Image

ഇന്ത്യയില്‍നിന്നുള്ള വീട്ടുജോലിക്കാര്‍ക്ക് പുതിയ തൊഴില്‍ കരാര്‍

കെ.കെ. എ. അസീസ് Published on 20 October, 2011
ഇന്ത്യയില്‍നിന്നുള്ള വീട്ടുജോലിക്കാര്‍ക്ക് പുതിയ തൊഴില്‍ കരാര്‍
റിയാദ്: ഇന്ത്യയില്‍ നിന്ന് പുതുതായി സൗദിയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന വീട്ടുജോലിക്കാര്‍ക്ക് വേണ്ടി ഇന്ത്യ പുതിയ തൊഴില്‍ കരാറിന് രൂപം നല്‍കി. കരാര്‍ രൂപപ്പെടുത്തിയത് റിയാദിലെ ഇന്ത്യന്‍ എംബസിയെന്നാണ് വിവരം. പുതിയ കരാറനുസരിച്ച് 1200റിയാലില്‍ കുറഞ്ഞ ശമ്പളത്തില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ വരുന്നതിന് വിലക്കേര്‍പ്പെടുത്തി. ശമ്പളത്തിന് പുറമെ മൂന്ന് നേരത്തെ ഭക്ഷണവും സൗജന്യമായി സ്പോണ്‍സര്‍ നല്‍കണം. അല്ലാത്തപക്ഷം 200 റിയാല്‍ അധികം നല്‍കണമെന്നും പുതിയ കരാര്‍ വ്യവസ്ഥ ചെയ്യുന്നു.

ഇന്ത്യക്കാര്‍ തൊഴിലെടുക്കുന്ന സ്ഥലങ്ങള്‍ പരിശോധിച്ച് തൊഴിലാളികളുടെ അവസ്ഥ അന്വേഷിക്കുന്നതിനും വിലയിരുത്തുന്നതിനും നടപടികളെടുക്കുന്നതിനും കരാറിലെ 21ാം ഖണ്ഡിക പ്രകാരം ഇന്ത്യന്‍ എംബസിക്ക് അധികാരമുണ്ടായിരിക്കും.

തൊഴിലുടമയുടെ ഭാഗത്ത്നിന്ന് അക്രമപരമായോ സ്വഭാവദൂഷ്യത്താലോ വീഴ്ചകള്‍ സംഭവിച്ചാല്‍ അതിനുത്തരവാദി സ്പോണ്‍സറായിരിക്കുമെന്ന് ഖണ്ഡിക 18 വ്യവസ്ഥ ചെയ്യുന്നു. കൂടാതെ തൊഴിലാളി വധശിക്ഷക്ക് വിധിക്കപ്പെടുന്ന സാഹചര്യത്തില്‍ പ്രതിക്രിയക്ക് പകരമായി അയാള്‍ക്ക് വേണ്ടി ബ്ളഡ്മണി (ദിയ) നല്‍കേണ്ട ബാധ്യതയും സ്പോണ്‍സര്‍ക്കാണ്. ഖണ്ഡിക 18ലെ സുപ്രധാന വ്യവസ്ഥ ഇങ്ങിനെയാണ്, ‘തൊഴിലാളി മരണപ്പെടുകയോ മറ്റൊരാളുടെ മരണത്തിന് കാരണമാവുകയോ ചെയ്താല്‍ അയാള്‍ക്ക് വേണ്ടി മരണപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് ബ്ളഡ് മണി നല്‍കേണ്ടത് കരാറിലെ ഒന്നാം കക്ഷിയുടെ (സ്പോണ്‍സര്‍) ബാധ്യതയാകുന്നു. ‘തൊഴിലാളി മരണപ്പെട്ടാല്‍ അയാളുടെ ശവശരീരം നാട്ടിലേക്ക് എത്തിക്കാനുള്ള എല്ലാ ചെലവുകളും വഹിക്കേണ്ടത് സ്പോണ്‍സറാണെന്ന് കരാറിലെ 16ാം ഖണ്ഡികയില്‍ വ്യക്തമാക്കുന്നു. 

കരാറിന് നിയമ സാധുത ലഭിക്കണമെങ്കില്‍ കരാറില്‍ സൗദി വിദേശ മന്ത്രാലയം ചേംബര്‍, ഇന്ത്യന്‍ എംബസി എന്നിവ ഒപ്പ് വെച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്. പുതിയ കരാര്‍ രൂപപ്പെട്ട പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഹൗസ് ഡ്രൈവര്‍മാര്‍ക്ക് വേണ്ടി ഇഷ്യുചെയ്ത സൗദി വിസകള്‍ ചില ഉടമകള്‍ റദ്ദാക്കിയതായും അറിയുന്നു. തങ്ങളുടെ സ്വകാര്യതകളില്‍ കൈകടത്തുന്ന ഈ കരാര്‍ അംഗീകരിക്കാനാകില്ളെന്നും അവര്‍ പ്രതികരിച്ചതായാണ് വിവരം. അതേസമയം ഇന്ത്യ പുതുതായി രുപംകൊടുത്ത തൊഴില്‍ കരാറിനെക്കുറിച്ച് യാതൊരു വിവരവും ഇന്ത്യന്‍ ഗവണ്‍മെന്‍റിന്‍െറ ഭാഗത്തുനിന്നോ എംബസിയുടെ ഭാഗത്ത് നിന്നോ ഒൗദ്യോഗികമായി ഇതുവരെ ലഭിച്ചിട്ടില്ളെന്ന് സൗദി ദേശീയ റിക്രൂട്ടിങ് കമ്മിറ്റി മേധാവി സഅദുല്‍ ബദ്ദാഹ് അറിയിച്ചു. ഈജിപ്ത് കഴിഞ്ഞാല്‍ സൗദിയില്‍ ഏറ്റവും കൂടുതല്‍ വിദേശ തൊഴിലാളികള്‍ ഇന്ത്യക്കാരാണ്. അവരുടെ സംഖ്യ 30 ലക്ഷം വരുമെന്നാണ് ഏകദേശ കണക്ക്. അതില്‍ ഒന്നര ലക്ഷം പേരെങ്കിലും നിയമാനുസൃത തൊഴിലാളികളല്ളെന്നാണ് സൗദി അധികൃതര്‍ നല്‍കുന്ന വിവരം. അക്രമ പ്രവര്‍ത്തനങ്ങളില്‍ പിടിക്കപ്പെടുന്ന വിദേശികളില്‍ മൂന്നാം സ്ഥാനത്താണ് (10.2 ശതമാനം) ഇന്ത്യക്കാരെന്നും അധികൃതര്‍ വിലയിരുത്തുന്നു. കരാറിന്‍െറ വിശദാംശങ്ങള്‍ ഇനിയും പുറത്ത് വരാതിരിക്കെ ഏതെല്ലാം മേഖലകളിലെ തൊഴിലാളികളാണ് പുതിയ കരാറില്‍ ഉള്‍പെടുകയെന്ന് വ്യക്തമല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക