Image

വി.ഫ്രാന്‍സിസ് പ്രഘോഷിച്ചത് ക്രിസ്തു നല്‍കുന്ന സമാധാനം

Published on 05 October, 2013
വി.ഫ്രാന്‍സിസ് പ്രഘോഷിച്ചത് ക്രിസ്തു നല്‍കുന്ന സമാധാനം



   അസീസിയിലെ വി.ഫ്രാന്‍സിസ് പ്രഘോഷിച്ചത് ക്രിസ്തു നല്‍കുന്ന യഥാര്‍ത്ഥ സമാധാനത്തെക്കുറിച്ചായിരുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അസീസിയില്‍ വിശുദ്ധ ഫ്രാന്‍സിസിന്‍റെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേ നല്‍കിയ വചന സന്ദേശത്തിലാണ് അസീസിയിലെ വി.ഫ്രാന്‍സിസിന്‍റെ യഥാര്‍ത്ഥ അരൂപിയെക്കുറിച്ച് മാര്‍പാപ്പ വിശദീകരിച്ചത്. വി.ഫ്രാന്‍സിസ് അസീസിയെ സമാധാന ദൂതന്‍ എന്നു വിശേഷിപ്പിക്കുന്നവര്‍ പോലും അദ്ദേഹം പ്രചരിപ്പിച്ച സമാധാനത്തെക്കുറിച്ച് വ്യക്തമായി മനസിലാക്കിയിട്ടില്ലെന്ന് പാപ്പ ചൂണ്ടിക്കാട്ടി. ആത്യന്തികമായി ക്രിസ്തു സാക്ഷിയായിരുന്നു വി.ഫ്രാന്‍സിസ്. വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ ക്രിസ്തുവുമായുള്ള വ്യക്തിബന്ധത്തില്‍ ജീവിക്കേണ്ടവരാണ് എല്ലാ ക്രൈസ്തവരും. നാം ക്രിസ്തുവിനെ ധരിക്കുകയും അവിടുത്തെ സ്വജീവിതത്തിലേക്ക് സ്വാംശീകരിക്കുകയും വേണം. ക്രൂശിതനായ ക്രിസ്തുവിന്‍റെ ദൃഷ്ടിയില്‍ നിന്നാണ് വി.ഫ്രാന്‍സിസ് തന്‍റെ യാത്ര ആരംഭിച്ചത്. അതുപോലെ ക്രിസ്തുവിന്‍റെ ദൃഷ്ടി നമ്മുടെ മേല്‍ പതിയാന്‍ നാമും അനുവദിക്കണം. ക്രിസ്തുവിന്‍റെ ദൃഷ്ടിയില്‍ ജീവിക്കുമ്പോള്‍ നാം നവസൃഷ്ടികളായി രൂപാന്തരപ്പെടും.
വി.ഫ്രാന്‍സിസ് പ്രഘോഷിച്ചത് ക്രിസ്തു നല്‍കുന്ന സമാധാനത്തെക്കുറിച്ചായിരുന്നു. വി,ഫ്രാന്‍സിസിന്‍റെ സമാധാന സന്ദേശം പലരും തെറ്റായി വ്യാഖ്യാനിക്കുന്നുണ്ട്, അത്തരം തെറ്റായ വ്യാഖ്യാനങ്ങളെല്ലാം വ്യാജസൃഷ്ടികളാണ്. വിശുദ്ധ ഫ്രാന്‍സിസ് ലോകത്തോടു പ്രഘോഷിച്ചത് ക്രിസ്തുവിന്‍റെ നുകം വഹിക്കുന്നവര്‍ക്ക് ക്രിസ്തു നല്കുന്ന സമാധാനത്തെക്കുറിച്ചാണ്. എളിമയും ശാന്തശീലവും ഉള്ളവര്‍ക്കേ ക്രിസ്തുവിന്‍റെ നുകം വഹിക്കാന്‍ സാധിക്കൂ. അഹങ്കാരികള്‍ക്കും ഗര്‍വ്വിഷ്ഠര്‍ക്കും അതിനു സാധിക്കില്ല.
ദൈവത്തിന്‍റെ സൃഷ്ടി സംരക്ഷിക്കാന്‍ മനുഷ്യനുള്ള കടമയെക്കുറിച്ചും മാര്‍പാപ്പ തന്‍റെ വചന സന്ദേശത്തില്‍ പ്രതിപാദിച്ചു. ജീവന്‍ സംരക്ഷിക്കുകയാണ്, അതു നശിപ്പിക്കുകയല്ല നമ്മുടെ ധര്‍മ്മം എന്ന് ഉത്ഘോഷിച്ച മാര്‍പാപ്പ ലോകത്തിന്‍റെ നാനാഭാഗത്തു നടക്കുന്ന സായുധ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനും അഭ്യര്‍ത്ഥിച്ചു. സിറിയിയിലേയും വിശുദ്ധ നാടുകളിലേയും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേയും സായുധ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ പ്രത്യേകം അഭ്യര്‍ത്ഥിച്ചു. ലോകത്തില്‍ ശാന്തിയും സമാധാനവും വിളയാടുന്നതിനായി വി.ഫ്രാന്‍സിസിന്‍റെ പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടാണ് മാര്‍പാപ്പ വചനസമീക്ഷ ഉപസംഹരിച്ചത്. വി.ഫ്രാന്‍സിസ് അസീസിയുടെ ബസിലിക്കാങ്കണത്തില്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ അന്‍പതിനായിരത്തിലേറെപ്പേര്‍ സംബന്ധിച്ചു.




വി.ഫ്രാന്‍സിസ് പ്രഘോഷിച്ചത് ക്രിസ്തു നല്‍കുന്ന സമാധാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക