Image

വോള്‍സ്‌ട്രീറ്റ്‌ പിടിച്ചെടുക്കല്‍ പ്രസ്ഥാനം ജര്‍മനി അടക്കമുള്ള ലോകരാജ്യങ്ങളിലേക്കു വ്യാപിക്കുന്നു

ജോസ്‌ കുമ്പിളുവേലില്‍ Published on 17 October, 2011
വോള്‍സ്‌ട്രീറ്റ്‌ പിടിച്ചെടുക്കല്‍ പ്രസ്ഥാനം ജര്‍മനി അടക്കമുള്ള ലോകരാജ്യങ്ങളിലേക്കു വ്യാപിക്കുന്നു
ബര്‍ലിന്‍: വാള്‍ സ്‌ട്രീറ്റ്‌ പിടിച്ചെടുക്കല്‍ സമരത്തിന്‌ അനുഭാവം പ്രകടിപ്പിച്ച്‌ ജര്‍മനി അടക്കം ലോകരാജ്യങ്ങളിലെങ്ങും പ്രകടനം. ന്യൂസിലാന്‍ഡ്‌ മുതല്‍ അലാസ്‌കവരെ 82 രാജ്യങ്ങളിലായി 951 നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്‌. പലയിടത്തും പ്രകടനങ്ങള്‍ അക്രമാസക്തമായതായും റിപ്പോര്‍ട്ടുണ്‌ട്‌.

അതിസമ്പന്നരായ ഒരു ശതമാനത്തിനുവേണ്‌ടി 99 ശതമാനം ജനങ്ങളെ ദുരിതത്തിലാഴ്‌ത്തുന്ന സാമ്പത്തികരാഷ്ട്രീയ നയങ്ങള്‍ക്കെതിരേയാണു വിവിധ രാജ്യങ്ങളില്‍ പ്രകടനം സംഘടിപ്പിക്കപ്പെട്ടത്‌. ഭരണമാറ്റത്തേക്കാള്‍, വ്യവസ്ഥിതിയുടെയും സാമ്പത്തിക നയങ്ങളുടെയും മാറ്റത്തിനുള്ള സമരമാണിത്‌. ആര്‍ത്തിപിടിച്ച മുതലാളിത്തത്തിനെതിരേ സമൂഹത്തിലെ ഭൂരിപക്ഷത്തിന്റെ സമരമെന്നാണ്‌ ഇതു വിശേഷിപ്പിക്കപ്പെടുന്നത്‌.

യുഎസിന്റെ സാമ്പത്തിക തലസ്ഥാനം ന്യൂയോര്‍ക്കില്‍ ഒരുമാസമായി തുടരുന്ന വാള്‍സ്‌ട്രീറ്റ്‌ പിടിച്ചെടുക്കല്‍ സമരത്തിന്റെന്റെ ആഗോളവത്‌കരണമാണ്‌ ഇന്നലത്തേത്‌. യുഎസിന്റെ സാമ്പത്തിക നയങ്ങളിലും കോര്‍പ്പറേറ്റ്‌ സംസ്‌കാരത്തിലും പ്രതിഷേധിച്ചു സുക്കോട്ടി പാര്‍ക്കില്‍ സമരം തുടരുന്നതിന്‌ ഇടയിലാണു മറ്റു രാജ്യങ്ങളിലും സമരത്തിനുള്ള ആഹ്വാനം പ്രചരിച്ചത്‌. ഫേസ്‌ബുക്ക്‌, ട്വിറ്റര്‍ തുടങ്ങിയ സമ്പര്‍ക്ക മാധ്യമങ്ങളിലൂടെ സമരാഹ്വാനം സാധാരണ ജനങ്ങളിലെത്തി.

ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്‌, ഹോങ്കോംഗ്‌, തെക്കന്‍ കൊറിയ,ഫിലിപ്പീന്‍സ്‌, തായ്വാന്‍, ജപ്പാന്‍, ബ്രിട്ടന്‍, ഫ്രാന്‍സ്‌, ജര്‍മനി, സ്‌പെയിന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലൊക്ക ധനകാര്യബാങ്കിങ്‌ സ്ഥാപനങ്ങള്‍ക്കു മുന്നില്‍ പ്രതിഷേധക്കാര്‍ തടിച്ചുകൂടി. നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളിലും പ്രതിഷേധം അരങ്ങേറി. സിഡ്‌നിയില്‍ നടന്ന പ്രകടനത്തില്‍ മൂവായിരത്തിലധികം പേര്‍ പങ്കെടുത്തു. മെല്‍ബണില്‍ രണ്‌ടായിരത്തോളം പേരാണു പ്രതിഷേധവുമായി തെരുവിലിറങ്ങിയത്‌.

ന്യൂസിലാന്‍ഡ്‌ നഗരങ്ങളില്‍ നടന്ന പ്രകടനത്തില്‍ 2000 ലധികം പേര്‍ പങ്കെടുത്തെന്നു വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു. ഫിലിപ്പീന്‍സ്‌ നോട്ട്‌ ഫോര്‍ സെയില്‍ എന്നെഴുതിയ ബാനറുകളുമായാണു മനിലയില്‍ പ്രതിഷേധക്കാര്‍ മാര്‍ച്ചു നടത്തിയത്‌. ടോക്കിയോയില്‍ ആയിരത്തിലധികം പേര്‍ പ്രകടനത്തില്‍ പങ്കുചേര്‍ന്നു. പ്രതിഷേധം പൊതുവില്‍ സമാധാന പരമായിരുന്നെന്നാണു റിപ്പോര്‍ട്ട്‌. പ്രധാന നഗരങ്ങളിലെല്ലാം കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഇറ്റാലിയന്‍ നഗരം മിലാനില്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന വിദ്യാര്‍ഥികള്‍ ഗോള്‍ഡ്‌മാന്‍ സാക്‌സ്‌ ഓഫിസില്‍ അതിക്രമിച്ചു കയറി. ഇറ്റലിയിലെ ഏറ്റവും വലിയ ബാങ്ക്‌ യൂനിക്രേഡിറ്റ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സിലേക്കു പ്രകടനക്കാര്‍ മുട്ടയേറു നടത്തി. മാഡ്രിഡ്‌, ലണ്‌ടന്‍, റോം, ആഥന്‍സ്‌ തുടങ്ങിയ യൂറോപ്യന്‍ നഗരങ്ങളിലും ആയിരക്കണക്കിനു പ്രതിഷേധക്കാര്‍ തടിച്ചുകൂടി.

റോമില്‍ ഒരുലക്ഷത്തോളം പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്‌. പ്രകടനക്കാരെ നിയന്ത്രിക്കാന്‍ റോമില്‍ 2,000 പൊലീസുകാരെ വിന്യസിച്ചിരുന്നു. 750 ലധികം ബസുകളിലാണു പ്രകടനക്കാര്‍ റോമില്‍ എത്തിച്ചേര്‍ന്നത്‌. ഇതിനിടെ പ്രതിഷേധക്കാര്‍ അക്രമാസക്തരായി വാഹനങ്ങള്‍ക്ക്‌ തീയിട്ടു.
വോള്‍സ്‌ട്രീറ്റ്‌ പിടിച്ചെടുക്കല്‍ പ്രസ്ഥാനം ജര്‍മനി അടക്കമുള്ള ലോകരാജ്യങ്ങളിലേക്കു വ്യാപിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക