Image

നിസ്വനായ പക്ഷി - ഒരു പഠനം (ശ്രീ ജോസഫ് നമ്പിമഠത്തിന്റെ കവിതാസമാഹാരം) -സുധീര്‍ പണിക്കവീട്ടില്‍

സുധീര്‍ പണിക്കവീട്ടില്‍ Published on 23 October, 2013
നിസ്വനായ പക്ഷി - ഒരു പഠനം (ശ്രീ ജോസഫ് നമ്പിമഠത്തിന്റെ കവിതാസമാഹാരം) -സുധീര്‍ പണിക്കവീട്ടില്‍
ശ്രീ ജോസഫ് നമ്പിമഠത്തിന്റെ 'നിസ്വനായ പക്ഷീ'' എന്ന കവിതാസമാഹാരത്തിലെ കവിതകളെ ഈ ലേകലേഖകന്റെ ചിന്തയിലൂടെ പഠന വിധേയമാക്കുമ്പോള്‍   കാണുന്ന സവിശേഷതകളാണു താഴെ കുറിക്കുന്നത്. കവിതകളിലേക്ക് കടക്കുന്നതിനു മുമ്പ് അദ്ദേഹം ഉപയോഗിച്ചിട്ടുള്ള ചില രചനാ രീതികളെകുറിച്ച് ചുരുക്കമായി പറയേണ്ടതുണ്ട്. എല്ലാം തന്നെ ആധുനികമാണു്. എന്നാല്‍ മറ്റ് ആധുനിക കവിതകളെ അപേക്ഷിച്ച് ശ്രീ നമ്പിമഠത്തിന്റെ കവിതകള്‍ക്കുള്ള സവിശേഷത അവയെല്ലാം വായനാസും തരുന്നു എന്നാണു്. കവിതയില്‍ അന്തര്‍ലീനമായിരിക്കുന്ന ഗഹനമായ ആശയങ്ങള്‍ ഒരു പക്ഷെ വായനക്കാരനു മനസ്സിലായില്ലെങ്കില്‍ തന്നെ വരികളുടെ രചനാ ഭംഗികള്‍ അവനെ ആകര്‍ഷിക്കും.തന്നെയുമല്ല  കവിതകള്‍ ഒറ്റവായനയില്‍ വായനക്കാരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നു. അതിന്റെ പ്രത്യക്ഷ ഭാവത്തിലും അര്‍ത്ഥത്തിലും അവര്‍ കവിതയുടെ ഏകദേശരൂപം വരച്ചെടുക്കുന്നു.വായിച്ച് ഒന്നും മനസ്സിലാക്കാതെ നീക്കിവക്കേണ്ടിവരുന്ന കവിതകള്‍, ആധുനികത എന്ന അസംബന്ധ കിരീടം പേറുന്ന കവിതകള്‍ ഇദ്ദേഹം എഴുതിയിട്ടില്ല.  ഓരോ കവിതകളും വായിക്കുമ്പോള്‍ അവയെല്ലാം ആധുനിക കവിതാ സങ്കേതങ്ങളില്‍ ഉള്‍പ്പെടുന്നുവെങ്കിലും ശ്രീ നമ്പിമഠം അദ്ദേഹത്തിന്റേതായ മാനങ്ങള്‍ അവക്ക് നല്‍കുന്നത്‌കൊണ്ട് കവിതകള്‍ കൂടുതല്‍ ആസ്വാദകരമാകുന്നുണ്ട്.


കവിയില്‍ ഒരു ധാര്‍മ്മിക രോഷത്തിന്റെ ജ്വാല കത്തിയെരിയുന്നത് വായനക്കാര്‍ക്ക് അനുഭവപ്പെടുന്നതാണു്. തനിക്ക് ചുറ്റും കവി നോക്കികാണുന്ന വ്യവസ്ഥകളിലെ അസമത്വം കവിക്ക് സ്വീകാര്യമല്ല.  കടലാസ്സിന്റെ പ്രതലത്തില്‍ കവി വരയുന്ന ചിന്തകളൂടെ തീപ്പൊരി തീര്‍ച്ചയായും വായനക്കാരന്റെ ചിന്തകളേയും ചൂടുപിടിപ്പിക്കുന്നവയാണു്.  അവരെ കര്‍മ്മോന്മുരാക്കാനും അവരില്‍ ഒരു അന്വേഷണ ത്വരക്ക് തുടക്കമിടാനും അത് പര്യാപ്തമാണു്.തന്മൂലം അമേരിക്കന്‍ മലയാളി കവികളില്‍,കവിതകളുടെ സ്രവിശേഷത  കൊണ്ട്  ശ്രീ നമ്പിമഠം ഒരു പ്രത്യേക ഇരിപ്പടം സമ്പാദിച്ചിട്ടുണ്ട്.

യശ്ശ:ശരീരനായ ശ്രീ അയ്യപ്പപണിക്കരുടെ അവതാരികയോടെ പുറത്ത് വന്ന ഈ കവിതാസമഹാരത്തിനു വേറിട്ട് ഒരു പഠനത്തിന്റെ ആവശ്യമുണ്ടോ എന്ന വായനക്കാരുടെ ന്യായമായ ചിന്തയെ ആദരിച്ച്‌കൊണ്ട് തന്നെ ആ  സാഹസത്തിനു മുതിരുന്നു.

ആധുനിക കവികള്‍ വാസ്തവത്തില്‍ അവരുടെ പൂര്‍വ്വികര്‍ ആചരിച്ച് വന്നിരുന്ന ചില അടിസ്ഥാനങ്ങളെ തകിടം മറിച്ചിട്ടുണ്ട്. പഴയ കവികളുടെ സൗന്ദര്യ സങ്കല്‍പ്പങ്ങളിലും, അനുമാനങ്ങളിലും ഒതുങ്ങി നില്‍ക്കാതെ അവര്‍ അവരുടെ സങ്കല്‍പ്പങ്ങളെ ആധുനിക രീതിയില്‍ ആവിഷ്‌ക്കരിച്ചു. വായനക്കാര്‍ പരിചയിച്ച് വന്ന കാല്‍പ്പനിക ഭാവങ്ങളും ഹ്രുദ്യമായ ഉപമകളും പുതിയ കവിതകളില്‍ കാണുന്നില്ലെങ്കിലും രൂപാലങ്കാരത്തിലൂടെയും, പ്രതിമാനങ്ങളിലൂടെയും  ആധുനിക കവികള്‍ അവര്‍ക്ക് പറയാനുള്ളത് ശക്തിയോടെ പറഞ്ഞു. ശക്തിയോടെ എന്നുദ്ദേശിക്കുന്നത് അനുവാചക ഹ്രുദയങ്ങളിലേക്ക് ആഴത്തില്‍ പ്രവേശിക്കുന്ന വിധം എന്നര്‍ത്ഥത്തില്‍. ഉപമകളേക്കാള്‍ രൂപാലങ്കാരങ്ങള്‍ക്ക് കവിതയിലെ ആശയങ്ങളെ ശക്തമായ  രീതിയില്‍ അനുവാചക ഹ്രുദയങ്ങളിലെക്ക് എത്തിക്കാന്‍ കവികള്‍ക്ക് കഴിയുന്നു.  ഏതെങ്കിലും ഒന്നിനോട് സാദ്രുശ്യപ്പെടുത്തുമ്പോള്‍ അവിടെ വായനക്കാരനു പരിചയമുള്ള ഒരു കാര്യമാണു് പ്രകടമാകുന്നത്.. എന്നാല്‍ രൂപാലങ്കാരത്തോടെ പറയുമ്പോള്‍ അത് വായനക്കാരനില്‍ വികാരങ്ങളെ ഇളക്കിവിടുന്നു. ഉപമകള്‍ വായനക്കാരന്‍ പ്രകടമായി കാണുന്നു. എന്നാല്‍ രൂപാലങ്കാരങ്ങള്‍ അവന്റെ ഭാവനയിലൂടെ കാണുന്നു. ഇവിടെ ചിന്ത എന്ന ഒരു പ്രക്രിയ ഉത്ഭവിക്കുന്നുണ്ട്. അങ്ങനെ ബുദ്ധിപരമായ ഒരു പ്രക്രിയയിലൂടെ അത് വായനക്കാരിലേക്ക് ശക്തമായ രീതിയില്‍ പ്രവേശിക്കുന്നു.

പ്രതിമാനങ്ങള്‍ കവിതക്ക് ചാരുത ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന രീതിയല്ല ശ്രീനമ്പിമഠത്തിന്റേത്. തന്റെ ആശയംവളരെ വ്യകതമായ രീതിയില്‍ പ്രതിമാനങ്ങളിലൂടെ സന്നിവേശിപ്പിക്കുന്ന ഒരു ആവിഷ്‌ക്കാരരീതിയാണു അദ്ദേഹത്തിന്റെ കവിതകളില്‍ കാണുന്നത്. അത് അദ്ദേഹം സ്വന്തമായി സ്രുഷ്ടിച്ചെടുത്തവയാണു്.തന്മൂലം അതിനു മൗലികതയുണ്ട്.  ഇതിലെ നിശ്വനായ പക്ഷി എന്ന കവിത തന്നെ അദ്ദേഹത്തിനു രചനാവൈഭവങ്ങളിലുള്ള കയ്യടക്കത്തിനു ഉദാഹരണമാണു. മനസ്സ് എന്നത് ബോധമാണു്. പ്രജ്ഞ, അവബോധം, വിചാരശക്തി, വിധിന്യായം, ഓര്‍മ്മ ഇതൊക്കെ മനുഷ്യമനസ്സില്‍ നടക്കുന്നപോലെ ജന്തുക്കളിലും നടക്കുന്നു എന്ന് കവി വിശ്വസിക്കുന്നത്‌കൊണ്ടാകാം മനസ്സിനെപ്പറ്റി പറയാന്‍ പക്ഷിയെ തിരഞ്ഞെടുത്തത്.  തന്നയുമല്ല മനസ്സ് കൊണ്ട് മനുഷ്യന്‍ പറക്കുകയാണല്ലോ? അത്‌കൊണ്ട് തന്നെ പക്ഷി എന്ന ബിംബം അനുയോജ്യം തന്നെ. കൂടാതെ മനസ്സ് ശരീരത്തില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു എന്ന ചില ആത്മീയ ചിന്തകളേയും കവി തള്ളികളയുന്നു.  ഭൗതികമായ കാര്യങ്ങളിലേക്ക് മനസ്സിനെ ആകര്‍ഷിക്കുന്നത് ശരീരത്തിന്റെ ഇ'ാശക്തിയാണു്. ശരീരത്തിന്റെ താല്‍പ്പര്യങ്ങളാണു.

ജീവിച്ചിരിക്കുമ്പോള്‍ മനുഷ്യന്‍ അവന്റെ ശരീരത്തിനുവേണ്ടി മനസ്സിനെ ഉപയോഗിച്ച് അതിന്റെ ശക്തിയും, സിദ്ധികളും മനസ്സിലാക്കാതെ നട്ടം തിരിയുന്നു എന്ന് കവി ധ്വനിപ്പിക്കുന്നുണ്ട്.  അതില്‍ കുറച്ച്‌പേര്‍ ബോധിവ്രുക്ഷത്തിന്റെ സുകരമായ ശീതളിമയിലേക്ക് പോകുന്നു എന്ന പ്രയോഗം ഒരു ആക്ഷേപഹാസ്യമാണു്. ഒരു മരച്ചുവട്ടിലും മനസ്സിനെ തളക്കാന്‍  സാദ്ധ്യമല്ല.   ഒരിടത്തും ഇരിപ്പുറക്കാത്ത പക്ഷി എന്നാണു മനസ്സിനെ വിശേഷിപ്പിക്കുന്നത്. പുനര്‍ജന്മത്തിന്റെ ഒരു സൂചനയും ഇതില്‍ നിന്നും കിട്ടുന്നു. കാരണം ശരീരമെന്ന ഇരുട്ടില്‍ കിടന്നു നിസ്വനായി, കൂടറിയാത്തവനായി, ദേശാടനക്കിളിയായി, ചഞ്ചലനായി അത് വീര്‍പ്പുമുട്ടി അവസാനം പറന്നു പറന്നു അനന്തമായി പ്രയാണം തുടരുന്നു. മനസ്സിനെ ആത്മാവുമായി കൂട്ടിയിണക്കുന്ന ചില ചിന്തകളെ കവി അവലംബിച്ചിട്ടുണ്ടോ എന്നറിയില്ല ആത്മാവിനു പുനര്‍ജന്മമുണ്ടെന്ന് വിശ്വസിക്കുന്ന മതതത്വചിന്തകളും നമ്മള്‍ക്ക് പരിചിതമാണല്ലോ.  കവിയൂടെ നോട്ടത്തില്‍ എല്ലാമുണ്ടായിട്ടും ത്രുപ്തനാകാതെ ജീവിതത്തിന്റെ നല്ല കാലങ്ങള്‍ വ്യര്‍ത്ഥമാക്കി അവസാനം ഒരു മുനിയെപോലെ തളര്‍ന്നിരിക്കുന്നു എന്ന് പറയുമ്പോള്‍ കവി ശരീരവും മനസ്സും തമ്മിലുള്ള അഭേദ്യബന്ധത്തിനു അടിവരയിടുന്നു. മനസ്സിന്റെ  വ്യാപാരങ്ങള്‍ മനസ്സാണോ ശരീരമാണോ എന്ന ഒരു ചോദ്യവും കവി സമൂഹത്തിനിട്ട് കൊടുക്കുന്നു.ശരീരത്തിനേയും മനസ്സിനേയൂം രണ്ടായികണ്ടിരുന്നവരാണു് പ്ലേറ്റോ, അരിസ്‌റ്റോട്ടില്‍ എന്ന ഗ്രീക്ക് ചിന്തകരും, ഹിന്ദു ദര്‍ശനങ്ങളില്‍ സാ്യനും പിന്നെ യോഗയും.  മനസ്സ് ശരീരവുമായി ബന്ധമില്ലാതെ ഒറ്റക്ക് നില്‍ക്കുന്ന ഒരു വസ്തുവാണെന്ന് അവര്‍ വിശ്വസിച്ചു.എന്നാല്‍ നിസ്വനായ പക്ഷിയില്‍ കവിയുടേതായ ഒരു ദര്‍ശനം കാണാം.  ശരീരത്തിന്റെ താളങ്ങള്‍ക്കൊപ്പം ചലിച്ച് അവസാനം ബലഹീനമാകുന്ന ശരീരത്തോടൊപ്പം മനസ്സും തളരുന്നു.

ഈ കവിതയില്‍ മനസ്സിനെ ഒരു പക്ഷിയുടെ നാലു അവസ്ഥകളോട്് താരതമ്യം ചെയ്യുന്നുണ്ട്.. അത് മനുഷ്യന്റെ ബാല്യം, കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം എന്നിവയെ സൂചിപ്പിക്കുന്നതാണു.യൗവ്വനം ഒരു ചഞ്ചലനായ പക്ഷിയാണു്. അപ്പോഴത്തെ മനസ്സിലെ  വൈക്രുതചിന്തകളെ കവി വിവരിക്കുന്നത് ശ്രദ്ധിക്കുക: മുല്ലപ്പൂവ്വിന്റെ വെണ്മയിലും പാലപ്പൂവ്വിന്റെ സൗരഭ്യത്തിലും  ത്രുപ്തിയടയാതെ, വഴിപ്പണിക്കാരിയുടെ വിയര്‍പ്പിന്റെ ഗന്ധത്തിലും,  ചേറില്‍ക്കുളിച്ച ചെറുമിയുടെ ഗന്ധത്തിലും. കവിയെ  ആധുനിക കവിതയുടെ വക്താവ് എന്ന് വിശേഷിപ്പിക്കാമെങ്കിലും കാല്‍പ്പനികതയുടെ മുഗ്ദ്ധസാരള്യം വഴിഞ്ഞൊഴുകുന്ന വരികളും ഇതില്‍ പ്രകടമാണു്. 'പാടാത്ത പാട്ടുകള്‍ തേടി, കേള്‍ക്കാത്ത രാഗം തേടി, അറിയാത്ത രുചികള്‍ തേടി'' .

കലയും യാഥാര്‍ത്ഥ്യവും തമ്മിലൂള്ള ബന്ധത്തിന്റെ മാനങ്ങള്‍ മാറികൊണ്ടിരിക്കുകയാണു്.കാലം നീങ്ങികൊണ്ടിരിക്കുമ്പോള്‍ കലയുടെ ലോകത്തും അതിന്റെ പ്രഭാവം ഉണ്ടാകുന്നു.കാലത്തിനൊത്ത് മാറാന്‍ മനസ്സ് സമ്മതിക്കാത്തവരുടെ മുന്നില്‍ ആധുനികത അല്ലെങ്കില്‍ ആധുനിക കവിത ചോദ്യ്ചിഹ്നം പോലെ നില്‍ക്കാറുണ്ട്.മലയാള കവിതയിലേക്ക് നോക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കവിതകളില്‍ കാല്‍പ്പനികതക്ക് മുന്‍തൂക്കം നല്‍കിയിരുന്നു എന്ന് കാണാം.  പില്‍ക്കാലത്ത് ആ മാത്രുകയില്‍ എഴുതിയവേ 'പൈങ്കിളി'' എന്ന് ആക്ഷേപിക്കുകയുണ്ടായി. കുറെ കവികള്‍ കവിതയുടെ പുതിയ സങ്കേതങ്ങള്‍ തേടി പോയി, ആധുനികതയുടെ പ്രസരം കവിതയിലെ മലയാളിത്വം കുറഞ്ഞത് കവികളുടെ കുറ്റമല്ലെന്ന് വായനക്കാര്‍ മനസ്സിലാക്കേണ്ടതുണ്ട്. തുളസികതിരും, ചന്ദനക്കുറിയും, മരതകകാടുകളും, തിരന്നോട്ടവും, ഒളിഞ്ഞ്‌നോട്ടവും, ലജ്ജയില്‍ മുങ്ങിയ മുവും അങ്ങനെ ഒരുപാട്് ലോലഭാവങ്ങള്‍ ഇന്ന് കവികളുടെ മുന്നിലില്ല. എന്നാല്‍ ശ്രീ നമ്പിമഠം അത്തരം മുഗ്ദ്ധ സങ്കല്‍പ്പങ്ങളെ മനസ്സിലിട്ട് താലോലിക്കുന്നുണ്ട്. കഴിഞ്ഞ് പോയ ഒരു കാലഘട്ടം സ്മ്രുതിയില്‍ സൂക്ഷിക്കുന്ന കവിക്ക് ആധുനിക കവിതകളെ അനുവാചക ഹ്രുദയങ്ങളിലേക്ക് എങ്ങനെ പകരണമെന്നറിയാം. നേരത്തെ സൂചിപ്പിച്ചപ്പോലെ അത് അദ്ദേഹത്തിന്റെ രചനാ തന്ത്രത്തിന്റെ രഹസ്യമാണു്. പുതിയതിനെ അപ്പാടെ വാരി പുണരുകയും പഴയതിക്കനെ തള്ളികളയുകയും ചെയ്യാതെ അതിനിടയില്‍ നിന്ന് രൂപപ്പെടുത്തിയെടുക്കുന്ന ഒരു രീതി. അത് ഹുദയാവര്‍ജ്ജകവും ആസ്വാദകമനസ്സുകള്‍ക്ക് അതീവ ആനന്ദം പകരുന്നതുമാണു്. ആധുനികതയുടെ എല്ലാ നല്ല വശങ്ങളും കവിതാ രചനക്ക് ഉപയോഗപ്രദമാക്കുമ്പോഴും ആധുനികതയുടെ അസംബന്ധത്തില്‍ നിന്നും ശ്രീ നമ്പിമഠം അകലം സൂക്ഷിക്കുന്നു. എന്തോ ദ്രുതഗതിയില്‍ എത്തിപ്പിടിക്കാന്‍ മരണപാച്ചില്‍ പായുന്ന മനുഷ്യരെയാണു സാധാരണ ആധുനിക  കവികള്‍ കാണുന്നത്. അവിടെ സ്‌നേഹബന്ധങ്ങളുടെ മൂല്യം വളരെ കുറഞ്ഞു. പ്രായോഗികതയൂം സൗകര്യ്‌വും നോക്കുന്ന മനുഷ്യരെ -സ്ര്തീപുരുഷഭേദമെന്യേ - കാണുന്ന കവികള്‍ കുത്തിക്കുറിക്കുന്നത് ആലോചിച്ചുറപ്പിച്ച ഒരു വ്രുത്തത്തിലല്ല. കവികള്‍ വ്രുത്തത്തില്‍ പാടാന്‍ നിന്നാല്‍ ജനത്തിനു കേള്‍ക്കാന്‍  സമയമില്ല, വായിക്കാനും.   അപ്പോള്‍ ഓട്ടത്തിനനുസരണമായി കവികള്‍ എഴുതി. മുദ്രാവാക്യം പോലെ, ആയാസത്തിനു കഠിനാദ്ധ്വാനം ചെയ്യുന്ന  ജോലിക്കാര്‍ പാടിയ ഹൈലസ പോലെ. ഇതു കവിതയെ വില ക്കുറച്ച് കാണിക്കയല്ല മറിച്ച് അത്തരം ആവിഷ്‌കാരങ്ങളിലൂടെ  അനന്തമായ അര്‍ത്ഥസാന്ദ്രത അവര്‍ക്ക് കലര്‍ത്താന്‍ കഴിഞ്ഞു. വളരെ ശക്തമായ പ്രതിബിംബങ്ങള്‍ അവര്‍ കവിതയില്‍ ഉള്‍പ്പെടുത്തി.

ശ്രീ നമ്പിമഠത്തിനു കാല്‍പ്പനികതയും, ആധുനികതയും തമ്മില്‍ കലര്‍ത്താനുള്ള കഴിവ് അദ്ദേഹം ഈ സമാഹാരത്തിലെ എല്ലാ കവിതകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.  പ്രവാസ ജീവിതം നയിക്കുന്ന കവിയില്‍ ഗ്രുഹാതുരത്വം നിറയുമ്പോള്‍ കാല്‍പ്പനികതയുടെ ചിറകുകളില്‍ കവി പറക്കുന്നു.  അപ്പോള്‍ കവിയുലുണരുന്ന സര്‍ഗ്ഗസങ്കല്‍പ്പങ്ങള്‍ക്ക് മലയാളത്തിന്റെ നിറവും മണവും. തുഞ്ചന്റെ കിളിമകളെ കവി വിളിക്കുന്നത് 'നൂറുതരാമൊരു വാല്‍ക്കിണ്ടിയില്‍ പാലും തരാം, വെറുതെയിരുന്നു മുഷിയുമ്പോഴിത്തിരി ചുണ്ണാമ്പു തേച്ച് തളിര്‍വെറ്റിലയും ചവച്ചിരിക്കാം.'എന്ന് പറഞ്ഞാണു്.മലയാള ഭാഷ മലയും ആഴിയും കടന്നു ചെന്ന സ്ഥലത്തൊക്കെ പൂര്‍വ്വചിന്തയില്‍ പരിലസിക്കുന്നെങ്കിലും അത് മറ്റ് സംസകാരങ്ങളുമായി ഇഴുകി ചേരുന്നു എന്നുകൂടി പറഞ്ഞ് കവി ഭാവുകങ്ങളെ യാഥാര്‍ത്ഥ്യത്തിന്റെ നിലയിലേക്ക് കൊണ്ട് വരുന്നു.  ലൈലാക്ക് പുഷ്പങ്ങള്‍ പൂക്കൂട ചൂടുന്ന റോച്ച്‌സ്റ്റര്‍ നഗരത്തില്‍ ഒരു പൂക്കളം തീര്‍ക്കാമെന്നും പൂവ്വെ പൊലി പാടാമെന്നു കിളിമകളോട് പറയുന്നു. ലോകാസമസ്ത സുിനോ ഭവന്തു എന്ന ആപ്ത വാക്യത്തെ ഉയര്‍ത്തിപിടിക്കയാണിവിടെ. ഒരു അന്തര്‍ദേശീയ സൗഹ്രുദത്തിനു കവി ഭൂമിക പണിയുകയാണു്.സ്വന്തം സംസ്‌കാരത്തെ മാനിക്കുമ്പോഴും അതിനെ പരിപോഷിപ്പിക്കുമ്പോഴും മറ്റ് സംസ്‌കാരങ്ങളെ മന്‍സ്സിലാക്കാനും അതില്‍ നല്ലത് സ്വീകരിക്കാനുമുള്ള ഒരു ഹ്രുദയ വിശാലത നമ്മള്‍ വികസിപ്പിക്കേണ്ട്താണെന്നൂം കവി നമ്മെ ഉദ്‌ബോധിപ്പിക്കുന്നു.

മനസ്സുകൊണ്ടൊരു മടക്കയാത്ര എന്ന കവിതയുടെ ഇതിവ്രുത്തം ഗ്രഹാതുരത്വമാണു്.ഗ്രഹാതുരത്വം വിവരിക്കാന്‍ കാല്‍പ്പനിക ഭാഷയുപയോഗിക്കുമ്പോള്‍ വായനക്കാരിലേക്ക് ആ നൊമ്പരം പടര്‍ന്ന് കയറുന്നു. വീട്ടില്‍ എത്തിചേരുക, വേദന, മന:പീഡ എന്നര്‍ത്ഥം വരുന്ന രണ്ടു ഗ്രീക്ക് വാക്കുകളില്‍ നിന്നാണു ഇംഗ്ലീഷിലെ നോസ്റ്റാല്‍ജിയ എന്ന വാക്കുണ്ടായത്.. സ്വ്സ്സിലെ കൂലിപട്ടാളക്കാര്‍ കാണിുച്ച ഒരു രോഗാവസ്ഥയായിരുന്നു ഇത്. വീട്ടില്‍ നിന്നകന്ന്   കഴിയുന്ന അവര്‍ക്ക് കുടമണി കെട്ടിയ അവരുടെ പശുക്കള്‍ മൈതാനത്ത് പുല്ലു തിന്ന് നടക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം  കേള്‍ക്കുന്ന പോലെ തോന്നിയിരുന്നു.  എല്ലാ പ്രവാസികളിലും ഈ രോഗം സാധാരണയാണു. കവികള്‍ക്കാകുമ്പോള്‍ അത് കവിതയാകുന്നു. ഇതിലെ ഓരോ വര്‍ണ്ണനകളിലും ഭാരതീയ സംസ്‌കാരത്തിന്റെ ഒരു തിരി കൊളുത്തി, കേരളീയ ജീവിത രീതികളെ പ്രക്രുതി ഭംഗിയുമായി ചാലിച്ച്‌കൊണ്ടെഴുതിയതാണു്.  ബാല്യകാല സ്മ്രുതികളാണധികവും. അരുതകളുടെ കാലമാണെങ്കിലും കുട്ടിക്കാലമാണു കൗതുകങ്ങളുടെ ലോകം. അവിടെ വിസ്മയത്തോടെ നോക്കി നില്‍ക്കുന്ന നിഷ്‌ക്കളങ്കനായ  ഒരു കുട്ടിയുടെ ഓര്‍മ്മകള്‍ എഴുതുമ്പോള്‍ കഴിഞ്ഞ് പോയ ഒരു കാല്‍ഘട്ടം ചുരുള്‍ നിവരുന്നു. ഇതിലെ നചിത്രങ്ങളില്‍ പലതും നഷ്ടപ്പെട്ടുപോയി. ഭാവി തലമുറക്ക് അത് ഭാവനയിലൂടെ കാണാന്‍ പോലും പ്രയാസമാണു്. എന്നാല്‍ ഈ കവിത സശ്രദ്ധം വായിക്കുന്ന ഒരു ചരിത്ര വിദ്യാര്‍ത്ഥിക്ക് ഭൂതകാലത്തില്‍ ജീവിച്ചിരുന്ന ഒരു കുട്ടിയുടെ ആഹ്ലാദവും, വിസ്മയവും, അതിലൂടെ നേടുന്ന അറിവും നിഷ്പ്രയാസം മനസ്സിലാക്കാന്‍  സാധിക്കും. ഈ വരികള്‍ ശ്രദ്ധിക്കുക: വായ്‌പൊളിക്കുമാനതന്‍ വായിലത്ഭുതമായി നിന്നതും,  നെയ്ത്തിരി വിളക്കിലെ ചെറുനാളമായി ചാഞ്ചാടി നിന്നതും,  നിലാവില്‍ മുങ്ങി നില്‍ക്കുമേഴിലമ്പാലപ്പൂവിലുന്മാദമായ് പടര്‍ന്നതു, അരയാലിന്‍ കൊമ്പിലിളകുമാലിലകളിലൊരു'.വിവരിക്കുന്ന ബിംബങ്ങള്‍ക്ക് തമ്മിലുള്ള ബന്ധം പ്രത്യേകം ശ്രദ്ധേയമാണു. ഓരോ ബിംബങ്ങളും അല്ലെങ്കില്‍ ബാല്യകാല ഓര്‍മ്മകളുടെ ചിത്രങ്ങള്‍ വരക്കുമ്പോള്‍ അവ ഒരു ക്രമത്തില്‍ നിരത്തിയിരിക്കുന്നു. നെയ്ത്തിരി വിളക്കും, കതിര്‍ക്കുലയും, നിറപറയും ചേര്‍ത്താണു പറയുന്നത് അല്ലാതെ നെയ്ത്തിരി വിളക്കിനെക്കുറിച്ച് പറയുമ്പോള്‍ അണ്ണാറക്കണ്ണന്റെ കഥ പറയുന്നില്ല. ഈ കവിതയിലെ പദ സൗകമാര്യവും പ്രത്യേകം വായനക്കാരനെ ആഹ്ലാദിപ്പിക്കുന്നവയാണു.അവനും ഗ്രഹാതുരത്വത്തിലെ പിടിയില്‍ അല്‍പ്പനേരം അമര്‍ന്നുപോകും.

ഭ്രൂണം മുതല്‍ എന്ന കവിത മൂന്നാം ലോകരാഷ്ട്രങ്ങള്‍ എങ്ങനെ ഉണ്ടാകുന്നു എങ്ങനെ അവ വീണ്ടും ആ  സ്ഥിതിയിലേക്ക് തന്നെ നിപതിക്കുന്നു എന്ന സത്യം കാവ്യാത്മകമായി വിവരിക്കുന്നു. മൂന്നാം ലോകരാഷ്ട്രങ്ങള്‍ എല്ലാം മുമ്പ് കോളനികളായിരുന്നു. ഇവക്ക് ഒന്നും രണ്ടും ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ സ്ഥിരമായ ഒരു വ്യക്തിത്വം ഒറ്റക്കോ അതെപോലുള്ള മൂന്നാം ലോകരാജ്യങ്ങളുമായി കൂടിചേര്‍ന്നോ ഉണ്ടായിരുന്നില്ല. അവിടത്തെ പൗരന്മാര്‍ അനുഭവിച്ച ക്ലേശങ്ങളുടെ, അടിമത്വത്തിന്റെ ഒരു ചിത്രം കവി നമുക്ക് തരുന്നു.  ഈ കവിതയില്‍ ഉടനീളം ബിംബങ്ങള്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന ഒരു അറിവും ലഭിക്കുന്നു. അവിടത്തെ ഒരു പൗരന്‍ മരിക്കുമ്പോള്‍ ആഗ്രഹിക്കുന്നത് പുനര്‍ജന്മം അത്തരം രാജ്യത്തായിരിക്കിരുതെന്നാണു്.ഇതില്‍ പറയുന്ന രാജ്യം ഇന്ത്യയാണെന്ന് നമുക്ക് തിരിച്ചറിയാം. ഈ രാജ്യം സ്വതന്ത്രമായപ്പോഴും പഴയ തിന്മകളില്‍ നിന്നും മുക്തമാവുന്നില്ല. അവര്‍ വീണ്ടും അതേഗതിയില്‍ തുടര്‍ന്ന് മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളുടെ സൗജന്യം പറ്റി കഴിയാന്‍ ആഗ്രഹിക്കുന്നു. അരോചകമായ അത്തരം ഒരു സാഹചര്യത്തില്‍ സ്വയം പിറക്കാതിരിക്കുന്നതിനേക്കാള്‍ ഒരു മൂന്നാം ലോകത്തിന്റെ പിറവി സ്വപ്നം കാണുകയാണു് എളുപ്പമെന്ന ആശയം കവി പ്രകടിപ്പിക്കുന്നു,. സത്യം ജയിക്കുമെന്ന് ലോകമെമ്പാടുമുള്ള വിശ്വാസവും ഒരു നിബന്ധനയുടെ ബലത്തിലാണെന്നും ധൈര്യപൂര്‍വം കവി കുറിക്കുന്നു. ഗുരുക്കന്മാര്‍ പഠിപ്പിക്കുന്നത് നന്മയാണെങ്കിലും പ്രായോഗികതയുമായി കൂട്ടിമുട്ടുമ്പോള്‍ അവ ചിതറുന്നത് കവിയെ അത്ഭുതപ്പെടുത്തുന്നു.പിന്നെയുള്ള മാര്‍ഗ്ഗം ഒഴുക്കിലൂടെ നീന്തുക എന്നാണു്. ഭാരതത്തെക്കുറിച്ച് അറിയുന്നവര്‍ക്ക് ഇത് ഒരു വിപരീത ചിന്തയായി കാണാന്‍ കഴിയില്ല. അവിടത്തെ കുരുക്ഷേത്രത്തിലാണു് ധര്‍മ്മയുദ്ധം അരങ്ങേറിയത്. വീണ്ടും സത്യം ശീര്‍ഷാസനനത്തില്‍ തന്നെ നില്‍ക്കുന്നത് അവിടെയാണു്.


(തുടരും)


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക