Image

അയര്‍ലന്‍ഡില്‍ നഴ്‌സുമാരുടെ വരുമാനം വെട്ടിക്കുറയ്‌ക്കാന്‍ എച്ച്‌എസ്‌ഇ ശിപാര്‍ശ

ജയ്‌സണ്‍ കിഴക്കയില്‍ Published on 17 October, 2011
അയര്‍ലന്‍ഡില്‍ നഴ്‌സുമാരുടെ വരുമാനം വെട്ടിക്കുറയ്‌ക്കാന്‍ എച്ച്‌എസ്‌ഇ ശിപാര്‍ശ
ഡബ്‌ളിന്‍: വിവിധ നടപടികളിലൂടെ നഴ്‌സുമാരുടെ വരുമാനം വെട്ടിക്കുറയ്‌ക്കാനുള്ള നിര്‍ദ്ദേശങ്ങളുമായി എച്ച്‌എസ്‌ഇ (ഹെല്‍ത്ത്‌ സര്‍വീസ്‌ എക്‌സിക്യുട്ടീവ്‌) ശിപാര്‍ശ. ഓവര്‍ടൈം നിരക്ക്‌ വെട്ടിക്കുറക്കല്‍, നഴ്‌സുമാരുടെ ജോലിസമയം വര്‍ധിപ്പിക്കല്‍ തുടങ്ങിയ നടപടികളിലൂടെ മുന്നൂറ്‌ മില്യന്‍ യൂറോ ലാഭിക്കാനാണ്‌ ശിപാര്‍ശ. ഓവര്‍ടൈം നിരക്ക്‌ കുറയ്‌ക്കുന്നതിലൂടെ മാത്രം 25 മില്യന്‍ യൂറോ കണ്‌ടെത്താനാണ്‌ നീക്കം.

ആഴ്‌ചയില്‍ നഴ്‌സുമാരുടെ ജോലിസമയം രണ്‌ടര മണിക്കൂര്‍ വര്‍ധിപ്പിക്കല്‍, സിക്ക്‌ ലീവ്‌ വെട്ടിക്കുറയ്‌ക്കല്‍, അണ്‍പെയ്‌ഡ്‌ ലീവ്‌ പ്രോല്‍സാഹനം, ജോലിസമയ പുനക്രമീകരണം, അഡ്‌മിനിസ്‌ട്രേറ്റീവ്‌, മാനേജ്‌മെന്റ്‌ വിഭാഗം ജീവനക്കാരുടെ ജോലിസമയം വര്‍ധിപ്പിക്കല്‍, പൊതുഅവധി ജോലിനിരക്ക്‌ വെട്ടിക്കുറയ്‌ക്കല്‍, ഓവര്‍ടെം നിരക്ക്‌ കുറയ്‌ക്കല്‍ തുടങ്ങിയ നടപടികളാണ്‌ പ്രധാന ശിപാര്‍ശകള്‍. ഈ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്‌ട്‌.

ഇതിനിടെ എച്ച്‌എസ്‌ഇ നിര്‍ദ്ദേശങ്ങളുമായി ബന്ധപ്പെട്ട്‌ പ്രതികരിക്കാന്‍ ആരോഗ്യമന്ത്രി ജെയിംസ്‌ റെയ്‌ലി തയാറായിട്ടില്ല. സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരകയറുന്നതിന്റെ ഭാഗമായി നിര്‍ദ്ദേശങ്ങള്‍ പരമാവധി നടപ്പാക്കുന്നതിനാവും സര്‍ക്കാര്‍ ശ്രമിക്കുക. ഇത്‌ മലയാളികളടക്കമുള്ള നഴ്‌സുമാരെ ഏറെ ദോഷകരമായി ബാധിക്കും. ഇവയ്‌ക്കു പുറമെ ഡിസംബറില്‍ വരാനിരിക്കുന്ന ബജറ്റില്‍ നടപ്പാക്കുന്ന പൊതു ചെലവുചുരുക്കല്‍ നടപടികള്‍ കൂടിയാവുമ്പോള്‍ ജീവനക്കാരുടെ ശമ്പളത്തില്‍ വന്‍കുറവുണ്‌ടാകുമെന്ന കാര്യവും ഉറപ്പാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക