Image

ബ്രിട്ടനില്‍ കുടിയേറ്റക്കാര്‍ക്കു ചെയ്യാവുന്ന ജോലികളുടെ എണ്ണം കുറച്ചു

ജോസ്‌ കുമ്പിളുവേലില്‍ Published on 20 October, 2011
ബ്രിട്ടനില്‍ കുടിയേറ്റക്കാര്‍ക്കു ചെയ്യാവുന്ന ജോലികളുടെ എണ്ണം കുറച്ചു
ലണ്‌ടന്‍: യുകെയില്‍ കുടിയേറ്റക്കാര്‍ക്ക്‌ ചെയ്യാവുന്ന സ്‌പെഷലിസ്റ്റ്‌ ജോലികളുടെ പട്ടികയില്‍ (ഷോര്‍ട്ടേജ്‌ ഒക്യുപ്പേഷന്‍ ലിസ്റ്റ്‌) വീണ്‌ടും വെട്ടിച്ചുരുക്കല്‍. രാജ്യത്തിന്‌ ആവശ്യമുള്ള മേഖലകളില്‍ മാത്രം വിദേശത്തുനിന്നു തൊഴിലാളികളെ സ്വീകരിച്ചാല്‍ മതിയെന്ന നയം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമാണിത്‌. നടപ്പുവര്‍ഷം നവംബര്‍ 14 മുതലാണ്‌ പുതിയ ഷോര്‍ട്ടേജ്‌ ഒക്യുപ്പേഷന്‍ ലിസ്റ്റ്‌ പ്രാബല്യത്തില്‍ വരിക.

പോയിന്റ്‌സ്‌ ബേസ്‌ഡ്‌ സംവിധാനത്തില്‍ ടിയര്‍ 2 വീസയിലാണ്‌ ഷോര്‍ട്ടേജ്‌ ഒക്കുപ്പേഷനുകളിലേക്ക്‌ വിദേശികളെ റിക്രൂട്ട്‌ ചെയ്യുന്നത്‌. യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള വിദഗ്‌ധ തൊഴിലാളികള്‍ക്ക്‌ അപേക്ഷിക്കാനുള്ള റൂട്ടാണിത്‌ (ഹൈലി സ്‌കില്‍ഡ്‌ മൈഗ്രന്റ്‌സ്‌ പ്രോഗ്രാം).

മൈഗ്രേഷന്‍ അഡൈ്വസറി കമ്മറ്റി (എംഎസി) ശിപാര്‍ശ അനുസരിച്ചാണ്‌ സര്‍ക്കാര്‍ തീരുമാനം. 2,30,000 ത്തില്‍നിന്ന്‌ 40,000 കുറച്ച്‌ 1,90,000 ല്‍ എത്തിച്ചിരിക്കുകയാണിപ്പോള്‍. ഇതില്‍ ചുരുക്കം ജോലികള്‍ മാത്രമാണ്‌ വിദേശികള്‍ക്ക്‌ ചെയ്യാന്‍ അനുമതിയുള്ളത്‌.

പല ഒഴിവുകളും നികത്താന്‍ നാട്ടില്‍ തന്നെ ആളുണ്‌ടെന്ന്‌ എംഎസി ചൂണ്‌ടിക്കാട്ടിയിരുന്നു. സെക്കന്‍ഡറി എഡ്യുക്കേഷന്‍ ബയോളജി ടീച്ചര്‍, സ്‌പീച്ച്‌ ആന്‍ഡ്‌ ലാംഗ്വേജ്‌ തെറാപ്പിസ്റ്റ്‌, ഫാര്‍മസിസ്റ്റ്‌, ഓര്‍ത്തോപ്‌റ്റിസ്റ്റ്‌സ്‌, വെറ്ററിനറി സര്‍ജന്‍, റാങ്ക്‌ ആന്‍ഡ്‌ ഫയല്‍ ഓര്‍ക്കസ്‌ട്രല്‍ മ്യുസീഷ്യന്‍ തുടങ്ങിയ പോസ്റ്റുകളാണ്‌ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്‌.

ലിസ്റ്റിലെ ചില തസ്‌തികകളില്‍ ബയോളജി ടീച്ചര്‍മാരും ഫാര്‍മസിസ്റ്റുകളും വെറ്ററിനറി സര്‍ജന്മാരുമൊക്കെ ഏറ്റവുമധികം എത്തുന്നത്‌ ഇന്ത്യയില്‍ നിന്നുമാണ്‌ പ്രത്യേകിച്ച്‌ കേരളത്തില്‍ നിന്ന്‌. ഇതോടെ ഇത്തരക്കാരുടെ ബ്രിട്ടനിലേയ്‌ക്കുള്ള വരവ്‌ അപ്പാടെ നിലയ്‌ക്കും.

അതേസമയം ആക്‌ച്വറീസ്‌, ഹൈ ഇന്റഗ്രിറ്റി പൈപ്പ്‌ വെല്‍ഡര്‍, എണ്‍വയണ്‍മെന്റല്‍ സയന്റിസ്റ്റ്‌, ജിയോകെമിസ്റ്റ്‌ ജോലികള്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുമുണ്‌ട്‌.

എന്നാല്‍ ഈ വിഭാഗത്തിലെ തൊഴിലവസരങ്ങള്‍ കാണിച്ച്‌ പരസ്യം നല്‌കിയശേഷം നാലാഴ്‌ചക്കുള്ളില്‍ സ്വദേശികളുടെ ഇടയില്‍ നിന്ന്‌ ജോലിക്കാരെ ലഭിച്ചില്ലെങ്കില്‍ മാത്രം ഷോര്‍ട്ടേജ്‌ ഒക്കണ്‌ടപ്പേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നും പറയുന്നുണ്‌ട്‌.വാര്‍ഷിക പരിധിയിലുള്ള തസ്‌തികള്‍ക്കായ്‌ അപേക്ഷിക്കുമ്പോള്‍ ടിയര്‍ 2 വീസ, വീസ റൂട്ടിലൂടെയുള്ള നിര്‍ദ്ദിഷ്‌ട സര്‍ട്ടിഫിക്കേറ്റ്‌സ്‌ ഓഫ്‌ സ്‌പോണ്‍സര്‍ഷിപ്പിനുള്ള എല്ലാ അപേക്ഷകരും നവംബര്‍ 14 മുതലുള്ള പുതിയ ലിസ്റ്റ്‌ അനുസരിച്ചായിരിക്കും അപേക്ഷിയ്‌ക്കേണ്‌ടത്‌.
ബ്രിട്ടനില്‍ കുടിയേറ്റക്കാര്‍ക്കു ചെയ്യാവുന്ന ജോലികളുടെ എണ്ണം കുറച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക