില്‍ ഒരുമിച്ചുപോകാന്‍ ഞങ്ങളെ വീട്ടുകാര്‍ അനുവദിച്ചു. മന്ത്രകോടി വാങ്ങിത്തരാന്‍, അതു ജീവിതകാലം മുഴുവന്‍ അണിഞ്ഞുനില്‍ക്കാന്‍, സ്‌നേഹവിശ്വാസങ്ങളുടെ വാഗ്ദാനങ്ങള്‍ കൈമാറാന്‍ ഞങ്ങല്‍ കണ്ടുമുട്ടി. ഇഷ്ടവസ്തുക്കള്‍ തെരെഞ്ഞെടുക്കുമ്പോള്‍ ഞങ്ങള്‍ വളരെ ആനന്ദം അനുഭവിച്ചിരുന്നു. അന്നും കുറേശ്ശേ സാഹിത്യരചനകള്‍ നടത്തുന്ന ഞാന്‍ പറഞ്ഞു, ഇതാണു ജീവിത്തിലെ സുവര്‍ണ്ണ നിമിഷം. ഇവിടെ നമ്മള്‍ ദൈവവചനങ്ങള്‍ പാലിക്കയാണ്. അത് ജോയ്ക്ക് ഇഷ്ടമായി എന്നുതോന്നി. അദ്ദേഹം പുരികം മേലോട്ടുയര്‍ത്തി ചിരിച്ചു. വസ്ത്രങ്ങള്‍ വാങ്ങി മടങ്ങുമ്പോള്‍, അദ്ദേഹം ദൈവവചനത്തിന്റെ ബാക്കി നിറവേറ്റേണ്ടെ എന്നു ചോദിച്ചു.
"നീ ഉണ്ടില്ലേലും… " ഞങ്ങള്‍ പരസ്പരം ചിരിച്ചു.

അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഞങ്ങള്‍ ബെസ്റ്റ് ഹോട്ടലില്‍ കയറി. ഹോട്ടലിലെ പ്രൈവറ്റ് മുറിയില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്നതോര്‍ത്തപ്പോള്‍ ഒരു സങ്കോചം എനിക്കുണ്ടായിരുന്നു. പ്രേമത്തെപ്പറ്റിയും പ്രേമസല്ലാപങ്ങളെപ്പറ്റിയും പുസ്തകങ്ങളില്‍ നിന്നും കൂട്ടുകാരില്‍ നിന്നും വായിച്ചും കേട്ടുമുള്ള അറിവുവച്ച് ഞാന്‍ ചഞ്ചലപ്പെടുന്നുണ്ടായിരുന്നു. എന്റെ പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് അദ്ദേഹം എന്നോടൊത്തു പൊതുഹാളിലിരുന്നാണ് ഭക്ഷണം കഴിച്ചത്. ഒരു പക്ഷെ ജോ വിവാഹത്തിനു മുമ്പ് അങ്ങിനെ ഒരു സ്വാതന്ത്ര്യം എടുക്കാനാഗ്രഹിച്ചില്ലായിരിക്കാം. എന്നാലും അവസരങ്ങള്‍ അനുകൂലമായിട്ടും ഒരു യുവാവിന് എങ്ങിനെയാണ് അത്തരം ആത്മനിയന്ത്രണം സാധിക്കുന്നത് എന്നെനിക്കത്ഭുതമായിരുന്നു. ആ  സംഭവം ഒരു തമാശയായി പറഞ്ഞ് പിന്നീട് പലപ്പോഴും അദ്ദേഹത്തെ ചിരിപ്പിച്ചരുന്നു.  'എന്റെ ഒപ്പം സ്വകാര്യതയില്‍ ഇരുന്ന് ഊണുകഴിക്കാന്‍ ആഗ്രഹമില്ലായിരുന്നോ ജോ' എന്നു ചോദിക്കുമ്പോള്‍ അദ്ദേഹം പറയും നിന്നോടൊത്ത് എന്നും ഒരിമിച്ചു ഭക്ഷണം കഴിക്കാനുള്ള ഒരു ദൈവിക നിയോഗത്തില്‍ നമ്മള്‍ ഏര്‍പ്പെടാന്‍ പോകുകയല്ലെ, അതിനു മുമ്പ് അതു വേണ്ടാ എന്നെനിക്കു തോന്നി.

ദൈവവിശ്വാസം വളരെ കൂടുതലായിരുന്നു ജോയ്ക്ക്. ഡൈനിംഗ് ടേബിളില്‍ തനിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോള്‍ ഞാനോര്‍ക്കുന്നും 'ഇതും ദൈവനിയോഗം'. എന്നാലും എന്റെ ജോ ഇരുന്നിരുന്ന കസേരയില്‍ അവനുണ്ടെന്നു ഞാന്‍ സങ്കല്പിക്കുന്നു. നെറ്റിയിലേക്കു ഇടയ്ക്കിടെ വാര്‍ന്നു വീഴുന്ന മുടിച്ചുരുളുകള്‍ ഒതുക്കി, സരോ , മതി, മതി എന്നു ഭക്ഷണം വിളമ്പുമ്പോള്‍ എന്നോടു പറയുന്ന ജോ.

ജോ ഇല്ലാത്ത അടുത്ത ദിവസത്തിനായി ഞാന്‍ വേദനയോടെ ഒരുങ്ങുന്നു. ഓര്‍മ്മകളുടെ കൂട്ടിനായ് ഞാന്‍ കാത്തിരിക്കുന്നു.


പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍.....(ദളം 2; ഓര്‍മ്മക്കുറിപ്പുകള്‍: സരോജ വര്‍ഗീസ്‌, ന്യൂയോര്‍ക്ക്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക