Image

ഐഇഎല്‍ടിഎസിന്റെ കുത്തക ഓസ്‌ട്രേലിയ അവസാനിപ്പിക്കുന്നു

ജോസ്‌ കുമ്പിളുവേലില്‍ Published on 19 October, 2011
ഐഇഎല്‍ടിഎസിന്റെ കുത്തക ഓസ്‌ട്രേലിയ അവസാനിപ്പിക്കുന്നു
ലണ്‌ടന്‍: സ്റ്റുഡന്റ്‌ വിസ രംഗത്ത്‌ ഐഇഎല്‍ടിഎസിനുള്ള കുത്തക അവസാനിപ്പിക്കാന്‍ ഓസ്‌ട്രേലിയ തീരുമാനിച്ചു. നവംബര്‍ അഞ്ചിനു തീരുമാനം നടപ്പാകും. ഇതോടെ മറ്റ്‌ ഇംഗ്ലീഷ്‌ ലാംഗ്വേജ്‌ ടെസ്റ്റ്‌ പ്രൊവൈഡര്‍മാര്‍ക്കും ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസ വിപണിയില്‍ പ്രവേശനം ലഭിക്കും.

ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ്‌ ലാംഗ്വേജ്‌ ടെസ്റ്റിങ്‌ സിസ്റ്റത്തിന്റെ (ഐഇഎല്‍ടിഎസ്‌) കുത്തക അവസാനിപ്പിക്കുന്നത്‌ ശരിയായ ദിശയിലുള്ള തീരുമാനമെന്ന്‌ എഡ്യുക്കേഷന്‍, ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റുമാര്‍ അഭിപ്രായപ്പെടുന്നു.

കുത്തക അവസാനിക്കുന്നതോടെ ടെസ്റ്റ്‌ ഓഫ്‌ ഇംഗ്ലീഷ്‌ ആസ്‌ എ ഫോറിന്‍ ലാംഗ്വേജും (ടോഫെല്‍) സ്റ്റുഡന്റ്‌ വിസ അനുവദിക്കുന്നതിനു പരിഗണിക്കപ്പെടും. ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ഇമിഗ്രേഷന്‍ ആന്‍ഡ്‌ സിറ്റിസണ്‍ഷിപ്പിന്റേതാണു തീരുമാനം. പിയേഴ്‌സണ്‍സ്‌ പിടിഇ അക്കാഡമിക്‌ ടെസ്റ്റ്‌, കേംബ്രിഡ്‌ജ്‌ ഇംഗ്ലീഷ്‌ അഡ്വാന്‍സ്‌ഡ്‌ ടെസ്റ്റ്‌ എന്നിവയാണ്‌ പുതിയതായി അംഗീകരിക്കപ്പെടുന്ന മറ്റു ടെസ്റ്റുകള്‍.

ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളെ ഹൈ റിസ്‌ക്‌ കണ്‍ട്രീസിന്റെ ഗണത്തിലാണ്‌ ഓസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍ വിഭാഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഇവിടങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക്‌ വിസ അനുവദിക്കാന്‍ ഐഇഎല്‍ടിഎസ്‌ നിര്‍ബന്ധവുമാണ്‌. ഇംഗ്ലീഷ്‌ ഭാഷാ പ്രാവീണ്യം തെളിയിക്കുന്നതിനുള്ള ഉപാധിയെന്ന നിലയിലാണിത്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

ഓസ്‌ട്രേലിയന്‍ ഐഡിപിയുടെയും ബ്രിട്ടീഷ്‌ കൗണ്‍സിലിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ളതാണ്‌ ഐഇഎല്‍ടിഎസ്‌. വര്‍ക്ക്‌, സ്‌കില്‍ഡ്‌ മൈഗ്രേഷന്‍ വിസകള്‍ക്കും ഇംഗ്ലീഷ്‌ ഭാഷാ പരിജ്ഞാനത്തിനുള്ള മാനദണ്‌ഡമായി ഇതുവരെ ഉപയോഗിച്ചു വന്നത്‌ ഇതുതന്നെയാണ്‌. മേയില്‍ തന്നെ ഇതില്‍ മാറ്റം വരുമെന്ന പ്രഖ്യാപനമുണ്‌ടായിരുന്നു. ഇപ്പോള്‍ ഇതു നടപ്പാക്കുന്നത്‌ ഇന്ത്യയില്‍നിന്നും ചൈനയില്‍നിന്നുമുള്ള വിദ്യാര്‍ഥികളെയാണ്‌ ബാധിക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക