Image

പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍ -8 (ഓര്‍മ്മക്കുറിപ്പുകള്‍: സരോജ വര്‍ഗ്ഗീസ്‌, നൂയോര്‍ക്ക്‌)

Published on 12 November, 2013
പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍ -8 (ഓര്‍മ്മക്കുറിപ്പുകള്‍: സരോജ വര്‍ഗ്ഗീസ്‌, നൂയോര്‍ക്ക്‌)
കുട്ടികളായി ഒരാണും, ഒരു പെണ്ണുമെന്നമാതൃകാകുടുംബം തന്നതില്‍ ദൈവത്തിനു എന്നും ഞങ്ങള്‍ നന്ദിപറഞ്ഞ്‌കൊണ്ടിരുന്നു. എന്നാലും മകള്‍ വളരാന്‍ തുടങ്ങിയപ്പൊള്‍ ഒരമ്മയുടെ അങ്കലാപ്പും, ആശങ്കകളും എന്നെഅലട്ടാന്‍ തുടങ്ങി.. സ്വാഭാവികമായും എന്റെ ഉത്‌കണ്‌ഠകള്‍ ഞാന്‍ ജോയുമായി പങ്കുവച്ചു. ഇവിടെ കുട്ടികള്‍ വിവാഹത്തിനുമുമ്പ്‌ ആണ്‍കുട്ടികളുമായി ചങ്ങാത്തം വയ്‌ക്കും, ചിലര്‍ ഡെയ്‌റ്റിംഗ്‌ എന്ന്‌പറഞ്ഞ്‌ ആണ്‍കുട്ടികളുമായി ചുറ്റിനടക്കും. ഞങ്ങള്‍ മക്കളെ ഈശ്വരവിശ്വാസത്തോടെ വളര്‍ത്തികൊണ്ടുവന്നെങ്കിലും കുട്ടികളില്‍ പ്രായം വന്ന്‌തുടങ്ങിയപ്പോള്‍ അവരെതെറ്റായ വഴിക്ക്‌ നയിക്കല്ലേ എന്ന്‌ മുട്ടിപ്പായിപ്രാര്‍ഥിച്ചു കൊണ്ടിരുന്നു. ജോ ഒരിക്കലും എന്നെപോലെ പരിഭ്രമിച്ചില്ല. അദ്ദേഹത്തിനു എല്ലാ കാര്യങ്ങളിലും ശുഭാപ്‌തിവിശ്വാസം ഉണ്ടായിരുന്നു. തന്നെയുമല്ല ദൈവം എല്ലാവരേയും ഒന്നുപോലെ സ്രുഷ്‌ടിച്ചു; മനുഷ്യന്‍ പല വര്‍ണ്ണങ്ങളും ജാതികളുമായി വേര്‍പിരിഞ്ഞു.സ്വാര്‍ഥമായ ചിന്താഗതിയുള്ളവര്‍ക്കാണ്‌ പ്രശ്‌നങ്ങള്‍. സന്മനസ്സുള്ളവര്‍ക്കെന്നും സമാധാനം തുടങ്ങിയ തത്വജ്‌ഞാനം വിളമ്പികൊണ്ടിരിക്കയും ചെയ്യും. ഒന്നും തെറ്റായി സംഭവിക്കുകയില്ല, ദൈവവിശ്വാസത്തില്‍ ജീവിക്കണം എന്നൊക്കെപറഞ്ഞ്‌ എന്നെ സമാധാനിപ്പിക്കുന്ന ജോ ചിലപ്പോഴെക്കെ ചിന്താമഗ്നനാകാറുണ്ട്‌.പെണ്‍കുട്ടികള്‍ ഏതെങ്കിലും കാപ്പിരിചെക്കന്മാരെ കൂട്ടികൊണ്ട്‌വരുമോ എന്നായിരുന്നു അന്നത്തെ മലയാളി സമൂഹത്തിലെ അമ്മമ്മാരുടെ ഭയം. അതെക്കുറിച്ച്‌ സംസാരിക്കുമ്പോള്‍ ജോയുടെ പ്രതികരണം `വെളുമ്പന്മാരായാല്‍' വിരോധമില്ലെന്നാണോ എന്നായിരിക്കും.

ഞങ്ങളുടെ മകള്‍ കോളേജിലായിരുന്നപ്പോള്‍ അവള്‍ക്ക്‌ വിവാഹാലോചനകള്‍ വരാന്‍തുടങ്ങി. മകള്‍ സുന്ദരിയായിരുന്നതുകൊണ്ട്‌ അവളെ എല്ലാവര്‍ക്കും ഇഷ്‌ടമായി. അത്‌കൊണ്ട്‌ ഏത്‌ചെറുക്കനെ തിരഞ്ഞെടുക്കണമെന്നുള്ള ആശയക്കുഴപ്പം മാത്രമേ ഞങ്ങള്‍ക്കുണ്ടായിരുന്നുള്ളു.ഞങ്ങളുടെ സഭയും ആചാരങ്ങളും വച്ചുപുലര്‍ത്തുന്ന മലയാളി യുവാക്കളില്‍ നിന്ന്‌ തന്നെ വിവാഹാലോചനകള്‍ വന്നത്‌ ഞങ്ങളെ വളരെ ആനന്ദിപ്പിച്ചു, മകളുടെ വിവാഹം ഉറപ്പിച്ച്‌ കഴിഞ്ഞപ്പോള്‍ വളരെ സമാധാനം തോന്നി. ജോ അപ്പോഴും തമാശകള്‍ പൊട്ടിച്ചുകൊണ്ടിരുന്നു. `എടൊ താനൊരു അമ്മായിയമ്മയാകാന്‍ പോകുന്നു'. ഇനി വേഷത്തില്‍ കാര്യമായ ഒരുക്കങ്ങള്‍ ഒന്നും വേണ്ട. അമ്മായി തള്ള എന്നേ ചെറുക്കന്റെ വീട്ടുകാര്‍പറയൂ. അങ്ങനെ എന്നെ കളിയാക്കി ജോ ഒത്തിരി ചിരിക്കും .ജോ, വല്ലാതെ ചിരിക്കല്ലേ, ജോയും അമ്മായിയപ്പന്‍ തന്തയാകും. എന്റെ കമന്റ്‌കേട്ട്‌ ജോ ചിരിനിറുത്തുകയില്ല.സരോ, അങ്ങനെയൊക്കെ സംഭവിക്കുന്നതല്ലേ ജീവിതം.നമ്മള്‍ക്ക്‌ ജീവിതത്തില്‍ ഓരോ സ്‌ഥാനം കിട്ടുമ്പോള്‍ നമ്മള്‍ അതില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്നു. ഇപ്പോള്‍ നമ്മളുടെ ഉത്തരവാദിത്വം മകളുടെ വിവാഹ ജീവിതത്തിനുവേണ്ട ഒരുക്കങ്ങള്‍ ചെയ്യുകയെന്നാണു. ഇത്‌ ജീവിതത്തിന്റെ ഒരു ചാക്രിക സ്വഭാവമാണു. കുറച്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ലജ്‌ജാ നമ്രമുഖിയായി്‌ ഇടവക പള്ളിയിലേക്ക്‌ മന്ദം മന്ദം നടന്നുവന്ന നീ ഒരു നവ വധുവായിരുന്നു. പിന്നെ നീ അമ്മയായി. ഇപ്പോള്‍ അമ്മായിയമ്മ. ഇനിയാണു ഇതിനേക്കാള്‍ നല്ല സ്‌ഥാനം വന്നുചേരുന്നത്‌. വല്യമ്മച്ചി. നമ്മുടെ മകള്‍ പിറന്നപ്പോള്‍ നമ്മുടെ മാതാപിതാക്കളുടെ സന്തോഷം നീ കണ്ടില്ലേ. ഒരു പക്ഷെ സ്വന്തം കുട്ടികളേക്കാള്‍ കൊച്ചുമക്കളെ സ്‌നേഹിക്കുവാനുള്ള ഒരു അദമ്യമായ ആഗ്രഹം എല്ലാ മനുഷ്യഹ്രുദയങ്ങളിലും സ്‌ഥിതിചെയ്യുന്നു. ഓരോ കാലത്തും നമ്മള്‍ ഓരോ വ്യത്യസ്‌ഥപദവികള്‍ അലങ്കരിക്കുന്നു.അപ്പോള്‍പഴയതില്‍നിന്നും പുതിയ പദവിയില്‍ കൂടുതല്‍ വ്യാപ്രുതരാകുന്നു.

അമേരിക്കയില്‍വച്ചുള്ള മകളുടെ വിവാഹം എന്ന ചിന്ത കുറച്ച്‌്‌ അഭിമാനം ഉളവാക്കി. എന്നാല്‍ നാടിനെ അപേക്ഷിച്ച്‌ ഇവിടെ കല്യാണത്തിനു ചടങ്ങുകള്‍ കൂടുതലാണ്‌. അതിലൊന്നായിരുന്നു മകളെ പിതാവ്‌ അല്‍ത്താരയിലേക്ക്‌ കൈ പിടിച്ച്‌ആനയിക്കുന്നത്‌. മകളുടെ കയ്യും പിടിച്ച്‌ വളരെ പതുക്കെനടന്ന്‌ പരിശീലനം നേടുമ്പോള്‍ ജോ പറഞ്ഞു. ഇങ്ങനെ നടക്കണമെങ്കില്‍ ചട്ടുകാലന്മാര്‍ക്കെ കഴിയൂ. എല്ലാറ്റിലും നര്‍മ്മം കാണുകയെന്നത്‌ അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ജീവിതത്തിലെ ഓരോ സംഭവങ്ങള്‍ക്കും ചിട്ടങ്ങള്‍ക്കും ജോയുടേതായ ചില അഭിപ്രായങ്ങളും പറയാനും മടികാണിക്കയില്ല. ജീവിതത്തിലേക്ക്‌ അവള്‍ ഒറ്റടി വയ്‌ക്കാന്‍ തുടങ്ങിയപ്പോള്‍ മാതാപിതാക്കള്‍ അവളെ വീഴാതെ കാത്ത്‌ സൂക്ഷിച്ചു. കന്യാദാനം എന്ന കര്‍മ്മത്തിലൂടെ അവളെ അവള്‍ക്കായി ദൈവം യോജിപ്പിക്കാന്‍ തീരുമാനിച്ച ആളുടെ കയ്യില്‍ ഏല്‍പ്പിക്കാന്‍പോകയാണ്‌. അവളെ അവളുടെ ജീവിത സഖാവിന്റെ കൈകളില്‍ എത്തിക്കുന്നവരേയ്‌ക്കും പിതാവ്‌ അവളെ കൈ പിടിച്ച്‌ മെല്ലെ നടന്നുചെന്ന്‌ അല്‍ത്താരയില്‍ കയറണമെന്നാണീ ചടങ്ങിന്റെ പിന്നിലുള്ള ഉദ്ദേശ്യം എന്ന്‌ ജോ അവിടെ കൂടിയിരുന്നവര്‍ക്കെല്ലാം വിവരിച്ചുകൊടുത്തു.

ഇപ്പോള്‍ യുവതികളായ രണ്ട്‌ മക്കളുടെ അമ്മയായ മകള്‍ ഫോണില്‍വിളിച്ച്‌ സംസാരിച്ചു കഴിഞ്ഞാലും അവള്‍ നിര്‍ത്തുകയില്ല. കുറേനേരം അവള്‍ മൗനമായി ഫോണ്‍ പിടിച്ചു നില്‍ക്കും. `എന്താ മോളെ, എന്ന്‌ ചോദിക്കുമ്പോഴേക്കും അവള്‍ വിതുമ്പും: മമ്മീ.... പപ്പയെ ഓര്‍മ്മ വരുന്നു... പിന്നെ അവളുടെ ഏങ്ങലടി കേള്‍ക്കാം. ഒരു പക്ഷെ അമ്മയായ എന്നേക്കാള്‍ കൂടുതല്‍ അദ്ദേഹം മക്കളെ സ്‌നേഹിച്ചിരുന്നു. അവളുടെ വിവാഹതലേന്നാള്‍പതിവുപോലെ അവളുടെ മുറിയില്‍പോയി`ഗുഡ്‌നൈറ്റ്‌: പറഞ്ഞ്‌വന്ന്‌ കിടന്നു. പിന്നെയൂം ഏണിറ്റ്‌ പോയി മകളുടെ നെറ്റിയില്‍ തലോടി. ഉറങ്ങാതെ കിടന്ന മകള്‍ പപ്പയുടെ കയ്യില്‍മുറുക്കിപിടിച്ചു. അവള്‍ പറഞ്ഞു `പപ്പാ മമ്മിയെവിളിക്കൂ' സരോ എന്ന വിളി കേട്ട്‌ ഞാന്‍ കടന്നു ചെന്നു. മകള്‍ ഏണീറ്റ്‌വന്ന്‌ എന്നെ കെട്ടിപിടിച്ചു.

അവള്‍ തനിയെ ഒരു മുറിയില്‍ കിടക്കാന്‍ തുടങ്ങിയപ്പോഴും ഇടക്കെല്ലാം അവള്‍ ഞങ്ങളുടെ മുറിയില്‍വന്നു കിടക്കുമായിരുന്നു. പപ്പയുടെ പാട്ട്‌ അവള്‍ക്കിഷ്‌ടമായിരുന്നു. പിറ്റെദിവസം ഒഴിവാണെങ്കില്‍ ഒത്തിരി നേരം അവള്‍ പപ്പയെകൊണ്ട്‌ പാട്ട്‌പാടിക്കും.അങ്ങനെ സ്‌നേഹത്തിന്റേയും വാത്സല്യത്തിന്റേയും അനുഭൂതി പൂണ്ടനിമിഷങ്ങള്‍ നിറഞ്ഞ്‌ നില്‍ക്കുമ്പോള്‍ കാണാം ഒരാള്‍ പമ്മി പമ്മിവരുന്നത്‌. മകന്‍ ഞങ്ങളുടെ കൂടെ കൂടാന്‍ വരികയാണു. അവന്‍ വന്ന്‌ കിടക്കയില്‍ ചാടിമറഞ്ഞ്‌ പപ്പയുടെ തോളില്‍ കയറിയിരിക്കും. മകളേക്കാള്‍ വയസ്സിനു ഒത്തിരി വ്യത്യാസമുള്ളത്‌ കൊണ്ട്‌ മകളും അവനെതാലോലിക്കും. എനിക്ക്‌ ജോലിക്ക്‌ പോകേണ്ടതുള്ളത്‌ കൊണ്ട്‌ഞാനാണു ആ സല്ലാപത്തിനു വിരാമമിടുക. പിള്ളേരെ, മമ്മിക്ക്‌ ഉറങ്ങണം, മുറിയില്‍പോ' എന്ന്‌പറയുമ്പോള്‍ രണ്ടുപേരും മനമില്ലാ മനസ്സോടെ പോകും.ആ മകള്‍ വലുതായി. നാളെ അവള്‍ വിവാഹജീവിതത്തിലേക്ക്‌ പ്രവേശിക്കുന്നു. ഞങ്ങള്‍ അവളുടെ മുറിയില്‍ സമ്മേളിച്ചിരിക്കയാണ്‌.ജോയുടെ മുഖത്ത്‌ വല്ലാത്ത വിഷമമുണ്ടെന്നറിയാം. മകളും ഒന്നും മിണ്ടുന്നില്ല. ഞാന്‍ ധൈര്യം സംഭരിച്ച്‌ ചോദിച്ചു. എന്തിനാണു മോളെ ഉറക്കത്തില്‍നിന്നും ഏണിപ്പിച്ചത്‌. മോള്‍ ഉറങ്ങിക്കോ? ജോ വരു നമുക്ക്‌ പോകാം. അപ്പോള്‍ മകള്‍ പറഞ്ഞു ഇത്തിരിനേരം പപ്പയും മമ്മിയും ഇവിടെ ഇരിക്കു. നമുക്ക്‌പണ്ടത്തെപോലെ കളിച്ച്‌ തിമിര്‍ക്കാം. അനിയനെ കൂടെ വിളിക്കാം. മകള്‍ വികാരധീനയാകുന്നുവെന്ന്‌ മനസ്സിലാക്കിയ ജോ എന്നെ നോക്കിചോദിച്ചു.`നാളെ ജോലിക്കൊന്നും പോകണ്ടല്ലോ? ഇവിടെ ഇരിക്കു. അന്നേരത്തും തമാശ കലര്‍ത്തുകയെന്നത്‌ ജോയുടെ സ്വഭാവമാണ്‌. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ മനസ്സിനു ഉറപ്പു കിട്ടാന്‍ തമാശകള്‍ സഹായിക്കുമത്രെ.ഞാന്‍ പഴയകാലം അപ്പോള്‍ ഓര്‍ക്കും. അന്ന്‌ ഉറക്കവും ക്ഷീണവും ഉപക്ഷിച്ച്‌ കുട്ടികളുടെ ഇഷ്‌ടം പോലെ കുറേനേരം കൂടി ചിലവഴിക്കണമായിരുന്നു,. നമ്മള്‍ക്കൊക്കെ ഭൂതകാലമാണു എപ്പോഴും നല്ലത്‌. വാസ്‌തവത്തില്‍ ഗ്രഹാതുരത്വം അതുകൊണ്ടാണുണ്ടാകുന്നത്‌. കഴിഞ്ഞ്‌പോയത്‌ എന്നും നല്ല ത്‌.

മകളുടെ മുറിയില്‍ ഇരുന്ന്‌ ഞങ്ങള്‍ വന്നു കിടന്നിട്ടും ജോ ഉറങ്ങിയില്ല. അന്ന്‌ സിഗരറ്റ്‌ വലിച്ചിരുന്ന ജോ ജനലരികില്‍ നിന്ന്‌ സിഗരറ്റ്‌ കത്തിച്ച്‌ വലിക്കാതെ പിടിച്ചു നിന്നു. കത്തി കഴിയുന്ന സിഗരറ്റ്‌ കുറ്റിവലിച്ചെറിഞ്ഞ്‌ വീണ്ടും പുതിയതിനു തീ കൊളുത്തും. മകളുടെ വിവാഹം വളരെ ആഹ്ലാദം പകരുമെങ്കിലും അവള്‍ വീട്‌വിട്ടുപോകുന്നു എന്ന ചിന്ത മനസ്സില്‍ ഞെരിഞ്ഞമരും. ജോയുടെ അസ്വസ്‌ഥത കണ്ട്‌ ഞാന്‍ ജോയുടെ കൈവിരലില്‍ നിന്നും സിഗരറ്റെടുത്ത്‌ ചുണ്ടില്‍വച്ച്‌ പറഞ്ഞു. ഇത്‌ വലിച്ച്‌ വന്നു കിടക്കു. എന്തിനാണു ഇങ്ങനെ സിഗരറ്റ്‌ കത്തിച്ച്‌ പിടിച്ച്‌ ഇവിടെ നില്‍ക്കുന്നത്‌. അപ്പോള്‍ ജോ ചിരിച്ചു. സരോ, നീയാണു ഉത്തമയായ ഭാര്യ.ഒരു പക്ഷെലോകത്തില്‍ ആദ്യമായിഭര്‍ത്താവിനെ സിഗരറ്റ്‌വലിക്കാന്‍ നിര്‍ബന്ധിച്ച ഭാര്യ.ദു:ഖിച്ചിരിക്കുമ്പോഴും എന്നെ ചിരിപ്പിക്കാനാണു ജോയ്‌ക്ക്‌ ഉത്സാഹം. അത്‌കൊണ്ട്‌ എന്റെ ദു:ഖങ്ങള്‍ ഞാന്‍ ഉള്ളിലൊതുക്കും. എന്റെ മുഖത്ത്‌ ഒരു മ്ലാനത കണ്ടാല്‍ അദ്ദേഹം അസ്വസ്‌ഥനാകും. സിഗരറ്റ്‌വലിക്കുന്നതില്‍ തൃപ്‌തിയില്ലെങ്കിലും എനിക്ക്‌ അത്രുപ്‌തിയില്ലായിരുന്നു. ജോയുടെ ഓരോ ഇഷ്‌ടങ്ങള്‍. അതും മിതമായിട്ടേയുള്ളു. അപ്പോള്‍ ഞാന്‍ അങ്ങനെ നിര്‍ബന്ധിച്ചില്ലെങ്കില്‍ ജോ മാനസികമായി വളരെ തളരും.വര്‍ഷങ്ങള്‍ക്ക്‌ശേഷം കര്‍ത്താവിന്റെ കാല്‍ പതിഞ്ഞ പുണ്യഭൂമിയിലേക്ക്‌ തീര്‍ഥാടനത്തിനു പോകുന്നതിനു മുമ്പ്‌ ജോ സിഗരറ്റ്‌വലി ഉപേക്ഷിച്ചു.

ജോയെ സംബന്ധിച്ചടത്തോളം മക്കള്‍ എപ്പോഴും അടുത്ത്‌ വേണമെന്ന ചിന്തയായിരുന്നു. അത്‌ നടക്കാത്ത ഒരു ആഗ്രഹമാണെന്നറിയാമെങ്കിലും എന്നോട്‌ എപ്പൊഴും പറയും. മകള്‍ വിവാഹം കഴിഞ്ഞ്‌പോകുമ്പോള്‍ മകന്റെ ഭാര്യ മകളായിവരുമെന്ന്‌. അവര്‍ കൂടെ താമസിച്ചില്ലെങ്കിലും അവര്‍ എപ്പോഴും നമ്മുടെ അടുത്ത്‌ തന്നെ ഉണ്ടായാല്‍ മതിയെന്ന്‌. മകള്‍ ഭര്‍ത്തുഗ്രഹത്തില്‍നിന്നും വിളിക്കുമ്പോള്‍ ജോക്ക്‌ എത്രനേരം സംസാരിച്ചാലും മതിയാവുകയില്ല. മമ്മിക്ക്‌ കൊടുക്കു എന്ന്‌ മകള്‍ പറഞ്ഞാലും ഫോണ്‍ തരാന്‍മടിയാണ്‌. അപ്പോള്‍ പറയും ഞാന്‍ ഫോണ്‍ സ്‌പീക്കറില്‍ ഇടാം.നമുക്ക്‌ ഒരുമിച്ച്‌ സംസാരിക്കാം.ഇപ്പോള്‍ മകള്‍ ഫോണ്‍ ചെയ്യുമ്പോള്‍ ചിലപ്പോള്‍ പറയും മമ്മി ഫോണ്‍സ്‌പീക്കറിലിടു. പപ്പക്കും കേള്‍ക്കേണ്ടെയെന്നു. ഞാനുടനെ അങ്ങനെചെയ്യും.കുട്ടികള്‍ എന്തു ആവശ്യപ്പെട്ടാലും അത്‌ നടത്തികൊടുക്കുന്ന ആള്‍ ആയിരുന്നു ജോ.ഞാനാണ്‌ പലപ്പോഴും അതിനു അമാന്തം കാണിച്ചിരുന്നത്‌.മോളുമായി സംസാരിച്ചതിനുശേഷം ഞാന്‍ മുറിയുടെ നാലുഭാഗത്തേക്കും നോക്കും. ജോ ഇവിടെ എവിടെയെങ്കിലുമുണ്ടായിരിക്കുമെന്ന്‌്‌ ആശ്വസിക്കും. മകളുമായുള്ള സംസാരം കേട്ട്‌ ജോ തിരിച്ചു പോകാതെ ഇവിടെ തന്നെനില്‍ക്കണേ എന്ന്‌ കൊതിച്ചുകൊണ്ട്‌ കണ്ണടച്ചിരിക്കും. ഇതെഴുതുമ്പോള്‍നവംബറിന്റെ ശൈത്യം ആരംഭിച്ചു കഴിഞ്ഞു. വൃക്ഷങ്ങള്‍ ഇല പൊഴിക്കാന്‍ തുടങ്ങി.

പ്രക്രുതിയും എന്നെപോലെ മൗനദു:ഖത്തിന്റെ മറവില്‍നിന്ന്‌ ആത്മനൊമ്പരത്തിന്റെ മഞ്ഞ്‌തുള്ളികള്‍ പൊഴിക്കാന്‍ തുടങ്ങുകയാണ്‌. എന്റേയും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. ഓര്‍മ്മകളുടെ കുളിര്‍കാറ്റ്‌ വീശുന്നതും കാത്ത്‌ ഞാന്‍ എന്റെ ചുടുകണ്ണുനീര്‍ത്തുള്ളികള്‍ തുടച്ച്‌ മാറ്റി വിദൂരതയിലേക്ക്‌ വെറുതെ നോക്കിയിരിക്കുന്നു.

(തുടരും)


http://www.emalayalee.com/varthaFull.php?newsId=60671
http://www.emalayalee.com/varthaFull.php?newsId=61304
http://www.emalayalee.com/varthaFull.php?newsId=62007
http://www.emalayalee.com/varthaFull.php?newsId=62463
http://www.emalayalee.com/varthaFull.php?newsId=63161
http://www.emalayalee.com/varthaFull.php?newsId=63551
http://www.emalayalee.com/varthaFull.php?newsId=64378
പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍ -8 (ഓര്‍മ്മക്കുറിപ്പുകള്‍: സരോജ വര്‍ഗ്ഗീസ്‌, നൂയോര്‍ക്ക്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക