Image

ദേശാടനക്കിളികള്‍ - മീട്ടു റഹ്മത്ത് കലാം

ഈമലയാളി എക്‌സ്‌ക്യൂസീവ്‌ Published on 31 October, 2013
ദേശാടനക്കിളികള്‍ - മീട്ടു റഹ്മത്ത് കലാം
മറുനാടന്‍ മലയാളിയോ പ്രവാസി മലയാളിയോ ആയ ഒരാളെങ്കിലും ഇല്ലാത്ത വീട് കേരളത്തില്‍  ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തൊഴില്‍ തേടി നാടുവിടന്നത് എന്നോ തുടങ്ങിയ കീഴ് വഴക്കമാണ്. അതില്‍ തെറ്റ് പറയാന്‍ പറ്റില്ല. ഈ പറയപ്പെടുന്ന തരത്തില്‍ രൂക്ഷമായ തൊഴിലില്ലായ്മ സത്യത്തില്‍ കേരളത്തിലുണ്ടോ എന്ന് തോന്നിപ്പോകുന്നത് ബംഗാള്‍, ഒഡീഷ, അസം, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ജോലിതേടി നമ്മുടെ നാട്ടിലെത്തുന്ന ലക്ഷങ്ങളെ കാണുമ്പോഴാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ അവരുടെ നാട്ടിലേയ്ക്ക് ബാങ്ക് വഴി അയയ്ക്കുന്ന കോടികള്‍ സൂചിപ്പിക്കുന്നത് പണിയെടുക്കാന്‍ തയ്യാറായവര്‍ക്ക് ഇവിടെ പണിയും കൂലിയും ഉണ്ടെന്നതാണ്.
ഇന്ന് കേരളത്തിലെ മിക്ക കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലും മലയാളികള്‍ കുറവാണ്. മേസ്തിരിമാരും വെല്‍ഡര്‍മാരും എന്നുവേണ്ട ഏത് പണിക്കും ആളെക്കിട്ടും. ഭാരിച്ച പണിയാണെന്ന തോന്നലുണ്ടാക്കി കൂടുതല്‍ ദിവസത്തെ പണിയും കൂലിയും തരപ്പെടുത്തുന്ന മലയാളി ബുദ്ധി അവര്‍ക്ക് പരിചയമില്ല. കിട്ടുന്ന കാശിന് തൃപ്തികരമായ ജോലി ചെയ്യാനും എത്രയും വേഗം പണി പൂര്‍ത്തീകരിക്കാനും തങ്ങളാണ് നല്ലതെന്ന ലേബല്‍ ഉണ്ടാക്കിയെടുത്തതാണ് അവരുടെ മിടുക്ക്. വിദേശത്തും മറ്റും പോയി വൈറ്റ് കോളര്‍ എന്ന ചിന്തയില്ലാതെ വിദ്യാസമ്പന്നര്‍ പോലും എല്ല് മുറിയെ പണിയെടുക്കുമെങ്കിലും സ്വന്തം നാട്ടില്‍ ഇതൊക്കെ ഞാനെങ്ങനെ ചെയ്യും എന്ന ചിന്തയാണ് കേരളത്തിന് കിട്ടേണ്ട സമ്പാദ്യം മറ്റെങ്ങോട്ടോ ഒഴുക്കി വിടുന്നത്.

അടുത്തിടെ ഞങ്ങളുടെ വീടിന് ചില അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. റോഡില്‍ നിന്ന് ചെറിയൊരു ഇടവഴി കടന്ന് വേണം സാധനങ്ങള്‍ എത്തിക്കാന്‍. അതിനൊക്കെ വല്ല ബംഗാളികളെയും നിര്‍ത്താനുള്ള നിര്‍ദ്ദേശം മലയാളിയായ മേസ്തിരിയുടെതായിരുന്നു. അമ്മാവന്റെ തടിക്കടയില്‍ നില്‍ക്കുന്ന രണ്ട് പേരെ ഉടന്‍ എത്തിച്ചു തന്നു. അതില്‍ ഒരാള്‍ക്ക് അത്യാവശ്യം മലയാളം അറിയാം. ഒരു പക്ഷേ, നമ്മുടെ നാട്ടില്‍ വന്ന് കുറച്ചുനാളായതാവാം. ചെയ്യേണ്ടതൊക്കെ മലയാളത്തില്‍ കേട്ടു മനസ്സിലാക്കി കൂട്ടുകാരന് തര്‍ജ്ജമ ചെയ്ത് കൊടുക്കന്നുണ്ടായിരുന്നു. മന്നാഡേ 'മാനസമൈനേ വരൂ' പാടുന്നതുപോലുള്ള തെന്നുന്ന മലയാളം അകത്തെ മുറിയിലിരുന്നുള്ള വായ്‌നയ്ക്കിടയില്‍പ്പോലും എന്നെ ചിരിപ്പിച്ചു.

നാല് മണിയാകുമ്പോള്‍ പണിക്കാര്‍ക്ക് കട്ടന്‍കാപ്പി കൊടുക്കുന്ന ഒരു നാട്ടുനടപ്പുണ്ടല്ലോ. ആ ഉത്തരവാദിത്തം എനിക്കായിരുന്നു. മൂന്ന് പേര്‍ മുകളിലും ഒരാള്‍ മാത്രം താഴെ പുറം തിരിഞ്ഞു നില്‍ക്കുകയുമായിരുന്നു.  മുകളിലുള്ളവരെ വിളിക്കുന്നതിലും നല്ലത് താഴെ നില്‍ക്കുന്ന ആളെ എല്ലാം ഏല്‍പ്പിക്കുന്നതാവും  എന്ന് കരുതി ഞാന്‍ പറഞ്ഞു: "ചേട്ടാ കാപ്പി ഇവിടെ വെച്ചിട്ടൊണ്ടേ ആ ബംഗാളികള്‍ക്കും കൂടി കൊടുത്തേക്കണേ" അയാള്‍ തിരിയുന്നത് വരെപ്പോലും നില്‍ക്കാന്‍ ക്ഷമയില്ലാതെ ഞാന്‍ നടന്നപ്പോള്‍ ഒരു പിന്‍വിളി: 'ബിട്ടി, ഹം ഹേ ബംഗാള്‍ സേ പര്‍ ഹമേ ബംഗാളി മത് ബുലാനാ'(മോളേ, ഞങ്ങള്‍ ബംഗാളില്‍ നിന്നാണ്. പക്ഷേ, ഞങ്ങളെ ബംഗാളി എന്ന് വിളിക്കരുത്). മാഫ് കീജിയേ എന്നൊന്നും പറയാന്‍ കഴിഞ്ഞില്ല. എന്തോ ഒരു ചമ്മല്‍. നമ്മളെ മലയാളി എന്ന് ആരെങ്കിലും വിളിച്ചാല്‍ അഭിമാനമല്ലേ തോന്നുക, ഇനി തമിഴരെ പാണ്ടി എന്ന് വിളിച്ചാല്‍ തോന്നും പോലാണോ ബംഗാളി എന്ന വിളി ഇവര്‍ക്ക്? ഇവരെക്കുറിച്ച് ഒരു പഠനം നടത്തിയാലോ എന്ന് തോന്നി. ഹിന്ദിയില്‍ ചോദിക്കാന്‍ പ്രശ്‌നമില്ല. പക്ഷേ, ഒറ്റയ്ക്ക് പേടിയാണെന്ന് പത്രപ്രവര്‍ത്തകനായ അച്ഛനോട് പറഞ്ഞാല്‍ അത് അദ്ദേഹത്തിനും കൂടി നാണക്കേടാവില്ലേ? ഇക്കൂട്ടര്‍ക്ക് എപ്പോഴാ ദേഷ്യം വരിക എന്നൊന്നും പ്രവചിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. നെക്‌സലേറ്റുകളോ തീവ്രവാദികളോ ഒക്കെ ആയിരിക്കുമോ എന്ന ഭയം ഇപ്പോള്‍ ഇല്ലെന്ന് തന്നെ പറയാം. നൂറ് തോന്ന്യവാസങ്ങള്‍ മലയാളികള്‍ ചെയ്യുമ്പോള്‍ അതിലൊന്ന് അന്യസംസ്ഥാന തൊഴിലാളി ചെയ്താല്‍ അത് വാര്‍ത്തയാകും. ഞങ്ങളുടെ അയല്‍പക്കത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഒരമ്മച്ചി കൊല്ലപ്പെട്ടപ്പോള്‍ ബംഗാളികളെ കുറേപ്പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ശരിക്കും കൊന്നത് അവരുടെ മകനാണെന്നാണ് പറയുന്നത്. കേസ് ഇപ്പോള്‍ മാഞ്ഞുപോയി. ആളുകളെ വെറുതെ തെറ്റിദ്ധരിക്കരുതെന്നും വര്‍ഗ്ഗവിവേചനം എഴുത്തുകാര്‍ക്ക് ചേര്‍ന്നതല്ലെന്നുമൊക്കെ നീണ്ടൊരു ക്ലാസ് എടുത്തെങ്കിലും അച്ഛനൊരു ധൈര്യത്തിന് എന്റെ കൂടെ വന്നു.

കഹാനി, കല്‍ക്കട്ട ന്യൂസ്, പഥേര്‍ പാഞ്ചാലി അങ്ങനെ നിറങ്ങളിലും ബ്ലാക് ആന്റ് വൈറ്റായും ചില ഫ്‌ളാഷസാണ് എനിക്ക് ബംഗാള്‍. കെ.ആര്‍. അീരയുടെയും ലളിതാംബികാ അന്തര്‍ജനത്തിന്റെയും തൂലികയിലൂടെയും ബംഗാളിനെ ഞാന്‍ അറിഞ്ഞിട്ടുണ്ട്. മിടിപ്പ് കേട്ടിട്ടുമുണ്ട്.
ഇഷ്ടവിഷയമായതുകൊണ്ട് തന്നെ സാമൂഹിക ശാസ്ത്രത്തിന് സ്‌ക്കൂളില്‍ ഏറ്റവുമധികം മാര്‍ക്ക് എനിക്കായിരുന്നു. പിന്നീട് സയന്‍സ് ഗ്രൂപ്പ് എടുത്ത് വഴിമാറി പോയെങ്കിലും ആ ഇഷ്ടം ഒരു മൂലയില്‍ ഞാന്‍ പോലുമറിയാതെ കിടപ്പുണ്ട്. എന്നാല്‍ ചരിത്രപുസ്തകത്തിലൂടെ ഞാന്‍ അറിഞ്ഞ സംസ്‌കാരത്തിലും സാഹിത്യത്തിലും സംഗീതത്തിലും കലയിലും തിളങ്ങി നിന്ന ബംഗാള്‍ കാലയവനികയില്‍ മറഞ്ഞു. ടാഗോറിനെയോ മഹാശ്വേതാദേവിയെയോ സത്യജിത്ത് റേയെയോ അമര്‍ത്യാസെന്നിനെയോ നമ്മള്‍ അറിയുന്നതുപോലെ അന്നാട്ടുകാര്‍ അറിയുന്നില്ല. വിദ്യാഭ്യാസം ഇല്ലാത്ത ജനത നേരിടാവുന്ന പ്രശ്‌നങ്ങളുടെ മുഴുവന്‍ ദൃശ്യവും ബംഗാളിന്റെ ഹൃദയത്തിനു നേരെ പിടിക്കുന്ന ക്യാമറയില്‍ പതിയും.

ഔലത്ത്, പവന്‍ എന്നീ രണ്ട് പേരെയാണ് പരിചയപ്പെട്ടത്. ഇവിടെ അവര്‍ക്ക് പേരില്ല. ഭായ് എന്ന വിളി മാത്രം. വിഭജനത്തിനു ശേഷവും കാര്യമായ ഹിന്ദു-മുസ്ലീം മൈത്രിയൊന്നും ബംഗാളില്‍ മുളപൊട്ടിയിട്ടില്ലെന്ന് അവരുടെ സംഭാഷണത്തില്‍ വ്യക്തമാണ്. വര്‍ഗ്ഗീയത നിരക്ഷരതയുടെ സംഭാവനയാകാം.

നമ്മുടെ നാട്ടില്‍ വന്ന് ഭാഷയൊക്കെ പഠിച്ച ശേഷം ബന്ധുക്കളെയും അയല്‍വാസികളെയും തൊഴില്‍ വാഗ്ദാനം ചെയ്ത് ഇവിടെ എത്തിക്കുന്നതാണ് രീതി. പുതുതായി എത്തുവരെ പരിചയപ്പെടുന്നതിനും ജോലി വാങ്ങിക്കൊടുക്കുന്നതിനും കമ്മീഷനുണ്ട്. ചെറിയ വീട് വാടകയ്‌ക്കെടുത്ത് ഒരാളുടെ കീഴില്‍ ചുരുങ്ങിയത് നൂറ് പേരൊക്കെ സ്വയം ഭക്ഷണമുണ്ടാക്കി താമസിക്കുന്നു. ഭക്ഷണം എന്ന് പറഞ്ഞാല്‍ ആലു(ഉരുളക്കിഴങ്ങ്) ആണ് പ്രധാനം. കടുകെണ്ണയിലാണ് പാകം ചെയ്യുക. ഇവിടുള്ള പലചരക്ക് കടക്കാര്‍ അത്യാവശ്യം ഹിന്ദി പഠിച്ചു കഴിഞ്ഞു. ഹിന്ദി പോലെ എളുപ്പം വഴങ്ങുന്നതല്ല ബംഗാളി ഭാഷ. ഉച്ചാരണം അല്പം പ്രശ്‌നമാണ്. പേരുകളില്‍ പോലുമുണ്ട് ഉച്ചാരണവ്യത്യാസം. അപ്പു എന്നതിന് ഓപ്പു അരവിന്ദ് എന്നാണെങ്കില്‍ ഓറോബിന്ദോ. ആ, ര, വ തുടങ്ങിയ അക്ഷരങ്ങള്‍ ഓ, റോ, ബ എന്നൊക്കെ മാറും. നമ്മുടെ ആളുകള്‍ക്ക് ദിവസക്കൂലി എണ്ണൂറ് രൂപ കിട്ടിയാലും തികയാത്തത് മദ്യത്തിന് അടിമപ്പെട്ടതുകൊണ്ടാണെന്നും തങ്ങള്‍ അങ്ങനെയല്ല, കിട്ടുന്നത് വെറും മുന്നൂറ്റമ്പത് രൂപയാണെങ്കിലും അതില്‍ മുന്നൂറ് മിച്ചം പിടിച്ച് വീട്ടിലേക്കയയ്ക്കുമെന്ന് അവര്‍ പറഞ്ഞു. ആറ് മാസത്തിലൊരിക്കല്‍ കേരളത്തില്‍ നിന്ന് നാട്ടില്‍ പോകുമ്പോള്‍ വിദേശത്തുനിന്നെത്തുന്ന തരത്തിലെ വരവേല്‍പ്പാണത്രെ. വിശേഷങ്ങള്‍ കേള്‍ക്കാന്‍ ആളുകള്‍ ചുറ്റിനും കൂടും. ഇവിടുത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭിക്കുന്ന സൗജന്യചികിത്സയെക്കുറിച്ചൊക്കെ കേള്‍ക്കുമ്പോള്‍ എങ്ങനെയും കേരളമെന്ന സ്വപ്നഭൂമിയിലെത്താന്‍ അവിടുള്ളവര്‍ കൊതിച്ചു പോകുന്നു. കുടുംബസമ്മേതം പോരുന്നവരുമുണ്ട്. എന്നാലും സ്വന്തം നാടിനെയോ സര്‍ക്കാരിനെയോ തള്ളിപ്പറയാന്‍ അവര്‍ ഒരുക്കമല്ല. ദാരിദ്ര്യം ഒരു കുറ്റമല്ല. എന്നെങ്കിലും ബംഗാള്‍ ആ സുവര്‍ണ്ണകാലഘട്ടത്തിലേയ്ക്ക് തിരിച്ചെത്തുമെന്ന് അവര്‍ക്കുറപ്പുണ്ട്.

മലയാളികളുടേത് പോലെ പ്രത്യേക സൗന്ദര്യം അവകാശപ്പെടാവുന്ന സ്ത്രീകള്‍ ഭാരതത്തില്‍ പിന്നെയുള്ളത് ബംഗാളിലാണെന്ന് പറയാറുണ്ട്. നന്ദിതാ ദാസ് മുതല്‍ ബോളിവുഡിന്റെ സ്വന്തം കജോളും റാണി മുഖര്‍ജിയും ബിപാഷ ബസുവും ശ്രേയാ ഘോഷാലുമൊക്കെ ഇതിനെ ശരിവയ്ക്കുന്നു. പക്ഷേ, നല്ലൊരു ശതമാനം ബംഗാളി സ്ത്രീകളും ജീവിത സാഹചര്യങ്ങള്‍ സൗന്ദര്യവും ആരോഗ്യവും നഷ്ടപ്പെട്ടവരാണ്. പതിനഞ്ച് വയസ്സില്‍ അമ്മയാകുന്ന കേരളത്തിലെ ആദിവാസി പെണ്‍കുട്ടികളെപ്പോലെ അവര്‍ വാര്‍ത്തകളില്‍ നിറയുന്നില്ലെന്ന് മാത്രം. അടുക്കളയുടെ നാല് ചുമരുകള്‍ക്കിടയിലാണ് ഓര്‍മ്മ വയ്ക്കുമ്പോള്‍ മുതല്‍ അവരുടെ ലോകം. മതഗ്രന്ഥത്തിനപ്പുറം ഒന്നും പഠിക്കേണ്ടതില്ലെന്നാണിന്നും അവരുടെ വിശ്വാസം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് ബംഗാളില്‍ അറിഞ്ഞില്ലേ എന്ന് തോന്നിപ്പോകും.

മത്സ്യക്കൊതിയില്‍ കേരളീയരോടേ സാമ്യമുള്ളവരാണ് ബംഗാളികള്‍. എന്നാല്‍ കല്ലുമ്മക്കായ ബംഗാളിലെ മുസ്സീങ്ങള്‍ക്ക് നിഷിദ്ധമാണെന്നത് പുതിയ അറിവായിരുന്നു. അതിന്റെ പൊളിച്ചതോട് അവര്‍ അറപ്പോടെ നോക്കി. എന്റെ ഇഷ്ടവിഭവങ്ങളില്‍ ഒന്നാണ്. ഭാഗ്യം അവിടെ ജനിക്കാതിരുന്നത്!
ടൈപ്പ് റൈറ്റിങ്ങും ഷോര്‍ട്ട് ഹാന്‍ഡും പഠിച്ച് പണ്ട് നമ്മുടെ നാട്ടില്‍ നിന്ന് അങ്ങോട്ട് പൊയ്‌ക്കൊണ്ടിരുന്നതിനു പകരം ഒരു കൈത്തൊഴില്‍ സ്വായത്വമാക്കി അവിടുത്തുകാര്‍ ഇങ്ങോട്ട് പലായനം ചെയ്യുന്നത് വിധിവൈരുധ്യമാകാം. അന്യസംസ്ഥാനതൊഴിലാളികളെ വേതനത്തിന്റെ പേരിലും മറ്റും ചൂഷണം ചെയ്യുന്നത് തടയാന്‍ സര്‍ക്കാര്‍ അവശ്യനടപടികള്‍ എടുത്തിട്ടുണ്ടെങ്കിലും തുടക്കക്കാരുടെ സ്ഥിതി പരിതാപകരമാണ്. ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കിയത് വിശ്വാസ്യത ഉറപ്പാക്കിയിട്ടുണ്ട്. ജീവഹാനിപോലും സംഭവിച്ചേക്കാവുന്ന തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ കോണ്‍ട്രാക്‌റര്‍മാര്‍ നല്‍കണമെന്ന നിയമം 'ഇമ്മാനുവല്‍' സിനിമയില്‍ കാണുന്നതുപോലെയാണോ എന്ന് പഠിപ്പില്ലാത്ത പണിക്കാര്‍ക്ക് നിശ്ചയമില്ല. കെട്ടിടനിര്‍മ്മാണ രംഗത്ത് പരമ്പരാഗതമായ അവരുടെ ശൈലി പ്രശംസനീയമാണ്. കോട്ടയം തിരുനക്കര അമ്പലം നവീകരിച്ചത് അന്യസംസ്ഥാന തൊഴിലാളികളായിരുന്നു.

കെട്ടിട നിര്‍മ്മാണ രംഗത്ത് മാത്രമല്ല, ഹോട്ടലുകളിലും അറവുശാലകളിലും കൃഷിപ്പണിക്കുമൊക്കെ അന്യസംസ്ഥാന തൊഴിലാളികള്‍ എത്തുന്നുണ്ട്. ഉയര്‍ന്ന വേതനത്തിനു വേണ്ടിയുള്ള സമരവും മുറവിളികളുമില്ലാത്ത ജോലിക്കാരെ കിട്ടിയാല്‍ ആരാണ് വേണ്ടെന്ന് വയ്ക്കുക?

പുറംപണിക്കുപോലും നാട്ടുകാരെ വിളിക്കാതെ ബംഗാളികളെ വിളിക്കുന്ന സ്ഥിതി വിശേഷമാണ് ഇന്നുള്ളത്. കൊള്ളക്കൂലി ഇല്ലെന്നതാണ് ആകര്‍ഷക ഘടകം. തെങ്ങുകയറാന്‍ കൂടി ഇവര്‍ പഠിച്ചിരുന്നെങ്കിലെന്നാണ് വീട്ടമ്മമാരുടെ പ്രാര്‍ത്ഥന. ഒടുക്കം സ്വദേശവല്‍ക്കരണത്തിന്റെ പേരില്‍ വിദേശത്തു നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് പ്രവാസി മലയാളികള്‍ തിരികെ എത്തിയാല്‍ ആര്‍ക്കാവും ജോലി കിട്ടുക എന്ന് കണ്ടറിയാം.


ദേശാടനക്കിളികള്‍ - മീട്ടു റഹ്മത്ത് കലാംദേശാടനക്കിളികള്‍ - മീട്ടു റഹ്മത്ത് കലാംദേശാടനക്കിളികള്‍ - മീട്ടു റഹ്മത്ത് കലാം
Join WhatsApp News
Deepu issac 2013-10-31 07:58:47
A research piece indeed.Kudos to the writer.
Linta Martin 2013-10-31 22:22:18
Well Done Author Meettu...Nice Article..Go Ahead...Write More..Expect more from u...God Bless..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക