Image

30 ലക്ഷം വിദേശികളെ തിരിച്ചയക്കുമെന്ന്‌ സൗദി തൊഴില്‍ മന്ത്രാലയം

കാസിം ഇരിക്കൂര്‍ Published on 22 October, 2011
30 ലക്ഷം വിദേശികളെ തിരിച്ചയക്കുമെന്ന്‌ സൗദി തൊഴില്‍ മന്ത്രാലയം
ജിദ്ദ: സൗദിവത്‌കരണത്തില്‍ ഊന്നല്‍ നല്‍കുന്ന പുതിയ വ്യവസ്ഥകള്‍ നടപ്പാക്കുന്നതോടെ 30ലക്ഷം വിദേശ തൊഴിലാളികള്‍ക്ക്‌ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സൗദി അറേബ്യ വിടേണ്ടിവരുമെന്ന്‌ തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ്‌ നല്‍കി. 18.7ദശലഷം ജനസംഖ്യയുള്ള സൗദിയില്‍ നിലവില്‍ 8.42ദശലക്ഷം (31ശതമാനം) വിദേശികളുണ്ടെന്നും അത്‌ 20ശതമാനമായി കുറച്ചുകൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കയാണെന്നും പ്രാദേശിക അറബ്‌ ബിസിനസ്‌ പത്രം തൊഴില്‍ മന്ത്രാലയത്തെ ഉദ്ധരിച്ച്‌ വെളിപ്പെടുത്തി. സൗദിയില്‍ 20ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ ജോലിയെടുക്കുന്നുണ്ട്‌.

സ്വദേശികള്‍ക്ക്‌ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്‌ വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്‍റ്‌ നിയന്ത്രിക്കാന്‍ ബുധനാഴ്‌ച അബൂദബിയില്‍ ചേര്‍ന്ന ജി.സി.സി രാജ്യങ്ങള്‍ സംയുക്തമായി തീരുമാനിച്ചതിന്‍െറ ചുവടു പിടിച്ചാണ്‌ സൗദിയുടെ നീക്കം. പ്രാദേശിക തൊഴില്‍ വിപണിയില്‍നിന്നുള്ള മാനവശേഷി കൊണ്ട്‌ നിര്‍വഹിക്കാന്‍ പറ്റുന്ന തൊഴിലുകളിലേക്ക്‌്‌ വിദേശ റിക്രൂട്ട്‌മെന്‍റ്‌ കര്‍ശനമായി നിയന്ത്രിക്കണമെന്നാണ്‌ ജി.സി.സി രാജ്യങ്ങള്‍ തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്‌. സൗദി തൊഴില്‍മന്ത്രി ആദില്‍ ഫഖീഹും അബൂദബി സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

രാജ്യത്തിന്‍െറ ജനസംഖ്യാ സന്തുലനം തെറ്റിക്കുന്ന തരത്തിലുള്ള വിദേശി സാന്നിധ്യത്തിന്‌ കടിഞ്ഞാണിടുന്നതിനാണ്‌ സൗദി ഊന്നല്‍ നല്‍കുന്നത്‌. 20ശതമാനത്തിന്‌ മുകളില്‍ വിദേശികള്‍ രാജ്യത്ത്‌ ഉണ്ടാവരുത്‌ എന്ന തീരുമാനത്തിലാണ്‌ എത്തിയിരിക്കുന്നത്‌. അങ്ങനെയെങ്കില്‍ 29ലക്ഷം വിദേശികള്‍ക്ക്‌ സൗദി വിടേണ്ടിവരും. സ്വദേശികള്‍ക്ക്‌ കൂടുതല്‍ ജോലി കണ്ടെത്തുന്നതിന്‌ നിതാഖാത്‌ (തരം തിരിക്കല്‍ ) പരിഷ്‌കരണം കര്‍ശനമായി നടപ്പാക്കുന്നതിന്‌ മന്ത്രി ആദില്‍ ഫഖീഹാണ്‌ നേതൃത്വം നല്‍കുന്നത്‌. ഈ പദ്ധതിയനുസരിച്ച്‌ നിശ്ചിത ശതമാനം സൗദി തൊഴിലാളികളെ നിയമിക്കാത്ത ചുകപ്പ്‌, മഞ്ഞ ഗണത്തില്‍പ്പെട്ട കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വര്‍ക്‌ പെര്‍മിറ്റും ഇഖാമയും പുതുക്കി നല്‍കുന്നതും പുതിയ വിസ അനുവദിക്കുന്നതും നിരോധിച്ചിട്ടുണ്ട്‌.

വിദേശികളില്‍നിന്ന്‌ സ്വദേശികളിലേക്ക്‌ ജോലി കൈമാറ്റം ചെയ്യപ്പെടുന്നതിന്‌ സൗദികള്‍ക്ക്‌ കൂടുതല്‍ പരിശീലനവും പ്രോല്‍സാഹനവും നല്‍കാന്‍ തൊഴില്‍ മന്ത്രാലയം പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ്‌. ഒരു തസ്‌തിക നികത്തേണ്ടി വരുമ്പോള്‍ യോഗ്യരായ സ്വദേശികള്‍ ഇല്‌ളെന്ന്‌ ഉറപ്പായാല്‍ മാത്രമേ വിദേശികളെ നിയമിക്കാവൂ എന്നാണ്‌ ജി.സി.സി സമ്മേളനത്തില്‍ നിര്‍ദേശിച്ചത്‌. അംഗരാജ്യങ്ങള്‍ വിദേശ തൊഴില്‍ ശക്തികളെ കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ ഏകോപിതമായി നീങ്ങാനും ധാരണയായിട്ടുണ്ട്‌. അത്യാവശ്യഘട്ടത്തില്‍ മാത്രമേ വിദേശത്തുനിന്ന്‌ തൊഴിലാളികളെ റിക്രൂട്ട്‌ ചെയ്യാവൂ എന്നതാണ്‌ അടിസ്ഥാന നിലപാട്‌. അതേസമയം, ജി.സി.സി രാജ്യങ്ങള്‍ക്ക്‌ പൊതുവായ തൊഴില്‍ യോഗ്യതാ മാനദണ്ഡങ്ങളും പ്രഫഷനല്‍ പരീക്ഷകളും വേണ്ടതുണ്ടെന്നും നിര്‍ദേശം ഉയരുകയുണ്ടായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക