Image

പ്രിയ ജോ, നിനക്കായ് ഈ വരികള്‍(5)-(ഓര്‍മ്മക്കുറിപ്പുകള്‍: സരോജ വര്‍ഗീസ്സ്‌, ന്യൂയോര്‍ക്ക്‌)

സരോജ വര്‍ഗീസ്സ്‌, ന്യൂയോര്‍ക്ക്‌ Published on 22 October, 2013
 പ്രിയ ജോ, നിനക്കായ് ഈ വരികള്‍(5)-(ഓര്‍മ്മക്കുറിപ്പുകള്‍: സരോജ വര്‍ഗീസ്സ്‌, ന്യൂയോര്‍ക്ക്‌)
1972 ഡിസംബറിലെ കുളിരുള്ള സന്ധ്യയില്‍ ന്യൂയോര്‍ക്കിലെ ജെ.എഫ്.കെ. വിമാനത്താവളത്തില്‍ എന്റെ പ്രിയതമനെ കൂടാതെ വന്നിറങ്ങിയപ്പോള്‍, ഏതോ ഒരു മായാ പ്രപഞ്ചത്തിലെത്തിപ്പെട്ട ഒരു പ്രതീതിയാണനുഭവപ്പെട്ടത്. കൊച്ചി വിമാനത്താവളത്തില്‍ വച്ച് എന്നോട് യാത്ര പറഞ്ഞ് തിരിച്ചു പോകുമ്പോള്‍ അദ്ദേഹത്തിനും ഇതേ വേദന അനുഭവപ്പെട്ടിരിക്കുമല്ലോ എന്നു ഞാന്‍ ചിന്തിച്ചു.

ന്യൂയോര്‍ക്കിന്റെ വിശേഷണങ്ങളും പുതിയ സംസ്‌ക്കാരവുമായി പൊരുത്തപ്പെട്ടു പോകാനൂള്ള തന്ത്രപ്പാടും അപരിചിതരായ സഹപ്രവര്‍ത്തകരുമൊത്തുള്ള ഔദ്യോഗിക ജീവിതവും എല്ലാം നീണ്ട കത്തുകളില്‍ ഞാനദ്ദേഹത്തെ അറിയിച്ചുകൊണ്ടിരുന്നു. "കൂരിരുള്‍ താഴ് വരയില്‍ക്കൂടി നടന്നാലും ഒരര്‍ത്ഥവും നിനക്കുഭവിക്കയില്ല, ദൈവത്തില്‍ സകലവും സമര്‍പ്പിച്ച് ഓരോ ദിവസവും മുന്നോട്ടു പോകുക. താമസിയാതെ ഞാനും അവിടെയെത്തുമല്ലോ" ഇത്തരം ആശ്വാസ വചനങ്ങള്‍ അടങ്ങിയ കത്തുകള്‍ എനിക്കും ധൈര്യം പകര്‍ന്നു. ജീവിതാവസാനം വരെ എന്റെ ഓരോ കാല്‍വെയ്പിലും ഈ ധൈര്യം എനിക്കു അദ്ദേഹം പകര്‍ന്നു തന്നിരുന്നു. ഒരു പക്ഷെ ആ സ്‌ത്രോതസ്സ് ഇന്ന് എനിക്ക് അന്യമായിത്തീര്‍ന്നിരിക്കുന്നു എന്ന ചിന്തയായിരിക്കാം ഈ വേര്‍പാട് ഇത്രയധികം എന്നെ തളര്‍ത്തുന്നത്.

അടുത്ത ആറു മാസങ്ങള്‍ക്കുള്ളില്‍, 1973 സമ്മറില്‍, അദ്ദേഹം ന്യൂയോര്‍ക്കിലെത്തി. ആ ആറുമാസക്കാലം വിരഹവേദനയുടെ തീവ്രത എത്രമാത്രമെന്ന് ഞാന്‍ അനുഭവിച്ചറിഞ്ഞു. എന്നാല്‍ ഞങ്ങളുടെ പുനര്‍സമാഗത്തിന്റെ നാളുകള്‍ക്ക് മധുവിധു നാളുകളെക്കാള്‍ മധുരം അനുഭവപ്പെട്ടു. മകള്‍ കൂടെ ഇല്ലാത്തതില്‍ എന്നെക്കാള്‍ കൂടുതല്‍ അദ്ദേഹം വേദനിക്കുന്നുണ്ടായിരുന്നു. അടുത്ത സ്‌ക്കൂള്‍വര്‍ഷം ആരംഭിച്ചപ്പോഴേയ്ക്കും മകളെയും ഞങ്ങള്‍ കൊണ്ടുവന്നു. അങ്ങിനെ സമാധാനവും സന്തോഷവുമുള്ള കുടുംബം വീണ്ടും, അതിന്റെ പൂര്‍ണ്ണതയിലെത്തിയതായി ഞങ്ങള്‍ക്കനുഭവപ്പെട്ടു.
ഭാര്യയുടെയും മകളുടെയും സുഖസൗകര്യങ്ങള്‍ കാത്തുപരിപാലിക്കുന്നതില്‍ എന്റെ ജോ എന്നും ശ്രദ്ധാലു ആയിരുന്നു. മകളുടെ വിദ്യാഭ്യാസത്തോടൊപ്പം അവളുടെ ഇംഗ്ലീഷ് ട്യൂട്ടറിംഗിലും അദ്ദേഹം വളരെ നിഷ്‌ക്കര്‍ഷിച്ചു. ഒപ്പം തന്നെ, മകളുടെ ഡാന്‍സിനുള്ള താല്പര്യം കണ്ടറിഞ്ഞ അദ്ദേഹം, ന്യൂജേഴ്‌സിയില്‍ താമസമാക്കിയിരുന്ന  സുപ്രസിദ്ധ സിനിമാതാരം പത്മിനിയുടെ വസതിയില്‍ മകളെ ക്ലാസിക്കല്‍ നൃത്തം അഭ്യസിപ്പിക്കുന്നതിനും താല്പര്യമെടുത്തു. ആ നൃത്തവിദ്യാലായം പിന്നീടു മന്‍ഹാന്‍ട്ടനിലുണ്ടായിരുന്ന ബോംബെ സിനിമാ തീയേറ്ററിലേക്കും അവിടെനിന്നും ഫ്‌ളഷിംഗ് ടെമ്പിളിലേക്കും മാറി. ഇവിടെയെല്ലാം മകളെയം കൊണ്ടു പോകുന്നതില്‍ അദ്ദേഹം സംതൃപ്തി കണ്ടെത്തിയരുന്നു.

ഞായറാഴ്ചദിവസങ്ങളില്‍ ഭാര്യയെയും മകളെയും ചേര്‍ത്തു ആരാധനയില്‍ സംബന്ധിക്കുക എന്നത് അദ്ദേഹത്തിനു വളരെ നിര്‍ബന്ധമുള്ള കാര്യമായിരുന്നു. ആരാധനയില്‍ സംഭന്ധിക്കുക മാത്രമല്ല, വിശുദ്ധ മദ്ബഹായില്‍ വൈദികരോടൊപ്പം ശുശ്രൂഷയില്‍ സംബന്ധിക്കുക എന്നത് അദ്ദേഹത്തിന്റെ പന്ത്രണ്ടാം വയസ്സു മുതല്‍ അനുഷ്ഠിച്ചിരുന്ന ഒരു സ്വഭാവവൈശിഷ്ട്യമായിരുന്നു. 
ഞായറാഴ്ചകള്‍ക്കോ, മറ്റു വിശേഷാവസരങ്ങള്‍ക്കോ മാത്രമല്ല. നിത്യേനയുള്ള വസ്ത്രങ്ങള്‍ പോലും തെരെഞ്ഞെടുക്കുന്നത് എന്റെ ചുമതലയായി അദ്ദേഹം കണ്ടിരുന്നു. പ്രത്യേകിച്ച് ഞങ്ങള്‍ ഒരുമിച്ചു പോകുന്ന അവസരങ്ങളില്‍ കഴിയുന്നതും എന്റെ സാരിക്ക് അനുയോജ്യമായ ഷര്‍ട്ടും ടൈയും ധരിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ചിലപ്പോള്‍ അദ്ദേഹത്തെ ശുണ്ഠിപിടിപ്പിക്കാനായി വസ്ത്രങ്ങള്‍ തെരെഞ്ഞെടുക്കുന്ന ചുമതലയെ അവഗണിക്കുന്നതായി ഞാന്‍ അഭിനയിച്ചു. ഷര്‍ട്ടും പാന്റു ധരിച്ചശേഷം രണ്ടുമൂന്നു ടൈ കയ്യിലാക്കി ഞാന്‍ സാരിയുടുക്കുന്നിടത്തുവന്നു അവയുമായി നില്‍ക്കുന്ന ആ ചിത്രം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. എന്റെ മുമ്പിലുള്ള കണ്ണാടിയില്‍ക്കൂടി എങ്കിലും ആ ടൈ ഞാന്‍ കണ്ടിരിക്കണം, തെരെഞ്ഞെടുക്കണം എന്നും അദ്ദേഹത്തിനു നിര്‍ബന്ധമായിരുന്നു. ഞങ്ങളുടെ പല സുഹൃത്തുക്കളും ഞങ്ങളുടെ ഈ വസ്ത്രധാരണരീതി ശ്രദ്ധിച്ചിരുന്നു. മാനസികമായ പൊരുത്തത്തെയാണ് അത്തരം സ്വഭാവവിശേഷങ്ങള്‍ വെളിപ്പെടുത്തുന്നതെന്ന് അവര്‍ പറയുമായിരുന്നു.

എല്ലാ ഭര്‍ത്താക്കന്മാരും/ പിതാക്കന്മാരും ഇത്ര സ്‌നേഹസമ്പന്നരായിരുന്നെങ്കലില്‍! അദ്ദേഹത്തിന്റെ നിഷ്‌ക്കളങ്കമായ സംസാരരീതിയും പെരുമാറ്റവും മൂലം ഞങ്ങള്‍ക്കു കുറെ നല്ല സ്‌നേഹിതരുണ്ടായിരുന്നു. അതിഥി സല്‍ക്കാരത്തില്‍ അതീവതല്പരനായിരുന്ന അദ്ദേഹം ഒഴിവുദിവസങ്ങളില്‍ സ്‌നേഹിതരെ ക്ഷണിക്കുന്നതിനും അവരോടും കുടുംബത്തോടുമൊപ്പം വിവിധ വിനോദയാത്രകള്‍ ചെയ്യുന്നതിലും താല്പര്യപ്പെട്ടിരുന്നു.

"അതിഥി ദേവോ ഭവ"എന്ന തത്വം അദ്ദേഹം ആ ജീവനാന്തം കാത്തുസൂക്ഷിച്ചു, ദീനക്കിടക്കയില്‍ പോലും.

ഡ്രൈവിംഗ് അദ്ദേഹം വളരെ ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഇത്തരം താല്പര്യങ്ങള്‍ മുതലെടുത്തവരും ഈ സുഹൃദ് വലയത്തിലുണ്ടായിരുന്നു എന്ന് പലപ്പോഴും ഞാന്‍ മനസ്സിലാക്കിയിരുന്നു.

"കൂരിരുള്‍ത്താഴ് വരയില്‍ക്കൂടി നടന്നാലും ഞാന്‍ ഒരര്‍ത്ഥവും ഭയപ്പെടുകയില്ല". ഭക്തകവിയായ ദാവീദിന്റെ ഈ വാക്കുകള്‍ അദ്ദേഹം കൂടെക്കൂടെ പറഞ്ഞിരുന്നത് എത്ര അര്‍ത്ഥവത്താണ്. വെളിച്ചവും നിഴലും തമ്മിലുള്ള ബന്ധം പോലെയാണ് ജീവനും മരണവും തമ്മില്‍. ജീവിതത്തിന്റെ അവിഭാജ്യഘടകമാണ് മരണം. സമാധാനപൂര്‍ണ്ണമായ മരണം സാധ്യമാകുന്നത് അതിനനുസരമായ ജീവിതം നയിച്ചവര്‍ക്കാണ്. എങ്ങിനെ ജീവിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും എങ്ങിനെ മരിക്കും എന്നുള്ളത് ഇന്നലെയും ഇന്നും ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസമാണ് മരണത്തിന്റെ സംഭ്രമനാഴികയില്‍ പ്രത്യാശ നല്‍കുന്നത്. മാത്രമല്ല, ഈ ജീവിതത്തിനപ്പുറമായ സൗഭാഗ്യാവസ്ഥയെക്കുറിച്ചുള്ള ഉറച്ച വിശ്വാസവും സഹായത്തിനെത്തുന്നു. കണ്ണുകൊണ്ടു കണ്ടിട്ടില്ലാത്തതും കാതുകൊണ്ട് കേട്ടിട്ടില്ലാത്തതും ഹൃദയംകൊണ്ട് സങ്കല്പിക്കാന്‍ കഴിയാത്തതുമായ പരമഭാഗ്യത്തിലേക്കുള്ള പ്രവേശനകവാടമായി അദ്ദേഹം മരണത്തെ കണ്ടിരിക്കാം. ഈ ചിന്തകള്‍ എനിക്കും ആശ്വാസം പകരുന്നു.

(തുടരും)


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക