Image

മധ്യകാലഘട്ടത്തിലെ ഫ്രാന്‍സിസ്ക്കന്‍ സന്ന്യാസിനിക്ക് വിശുദ്ധപദവി

Published on 11 October, 2013
മധ്യകാലഘട്ടത്തിലെ ഫ്രാന്‍സിസ്ക്കന്‍ സന്ന്യാസിനിക്ക് വിശുദ്ധപദവി



ഫ്രാന്‍സിസ്ക്കന്‍ സന്ന്യാസിനി വാഴ്ത്തപ്പെട്ട ആഞ്ചല ദ ഫൊലീഞ്യോയെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ പദത്തിലേക്കുയര്‍ത്തി. വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചലോ അമാത്തോയുമായി ഒക്ടോബര്‍ 9ന് നടത്തിയ കൂടിക്കാഴ്ച്ചയ്ക്കിടയിലാണ്, പതിമൂന്നാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയില്‍ ജീവിച്ച വാഴ്ത്തപ്പെട്ട ആഞ്ചല ദ ഫൊലീഞ്യോയോടുള്ള വണക്കം സാര്‍വ്വത്രിക സഭയിലാകമാനം വ്യാപിപ്പിക്കാനും. വിശുദ്ധ ആഞ്ചലയെ സഭയിലെ വിശുദ്ധരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തുവാനുമുള്ള പ്രഖ്യാപനത്തില്‍ പാപ്പാ ഫ്രാന്‍സിസ് ഒപ്പുവച്ചത്. അതോടൊപ്പം, ധന്യയായ മരിയ അസുന്ത കാതറീന മാര്‍കെത്തിയുടെ മാധ്യസ്ഥത്തില്‍ നടന്ന അത്ഭുതവും 6 ദൈവദാസരുടെ വീരോചിത പുണ്യങ്ങളും മാര്‍പാപ്പ അംഗീകരിച്ചു.

1248ല്‍ ഇറ്റലിയിലെ ഫൊലീഞ്യോ എന്ന സ്ഥലത്ത് ജനിച്ച ആഞ്ചലെ ദ ഫൊലീഞ്യോ 1309 ജനുവരി 4നാണ് സ്വര്‍ഗം പൂകിയത്. സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നെങ്കിലും ഫ്രാന്‍സിസ്ക്കന്‍ ആത്മീയതയില്‍ അനുരക്തയായ ആഞ്ചല ലൗകിക സമ്പത്തെല്ലാം ഉപേക്ഷിച്ച് ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭയില്‍ അംഗമായി. ധ്യാനത്തിലും പ്രാര്‍ത്ഥനയിലും ആത്മസമര്‍പ്പണം ചെയ്ത വിശുദ്ധയ്ക്ക് സവിശേഷമായ ആത്മീയാനുഭവങ്ങളും ദൈവികദര്‍ശനങ്ങളും ലഭിച്ചിരുന്നു. മൗതിക ജീവിതത്തെക്കുറിച്ച് ആഞ്ചല രചിച്ച കൃതികള്‍ ‘ദൈവശാസ്ത്ര ഗുരുനാഥ’ എന്ന വിശേഷണത്തിന് അവരെ അര്‍ഹയാക്കി.

മാര്‍പാപ്പ വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ച ദൈവദാസരില്‍ ഇന്ത്യയില്‍ ജനിച്ച സി.മേരി ജെയിന്‍ വില്‍സണും ഉള്‍പ്പെടുന്നു. ഇന്ത്യയിലെ ഹരിഹറില്‍ (ഇന്നത്തെ കര്‍ണാടക സംസ്ഥാനത്ത്) 1840ല്‍ ജനിച്ച ജെയിന്‍ വില്‍സണിന്‍റെ മാതാപിതാക്കള്‍ ബ്രിട്ടണിലെ ആംഗ്ലിക്കന്‍ സഭാംഗങ്ങളായിരുന്നു. 1842ല്‍ വില്‍സണ്‍ കുടുംബം ഇംഗ്ലണ്ടിലേക്കു മടങ്ങി. 1873ല്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ച മേരി ജെയിന്‍ പിന്നീട് പോര്‍ച്ചുഗല്ലിലേക്ക് പോവുകയും അവിടെവച്ച് ‘വിജയ നാഥയുടെ ഫ്രാന്‍സിസ്ക്കന്‍ സഹോദരിമാര്‍’ (The Congregation of the Franciscan Sisters of Our Lady of Victories) എന്ന സന്ന്യസ്ത സമൂഹത്തിന് രൂപം നല്‍കുകയും ചെയ്തു. 1916ല്‍ സി.മേരി ജെയിന്‍ വില്‍സണ്‍ ദിവംഗതയായി.





മധ്യകാലഘട്ടത്തിലെ ഫ്രാന്‍സിസ്ക്കന്‍ സന്ന്യാസിനിക്ക് വിശുദ്ധപദവി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക