Image

അമേരിക്കയിലെ കുടിയേറ്റ സമൂഹങ്ങള്‍ (ജോണ്‍ മാത്യു)

Published on 21 November, 2013
അമേരിക്കയിലെ കുടിയേറ്റ സമൂഹങ്ങള്‍ (ജോണ്‍ മാത്യു)
അത്യാവശ്യത്തിന്‌ കുറച്ച്‌ പണമുണ്ടാക്കി മടങ്ങിപ്പോകണമെന്നു മാത്രമായിരുന്നു ആഗ്രഹം..... കേട്ടിട്ടില്ലേ പലരും പറയുന്നത്‌, വലിയ മോഹമൊന്നുമില്ല, ഒരു കൊച്ചുവീട്‌, അമ്പതുകളുടെയും അറുപതുകളുടെയും ഇല്ലായ്‌മകള്‍ തൊട്ടറിഞ്ഞവര്‍ക്ക്‌ ഇതിലപ്പുറത്തേക്കൊരു ലോകമില്ലായിരുന്നു. എന്നാല്‍ ക്രമേണ തിരിച്ചറിഞ്ഞു ലോകംമുഴുവന്‍ മാറിക്കൊണ്ടിരിക്കുന്നുവെന്ന്‌. ആ മാറ്റത്തിന്റെ കഥകൂടിയാണ്‌ ചില്ലിട്ട്‌ സൂക്ഷിക്കാവുന്ന നമ്മുടെ കുടിയേറ്റചരിത്രം.

മടങ്ങിപ്പോകണമെങ്കില്‍ പ്രവാസനാടിന്റെ മുഖ്യധാരയില്‍നിന്ന്‌ മാറിനില്‌ക്കണം. അത്‌ പ്രായോഗികമല്ലെന്നും സാദ്ധ്യമല്ലെന്നും മനസ്സിലായപ്പോള്‍ നമുക്കുകിട്ടുന്ന ഉപദേശങ്ങള്‍ മുഴുവന്‍ ഇവിടെത്തന്നെ പഴയജീവിതരീതി വരുംതലമുറകളിലേക്ക്‌ കൈമാറാനാണ്‌, കൈവിട്ടുപോകരുത്‌, ആഞ്ഞുപിടിച്ചോ. കേള്‍ക്കുമ്പോള്‍ വിവേകപൂര്‍വ്വവും കരുതലോടുംകൂടിയ അഭിപ്രായങ്ങളെന്ന്‌ തോന്നിപ്പോകും. പാരമ്പര്യങ്ങളല്ല ദൈവവിശ്വാസം, പക്ഷേ, ദൈവവിശ്വാസമെന്ന്‌ തെറ്റിദ്ധരിക്കപ്പെടുന്ന മതവിശ്വാസത്തിന്റെ ആവിഷ്‌ക്കരണത്തിന്‌ എന്തായാലും പാരമ്പര്യങ്ങള്‍ കൂടിയേതീരൂ.

സംഘടനകള്‍ മാത്രമല്ല സര്‍ക്കാരും അമേരിക്കയിലെ കുടിയേറ്റ സമൂഹത്തെ പ്രവാസികള്‍ എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. പരക്കെ ഉപയോഗിച്ച്‌ അംഗീകാരം കിട്ടിയതുകൊണ്ട്‌ ഈ വാക്ക്‌ തര്‍ക്കവിഷയമേയല്ല. പക്ഷേ, ഇവിടത്തെ കണക്കെടുക്കുമ്പോള്‍ രണ്ടും മൂന്നും തലമുറകളെല്ലാം ഈ പ്രവാസി സാങ്കേതികതയല്‍ കുടുങ്ങിക്കിടക്കുന്നു. അതിനും ആക്ഷേപമില്ല, കച്ചവടക്കാരുടെ ആവശ്യമാണല്ലോ തങ്ങളുടെ ചക്രവാളം വിപുലമാക്കുന്നത്‌.

ഏതാണ്ട്‌ കഴിഞ്ഞ അരനൂറ്റാണ്ടിനുള്ളില്‍ വിവിധ രീതിയില്‍ കുടിയേറിക്കൊണ്ടിരിക്കുന്നവരെയും അവരുടെ സന്തതിപരമ്പരകളെയും പ്രവാസി എന്ന ഒറ്റവാക്കില്‍ കുടുക്കുമ്പോള്‍ എന്തോ പന്തികേട്‌ തോന്നുന്നില്ലേ. എഴുപതുകളിലെ ലോകമല്ലല്ലോ ഇന്ന്‌.

സാംസ്‌ക്കാരിക രീതികളുംകൂടി ചേര്‍ത്തുവെക്കുകയാണെങ്കില്‍ ഈ `പ്രവാസി'കളില്‍ കുറഞ്ഞപക്ഷം നാല്‌ വിഭാഗങ്ങളെയെങ്കിലും കാണാന്‍ കഴിയും. ആദ്യകാല കുടിയേറ്റക്കാര്‍, രണ്ടാംതലമുറ, വളര്‍ന്നുകൊണ്ടിരിക്കുന്ന മൂന്നാംതലമുറ, പിന്നെ ഇപ്പോള്‍ ആധുനിക കേരളത്തിന്റെയും ഇന്ത്യയുടെയും സാദ്ധ്യതകള്‍ മനസ്സിലാക്കിയ യുവാക്കളും. ഇവരെല്ലാം അവര്‍ താണ്ടിയ വഴിയും പരിചയസമ്പത്തുമനുസരിച്ച്‌ വ്യത്യസ്ഥ കാഴ്‌ചപ്പാടുകളുള്ളവരുമാണ്‌. കേവലം അമേരിക്കയില്‍ മലയാളിയല്ലെന്ന്‌ ചുരുക്കം.

ഭാഷയും ഭക്ഷണവും പോരാട്ടങ്ങളും അതേപടി നിലനിര്‍ത്തിക്കൊണ്ട്‌ ഇന്നും അമേരിക്കയില്‍ ജീവിക്കുന്ന മലയാളികള്‍ ഈ ആദ്യകാല കുടിയേറ്റക്കാരാണ്‌. നമ്മുടെ കഥകളും ആക്ഷേപഹാസ്യങ്ങളും എല്ലാം ഇവരെചുറ്റിപ്പറ്റിയാണ്‌. ഇവരാണ്‌ സാമൂഹികവും മതങ്ങളോടുചേര്‍ന്നതുമായ സ്ഥാപനങ്ങള്‍ പണിതുകൂട്ടിയത്‌. കാലയവനികക്കപ്പുറം മറഞ്ഞാലും തങ്ങളുടെ സ്വന്തം ദേശവും ഭാഷയും ആചാരങ്ങളും അതേപടി നിലനില്‌കണമെന്ന മോഹവും ഇവര്‍ക്കുണ്ട്‌.

അമേരിക്കയിലെ രണ്ടാംതലമുറക്കാരായ ഇന്ത്യാക്കാര്‍ക്ക്‌ ഒരു പേരുണ്ട്‌ `എബിസിഡി', അതായത്‌ `അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്‌ഡ്‌ ദേശി'. ഒന്നാംതലമുറ ഇവരെ തങ്ങളേക്കാള്‍ വലിയ ദേശഭക്തരായി പ്രതിഷ്‌ഠിച്ചുകഴിഞ്ഞു. ഭാഷയും ഭക്ഷണവും അതേപടി നിലനിര്‍ത്താനുള്ള സമ്മര്‍ദ്ദം ഇവരുടെമേലാണുണ്ടായിരുന്നത്‌. പഴയ മലയാളികളും ഇന്ത്യാക്കാരും ചോദിക്കും നിങ്ങള്‍ മലയാളമോ മറ്റേതെങ്കിലും പ്രാദേശിക ഭാഷയോ പഠിച്ചില്ലെങ്കില്‍ അപ്പൂപ്പനോടും അമ്മൂമ്മയോടും എങ്ങനെ കൊഞ്ചിപ്പറയും? പാവങ്ങളായ രണ്ടാം തലമുറ, ഗതികെട്ട്‌, കുറെയൊക്കെ പഠിച്ചു, കുറെയൊക്കെ എരിവും പുളിയും സഹിച്ചു. പഴയ നാടിന്റെ കുത്തിത്തിരിപ്പുകള്‍ വശമില്ലാത്ത ഇവര്‍ ഇന്ന്‌ നമ്മില്‍നിന്ന്‌ ഓടിമാറിക്കൊണ്ടേയിരിക്കുന്നു.

മൂന്നാംതലമുറയെപ്പറ്റി പറയുന്നതിനുമുന്‍പ്‌: പുതിയതായി വന്നുകൊണ്ടിരിക്കുന്നവരും നമ്മുടെ ചര്‍ച്ചയുടെ ഭാഗമാണ്‌. ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള ഈ പുതുമക്കാര്‍ സമര്‍ത്ഥരാണ്‌. ഉച്ചാരണത്തിന്റെ പ്രശ്‌നങ്ങളില്ലാതെ അമേരിക്കന്‍ ഇംഗ്ലീഷ്‌ പറയും. കാര്യമായ ഇടപെടലുകളൊന്നുമില്ലാതെ ഇവരുടെ സാന്നിദ്ധ്യം എല്ലായിടത്തുമുണ്ട്‌. ഭക്തിയുടെ അഭിനയവും അതിപ്രസരവും പ്രതിജ്ഞാബദ്ധവുമില്ലാതെ ആരാധനാലയങ്ങളില്‍ കയറിയിറങ്ങും. ഇവരില്‍ അധികംപേരും തിരിച്ചറിഞ്ഞിരിക്കുന്നു അമേരിക്ക തങ്ങളുടെ നാടല്ലെന്ന്‌. സങ്കീര്‍ണ്ണ സാങ്കേതികജ്ഞാനം വശമുള്ള ഇക്കൂട്ടര്‍ക്ക്‌ ഒരു മടങ്ങിപ്പോക്ക്‌ വൈകാരികമല്ല അതുകൊണ്ടുതന്നെ അതിന്റെ കഥ എഴുതേണ്ട ആവശ്യവുമില്ല. മടങ്ങിപ്പോകണമെങ്കില്‍ ഒരു വിമാനടിക്കറ്റ്‌, അത്രമാത്രം!

ആദ്യകാല കുടിയേറ്റക്കാര്‍ മറന്നുപോയ ഒരു കാര്യമുണ്ട്‌ മറ്റൊരു ദിശയിലേക്ക്‌ സഞ്ചരിക്കുന്ന ഒരു മൂന്നാംതലമുറയും ഇവിടെയുണ്ടാകുമെന്ന്‌. നമ്മുടെ പ്രതീക്ഷ മുഴുവന്‍ പഴയ ആചാരങ്ങളും അവരവരുടെ മതവിശ്വാസങ്ങളുമായി ഇവര്‍ കുടിയേറ്റ നാടുകളില്‍ ജീവിക്കുമെന്നും, നമ്മുടെ സങ്കല്‌പ്പത്തിലുണ്ടായിരുന്ന സാമ്രാജ്യത്തിന്റെ നിര്‍മ്മാണം മുഴുവിപ്പിക്കുമെന്നുമായിരുന്നു. എന്നാല്‍ ആ പ്രതീക്ഷക്ക്‌ വിപരീതമായി അമേരിക്കയിലെ ഇതരജനപദങ്ങളുമായി ഇഴുകിച്ചേരും നമ്മുടെ വരുംതലമുറകള്‍. നമ്മുടെ ഭാഷയും ഭക്ഷണരീതിയും ആചാരങ്ങളും ഇവര്‍ക്ക്‌ അന്യമായിരിക്കും.

അറിവിനോടും ജ്ഞാനത്തോടും ബുദ്ധിയോടും ആചാരങ്ങളോടും ബന്ധപ്പെട്ട മതവിശ്വാസങ്ങളുടെ പ്രസക്തി നഷ്‌ടപ്പെടുന്നത്‌ നമ്മുടെ ധാരണകള്‍ക്ക്‌ അപ്പുറമാണ്‌. ഹൃദയത്തോടു ചേര്‍ന്ന്‌ ഭാഷയിലായിരിക്കും ഇവരുടെ വിശ്വാസങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്‌. അതേ, പ്രാകൃതമെന്ന്‌ ഒരിക്കല്‍ വിശേഷിപ്പിച്ചിരുന്നതിന്റെ ആധുനികരൂപം. അത്‌ മുതലെടുക്കാനുള്ള കച്ചവടസ്ഥാപനങ്ങള്‍ ഇപ്പോഴേ ഇവിടെയുണ്ടുതാനും. ഭാവിയിലെ ഈ മാറ്റങ്ങള്‍ ചിലരെങ്കിലും മനസ്സിലാക്കിയിട്ടുണ്ട്‌; അത്‌ അവര്‍ ആശങ്കയോടെ കാണുകയും ചെയ്യുന്നു.

അമേരിക്കയിലെ കുടിയേറ്റ സമൂഹങ്ങള്‍ (ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക