Image

വിനിമയ നിരക്ക്‌ താഴ്‌ന്നു; പണമിടപാട്‌ സ്‌ഥാപനങ്ങളില്‍ വന്‍ തിരക്ക്‌

Published on 24 October, 2011
വിനിമയ നിരക്ക്‌ താഴ്‌ന്നു; പണമിടപാട്‌ സ്‌ഥാപനങ്ങളില്‍ വന്‍ തിരക്ക്‌
ദുബായ്‌: സമീപകാലത്തെ ഏറ്റവും ആദായ നിരക്ക്‌ രേഖപ്പെടുത്തിയതോടെ യുഎഇയിലെ പണമിടപാട്‌ സ്‌ഥാപനങ്ങളില്‍ വന്‍ തിരക്ക്‌ അനുഭവപ്പെട്ടു. 1,000 ഇന്ത്യന്‍ രൂപയ്‌ക്ക്‌ 73 ദിര്‍ഹം 60 ഫില്‍സായിരുന്നു ഇന്നത്തെ (ഞായര്‍) മികച്ച നിരക്ക്‌.

ഒരു യുഎഇ ദിര്‍ഹമിന്‌ 13 രൂപ 58 പൈസ വരെ ലഭിച്ചു. ഒന്നര വര്‍ഷത്തിനുശേഷം ഇതാദ്യമായാണ്‌ ഇത്രയും മെച്ചപ്പെട്ട നിരക്കെന്ന്‌ വിവിധ പണമിടപാട്‌ സ്‌ഥാപന വക്‌താക്കള്‍ അറിയിച്ചു. കൂടുതല്‍ തുക അയക്കുന്നവര്‍ക്ക്‌ ദിര്‍ഹമിന്‌ 13 രൂപ 70 പൈസ വരെ നല്‍കിയവരുണ്ട്‌. ഏതാണ്ട്‌ ഒരു മാസം മുന്‍പ്‌ 13 രൂപ 36 പൈസയായിരുന്ന നിരക്ക്‌ വീണ്ടും താഴ്‌ന്ന്‌ 12.30 വരെയായി. ഒരു മാസത്തിനിടെ ദിര്‍ഹമിന്‌ ഒരു രൂപയിലേറെ നേട്ടമാണ്‌ പ്രവാസികള്‍ക്ക്‌ ലഭിച്ചത്‌. ദീപാവലി കഴിയുംവരെ ഏതാണ്ട്‌ ഇതേ നിരക്ക്‌ തുടരുമെന്നാണ്‌ അനുമാനം.

ഓഗസ്‌റ്റ്‌ ആദ്യവാരം ഒരു ദിര്‍ഹമിന്‌ 12 രൂപയില്‍ താഴെയായിരുന്ന നിരക്കാണ്‌ സെപ്‌റ്റംബര്‍ പകുതിയോടെ 13 രൂപയ്‌ക്ക്‌ മുകളില്‍ കയറിയത്‌. പിന്നീട്‌ വീണ്ടും പലതവണ ഏറ്റക്കുറച്ചിലുണ്ടായി. ഇതേസമയം വ്യത്യസ്‌ത എക്‌സ്‌ചേഞ്ചുകളില്‍ വിവിധ നിരക്കാണ്‌ ഈടാക്കുന്നത്‌. ഉടനടി പണം ലഭിക്കുന്ന അതിവേഗ സര്‍വീസിന്‌ എല്ലാ എക്‌സ്‌ചേഞ്ചുകളും ഒരേ നിരക്കാണ്‌ ഈടാക്കുന്നത്‌. വളരെ അടിയന്തര സന്ദര്‍ഭങ്ങളില്‍ മാത്രം ഉപയോഗിക്കാനുള്ള ഈ സേവനം മാസംതോറും വീട്ടിലേക്ക്‌ പണമയക്കുന്നതിനും ഉപയോഗിക്കുന്നവര്‍ ധാരാളമുണ്ട്‌. ഇതിലൂടെ അധിക സര്‍വീസ്‌ ചാര്‍ജിന്‌ പുറമെ വന്‍തുക നഷ്‌ടമുണ്ടാകുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക