Image

പ്രിയ ജോ, നിനക്കായ് ഈ വരികള്‍ (6)- (കൂട്ടിനായ് ഓര്‍മ്മകള്‍- സരോജ വര്‍ഗീസ്, ന്യൂയോര്‍ക്ക്)

സരോജ വര്‍ഗീസ് Published on 26 October, 2013
പ്രിയ ജോ, നിനക്കായ് ഈ വരികള്‍ (6)-  (കൂട്ടിനായ് ഓര്‍മ്മകള്‍- സരോജ വര്‍ഗീസ്, ന്യൂയോര്‍ക്ക്)
പുലരിത്തുടിപ്പിന്റെ, ലഹരിയില്‍ പ്രകൃതി മുഴുകിയിരിക്കുന്നു. സ്ഥടികജനാലയില്‍ക്കൂടി പൊന്‍കിരണങ്ങള്‍ മുറിക്കുള്ളിലേക്ക് എത്തിനോക്കിത്തുടങ്ങി. മേശപ്പുറത്തിരിക്കുന്ന ഐപാഡില്‍ നിന്നും പഴയ സിനിമാഗാനങ്ങള്‍ ഒന്നിനുപിറകെ ഒന്നായി പ്രവഹിച്ചുകൊണ്ടിരിക്കുന്നു. മാണിക്യവീണയുമായെന്‍ മനസ്സിന്റെ… എന്റെ പ്രിയപ്പെട്ടവന്റെ പ്രിയഗാനം. ഞങ്ങളുടെ ദാമ്പത്യത്തിലെ പൊതുതാല്‍പര്യങ്ങളില്‍ ഏറ്റവും മുന്നില്‍ നിന്നിരുന്ന ഒന്നായിരുന്നു. പഴയസിനിമാഗാനങ്ങള്‍ ആസ്വദിക്കുക എന്നത് പാടുന്ന കാര്യത്തില്‍ ഞാന്‍ വളരെ പിന്നിലായിരുന്നു. എന്നാല്‍ എന്റെ ജോയ്ക്കു ലഭിച്ചിരുന്ന വരദാനങ്ങളില്‍ ഒന്നായിരുന്നു ഇമ്പമുള്ള സ്വരം.  മാണിക്യവീണ,  താമസമെന്തേ വരുവാന്‍ തുടങ്ങിയ ഗാനങ്ങള്‍ അദ്ദേഹം ആലപിക്കുമ്പോള്‍ ഞാന്‍ അതില്‍ ലയിച്ചു ചേരാറുണ്ട്.

ഇങ്ങിനെ ഒറ്റയ്ക്കിയിരുന്നു മരിച്ചുപോയ ഭര്‍ത്താവിനെ കുറിച്ച് എഴുതേണ്ടിവരുമെന്നു തോന്നിയില്ല. എന്റെ പ്രിയ ജോ ഇത്രപെട്ടെന്ന് എന്നെ പിരിഞ്ഞുപാകുമെന്ന് ചിന്തിച്ചിട്ടു പോലുമില്ല. മനുഷ്യന്റെ ചിന്തകള്‍ക്ക് എന്തു സ്ഥാനം.

എഴുതാനിരിക്കുമ്പോള്‍ നിശബ്ദമായ ഈ മുറിയും പകലിന്റെ വിരസതയും കൂട്ടിനുണ്ട്. ഇടയ്ക്ക് ആരെങ്കിലും വിളിക്കുമ്പോള്‍ കിലുങ്ങുന്ന ഫോണ്‍. ഏകാന്തത ഇത്ര വലിയ ഒരു ഭാരം ആണെന്ന് ഇപ്പോള്‍ ഞാനറിയുന്നു. ചെറുപ്പം മുതലേ പുസ്തകങ്ങളോടുള്ള പ്രതിപത്തിയും സാഹിത്യത്തിലുള്ള താല്പര്യവും മൂലം കുറെ പുസ്തകങ്ങള്‍ വായിച്ചുതീര്‍ക്കുന്നു. പക്ഷെ മനസ്സുറയ്ക്കുന്നില്ല. ഇടയ്‌ക്കൊക്കെ കേട്ടോ എന്ന ജോയുടെ ശബ്ദം കേട്ട് ഞാന്‍ നാലുപാടും നോക്കുന്നു. ചിലപ്പോള്‍ ജോ എന്റെ കണ്‍മുമ്പില്‍ ഒരു നിമിഷ നേരത്തേയ്ക്ക് പ്രത്യക്ഷപ്പെടുന്നതുപോലെ തോന്നും. അതേ ചിരി, അതേ വേഷം, എന്റെ ചിന്തകള്‍ അപ്പോള്‍ പറക്കുന്നു.

ഞങ്ങള്‍ ഒരുമിച്ചു പങ്കുവച്ച ആനന്ദമുഹൂര്‍ത്തങ്ങള്‍. എന്റെ സന്തോഷത്തിനുവേണ്ടി, എന്റെ താല്പര്യങ്ങള്‍ക്കു പ്രാധാന്യം കൊടുത്തുകൊണ്ട് ജീവിതത്തില്‍ പല വ്യതിയാനങ്ങളും അദ്ദേഹം വരുത്തി. ഞങ്ങളുടെ ദാമ്പത്യത്തിന്റെ ആദ്യനാളുകളില്‍ സിനിമയോട് അദ്ദേഹം താല്പര്യം കാണിച്ചിരുന്നില്ല. സിനിമയോട് അദ്ദേഹം താല്പര്യം കാണിച്ചിരുന്നില്ല. നല്ല റേറ്റിംഗുള്ള സിനിമ തീയേറ്ററില്‍ വന്നാല്‍ കാണണം എന്ന താല്പര്യക്കാരി ആയിരുന്നു ഞാന്‍. ആദ്യമൊക്കെ അല്പം തടസ്സം പറയുമായിരുന്നെങ്കിലും, ക്രമേണ എനിക്കുവേണ്ടി സിനിമകാണാന്‍ അദ്ദേഹവും താലപര്യപ്പെട്ടു തുടങ്ങി. സിനിമ കഴിഞ്ഞ് ഒരു നല്ല റസ്റ്റോറണ്ടില്‍ നിന്നും ഡിന്നറും ഞങ്ങളുടെ ദാമ്പത്യത്തിലെ ആനന്ദപ്രദങ്ങളായ സായാഹ്നങ്ങളായിരുന്നു. 'ഈ യുവമിഥുനങ്ങള്‍ക്ക് എന്നും മധുവിധു ആണല്ലോ' എന്ന് സ്‌നേഹിതര്‍ കളിയാക്കിയിരുന്നു.

1966 മുതല്‍ 72 വരെ മാത്രമേ ഞങ്ങള്‍ ജന്മനാട്ടില്‍ കുടുംബജീവിതം നയിച്ചിട്ടുള്ളൂ. ശേഷം ജീവിതം ഈ പ്രവാസതീരത്തും. ഒഴിവുകാലങ്ങളില്‍ സ്‌നേഹിതരുമൊത്തു യാത്ര ചെയ്യുന്നത് ഇരുവര്‍ക്കും സന്തോഷമുള്ള കാര്യമായിരുന്നു. ഔദ്യോഗിക ജീവിതകാലത്ത് ദീര്‍ഘമായ യാത്രകള്‍ക്ക് സാഹചര്യം ലഭിച്ചിരുന്നില്ല. എങ്കിലും വാഷിംഗ്ടണ്‍ ഡി.സി., ക്യാനഡാ, അറ്റ്‌ലാന്റിക്ക് സിറ്റി, ഗ്രേറ്റ് അഡ്വഞ്ചര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കുട്ടികളും സ്‌നേഹിതരുമൊത്ത് യാത്രചെയ്യുന്നതില്‍ ഞങ്ങള്‍ സംതൃപ്തി അനുഭവിച്ചിരുന്നു. ജോലിയില്‍ നിന്നും വിരമിക്കുന്നതിനു മുമ്പു തന്നെ 1999ല്‍ ജറുസലേം, റോം തുടങ്ങിയ രാജ്യങ്ങളില്‍ ഒരു തീര്‍ത്ഥാടനസംഘത്തോടൊപ്പം നടത്തിയ യാത്ര അവിസ്മരണീയമായ ഒരനുഭവമായിരുന്നു. ജോ പലപ്രവാശ്യം ശ്രമിച്ചിട്ടും വിജയിക്കാതെ പോയ 'പുകവലിനിര്‍ത്തല്‍' ആ യാത്രയുടെ ഒരു വലിയ നേട്ടമായിരുന്നു. 'കര്‍ത്താവിന്റെ കാലടികള്‍ പതിഞ്ഞ വീഥികളില്‍ തന്റെ സിഗററ്റുകുറ്റികള്‍ വീഴാന്‍ പാടില്ല' എന്ന ദൈവീക ചിന്തയില്‍, യാത്രയ്ക്കു ഏതാനും ദിവസങ്ങള്‍ക്കു മുമ്പു തന്നെ അദ്ദേഹം പുകവലി നിര്‍ത്തി. പിന്നീട് ഒരിക്കലും ഒരു സിഗരറ്റ് വേണമെന്ന് ആഗ്രഹം തോന്നിയിട്ടില്ല എന്നത് ഒരു ദൈവാനുഗ്രഹമായി ഞങ്ങള്‍ക്കനുഭവപ്പെട്ടു.


ജോലിയില്‍ നിന്നും വിരമിച്ചതോടെ ഞങ്ങളുടെ യാത്രയും കൂടുതല്‍ വിസ്തൃതമായി. സ്വിറ്റ്‌സര്‍ലണ്ടില്‍ ഒരു വിവാഹകര്‍മ്മത്തില്‍ പങ്കെടുക്കാന്‍ സ്‌നേഹിതരോടൊപ്പം യാത്ര ചെയ്തു. ഭൂമിയുടെ ഉദ്യാനമായ സ്വിറ്റ്‌സര്‍ലണ്ടിന്റെ സൗന്ദര്യം ആസ്വദിച്ചതോടൊപ്പം വീണ്ടും ഇറ്റലി, ജനീവാ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. സ്‌നേഹിതരോടൊപ്പം റോയല്‍ കരീബിയന്‍ എന്ന കപ്പലിലും സഹോദരങ്ങളുമൊത്ത് കാര്‍ണിവല്‍ എന്ന കപ്പലിലും യാത്രചെയ്ത് ബഹാമസ്, കൊക്കൊക്കെദ്വീപ്, കീവെസ്റ്റ് തുടങ്ങി വിവിധ സുന്ദരദ്വീപുകള്‍ സന്ദര്‍ശിക്കുവാനവസരം ലഭിച്ചു. ഈ കപ്പല്‍യാത്രകളൊക്കെ ഫ്‌ളോറിഡായില്‍ നിന്നും ആയിരുന്നതിനാല്‍, ഫ്‌ളോറിഡായില്‍ കുടുംബവുമൊത്ത് സ്ഥിരതാമമാക്കിയുരുന്ന മകളോടും കുടുംബത്തോടുമൊപ്പം ഏതാനു ദിവസങ്ങള്‍ താമസിക്കുവാനും സാധിച്ചു.

പസഫിക്ക് മഹാസമുദ്രത്തിന്റെ തിലക്കുറിയായി പരിലസിക്കുന്ന ഹവായ് ദ്വീപുകള്‍ സന്ദര്‍ശിക്കുന്നതിനും ജോ അത്യധികം താല്പര്യപ്പെട്ടു. 2007 ല്‍ ആ യാത്രയും നടത്തി. ഹവായി ദ്വീപുകളുടെ ഉദ്യാനഭംഗിയും മനോഹരമായ കടല്‍ത്തീരങ്ങളും ഞങ്ങള്‍ക്ക് ഒരു പുതിയ ഉണര്‍വും പകരുന്നതായിരുന്നു. ഹോണലൂലുവിലുള്ള വൈക്കീക്കിബീച്ചില്‍, തീരത്തോടു സല്ലാപം പറയാന്‍ ഒന്നിനു പിറകെ ഒന്നായി ഓടി എത്തുന്ന തിരകളെ നോക്കി അവദിക്കാലത്തിന്റെ ആഹ്ലാദത്തിലിരിക്കുമ്പോള്‍, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം ചോദിച്ചു: നമ്മുടെ താക്കോല്‍ക്കൂട്ടം എവിടെയാണ്. എന്റെ ഹാന്‍ഡ്ബാഗില്‍ ഉണ്ടെന്നു പറഞ്ഞപ്പോള്‍ ഇങ്ങു തന്നേക്കൂ, ഞാനെന്റെ പോക്കറ്റില്‍ ഇട്ടുകൊള്ളാം എന്നു പറഞ്ഞതു ഞങ്ങളോടൊപ്പമുണ്ടായിരുന്ന സ്‌നേഹിതരെ പോലും അത്ഭുതപ്പെടുത്തി. ഒരു കുടുംബനാഥന്‍ എന്ന നിലയില്‍ തന്റെ ചുമതലകളില്‍ നിന്നും അല്പം പോലും അദ്ദേഹം അകലം പാലിച്ചിരുന്നില്ല.

ജന്മനാട്ടിലേക്കുള്ള യാത്രകള്‍ ഞങ്ങള്‍ക്ക് ഗൃഹാതുരത്വത്തില്‍ നിന്നുമുള്ള മോചനമായിരുന്നു. ഔദ്യോഗികജീവിതകാലത്ത് രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കൂടിയിരുന്നപ്പോഴാണ് ഇന്‍ഡ്യയിലേക്ക് പോയിരുന്നത്. റിട്ടയര്‍മെന്റിനുശേഷം മിക്കവാറും എല്ലാ വര്‍ഷങ്ങളിലും നാട്ടിലേക്കു പോകുന്നതില്‍ അദ്ദേഹം ആനന്ദം കണ്ടെത്തിയിരുന്നു. വേളാങ്കണ്ണി, വല്ലാര്‍പാടം, മണര്‍ക്കാട്ട്, പുതുപ്പള്ളി പരുമല, തിരുവാകോട്ട്, മലയാറ്റൂര്‍, അറത്തുങ്കല്‍ തുടങ്ങിയ ദേവാലയങ്ങള്‍ സന്ദര്‍ശിച്ച് നേര്‍ച്ചക്കാഴ്ചകള്‍ നടത്തുക എന്നത് ആ യാത്രകളിലെ പ്രത്യേക പരിപാടികള്‍ ആയിരുന്നു. ഡല്‍ഹി, ആഗ്രാ, മൈസൂര്‍, ബാംഗ്ലൂര്‍, ഊട്ടി തുടങ്ങിയ പല സുന്ദരസ്ഥലങ്ങളും സന്ദര്‍ശിച്ച് ഭാരതാംബയുടം സൗന്ദര്യവും മഹത്വവും നേരിട്ടു കണ്ടറിയുന്നതില്‍ ഞങ്ങള്‍ സംതൃപ്തികണ്ടെത്തിയിരുന്നു. ആഗ്രയിലെ 'ടാജ്മഹല്‍' എന്ന പ്രേമകുടീരത്തിന്റെ മുമ്പില്‍നിന്ന് ഫോട്ടോഗ്രാഫര്‍ തങ്ങളുടെ ഫോട്ടോ ക്യാമറായില്‍ പകര്‍ത്തിയപ്പോള്‍, മധുവിധുനാളുകള്‍ മുതല്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്ന, സ്വപ്നം കണ്ടിരുന്ന ദിവസം സഫലീകരിക്കരിക്കുകയായിരുന്നു. ഊട്ടിയിലെ കുളിരുള്ള സന്ധ്യകളില്‍ ഞങ്ങള്‍ താമസിച്ചിരുന്ന മനോഹമായ ഹോട്ടലിന്റെ മുറ്റത്തുള്ള ഉദ്യാനത്തില്‍ ഇരുന്നപ്പോള്‍ അദ്ദേഹം എന്റെ കാതില്‍ മന്ത്രിച്ച രഹസ്യം ഇപ്പോഴും എന്റെ മനസ്സില്‍ കുളിരു പകരുന്നു. "നല്ല പ്രായത്തിലൊന്നും ഇവിടെങ്ങും വരാന്‍ സാധിച്ചില്ലല്ലോ". അടുത്ത യാത്ര സിംഗപ്പൂര്‍ വഴി വേണമെന്ന് അദ്ദേഹം പറയുകയുണ്ടായി. ആ യാത്ര സഫലീകരിക്കുന്നതിന് മുമ്പ് അദ്ദേഹം നിത്യതയിലേക്ക് യാത്രയായി.

(തുടരും.)


പ്രിയ ജോ, നിനക്കായ് ഈ വരികള്‍ (6)-  (കൂട്ടിനായ് ഓര്‍മ്മകള്‍- സരോജ വര്‍ഗീസ്, ന്യൂയോര്‍ക്ക്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക