Image

പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍ -7 (ഓര്‍മ്മക്കുറിപ്പുകള്‍: സരോജ വര്‍ഗ്ഗീസ്‌, നൂയോര്‍ക്ക്‌)

Published on 05 November, 2013
പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍ -7 (ഓര്‍മ്മക്കുറിപ്പുകള്‍: സരോജ വര്‍ഗ്ഗീസ്‌, നൂയോര്‍ക്ക്‌)
വിവാഹത്തെക്കുറിച്ച്‌ എല്ലാ സ്‌ത്രീകളും സ്വപ്‌നം കാണുന്നപോലെ എനിക്കും സ്വപ്‌നങ്ങളുണ്ടായിരുന്നു. ഭര്‍ത്താവ്‌ എങ്ങനെയായിരിക്കണം എന്ന ചിന്തയില്‍, എന്നെ സ്‌നേഹിക്കണമെന്നതിലുപരി എന്റെ താല്‍പ്പര്യങ്ങളോട്‌, എന്റെ അഭിരുചിയോട്‌ പൊരുത്തപ്പെടുന്ന ആളായിരിക്കണമെന്ന്‌ ഞാന്‍ കൂടുതല്‍ ആഗ്രഹിച്ചു. സാഹിത്യവാസനയുള്ള ഞാന്‍ അദ്ദേഹം എഴുത്തുകാരനല്ലെങ്കിലും നല്ല സഹൃദയനായിരിക്കണേ, നല്ല ഈശ്വരവിസ്വാസമുള്ളയാളാകണമെന്നും പ്രാര്‍ഥിക്കുമായിരുന്നു. എന്റെ പ്രതീക്ഷകള്‍ സഫലമാക്കികൊണ്ട്‌ ജോ എന്റെ എല്ലാ ഇഷ്‌ടങ്ങളിലും ഒരുമിച്ച്‌ ചേര്‍ന്നു.

1972 മുതല്‍ ഞങ്ങള്‍ അമേരിക്കയില്‍ സ്‌ഥിരതാമസം തുടങ്ങി. പുതിയഭാഷയും പുതിയസംസ്‌കാരവും ഒക്കെയായി പൊരുത്തപ്പെടാന്‍ ആദ്യമൊക്കെ വളരെ പ്രയാസം തോന്നി. ജോ എല്ലാ കാര്യങ്ങളും തമാശയായി കണ്ടു. ഇംഗ്ലീഷ്‌ ഭാഷ ഓരൊ രാജ്യക്കാരും എങ്ങനെയൊക്കെ പറയുന്നു എന്ന്‌ അനുകരിക്കലും എന്നെ ചിരിപ്പിക്കലും ആയിരുന്നു ജോയുടെ വിനോദം., ആദ്യകാലങ്ങളില്‍. നമ്മുടെ മലയാളി ഇംഗ്ലീഷിന്റെ പ്രത്യേകത ഇവിടെ വന്നപ്പോള്‍ മനസ്സിലായി എന്ന്‌ അദ്ദേഹം പറയുമായിരുന്നു, നമ്മളുടെ കുറവുകള്‍ മനസ്സിലാക്കാന്‍ നമ്മള്‍മറ്റുള്ളവരെപ്പറ്റി നന്നായിമനസ്സിലാക്കണമെന്ന്‌ ജോ പറയുമായിരുന്നു.. ക്രമേണ ഞങ്ങള്‍ പുതിയ ജീവിതവുമായി ഇണങ്ങി ചേര്‍ന്നു. എന്തെല്ലാം തടസ്സങ്ങള്‍ ഉണ്ടായിരുന്നാലും അവയെ എല്ലാം മറികടന്ന്‌ എല്ലാ ഞായാറാഴ്‌ചകളിലും ആരാധനകളില്‍ സജീവ പങ്കാളിത്വം വഹിക്കുന്നതില്‍ അദ്ദേഹം വളരെ നിഷ്‌ക്കര്‍ഷിച്ചിരുന്നു. ഒരു പക്ഷെ ഞങ്ങളുടെ കുടുംബജീവിതത്തിന്റെ വിജയവും അതായിരുന്നിരിക്കണം. ബൈബിള്‍ ദിവസേനവായിക്കുകയും അതിലെ വചനങ്ങളെ കുറിച്ച്‌ കുറച്ചുനേരം സംസാരിക്കുകയും അദ്ദേഹത്തിന്റെ പതിവായിരുന്നു. ഈശ്വരപ്രാര്‍ഥനയും ഞായാറാഴ്‌ച തോറും പള്ളിയില്‍പോക്കും ഞങ്ങള്‍ ഒരു അനുഷ്‌ഠാനം പോലെ നിര്‍വ്വഹിച്ചു.

ദൈവത്തിന്റെ പദ്ധതികളില്‍ ഉറച്ച്‌ വിശ്വസിച്ചിരുന്ന ഞങ്ങളുടെ കുടുംബത്തിനു കൂടുതല്‍ സന്തോഷം പ്രദാനം ചെയ്‌ത്‌ കൊണ്ട്‌ 1977 ഫെബ്രുവരി 21 നു ഞങ്ങള്‍ക്ക്‌ ഒരു മകന്‍ പിറന്നു. ആ മകന്‍ ദൈവത്തിന്റെ ഒരു വലിയദാനമായി ഞങ്ങള്‍ക്കനുഭവപ്പെട്ടു. മക്കളെ രണ്ട്‌പേരേയും ജീവിതത്തിന്റെ സമ്പത്തായിക്കണ്ട്‌ അദ്ദേഹം അഭിമാനിച്ചു. അന്ന്‌ പ്രസിഡന്‍ഷ്യല്‍ ഡെ പ്രമാണിച്ച്‌ അവധി ദിവസമായിരുന്നു. വര്‍ഷങ്ങള്‍ക്ക്‌ശേഷം പല തവണ മകന്‍ എന്നോട്‌ ചോദിച്ചിരുന്നു :മമ്മീ, ജോര്‍ജ്‌ വാഷിംഗ്‌ടണ്‍ ഹോളിഡെയില്‍ ജനിച്ച എനിക്ക്‌ ജോര്‍ജ്‌ എന്ന്‌ പേര്‍വിളിക്കാമായിരുന്നില്ലേ എന്ന്‌. ജാതകത്തിനും ജന്മനാളിനും ഒന്നും വലിയ പ്രസക്‌തി നല്‍കാതിരുന്ന ഞാന്‍ ഇപ്പോള്‍ ചിന്തിക്കാറുണ്ട്‌ - ആ ദിവസം പിറന്നത്‌ കൊണ്ടാണോ ഞങ്ങളുടെ മകന്‍ ഇന്ന്‌ വൈറ്റ്‌ ഹൗസമായി ബന്ധപ്പെട്ട ഉത്തരവാദിത്വമുള്ള ജോലിയില്‍ പ്രവേശിച്ചത്‌ എന്നു. ജോ മകനെ വളരെ കൂടുതല്‍ സ്‌നേഹിച്ചു. പപ്പ തന്നേക്കാള്‍ കൊച്ചനിയനെ സ്‌നേഹിക്കുന്നുണ്ടൊ എന്ന്‌ കുട്ടികള്‍ക്ക്‌ തോന്നാറുള്ളപോലെ മകള്‍ക്ക്‌ ഒരിക്കലും തോന്നിയില്ല.അദ്ദേഹം രണ്ട്‌പേരേയും വ്യതാസമില്ലാതെ സ്‌നേഹിച്ചു. അപ്പോള്‍ മിഡില്‍ സ്‌കൂളില്‍ എത്തിയമകള്‍ക്ക ്‌മെച്ചപ്പെട്ട സ്‌കൂള്‍ തേടി ഞങ്ങള്‍ നൂയോര്‍ക്കിലെ ലോങ്ങ്‌ഐലന്റിലേക്ക്‌ താമസം മാറ്റി. പ്രവാസഭൂമിയില്‍ സ്വന്തമായിവാങ്ങിയ വിശാലമായവീടും ചുറ്റുപാടുകളും ഞങ്ങള്‍ക്ക്‌ വളരെ ഇഷ്‌ടപ്പെട്ടു. അതോടൊപ്പം ഞങ്ങളുടെ ഔദ്യോഗിക ജീവിതത്തിലും മകളുടെ വിദ്യാഭ്യാസരംഗത്തും ചിലമാറ്റങ്ങള്‍ ആവശ്യമായി. ദൈവം നമുക്കായി കരുതുന്നവനാകയാല്‍ ഒന്നിനെപ്പറ്റിയും ഭാരപ്പെടേണ്ട കാര്യമില്ല. അവന്റെ പദ്ധതികള്‍ ഒന്നൊന്നായി നിറിവേറികൊണ്ടിരുന്നു.

നൂയോര്‍ക്ക്‌ സ്‌റ്റെയ്‌റ്റ്‌ ആപ്പിളിനെ ഔദ്യോഗിക ഫലമായി 1976 ല്‍ പ്രഖ്യാപിച്ചിരുന്നു. ഏദന്‍ തോട്ടത്തില്‍ ആദാമിനേയും ഹവ്വയേയും വഴിതെറ്റിച്ച ഫലമാണു നൂയോര്‍ക്ക്‌ തിരഞ്ഞെടുത്തത്‌ എന്ന്‌ ജോ പറഞ്ഞു. അന്നു ഒത്തിരി റ്റീനേജ്‌ പ്രഗ്നന്‍സി പ്രശ്‌നങ്ങളുടെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ജോ പറയും എങ്ങനെ അതൊക്കെസംഭവിക്കാതിരിക്കും ആപ്പിളല്ലേ സ്‌റ്റെയ്‌റ്റ്‌ കാണിച്ചു കൊടുക്കുന്നത്‌. ഇവിടെ ഭൂമി വാങ്ങിക്കുമ്പോള്‍ ആപ്പിളിന്റെ ഒരു കഷണം വാങ്ങുക എന്ന്‌ ആളുകള്‍ പറയുമായിരുന്നു. ഞങ്ങള്‍ വാങ്ങിയ വീടിന്റെപുറക്‌ വശത്ത്‌വിശാലമായ സ്‌ഥലത്ത്‌ കേരളത്തിലെ പച്ചക്കറികള്‍ നടുന്നതും അതിന്റെ ഫലം ശേഖരിക്കുന്നത്‌ ജോ ഇഷ്‌ടപ്പേട്ടു. നൂയോര്‍ക്കില്‍ വേനല്‍ ആരംഭിക്കുമ്പോള്‍ ജോയ്‌ക്ക്‌ ഈസ്‌റ്ററും ക്രുസ്‌തുമസ്സും വന്ന പോലെയാണു. അല്ലങ്കിലും തണുപ്പിന്റെ പുതപ്പില്‍നിന്നു ഇളം ചൂടോടെ ആരംഭിക്കുന്ന വേനല്‍ നൂയോര്‍ക്കുക്കാര്‍ക്ക്‌ ഉത്സവകാലമാണ്‌്‌. എനിക്കാണെങ്കില്‍ വര്‍ണ്ണശബളമായ പൂക്കള്‍ വിരിയുന്ന ചെടികള്‍ നട്ടുപിടിപ്പിക്കാന്‍ ധ്രുതിയാണ്‌. ജോ നാട്ടിലെ സകല പച്ചക്കറികളും നട്ടു വളര്‍ത്തും. ചെടികളോടുള്ള അമിത കൗതുകം ചിലപ്പോള്‍ ആപത്ത്‌ ഉണ്ടാക്കാറൂണ്ട്‌. തക്കാളിക്ക്‌ കൂടുതല്‍ രാസവളം നല്‍കി അവയെല്ലാം സാധരണയില്‍ കവിഞ്ഞ വലുപ്പത്തില്‍ നേരെ നടുപൊളിഞ്ഞ്‌ എല്ലാം ഉപയോഗശൂന്യമായി. അതില്‍ അദ്ദേഹത്തിനു ദു:ഖം ഉണ്ടായെങ്കിലും എന്നോട്‌ പറയും. ജീവിതത്തില്‍ നിന്നും നമ്മള്‍ പല പാഠങ്ങളും പഠിച്ചുകൊണ്ട്‌ ഭാവിയെ അഭിമുഖീകരിക്കുന്നു. അനുഭവങ്ങള്‍ എപ്പോഴും നല്ലതാണ്‌. ഇനിയിപ്പോള്‍ ഫിലൊസൊഫി പറയുകല്ലാതെ തക്കാളികള്‍ ഈ വര്‍ഷം ഉണ്ടാകാന്‍ പോകുന്നില്ലെന്ന്‌ പറഞ്ഞ്‌ ഞാന്‍ ജോയെ ചൊടിപ്പിക്കുമ്പോള്‍ വെറുതെ ചിരിക്കുക മാത്രം ചെയ്യും. പൂക്കള്‍ വിരിയുന്ന ചെടികളുടെ ശുശ്രൂഷക്ക്‌ ജോ വരാതിരുന്നത്‌ നന്നായി എന്നുകൂടിപറയുമ്പോള്‍ മാത്രം ജോ തിരിച്ചുപറയും. സരോ, നമ്മള്‍ പച്ചക്കറികള്‍ നട്ടുവളര്‍ത്തുന്നത്‌ നമുക്കമാത്രം കൂടിയല്ലല്ലോ? നമ്മള്‍ അത്‌പ്രിയപ്പെട്ടവരുമായിപങ്കിടാറില്ലേ?പൂക്കള്‍ അങ്ങനെപറിച്ചെടുത്ത്‌ പൊതിഞ്ഞ്‌ കെട്ടി ആര്‍ക്കെങ്കിലും കൊടുക്കാമോ? പിന്നെവീണ്ടും കുസൃതി ചിരി.തക്കാളിയും, പയറുമൊക്കെ പരിചയമുള്ളവീട്ടില്‍ എനിക്ക്‌കൊണ്ട്‌ കൊടുക്കാം. ഞാന്‍ പൂവും കൊണ്ട്‌ചെന്നാല്‍... അതും നമ്മുടെ ....വരുടെ വീട്ടിലേക്ക്‌, എന്റെ കര്‍ത്താവെ സംശയരോഗിയായ ....ന്‍ അയാളുടെ പെമ്പിള്ളയെ തല്ലി ഒരു പരുവമാക്കും. ഞങ്ങള്‍ രണ്ടുപേരും ചിരിച്ച്‌ മണ്ണു കപ്പും. അതേ, ജോയൊത്തുള്ള ജീവിതത്തില്‍ ഞാന്‍ ഒത്തിരി ചിരിച്ചു, ഒത്തിരി സന്തോഷിച്ചു. സ്‌നേഹസമ്പന്നനായ ജോയെ എനിക്ക്‌ തന്ന ദൈവത്തിനു ഞാന്‍ എന്നും സ്‌തുതിക്കുന്നു.നേരത്തെവിളിച്ചു കൊണ്ടുപോയെങ്കിലും എന്നോടൊത്തുള്ള കാലം ജോ അളവറ്റസ്‌നേഹവും, ശാന്തിയും തന്നു. എല്ലാം തരുന്നതും തിരിച്ചെടുക്കുന്നതും നീതന്നെ കര്‍ത്താവേ എന്ന്‌ ഞാന്‍ മനസ്സില്‍പറഞ്ഞ്‌സമാധാനിക്കുന്നു.

തലയില്‍ ഒരു കെട്ടും കെട്ടികൈക്കോട്ടുമായിപറമ്പില്‍ ചെടികളും പച്ചക്കറികളും നട്ടുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം കേരളത്തിലെ ഒരു നിരണംകാരനാകുന്നത്‌ ഒരു പ്രത്യേക കാഴ്‌ചയാണ്‌. ആദ്യകാലങ്ങളില്‍ ഇവിടെ വന്നവര്‍ക്ക്‌തോന്നിയപ്പോലെതനിസായിപ്പായി ജീവിക്കാന്‍ ജോ ഇഷ്‌ടപ്പെട്ടിരുന്നില്ല. നമ്മള്‍ ജനിച്ചു വളര്‍ന്ന വീടും പരിസരങ്ങളും നമ്മുടെ പാരമ്പര്യവും കാത്ത്‌ സൂക്ഷിക്കണമെന്ന്‌ അദ്ദേഹം എപ്പോഴും പറയും. അതേ സമയം ഇവിടത്തെനല്ല കാര്യങ്ങള്‍ മനസ്സിലാക്കുകയും അവ സ്വീകരിക്കുകയും വേണമെന്നും ഞങ്ങളെ ഉപദേശിച്ചു കൊണ്ടിരുന്നു. പൂവിട്ട്‌നില്‍ക്കുന്ന കയ്‌പ്പക്കയും, പയറും, പഴുത്ത്‌ നില്‍ക്കുന്നതക്കാളിയുമൊക്കെ നോക്കിനിന്ന്‌കൊണ്ട്‌ അദ്ദേഹം എന്നേയും കുട്ടികളേയും അവിടേക്ക്‌ വിളിക്കും. കയ്‌പ്പക്കയുടെ ഇലയുടെ സുഗന്ധം പരത്തികൊണ്ട്‌ അപ്പോള്‍ഞങ്ങളെ ഒരു കുളിര്‍കാറ്റ്‌ ആശ്വസിപ്പിക്കാനെത്തും. `സരോ, നമ്മളിപ്പോള്‍ നിരണത്താണെന്ന്‌തോന്നുന്നില്ലേ? ദാ അണ്ണാര്‍ക്കണ്ണന്മാര്‍ ഓടി കളിക്കുന്നു. കിളികള്‍ നിലത്ത്‌വീണു കിടക്കുന്ന വിത്തുകള്‍കൊത്തിതിന്നുന്നു. നിനക്ക്‌ ഇതേകുറിച്ച്‌ എന്തെങ്കിലും എഴുതാന്‍തോന്നുന്നുണ്ടൊ? കുട്ടികള്‍ അപ്പോള്‍ ഒരു അണ്ണാറക്കണ്ണന്റെ പുറകെ ഓടും. സന്തോഷത്തിന്റേയും സംത്രുപ്‌തിയുടേയൂം അനര്‍ഘ നിമിഷങ്ങള്‍.അദ്ദേഹം കുറച്ചുനേരം പുഞ്ചിരിതൂകി നില്‍ക്കും.എന്തോ കുസ്രുതിത്തരം മനസ്സില്‍ ആലോചിക്കയാണെന്ന്‌ ആ പുഞ്ചിരി കണ്ടാല്‍ അറിയാം.പിന്നെ പതുക്കെ മൂളും: സ്വ്‌പനങ്ങള്‍ അലങ്കരിക്കും നമ്മുടെ വീടു കണ്ട്‌ സ്വര്‍ഗ്ഗം നാണിക്കുന്നു.`നല്ലപോലെപാടുന്ന ജോ എനിക്ക്‌ ഇഷ്‌ടമുള്ള പാട്ടുകള്‍ പാടാന്‍ പറയുമ്പോള്‍ നമുക്ക്‌ സിനിമയിലെ ആ രംഗങ്ങള്‍ ഒന്ന്‌ അഭിനയിച്ചു കൂടെ എന്ന്‌ ചോദിക്കും. സരോ, ജീവിതം മനോഹരമാക്കാനാണു ദൈവം നമ്മളോട്‌ പറയുന്നത്‌. സ്‌നേഹിക്കുക, ആനന്ദിക്കുക. അപരിചിതരായിരുന്ന നമ്മളെ ദൈവം യോജിപ്പിച്ചിരിക്കുന്നത്‌ നമ്മള്‍ യോജിപ്പോടെ ജീവിക്കാനാണ്‌്‌. ഇടക്കൊക്കെ സിനിമയിലെ പോലെ ഒരു മരം ചുറ്റി പ്രേമമൊക്കെ ആവാം. എന്നിട്ട്‌ ആ കുസ്രുതി ചിരി ചിരിക്കും

ജോ വീട്ടിനുള്ളില്‍മൂളി നടാക്കാറുള്ള ഗാനങ്ങള്‍ ഇപ്പോള്‍ ഞാന്‍ സി.ഡി.യില്‍ കേട്ടിരുന്നു ആശ്വസിക്കാറുണ്ട്‌. അത്തരം സന്ദര്‍ഭ്‌ങ്ങള്‍ കരളിനെനോവിപ്പിക്കുമെങ്കിലും ഞാന്‍ കണ്ണീരിനെ നിയന്ത്രിക്കും. ഒരു പക്ഷെ ജോ എന്നെ കാണുന്നുണ്ടെങ്കില്‍ ഞാന്‍ വേദനിക്കയാണെന്നറിയണ്ട. വളരെ മൃദുലഹ്രുദയനായിരുന്നു എന്റെ ജോ. ഭാര്യ, മക്കള്‍ കുടുംബം അതെല്ലാം പരിപാവനവും ഈശ്വരന്റെ അനുഗ്രഹ്വുമാണെന്ന്‌ ജോ പറയും. ഇനിയും ജോയെ കണ്ടുമുട്ടുന്നവരെ എനിക്ക്‌ ഓര്‍ക്കാനും എഴുതാനും എത്രമാത്രം അനുഭവങ്ങള്‍തന്നിട്ടാണ്‌ എന്നെ വിട്ടുപിരിഞ്ഞത്‌. ജോ, നീയില്ലാതെ എനിക്ക്‌ എങ്ങനെ സന്തോഷിക്കാന്‍ കഴിയുമെന്ന്‌ ഏകാന്തതയുടെ തീരത്ത്‌ ഒറ്റക്കിരുന്ന്‌ ഞാന്‍ ജോയോട്‌ സംസാരിക്കും.ജോ, എല്ലാം കേള്‍ക്കുകയും എന്റെ അടുത്ത്‌തന്നെഇരിക്കയും ചെയ്യുന്നു എന്ന്‌ ഞാന്‍ വിശ്വസിച്ചുകൊണ്ട്‌ ഓരോ ദിവസവും മുന്നോട്ട്‌ നീക്കുന്നു.

മക്കളുടെ വിദ്യാഭ്യാസവും മകളുടെ വിവാഹവും കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ആ വീടുവിറ്റ്‌ ബെല്‍റോസ്‌ എന്ന സ്‌ഥലത്തേക്ക്‌ താമസം മാറ്റി. ഒത്തിരി ഓര്‍മ്മകള്‍ തങ്ങിനില്‍ക്കുന്ന ആ വീടും പരിസരങ്ങളും ഇപ്പോള്‍ ഞാന്‍ മുന്നില്‍ കാണുന്നു. ഗരേജില്‍ നിന്നും പണിയായുധങ്ങള്‍ എടുത്ത്‌ ഒഴിവ്‌ ദിവസങ്ങളില്‍ പറമ്പില്‍പണിയുന്ന്‌ ജോയെ ജന്നിലൂടെ ഞാന്‍ നോക്കിനില്‍ക്കുന്നത്‌മനസ്സില്‍ തെളിയുന്നു, അന്ന്‌ ജോയുടെ അടുത്ത്‌ പോയി നില്‍ക്കുമ്പോള്‍ ജോ മാനത്തേക്ക്‌ ചൂണ്ടിക്കാട്ടിപറയുമായിരുന്നു. മാലാഖമര്‍ അവിടെ നിന്നും നമ്മളെവീക്ഷിക്കുന്നുണ്ട്‌. നമുക്ക്‌ വെള്ളം ആവശ്യമാകുമ്പോള്‍ മഴ പെയ്യിക്കുന്നത്‌ അവരാണ്‌. നമ്മള്‍ ഭൂമിയെ പരിപാലിക്കുന്നുണ്ടോ എന്നും അവര്‍ നോക്കുകയായിരിക്കും.

ഇപ്പോള്‍ ഈ വീടിന്റെ ഏകാന്തതയില്‍ ഞാന്‍ ജന്നലരികില്‍ നിര്‍ന്നിമേഷയായി നില്‍ക്കുമ്പോള്‍ ഒരു കിളി വന്ന്‌ എന്റെ ജന്നല്‍ പാളികള്‍ ഇരുന്നു എന്നെ സൂക്ഷിച്ച്‌ നോക്കുന്നപോലെ നോക്കുന്നു. ആ കിളിയും ഒറ്റക്കാണ്‌. ഇണക്കിളികള്‍ പറന്നുപോകുമ്പോള്‍ വിരഹപീഡിതരാകുന്ന പാവം പെണ്‍ക്കിളികള്‍. എന്റെ ദു:ഖത്തിന്റെ കാര്‍മേഘങ്ങള്‍ പടരുന്നത്‌കൊണ്ടാണോ എന്നറിയില്ല വെയില്‍ മങ്ങിപോകുന്നു. സര്‍വ്വ ചരാചരങ്ങളുടേയും പ്രസരിപ്പ്‌ സൂര്യന്‍ ഉദിച്ച്‌ നില്‍ക്കുമ്പോള്‍ മാത്രമാണ്‌. ജോ എന്റെ ജീവിതത്തിന്റെ സൂര്യനായിരുന്നു. കുടുംബത്തിനുസ്‌നേഹത്തിന്റെ ചൂടും വെളിച്ചവും നല്‍കി പ്രകാശിച്ച്‌ നിന്നവിളക്ക്‌. അങ്ങനെചിന്തിച്ച്‌ നില്‍ക്കുമ്പോള്‍ `കേട്ടോ' എന്ന്‌ ഞാന്‍ കേള്‍ക്കുന്നു. ജോ എന്തോപറയാന്‍ തുടങ്ങുന്നു.ഒരു നിമിഷത്തേക്ക്‌ ജോ വീട്ടിലുണ്ടെന്ന്‌ സങ്കല്‍പ്പിച്ച്‌ ഞാന്‍ കാതോര്‍ത്ത്‌ നില്‍ക്കുന്നു.നിശ്ശബ്‌ദ്‌മായ അല്‍പ്പനേരം.ആരുമില്ല. ഒരു പക്ഷെ അദ്രുശ്യനായി എന്നെ കാണുന്ന ജോ എന്നെവിളിച്ചതായിരിക്കും. ജോക്ക്‌ എന്തെങ്കിലും എന്നോട്‌ പറയാനുണ്ടാകും. പുഞ്ചിരിതൂകിയിരിക്കുന്ന ജോയുടെ പടം എന്റെ മുന്നിലുണ്ട്‌. ചിതങ്ങള്‍ക്ക്‌ ജീവന്‍ വച്ച അമ്മൂമ്മകഥയിലേക്ക്‌ ഒരു കുട്ടിയെപോലെ എനിക്ക്‌ ഓടിപോകാന്‍ തോന്നുന്നു. യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കാനുള്ള ശക്‌തിനേടണമെന്ന്‌ ജോ എന്നെ ഉപദേശിക്കുമായിരുന്നു. എഴുത്തും ജീവിതവും രണ്ടാണെന്ന്‌ ജോ പറയും. എഴുതാനുള്ള വാസനുയുള്ളത്‌കൊണ്ട്‌ സംഭവിക്കാത്തത്‌സംഭവിക്കുമെന്ന്‌ ഞാന്‍ വ്യാമോഹിക്കാറുണ്ട്‌. ഒരു പക്ഷെ അങ്ങനെ ഭാവനാലോകത്ത്‌ ചിലപ്പോഴൊക്കെ വഴിതെറ്റിനടക്കുമ്പോള്‍ മരിച്ചവര്‍ ജീവനോടെ തിരിച്ചുവരുമെന്നൊക്കെ ഞാന്‍ ആഗ്രഹിച്ചുപോകുന്നു.എന്റെ ആഗ്രഹം ഈശ്വരന്‍നിറവേറ്റുമോ? നിരാലംബയായ ഒരു പെണ്ണിന്റെ ചപല വ്യാമോഹം എന്ന്‌ അതിനെ ദൈവം തള്ളിക്കളയുമോ എന്തായാലും കാത്തിരിക്കാന്‍ എനിക്ക ്‌മോഹം. മോഹങ്ങള്‍ക്ക്‌ ചിറകുകള്‍ ഉണ്ടല്ലോ? ഒരു പക്ഷെ ജോയെ ചിറകിലേറ്റി അവ എന്റടുത്ത്‌ വരാം. അത്‌കൊണ്ട്‌ ഞാന്‍ മോഹിച്ചുകൊണ്ടേ ഇരിക്കട്ടെ.

(തുടരും)
പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍ -7 (ഓര്‍മ്മക്കുറിപ്പുകള്‍: സരോജ വര്‍ഗ്ഗീസ്‌, നൂയോര്‍ക്ക്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക