Image

ചന്ദ്രലേഖ സിനിമയിലും പാടി

Published on 17 October, 2013
ചന്ദ്രലേഖ സിനിമയിലും പാടി
പത്തനംതിട്ട: യൂട്യൂബിലൂടെ `രാജഹംസമേ...' എന്ന ഗാനം പാടി മലയാളികളുടെ മനംകവര്‍ന്ന ചന്ദ്രലേഖയുടെ സിനിമയിലെ അരങ്ങേറ്റം നടന്നു. ലവ്‌ സ്റ്റോറി എന്ന ചിത്രത്തിലാണ്‌ പാടിയത്‌.

പ്രശസ്‌ത സംവിധായകന്‍ ഭരതന്‍െറ ചമയം എന്ന സിനിമയിലെ `രാജഹംസമേ' എന്ന ഗാനമാണ്‌ പത്തനംതിട്ട വടശേരിക്കര നരിക്കുഴി പറങ്ങാംമൂട്ടില്‍ രഘുനാഥന്‍െറ ഭാര്യ ചന്ദ്രലേഖ (33) ആലപിച്ച്‌ തലേവര മാറ്റിയത്‌.

ഇമെയില്‍ വിലാസമോ ഫേസ്‌ബുക്‌ അക്കൗണ്ടോ സ്വന്തമായി ഇല്ലാത്ത യുവതി ഒരു വര്‍ഷം മുമ്പ്‌ അടൂര്‍ പറക്കോട്ടുള്ള ബന്ധുവീട്ടില്‍വെച്ച്‌ കുടുംബാംഗങ്ങള്‍ക്കുവേണ്ടിയാണ്‌ രാജഹംസമേ എന്ന ഗാനം ആലപിച്ചത്‌. ഇത്‌ ഭര്‍ത്താവിന്‍െറ ബന്ധുവായ രഘു മൊബൈലില്‍ ചിത്രീകരിച്ച്‌ യൂട്യൂബില്‍ അപ്ലോഡ്‌ ചെയ്‌തതോടെയാണ്‌ ചന്ദ്രലേഖയുടെ തലവര തെളിഞ്ഞത്‌. നാലു മിനിട്ട്‌ തികച്ചില്ലാത്ത ഈ ആലാപനം യൂട്യൂബില്‍ ഇതിനകം നിരവധി പേര്‍ കണ്ടു. ഫേസ്‌ബുക്കില്‍ മൂന്നു ദിവസം കൊണ്ട്‌ മൂന്നര ലക്ഷം പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്‌തു. പിന്നണി ഗായിക കെ.എസ്‌. ചിത്രയും അഭിനന്ദിച്ചവരില്‍പ്പെടുന്നു. സംഗീതം ശാസ്‌ത്രീയമായി അഭ്യസിച്ചിട്ടില്ലാത്ത ചന്ദ്രലേഖ മകന്‍ ശ്രീഹരിക്കും എല്‍.ഐ.സി ഓഫിസിലെ താല്‍ക്കാലിക ജീവനക്കാരനായ ഭര്‍ത്താവ്‌ രഘുനാഥിനും മാതാവ്‌ തങ്കമ്മക്കുമൊപ്പമാണ്‌ നരിക്കുഴിയിലെ വീട്ടില്‍ കഴിയുന്നത്‌. ഉന്നത വിദ്യാഭ്യാസം സ്വപ്‌നംകണ്ട ചന്ദ്രലേഖക്ക്‌ സാമ്പത്തിക ബുദ്ധിമുട്ട്‌ കാരണം പി.ജി പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. ചില ഗാനമേളകളിലും ഇവര്‍ പാടിയിട്ടുണ്ട്‌.

http://www.youtube.com/watch?v=ZvMwyrD4EyU
ചന്ദ്രലേഖ സിനിമയിലും പാടിചന്ദ്രലേഖ സിനിമയിലും പാടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക