Image

മാവേലി പറഞ്ഞത്‌ (കവിത: സുധീര്‍ പണിക്കവീട്ടില്‍)

Published on 01 October, 2013
മാവേലി പറഞ്ഞത്‌ (കവിത: സുധീര്‍ പണിക്കവീട്ടില്‍)
(അമേരിക്കന്‍ മലയാളികളുടെ ഓണം കഴിഞ്ഞിട്ടില്ല. മാവേലിയും തിരിച്ച്‌ പോയിട്ടില്ല)

വെറും! പ്രഛന്ന വേഷമാണീ കൊച്ചു ജീവിതം
കാലത്തിനൊത്തു നാം കെട്ടുന്നു വേഷങ്ങള്‍
ഓരോ വിശേഷങ്ങള്‍, ഓരോ പ്രയാസങ്ങള്‍
ഒറ്റയായ്‌, കൂട്ടമായെത്തും വിപത്തുകള്‍
എന്നും പരീക്ഷണ ശാലയിലേതോ കരങ്ങള്‍
തന്‍ ഇഛയാല്‍കിട്ടുന്ന വേഷങ്ങള്‍
ഞാനിന്നു മാവേലിയായിതാ നിങ്ങള്‍ തന്‍
മുന്നിലെത്തുന്നൊരു മന്നന്റെ വേഷത്തില്‍
നിമിഷാര്‍ദ്ധമാണീ പകിട്ടും പ്രതാപവും
ചെങ്കോലുമെന്റെയീ പൊന്നിന്‍ കിരീടവും
ഓണമല്ലേ, മലയാളികള്‍ക്കോര്‍മ്മിക്കാന്‍
വാതയനങ്ങള്‍ തുറക്കും ദിനമല്ലേ?
പുത്തന്‍ പുടവയും, സദ്യ വട്ടങ്ങളും
ആര്‍പ്പുവിളികളും സമ്മേളനങ്ങളും
ഈ നാട്ടിലെത്തി കഴിയും പ്രവാസികള്‍
നമ്മള്‍ക്കിന്നൊപ്പമായ്‌ പാടി കളിച്ചിടാം
`മാവേലി നാട്‌ വാണീടും കാലം
മാലോകരെല്ലാരും ഒന്നു പോലെ'
കിട്ടുന്ന വേഷങ്ങള്‍ക്കൊപ്പം നാം -കെട്ടി
പ്പടുക്കുക മാവേലി മന്നന്റെ സ്വപ്‌നങ്ങള്‍
മറക്കാതിരിക്കണം നിങ്ങള്‍ തന്‍ പൈത്രുകം
പെറ്റമ്മയേയും ആ ജന്മ ദേശത്തേയും

ശുഭം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക