Image

മഴ കനക്കുന്നു -5 (കവിതകള്‍ : നിരുപമറാവു; പരിഭാഷ: എം.എന്‍ കാരശ്ശേരി)

Published on 22 October, 2013
മഴ കനക്കുന്നു -5 (കവിതകള്‍ : നിരുപമറാവു; പരിഭാഷ: എം.എന്‍ കാരശ്ശേരി)
ഭാഗം രണ്ട്
മനനം

12 ഗാന്ധാരി

ഞങ്ങള്‍ ഇന്ന് നിന്റെ നാടകം കണ്ടു
അതില്‍
അഞ്ചു വനിതകളുടെ സ്വരത്തില്‍
നീ സംസാരിച്ചു.
ണ്ഡ -അവരുടെ സംഘടിതമായ സങ്കടം
കടും ചുകപ്പായ മണ്ണില്‍
നിഴല്‍പാട് വിരിക്കുന്ന
സ്വന്തം വന്ധ്യത.
യുദ്ധനീതികള്‍, അതിനോട് തനിക്കുള്ള സഹകരണം
- എല്ലാം നീ തുറന്നുകാട്ടി.
മഷിക്കുപ്പികളിലെ വൃത്തികേടുകളുടെ അരോചകത്വത്തെ
ഛിന്നഭിന്നമാക്കുന്ന വരണ്ട ഗദ്ഗദങ്ങള്‍ക്ക്
വഴിയൊരുക്കുമാറ് കഠിനമായിത്തീര്‍ന്ന
സ്വന്തം മൗനത്തെയും നീ ചോദ്യം ചെയ്തു.
നീ മോഹിച്ചത്
സ്വന്തം കിടാങ്ങള്‍ കളിച്ചു തിമര്‍ക്കുന്നത്
കാട്ടിത്തരുന്ന അച്ചടക്കത്തിന്റെ ചിറയാണ്;
അവര്‍
നിശ്ശബ്ദമായ അറവുശാലകളില്‍
നിര്‍വികാരരായി ശയിക്കുന്നതല്ല.
അവരെ സൃഷ്ടിച്ചതിലെ
തികവ് നീ ആസ്വദിക്കുമായിരുന്നു.
നിനക്ക് ആവശ്യം
ദുഃഖത്തെ പൊടിച്ചുകളയുന്ന
ഈ കണ്‍മൂടിയല്ല;
ബാധ്യതകളെ ഇല്ലാതാക്കുന്ന ആലിംഗനമല്ല.
നീ
ശിലയാണ്;
ചുട്ടെടുത്ത മണ്ണാണ്;
മൂര്‍ച്ച കൂടിയ, നുറുങ്ങിയ സ്ഫടികശകലമാണ്.

13.സമാപനം
പ്രകാശം കത്തിത്തിളങ്ങി
അത് ശുഭ്രവും ശീഘ്രവും ആയിരുന്നു.
പിന്നെ,
താന്‍ ഏതിലേക്കാണോ മടങ്ങിയെത്തിയത്
ആ ശൂന്യതയില്‍ സുരക്ഷിതയായി അവള്‍ നടന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം
അവള്‍ വീണ്ടും ആ നഷ്ടം അനുഭവിച്ചു.
തന്നില്‍
ജീവിതത്തിന്റെ വേലിയിറക്കമായി
എന്നോര്‍ത്തുകൊണ്ട്,
എല്ലാം ഒന്നിച്ചു കൂട്ടിക്കൊണ്ട്,
എന്നേയ്ക്കുമായി അവയെല്ലാം
മുറുക്കിപ്പിടിക്കാന്‍ തനിക്കാവില്ലെന്ന്
അവള്‍ അറിഞ്ഞു;
ശ്രദ്ധാപൂര്‍വ്വമുള്ള ഈ തെരഞ്ഞെടുപ്പിന്റെ
വ്യായാമം അവര്‍ നിര്‍ത്തണമെന്ന്
വിലപിച്ചിട്ട് ഫലമൊന്നുമില്ലെന്നും.

14. ആന്തരമായ കുടിയേറ്റം

നൂതനമായി കണ്ടെത്തിയ
പ്രതിഭാസം-
രക്ഷപ്പെടല്‍ എന്നത്
വശ്യമായ ലക്ഷ്യസ്ഥാനത്തേയ്ക്കല്ല;
പ്രായം ചെന്നതും കുതിര്‍ന്നതുമായ
ആലസ്യമാണ്ട മുഖങ്ങള്‍ക്കൊപ്പമോ,
യൗവനത്തിന്റെ പ്രസരിപ്പില്‍
കടലുപ്പില്‍ നനഞ്ഞ മുടിച്ചുരുകള്‍ക്കൊപ്പമോ
നടത്തുന്ന സമുദ്രയാത്രയുമല്ല;
പകരം
അത് അടിപ്പാതയുടെ നിര്‍മ്മാണമാണ്-
അനേകം യോജന താഴ്ചയിലെ
വിസ്തൃതിയില്‍ എത്തിച്ചേരലാണ്;
പറഞ്ഞറിയിക്കാനാവാത്ത വ്യഗ്രതകളുടെ
അന്ധകാരത്തിലേയ്ക്ക്
രംഗനിരീക്ഷണത്തിനായുന്ന
നേത്രങ്ങളാല്‍ പാളിനോക്കലാണ്.
ആ സ്ത്രീ നിങ്ങളാണ്.
താന്‍ നിരീക്ഷിക്കുമ്പോള്‍
മത്സ്യങ്ങള്‍ തന്നിലേക്ക് കടന്നുവരുന്നതായി
സങ്കല്പിച്ചുകൊണ്ട് ജലത്തിനടിയിലിരുന്ന്
പാടുന്നത് നിങ്ങളാണ്.
നിഷ്ഠൂരനായ കാമുകന്‍
അവള്‍ മുങ്ങിമരിക്കുമ്പോള്‍
ചെറിയൊരു ജലഗീതം ആലപിക്കുന്നു.
അവളല്ലാത്തവര്‍ക്കെല്ലാം അദൃശ്യമായ ആകാശങ്ങളില്‍
അവള്‍ ജീവിക്കുമെന്ന് അറിഞ്ഞുകൊണ്ട്
പക്ഷേ, അവള്‍ സ്വതന്ത്രമായ അവസഥയുടെ
പരിപൂര്‍ണമായ ആഘോഷം.

15. താഴ്ഭാഗം
ആ പകല്‍
നിഴലുകളെ പൊറുപ്പിച്ചില്ല.
48 ഡിഗ്രിയില്‍
ഇപ്പോഴും ഉദിച്ചുയരുകയാണ്.
മരീചികയില്‍
ഹിമനീലമായ ആകാശം
തെന്നിത്തെറിച്ചുപോയി.
എന്റെ ശ്രദ്ധ
വികാസം കൊള്ളുമ്പോള്‍ കൃഷ്ണമണികള്‍ എന്നപോല്‍
വഴുതിക്കളിക്കുന്നു.
നിരത്തിന്റെ അറ്റത്തുള്ള
ആഴമേറിയ ഒരു ചാലിലേയ്ക്ക്
ഞാന്‍ കാറോടിച്ചു.
പൂതലെടുത്ത് ഏതോ വിളക്കുകാലിന്മേല്‍
എന്റെ മകലെ ആരോ ക്രൂശിച്ചുകളഞ്ഞതോര്‍ത്തുകൊണ്ട്-
അവളുടെ നീണ്ടിരുണ്ട മുടി
കത്രിച്ചു കളഞ്ഞിരുന്നു.
എന്റെ ശ്വാസത്തിനു ചുവടെ
നിരര്‍ത്ഥകപദങ്ങള്‍ ഉറഞ്ഞുകൂടി
ഞാന്‍ ആ കാണുന്ന
നിശ്ചയന്ത്രത്തെ ശപിക്കുന്നു;
തലയില്‍ പൂ ചൂടരുതെന്ന് തീരുമാനിക്കുന്നു-
ഇന്നും
നെടുനീളത്തില്‍ കാണാവുന്ന നാളെകളിലും.

മഴ കനക്കുന്നു -5 (കവിതകള്‍ : നിരുപമറാവു; പരിഭാഷ: എം.എന്‍ കാരശ്ശേരി)മഴ കനക്കുന്നു -5 (കവിതകള്‍ : നിരുപമറാവു; പരിഭാഷ: എം.എന്‍ കാരശ്ശേരി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക