Image

അനുമതിയില്ലാതെ വില വര്‍ധിപ്പിച്ചാല്‍ പിഴ: അബുദാബി സാമ്പത്തിക മന്ത്രാലയം

Published on 24 October, 2011
അനുമതിയില്ലാതെ വില വര്‍ധിപ്പിച്ചാല്‍ പിഴ: അബുദാബി സാമ്പത്തിക മന്ത്രാലയം
അബുദാബി: അനുമതിയില്ലാതെ അവശ്യസാധന വിലവര്‍ധിപ്പിക്കുന്നവര്‍ക്കു പിഴ ചുമത്തുമെന്നു സാമ്പത്തിക മന്ത്രാലയം. വില നിയന്ത്രിക്കാന്‍ അധികൃതര്‍ അടിയന്തര നടപടികള്‍ തുടരുമ്പോഴും സാധനങ്ങളുടെ വിലവ്യത്യാസവും ചാഞ്ചാട്ടവും തുടരുകയാണെന്ന്‌ ഉപഭോക്‌താക്കള്‍ പറഞ്ഞു. വ്യാപാരരംഗത്തെ തിരിമറികള്‍ക്കും വിലവര്‍ധനയ്‌ക്കും ആയിരം ദിര്‍ഹം മുതല്‍ ഒരുലക്ഷം ദിര്‍ഹം വരെയാണു പിഴശിക്ഷ. ഇതിനു പുറമേ ഗുരുതരമായ നിയമലംഘനങ്ങളില്‍പെടുന്ന സ്‌ഥാപനങ്ങള്‍ അടപ്പിക്കും. കടുത്ത ശിക്ഷ ലഭിക്കുമെങ്കിലും യുഎഇയിലെ ചെറുകിട കടകളടക്കം അവശ്യസാധന വില അടിക്കടി ഉയര്‍ത്തുന്നുണ്ട്‌. വിതരണ ഏജന്‍സികളെ കുറ്റപ്പെടുത്തിയും കെട്ടിടവാടക കൂടിയെന്നുമുള്ള പതിവു കാരണങ്ങള്‍ നിരത്തിയാണു വിവിധ എമിറേറ്റിലെ കച്ചവടസ്‌ഥാപനങ്ങള്‍ ഉപഭോക്‌താക്കളില്‍നിന്നും അമിത വില ഈടാക്കുന്നത്‌.

വിപണികളില്‍ ഉല്‍പന്നങ്ങള്‍കൊണ്ട്‌ ഉണര്‍വുണ്ടായിട്ടുണ്ടെങ്കിലും വിലവ്യത്യാസം തുടരുകയാണെന്നാണ്‌ ഉപഭോക്‌താക്കളുടെ പ്രധാന പരാതി. 200 ദിര്‍ഹം നല്‍കി ഒരു വസ്‌ത്രം വാങ്ങിയാല്‍ അതേ ഉല്‍പന്നം 120 ദിര്‍ഹമിനു വില്‍ക്കുന്ന സ്‌ഥാപനങ്ങളുണ്ട്‌. ഓഫറുകള്‍ പ്രഖ്യാപിച്ച്‌ ആവശ്യക്കാരെ കബളിപ്പിക്കുന്നവരും വിരളമല്ല. അജ്‌മാന്‍, ഉമ്മല്‍ഖുവൈന്‍ എമിറേറ്റുകളില്‍നിന്നാണു വിലവര്‍ധന സംബന്ധിച്ച കൂടുതല്‍ പരാതികള്‍ ലഭിച്ചത്‌. ഭക്ഷ്യവസ്‌തുക്കള്‍ക്കും പഴം-പച്ചക്കറികള്‍ക്കും ഇവിടെ വില കൂടിയിട്ടുണ്ട്‌. ചെറുകിട സ്‌ഥാപനങ്ങള്‍ക്കു പുറമേ വന്‍കിട വിപണികളും വിലകൂട്ടുന്നതില്‍ പിന്നിലല്ലെന്നു പരാതിക്കാര്‍ പറയുന്നു.

അജ്‌മാനിലെ സഹകരണ സ്‌ഥാപനങ്ങളിലും വില കൂടുതലാണെന്നു സ്വദേശി പൗരന്‍ മുഹമ്മദ്‌ അഹ്‌മദ്‌ ആരോപിച്ചു. പഴം-പച്ചക്കറികളിലാണ്‌ ഇതു കൂടുതല്‍ പ്രകടം. യമന്‍ ഉറുമാമ്പഴത്തിനു 16 ദിര്‍ഹമിനാണു സഹകരണ സ്‌ഥാപനങ്ങള്‍ വിറ്റഴിക്കുന്നതെങ്കില്‍ പുറത്ത്‌ ഇതേ ഉല്‍പന്നം 12 ദിര്‍ഹമിനു ലഭിക്കുന്നുണ്ട്‌. പാല്‍, എണ്ണ തുടങ്ങിയവയ്‌ക്ക്‌ അജ്‌മാനില്‍ വിലവര്‍ധന പതിവാണ്‌. ഇതു നിയന്ത്രിക്കാന്‍ നിരന്തര നിരീക്ഷണം വേണമെന്നാണ്‌ ഉപഭോക്‌താക്കളുടെ ആവശ്യം. അധികൃതരുടെ തുടര്‍ച്ചയായ പരിശോധനയുടെ അഭാവം കാരണം ഉമ്മല്‍ഖുവൈനിലും ഇതേ സാഹചര്യമാണുള്ളത്‌. സഹകരണ സ്‌ഥാപനങ്ങള്‍ മാറുമ്പോഴും സാധനങ്ങളുടെ വിലയില്‍ വ്യത്യാസമുണ്ടെന്ന്‌ ഉമ്മല്‍ഖുവൈന്‍ നിവാസികളായ ഷൗഖ്‌ സുഹൈലും യാസര്‍ മുഈനും സൂചിപ്പിച്ചു.

റാസല്‍ഖൈമയില്‍ പഞ്ചസാര, പാല്‍, എണ്ണ, ധാന്യപ്പൊടികള്‍ എന്നിവയ്‌ക്കാണു വ്യവസ്‌ഥാപിതമല്ലാതെ വില കൂടുന്നത്‌. ഇവിടെ വന്‍കിട സ്‌ഥാപനങ്ങളേക്കാള്‍ ചെറു സൂപ്പര്‍മാര്‍ക്കറ്റുകളും ഗ്രോസറികളുമാണു വിലവര്‍ധനയില്‍ മുന്നിലെന്ന്‌ അബ്‌ദുല്ല അല്‍ശഹി ചൂണ്ടിക്കാട്ടി. വിലവര്‍ധന സംബന്ധിച്ചും വില്‍പനയിലെ കൃത്രിമങ്ങളെക്കുറിച്ചും ഇക്കൊല്ലം 385 പരാതികള്‍ ലഭിച്ചതായി റാസല്‍ഖൈമയിലെ സാമ്പത്തിക മന്ത്രാലയ കാര്യാലയം മാര്‍ക്കറ്റ്‌ നിരീക്ഷണവിഭാഗം തലവന്‍ അഹ്‌മദ്‌ അല്‍ബലൂശി അറിയിച്ചു. മന്ത്രാലയത്തിന്റെ പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയ 454 ഷോപ്പുകള്‍ക്കു പിഴ ചുമത്തിയിട്ടുണ്ട്‌.

പലതലത്തിലുള്ള വ്യാപാരസ്‌ഥാപനങ്ങളാണു കുറഞ്ഞ കാലത്തിനുള്ളില്‍ അബുദാബിയില്‍ ഉയര്‍ന്നത്‌. ഈ സ്‌ഥാപനങ്ങള്‍ തമ്മില്‍ മാല്‍സര്യമുള്ളതിനാല്‍ വിലക്കുറിവിന്‌ ഒരളവോളം സാധ്യതയുണ്ട്‌. വാരാന്ത്യങ്ങളില്‍ തലസ്‌ഥാനത്തെ വ്യാപാരസ്‌ഥാപനങ്ങള്‍ ജനനിബിഡമാണ്‌. ലുലു ഹൈപ്പര്‍മാര്‍ട്ടിന്റെ 96-ാം ശാഖ മദീന സായിദിലാണു തുറന്നത്‌. ഈ വര്‍ഷാവസാനംവരെ ആയിരത്തോളം ഇനങ്ങള്‍ക്കു വില സ്‌ഥിരപ്പെടുത്താനും പല സ്‌ഥാപനങ്ങളുമായും അധികൃതര്‍ ധാരണയായിട്ടുണ്ട്‌.

വില കുറച്ചും സ്‌ഥിരപ്പെടുത്തിയുമാണു വന്‍കിട വ്യാപാരസ്‌ഥാപനങ്ങള്‍ പലതും വില്‍പന നടത്തുന്നത്‌. സഹകരണ സ്‌ഥാപനങ്ങളില്‍ 580 ഉല്‍പന്നങ്ങള്‍ ഇപ്രകാരം വില്‍ക്കുന്നുണ്ടെന്ന്‌ ഉപമേധാവി ഫൈസല്‍ അല്‍ അര്‍ശി അവകാശപ്പെട്ടു. ഉല്‍പാദന ദിവസവും കാലാവധി തീരുന്ന തീയതിയും രേഖപ്പെടുത്താത്ത വസ്‌തുക്കള്‍ വില്‍പനയ്‌ക്കു വയ്‌ക്കാറില്ല. മൂന്നു ദിവസം കാലാവധിയുള്ള സാധനങ്ങള്‍ 24 മണിക്കൂറു മുന്‍പും ഒരു വര്‍ഷം കാലാവധിയുള്ള ഉല്‍പന്നങ്ങള്‍ കാലാവധി തീരുന്നതിന്റെ രണ്ടു മാസം മുന്‍പും വിപണിയില്‍നിന്നു പിന്‍വലിക്കാറുണ്ടെന്നു ഫൈസല്‍ പറഞ്ഞു. എമിറേറ്റിലെ പച്ചക്കറിച്ചന്തയും സജീവമാണ്‌.

ചൂടിനു ശമനമായതോടെ ഈജിപ്‌ത്‌, സിറിയ, ലബനന്‍, സൗദി അറേബ്യ, ഒമാന്‍ രാജ്യങ്ങളില്‍നിന്നും പച്ചക്കറി മാര്‍ക്കറ്റിലെത്തുന്നുണ്ട്‌. ദുബായിലെ സഹകരണ സ്‌ഥാപനങ്ങള്‍ സാമ്പത്തിക മന്ത്രാലയത്തിന്റെ അനുമതി കൂടാതെ വിലവര്‍ധന നടപ്പാക്കില്ലെന്ന്‌ ഉറപ്പു നല്‍കിയിട്ടുണ്ട്‌. ഇറക്കുമതി കമ്പിനികള്‍ സാമ്പത്തിക മന്ത്രാലയത്തില്‍ വിലവര്‍ധന ആവശ്യപ്പെട്ട്‌ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അധികൃതര്‍ പരിഗണിച്ചിട്ടില്ല.

വില കൂട്ടിയും വിലയില്‍ തിരിമറി നടത്തിയും ഉപഭോക്‌താക്കളെ വഞ്ചിക്കുന്ന വ്യാപാരികള്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന്‌ അജ്‌മാന്‍ സാമ്പത്തിക മന്ത്രാലയം തലവന്‍ ഷെയ്‌ഖ്‌ സുല്‍ത്താന്‍ ബന്‍ സ്വഖ്‌ര്‍ അല്‍നുഐമി അറിയിച്ചു. മന്ത്രാലയത്തിലെ ഹോട്ട്‌ലൈനില്‍ വിലവര്‍ധന സംബന്ധിച്ചുള്ള പരാതികള്‍ വര്‍ധിച്ചിട്ടുണ്ട്‌. പരാതികളുടെ നിജസ്‌ഥിതി ഉറപ്പാക്കാന്‍ പരിശോധനയ്‌ക്കു മന്ത്രാലയത്തിലെ ഉപഭോക്‌തൃ സമിതിക്കു നിര്‍ദേശം നല്‍കിയതായി ഷെയ്‌ഖ്‌ വ്യക്‌തമാക്കി. അതേസമയം, ആഗോളതലത്തിലുണ്ടായ വിലവര്‍ധനയാണു സഹകരണ സ്‌ഥാപനങ്ങളിലെ ചില ഉല്‍പന്നങ്ങള്‍ക്കു വില കൂടാന്‍ കാരണമെന്ന്‌ അജ്‌മാന്‍ സഹകരണ സ്‌ഥാപന ജനറല്‍ സെക്രട്ടറി സുല്‍ത്താന്‍ അല്‍മനാഇ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക