Image

ഷാര്‍ജയില്‍ അനധികൃത റിക്രൂട്ടിംഗ്‌ ഓഫീസ്‌ പൂട്ടി

Published on 22 October, 2011
ഷാര്‍ജയില്‍ അനധികൃത റിക്രൂട്ടിംഗ്‌ ഓഫീസ്‌ പൂട്ടി
ഷാര്‍ജ: തൊഴിലന്വേഷകരില്‍ നിന്ന്‌ പണം തട്ടിയെടുത്തിരുന്ന അനധികൃത റിക്രൂട്ടിങ്‌ ഏജന്‍സി ഷാര്‍ജ സാമ്പത്തിക വകുപ്പ്‌ പൂട്ടി സീല്‍വച്ചു. അനുവാദം കൂടാതെ മുറി തുറക്കരുതെന്ന്‌ നിര്‍ദേശിച്ച്‌ വാതിലില്‍ നോട്ടീസും പതിച്ചിട്ടുണ്ട്‌. ഈ ഏജന്‍സിയടക്കം ദുബായ്‌, ഷാര്‍ജ, അജ്‌മാന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തൊഴില്‍ തട്ടിപ്പു സംഘങ്ങളെക്കുറിച്ച്‌ കഴിഞ്ഞ ദിവസം ഗള്‍ഫ്‌മനോരമ ഡോട്‌ കോം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഇവിടങ്ങളിലെല്ലാം അധികൃതര്‍ പരിശോധന നടത്തുമെന്നാണ്‌ കരുതുന്നത്‌.

ബുഹൈറ കോര്‍ണിഷില്‍ ക്രിസ്‌റ്റല്‍ പ്ലാസ കെട്ടിടത്തിന്‌ പിന്‍വശത്തെ ബഹുനില കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസാണ്‌ പൂട്ടിയത്‌. ഇന്ത്യന്‍ സ്‌ത്രീകളായിരുന്നു അറബ്‌ വംശജര്‍ നടത്തിയിരുന്ന ഈ സംഘത്തില്‍ ജോലി ചെയ്‌തിരുന്നത്‌. മലയാളികളടക്കം ആയിരക്കണക്കിന്‌ പേരില്‍ നിന്ന്‌ 100 മുതല്‍ 1000 ദിര്‍ഹം വരെ ഇവര്‍ കൈക്കലാക്കിയിരുന്നു. നിത്യേന നൂറോളം പേരാണ്‌ ഇത്തരം ഏജന്‍സികളെ ജോലിക്കായി സമീപിച്ചിരുന്നത്‌. തട്ടിപ്പിനിരയായവര്‍ ഇവിടെയെത്തി പ്രതിഷേധിച്ചതിനെ തുടര്‍ന്ന്‌ ഒരാഴ്‌ച മുന്‍പ്‌ ഓഫീസ്‌ പൂട്ടിയിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും തുറന്നപ്പോള്‍ ആയിരക്കണക്കിന്‌ പേര്‍ ഇവിടെയെത്തി പ്രശ്‌നമുണ്ടാക്കുകയും തുടര്‍ന്ന്‌ പൊലീസ്‌ സ്‌ഥലത്തെത്തുകയും ചെയ്‌തിരുന്നു. പിന്നീടാണ്‌ സാമ്പത്തിക വകുപ്പ്‌ ഉദ്യോഗസ്‌ഥരെത്തി പൂട്ടി സീല്‍ പതിച്ചത്‌. തങ്ങളുടെ പണം തിരികെ കിട്ടിയില്ലെങ്കിലും ഇനി മറ്റാരും ചതിയില്‍ പെടരുതെന്നായിരുന്നു പറ്റിക്കപ്പെട്ടവരുടെ ആവശ്യം.

ദുബായ്‌, ഷാര്‍ജ, അജ്‌മാന്‍ എന്നീ എമിറേറ്റുകളില്‍ വലിയ കെട്ടിടങ്ങളിലെ ആഡംബരമായി സജ്‌ജീകരിച്ച മുറികളിലാണ്‌ തട്ടുപ്പു സംഘങ്ങള്‍ തമ്പടിച്ചിരുന്നത്‌. തീരെ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരാണ്‌ പ്രഫഷനലുകളെ പോലും ഇന്റര്‍വ്യൂ ചെയ്‌തിരുന്നത്‌. സന്ദര്‍ശക വീസയിലെത്തി ജോലി അന്വേഷിക്കുന്നവരാണ്‌ ഇത്തരം ഏജന്‍സികളുടെ പ്രധാന ഉന്നം. ഇംഗ്ലീഷ്‌ പത്രമാധ്യമങ്ങളില്‍ ഇവര്‍ പരസ്യം നല്‍കി ഇരകളെ വീഴ്‌ത്തുന്നു. പരസ്യം കണ്ട്‌ ഏജന്‍സിയുമായി ബന്ധപ്പെടുന്നവരെ യോഗ്യതകള്‍ ചോദിച്ചറിഞ്ഞ ശേഷം പ്രതീക്ഷകള്‍ നല്‍കി ഓഫീസിലേയ്‌ക്ക്‌ ക്ഷണിക്കുന്നു. ഒരു മേശയും കുറെ കസേരകളുമടങ്ങുന്നതാണ്‌ ഓഫീസ്‌. ജോലി ഉറപ്പു നല്‍കി റജിസ്‌ട്രേഷന്‍ ഫീസായി 100 മുതല്‍ 500 ദിര്‍ഹം വരെ ഇവര്‍ കൈക്കലാക്കുന്നു. റിഫണ്ടബ്‌ള്‍ എന്ന്‌ പറഞ്ഞാണ്‌ ഈ കാശ്‌ വാങ്ങിക്കുന്നത്‌. പേരും മറ്റു വിവരങ്ങളും നല്‍കി ഫോമില്‍ ഒപ്പിടുവിച്ച ശേഷം, ഇര പാവമാണെന്ന്‌ കണ്ടാല്‍ വീസ നടപടിക്രമങ്ങള്‍ക്കെന്നു പറഞ്ഞു 300 മുതല്‍ 500 ദിര്‍ഹം വരെയും വീണ്ടും കൈക്കലാക്കുന്നു. ജോലി തേടി മടുത്തവര്‍ ഇത്തരം സംഘങ്ങളുടെ പ്രലോഭനങ്ങളില്‍ വീണ്‌ രണ്ടും കല്‍പിച്ച്‌ പണം നല്‍കാന്‍ തയ്യാറാകുന്നിടത്താണ്‌ ഇവരുടെ വിജയം. ഫിലിപ്പീനി യുവതികളാണ്‌ ഇരകളില്‍ ഭൂരിഭാഗവും. രണ്ട്‌ ദിവസത്തിനകം കമ്പനിയധികൃതര്‍ ഫോണ്‍ വിളിക്കുമെന്നും ശമ്പള പാക്കേജും ജോലി സംബന്ധമായ മറ്റു കാര്യങ്ങളും അപ്പോള്‍ പറയുമെന്നും അതിന്‌ ശേഷം ഒരു അഭിമുഖം കൂടി നടത്തിയാല്‍ ജോലി ഉറപ്പാക്കാമെന്നുമാണ്‌ ഏജന്‍സിക്കാരുടെ വാഗ്‌ദാനം. ഇതും പ്രതീക്ഷിച്ചിരുന്ന്‌ നിരാശരാകുന്നവര്‍ പിന്നീട്‌ ഏജന്‍സി ഓഫീസിലെത്തി നല്‍കിയ പണം തിരികെ ചോദിക്കുമ്പോള്‍, പണം തിരിച്ചു നല്‍കുന്നതല്ല എന്നെഴുതിയ ഫോമിലാണ്‌ നേരത്തെ ഒപ്പിട്ടതെന്ന്‌ കാണിച്ചുകൊടുക്കുന്നു. ഇതോടെ തങ്ങള്‍ കബളിപ്പിക്കപ്പെട്ടെന്ന്‌ മനസിലാക്കി, പ്രതീക്ഷകള്‍ നശിച്ച്‌ മിക്കവരും മടങ്ങുകയാണ്‌ ചെയ്യുന്നത്‌. എന്നാല്‍, ഇത്‌ ചോദ്യം ചെയ്യുന്നവരെ ഓഫീസുകളില്‍ നിര്‍ത്തിയിട്ടുള്ള തടിമാടന്മാരെ കാണിച്ച്‌ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്യുന്നു. തട്ടിപ്പിനിരയായവരില്‍ പലരും അതത്‌ സ്‌ഥലത്തെ പൊലീസ്‌ സ്‌റ്റേഷനുകളില്‍ പരാതിയും നല്‍കാറുണ്ട്‌. റിക്രൂട്ടിങ്‌ തട്ടിപ്പിനെക്കുറിച്ച്‌ പത്രമാധ്യമങ്ങളില്‍ ഒട്ടേറെ തവണ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും മലയാളികളടക്കമുള്ള തൊഴിലന്വേഷകര്‍ വീണ്ടും വീണ്ടും വിളക്കില്‍ ചെന്ന്‌ വീണൊടുങ്ങുന്ന ഈയാംപാറ്റകളെപോലെ ഇത്തരക്കാരുടെ വായില്‍ ചെന്നുവീഴുന്നു.

ഇത്തരം തട്ടിപ്പു ഏജന്‍സികളെക്കുറിച്ച്‌ തൊഴിലന്വേഷകര്‍ക്ക്‌ സൗജന്യ വിവരം നല്‍കുന്ന ഓണ്‍ലൈന്‍ കൂട്ടായ്‌മ എംപിസിസിയുടെ സഹകരണത്തോടെ ബോധവത്‌കരണം നടത്തിയിരുന്നു. നൂറിലേറെ പേരാണ്‌ ചുരുങ്ങിയ ദിവസം തങ്ങളുടെ ദുരനുഭവങ്ങള്‍ പങ്കുവച്ചത്‌. ജോലി ലഭിക്കാതെ വിഷമിക്കുന്ന പാവങ്ങളുടെ അവസ്‌ഥ മുതലെടുത്ത്‌ അവരെ വഞ്ചിച്ച്‌ തിന്നുകൊഴുക്കുന്ന ഇത്തരം തട്ടിപ്പു ഏജന്‍സികളെ നിലയ്‌ക്ക്‌ നിര്‍ത്തിയേ തീരൂ എന്ന്‌ ജോബ്‌ലിങ്ക്‌സിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സജിത്‌ അഭിപ്രായപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക