Image

രൂപയുമായുള്ള വിനിമയത്തില്‍ റിയാലിന്റെ വില ഉയരത്തില്‍

Published on 22 October, 2011
രൂപയുമായുള്ള വിനിമയത്തില്‍ റിയാലിന്റെ വില ഉയരത്തില്‍
റിയാദ്‌: ഇന്ത്യന്‍ രൂപയുമായുള്ള വിനിമയത്തില്‍ റിയാലിന്റെ വില കുത്തനെ കൂടുന്നു. തുടര്‍ച്ചയായി തകര്‍ച്ച നേരിട്ട ഇന്ത്യന്‍ രൂപയുടെ മൂല്യം ഇന്നലെ കഴിഞ്ഞ 30 മാസത്തിനിടയിലെ ഏറ്റവും താഴ്‌ന്ന നിലവാരത്തിലെത്തി. ഡോളര്‍ വിനിമയത്തില്‍ ഇന്നലെ 50.30 വരെ രൂപയുടെ മൂല്യം താഴ്‌ന്നെങ്കിലും വിപണി ക്‌ളോസ്‌ ചെയ്യുമ്പോള്‍ 49.70 ലേക്ക്‌ തിരിച്ചുവന്നു.

യൂറോപ്യന്‍ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന്‌ കര കയറാന്‍ യൂറോക്ക്‌ സാധിക്കാത്തത്‌ യു.എസ്‌ ഡോളറിന്‍െറ ആവശ്യം വര്‍ധിപ്പിച്ചതും ഇന്ത്യന്‍ വിപണിയില്‍നിന്ന്‌ വന്‍തോതില്‍ വിദേശ നിക്ഷേപം പിന്‍വലിക്കുന്നതുമാണ്‌ രൂപയുടെ മൂല്യം തകരാന്‍ കാരണമായതത്രെ. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച്‌ ഡോളര്‍ ബന്ധിത റിയാലിന്‍െറ മൂല്യം വര്‍ധിച്ചതോടെ ഗള്‍ഫ്‌ കറന്‍സികളുമായുള്ള രൂപയുടെ വിനിമയ നിരക്ക്‌ ഗണ്യമായി ഉയര്‍ന്നു. സെപ്‌റ്റംബര്‍ ആദ്യ വാരത്തില്‍ 12.20 രൂപ മാത്രം മുല്യമുണ്ടായിരുന്ന റിയാലിന്‍െറ മൂല്യം ഇന്നലെ 13.40 കടന്നു.

സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്‌. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ രണ്ട്‌ തവണ മാത്രമാണ്‌ റിയാലിന്‍െറ മൂല്യം ഇത്ര ഉയര്‍ന്നത്‌. 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍െറ പശ്ചാത്തലത്തില്‍ 10.48 വരെ താഴ്‌ന്നിരുന്ന റിയാലിന്‍െറ വിനിമയ മൂല്യം 2009ല്‍ 13.86 വരെ എത്തിയിരുന്നു. ഇപ്പോള്‍ ഇതേ റെക്കോര്‍ഡിലേക്ക്‌ മൂല്യം ഉയരുമോയെന്നാണ്‌ സാമ്പത്തിക നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്‌.

2009ലെ ഇടവേള ഒഴിച്ചുനിര്‍ത്തിയാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനടയിലെ ഏറ്റവും കൂടിയ നിരക്കിലാണ്‌ റിയാലിന്‍െറ മൂല്യം ഇന്നലെ എത്തിയതെന്ന്‌ സാമ്പത്തിക വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടി.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രൂപയുടെ മൂല്യത്തില്‍ ഏകദേശം 11ശതമാനത്തിന്‍െറ ഇടിവ്‌ സംഭവിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക