Image

കാക്കനാടന്‍ പ്രണയസൗഹൃദ-സൗന്ദര്യത്തിന്റെ കൂട്ടുകാരന്‍: കാരൂര്‍ സോമന്‍

ജോയിച്ചന്‍ പുതുക്കുളം Published on 26 October, 2011
കാക്കനാടന്‍ പ്രണയസൗഹൃദ-സൗന്ദര്യത്തിന്റെ കൂട്ടുകാരന്‍: കാരൂര്‍ സോമന്‍
ഗ്ലാസ്‌ഗോ: ലണ്ടന്‍ മലയാളി കൗണ്‍സില്‍ റോത്തര്‍ഗ്ലീനിലെ മാസ്സോണിക്‌ ഹാളില്‍ പ്രസിഡന്റ്‌ സണ്ണി പത്തനംതിട്ടയുടെ അധ്യക്ഷതയില്‍ 22-ന്‌ കൂടിയ അനുശോചന യോഗത്തില്‍ പ്രസിദ്ധ പ്രവാസി സാഹിത്യകാരന്‍ കാരൂര്‍ സോമന്‍ മുഖ്യാതിഥിയായിരുന്നു. കാക്കനാടനുമായിള്ള ദീര്‍ഘകാല ബന്ധത്തിന്റെ ചുരുളുകള്‍ അദ്ദേഹം അയവിറക്കുകയുണ്ടായി. സ്വന്തം ജീവിതംകൊണ്ട്‌ ഒരു എഴുത്തുകാരന്റെ അര്‍ത്ഥം അനര്‍ത്ഥമാക്കിയ മഹാനായ എഴുത്തുകാരന്റെ വേര്‍പാട്‌ മലയാള ഭാഷയ്‌ക്ക്‌ ഒരു തീരാ നഷ്‌ടമാണ്‌. സാഹിത്യത്തിലും ജീവിതത്തിലും കാക്കനാടന്‌ പകരക്കാരനായി ആരുമുണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ വിളക്കും വെളിച്ചവും കാഴ്‌ചപ്പാടുകളും തികച്ചും സമൂഹത്തോടായിരുന്നു. അല്ലാതെ മത-രാഷ്‌ട്രീയത്തിനൊപ്പമായിരുന്നില്ല. ആരുടേയും വക്താവാകാതിരുന്നതിനാല്‍ ലഭിക്കേണ്ട പദവികളോ, അവാര്‍ഡുകളോ അദ്ദേഹത്തിന്‌ ലഭിച്ചില്ല. അതിലൊട്ടും നിരാശയോ പ്രതിക്ഷേധമോ ഉയര്‍ത്തിയിട്ടില്ല. ആയിരക്കണക്കിന്‌ വായനക്കാരുള്ളപ്പോള്‍ അവരാണ്‌ ഏറ്റവും വലിയ വിധികര്‍ത്താക്കളെന്ന്‌ അദ്ദേഹം പറഞ്ഞിരുന്നു.

എം.പി. പോളിനും, പൊന്‍കുന്നം വര്‍ക്കിക്കും ശേഷം ചില ക്രിസ്‌തീയ സഭകളുടെ പൊള്ളത്തരങ്ങളെ അദ്ദേഹം സാഹിത്യസൃഷ്‌ടികളിലൂടെ പൊളിച്ചെഴുതുകയുണ്ടായി. ഇന്ന്‌ ഇതുപോലെ ചങ്കുറപ്പുള്ള എത്ര സാഹിത്യകാരന്മാര്‍ നമുക്കുണ്ട്‌.? ഇന്നത്തെ സാഹിത്യകാരന്മാര്‍ മത-രാഷ്‌ട്രീയക്കാരുടെ സ്‌തുതിപാഠകരല്ലേ? കാക്കനാടന്റെ സ്ഥാനം ഉന്നതങ്ങളില്‍ തന്നെ നിലകൊള്ളുന്നു. അദ്ദേഹത്തെ വിലയ്‌ക്കെടുക്കാന്‍ ആര്‍ക്കും സാധ്യമായിരുന്നില്ല. അദ്ദേഹത്തിന്റെ മുഖ്യവിനോദം സിനിമകാണല്‍ അല്ലായിരുന്നു. മറിച്ച്‌ ചീട്ടുകളിലും കള്ളുകുടിയുമായിരുന്നു.

സാഹിത്യത്തില്‍ അത്യാധുനികത മാത്രമായിരുന്നില്ല കാക്കനാടന്‍ കൊണ്ടുവന്നത്‌. ഒപ്പം സ്‌ത്രീ-പുരുഷ ബന്ധങ്ങളുടെ ശരീരശാസ്‌ത്രവും തുറന്നുകാട്ടി. ഇന്നും ആ പ്രണയ-സ്‌നേഹ-സൗഹൃദ സൗന്ദര്യത്തിന്റെ നീര്‍ച്ചാലുകള്‍ നമ്മിലേക്ക്‌ ഒഴുകിക്കൊണ്ടിരുന്നു. മതസൗഹൃദത്തേക്കാള്‍ മാനവീക പ്രേമത്തിനാണ്‌ കാക്കനാടന്‍ ഊന്നല്‍ നല്‍കിയത്‌. കാരണം ഒരു ഉന്നത സാഹിത്യകാരന്‍ ഒരിക്കലും ഒരു മത-രാഷ്‌ട്രീയക്കാരുടെ സ്‌തുതിപാഠകരാകാന്‍ പാടില്ലെന്ന്‌ അദ്ദേഹം അറിഞ്ഞിരുന്നു. അതിനാലാണ്‌ ഒരു മഹാസൗഹൃദത്തിന്റെ സുഹൃത്താകാന്‍ കാക്കനാടന്‌ കഴിഞ്ഞത്‌. അത്‌ കാക്കനാടനില്‍ മാത്രമായിരുന്നില്ല. അദ്ദേഹത്തിന്റെ സഹധര്‍മ്മിണി അമ്മിണിയിലും കാണാമായിരുന്നു. ഒരിക്കല്‍ സ്‌നേഹം തുളുമ്പുന്ന പുഞ്ചിരിയുമായി അമ്മിണി അമ്മാമ്മ വിളമ്പിത്തന്ന ചോറും കറികളും കാക്കനാടനൊപ്പമിരുന്ന്‌ കഴിക്കാനുള്ള ഭാഗ്യം എനിക്കുമുണ്ടായിട്ടുണ്ടെന്ന്‌ കാരൂര്‍ സോമന്‍ പറഞ്ഞു.

മിസ്സിസ്‌ ബെസ്സി, രമാ ദേവി, അവറാന്‍ അമ്പലപ്പറമ്പില്‍, ശശി ചെറായി. അച്ചന്‍കുഞ്ഞ്‌ കുരുവിള എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. സണ്ണി പത്തനംതിട്ട (പ്രസിഡന്റ്‌, എല്‍.എം.സി) അറിയിച്ചതാണിത്‌.
കാക്കനാടന്‍ പ്രണയസൗഹൃദ-സൗന്ദര്യത്തിന്റെ കൂട്ടുകാരന്‍: കാരൂര്‍ സോമന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക