Image

അയര്‍ലന്‍ഡില്‍ മഴ കനത്തു; ജനജീവിതം ദുസ്സഹമായി, ഒഴുക്കില്‍ പോലീസ്‌ ഉദ്യോഗസ്ഥന്‍ മരിച്ചു

ജയ്‌സണ്‍ കിഴക്കയില്‍ Published on 25 October, 2011
അയര്‍ലന്‍ഡില്‍ മഴ കനത്തു; ജനജീവിതം ദുസ്സഹമായി, ഒഴുക്കില്‍ പോലീസ്‌ ഉദ്യോഗസ്ഥന്‍ മരിച്ചു
ഡബ്‌ളിന്‍: അയര്‍ലന്‍ഡില്‍ തകര്‍ത്തു പെയ്‌ത മഴ ജനജീവിതം താറുമാറാക്കി. രാജ്യത്തിന്റെ കിഴക്ക്‌ വടക്ക്‌ ഭാഗത്താണ്‌ മഴ ഏറെയും നാശം വിതച്ചത്‌. തലസ്ഥാന നഗരമായ ഡബ്‌ളിനിലെ താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഒട്ടേറെ ട്രെയിന്‍, ബസ്‌ സര്‍വീസുകള്‍ റദ്ദാക്കി.പല റോഡുകളുമടച്ചു. ഡബ്‌ളിനില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്‌ച ആരംഭിച്ച തോരാമഴയാണ്‌ ജനജീവിതം ദുസഹമാക്കിയത്‌.

വിക്‌ളോയില്‍ പോലീസ്‌ ഉദ്യോഗസ്ഥന്‍ വെള്ളപ്പൊക്കത്തില്‍ പെട്ട്‌ മരിച്ചു. ഗാര്‍ഡ സിയാരന്‍ ജോണ്‍സാ(25)ണ്‌ അപകടത്തില്‍ പെട്ട്‌ മരിച്ചത്‌. ഇദ്ദേഹത്തെ കഴിഞ്ഞ രാത്രി മുതല്‍ കാണ്‍മാനില്ലായിരുന്നു. വിക്‌ളോ ബാലിസ്‌മുട്ടന്‍ ബ്രിഡ്‌ജിനടുത്ത്‌ വെള്ളപ്പൊക്കത്തില്‍പെട്ട നാട്ടുകാരെ സുരക്ഷിതമായി നീക്കം ചെയ്യുന്നതിനിടെയാണ്‌ പോലീസ്‌ ഉദ്യോഗസ്ഥന്‍ ഒഴുക്കില്‍ പെട്ടത്‌. രാത്രി മുഴുവന്‍ നടത്തിയ തെരച്ചിലിനൊടുവില്‍ രാവിലെ ലിഫീറിവറിന്‌ സമീപത്ത്‌ നിന്നും മ്യതദേഹം കണ്‌ടെത്തുകയായിരുന്നു.

ഡബ്‌ളിന്‍ താല, വിക്‌ളോ,ഡണ്‍ലേരി,ലൂക്കന്‍,കില്‍മെയിന്‍ഹാം, ക്‌ളോന്‍ഡ്‌ര്‍ഫ്‌,സാന്‍ട്രി, കാബ്‌റാ, മോണഗന്‍,ലൂത്ത്‌, മീത്ത്‌ ,കാവന്‍ ,കാര്‍ലോ,തുടങ്ങിയ ഇടങ്ങളിലെ താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മഴയുടെ ശക്തി അല്‌പം കുറഞ്ഞത്‌ ജനങ്ങള്‍ക്ക്‌ ആശ്വാസമായിട്ടുണ്‌ട്‌. വാഹനമോടിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു. കഴിഞ്ഞ ഒരുമാസം പെയതതിലുമധികം മഴയാണ്‌ ഒറ്റദിവസം കൊണ്‌ട്‌ പെയ്‌തിറങ്ങിയതെന്ന്‌ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.

ശക്തമായ ഒഴുക്കിനേത്തുടര്‍ന്ന്‌ വിക്‌ളോയില്‍ നിരവധി പാലങ്ങള്‍ തകര്‍ന്നു. രാജ്യത്ത്‌ നിരവധി കച്ചവട സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറിയതിനേത്തുടര്‍ന്ന്‌ ലക്ഷങ്ങളുടെ നാശനഷ്‌ടമുണ്‌ടായി. ഡണ്‍ഡ്രം ഷോപ്പിംഗ്‌ സെന്റര്‍ വെള്ളത്തിനടിയിലായി. മഴ കനത്ത പ്രദേശങ്ങളിലെ നദികള്‍ കര കവിഞ്ഞൊഴുകുകയാണ്‌.
അയര്‍ലന്‍ഡില്‍ മഴ കനത്തു; ജനജീവിതം ദുസ്സഹമായി, ഒഴുക്കില്‍ പോലീസ്‌ ഉദ്യോഗസ്ഥന്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക