Image

ബാലകൃഷ്‌ണപിള്ള രോഗമില്ലാതെ ആശുപത്രിയില്‍ കിടന്നു: വെള്ളാപ്പള്ളി

Published on 21 October, 2011
ബാലകൃഷ്‌ണപിള്ള രോഗമില്ലാതെ ആശുപത്രിയില്‍ കിടന്നു: വെള്ളാപ്പള്ളി
ദുബായ്‌: ഒരു രോഗവുമില്ലാതെയാണ്‌ ബാലകൃഷ്‌ണപ്പിള്ള ആശുപത്രിയില്‍ കിടന്നതെന്ന്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അദ്ദേഹത്തിന്‌ ചികിത്സ വിധിക്കുന്നതും ചികിത്സിക്കുന്നതും അദ്ദേഹം തന്നെയാണ്‌.

കാര്യമായ വകുപ്പുകളൊന്നുമില്ലാത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പപ്പും പൂടയും പോയ പൂവന്‍കോഴിയുടെ അവസ്‌ഥയിലാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഘടകക്ഷികളെല്ലാം അദ്ദേഹത്തെ പിഴിഞ്ഞ്‌ വകുപ്പുകളൊക്കെ തട്ടിയെടുത്തു. ഇപ്പോള്‍ ആളെ തല്ലാനുള്ള പൊലീസ്‌ മാത്രമെ അദ്ദേഹത്തിനുള്ളൂ. എന്നാല്‍, ഇത്രയും സഹനശക്‌തിയുള്ള ഒരു മുഖ്യമന്ത്രിയെ ഞാന്‍ വേറെ കണ്ടിട്ടില്ല. ദുബായില്‍വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലഹരണപ്പെട്ട ആര്‍.ബാലകൃഷ്‌ണ പിള്ള കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ മനസിലാക്കാത്തതാണ്‌ അദ്ദേഹത്തിന്റെ പേരില്‍ പുതിയ കേസുകള്‍ ഉയര്‍ന്നുവരുന്നതിന്‌ കാരണം. എതിരാളികളെ ഒതുക്കാന്‍ എന്ത്‌ ഹീനകൃത്യവും ചെയ്യുന്നയാളാണ്‌ അദ്ദേഹം. ഇതൊക്കെ കൊണ്ട്‌ തന്നെ, സ്വന്തം സ്‌കൂളിലെ അധ്യാപകനെതിരെ നടന്ന വധശ്രമത്തിന്‌ പിന്നില്‍ അദ്ദേഹത്തിന്റെ നേരെയും സംശയവുമുയരുന്നു. എന്നാല്‍, ഈ അനിഷ്‌ട സംഭവത്തിന്റെ സത്യാവസ്‌ഥ പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ ബാധ്യസ്‌ഥരാണ്‌. ഒരു രോഗവുമില്ലാതെയാണ്‌ ബാലകൃഷ്‌ണപ്പിള്ള ആശുപത്രിയില്‍ കിടന്നത്‌.

കേരള നിയമസഭയില്‍ നടക്കുന്നത്‌ പൂരപ്പറമ്പിനെ അനുസ്‌മരിക്കുന്ന തറവേലകളാണ്‌. തങ്ങളേക്കാള്‍ മിടുക്കരെന്ന നിഗമനത്തില്‍ വളരെ പ്രതീക്ഷയോടെ ജനം ജയിപ്പിച്ചുവിട്ട എംഎല്‍എമാരുടെ തനിസ്വഭാവം എല്ലാവരും മനസിലാക്കി. സ്‌പീക്കറോടു പോലും അപമര്യാദയായി പെരുമാറിയവര്‍ തങ്ങളുടെ സംസ്‌കാരം വിളിച്ചറിയിച്ചു. തിരഞ്ഞെടുപ്പില്‍ തോറ്റവര്‍ ജയിച്ചവരുമായി സഹകരിച്ച്‌ നല്ല ഭരണം കാഴ്‌ചവയ്‌ക്കാനുള്ള അവസരമുണ്ടാക്കിക്കൊടുക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

സന്താന നിയന്ത്രണത്തെക്കുറിച്ച്‌ വി.ആര്‍.കൃഷ്‌ണയ്യരുടെ അഭിപ്രായത്തോട്‌ യോജിക്കുന്നു. എന്നാല്‍, രണ്ടില്‍ കൂടുതല്‍ മക്കളുള്ളവരെ ശിക്ഷിക്കണമെന്ന നിര്‍ദേശം അംഗീകരിക്കാനാവില്ല. ജനസംഖ്യാ നിയന്ത്രണം തൊഴിലില്ലായ്‌മ പരിഹരിക്കുന്നതിനും മറ്റും നല്ലതാണ്‌. ബിരുദാനന്തര ബിരുദ ധാരികള്‍ പോലും ഗള്‍ഫില്‍ ഡ്രൈവറായി ജോലി ചെയ്യുന്നത്‌ വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക