Image

മാര്‍ ജോര്‍ജ് വലിയമറ്റത്തിന്റെ ജൂബിലിയാഘോഷം 30ന്

Published on 28 November, 2013
 മാര്‍ ജോര്‍ജ് വലിയമറ്റത്തിന്റെ ജൂബിലിയാഘോഷം 30ന്
തലശേരി: തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റത്തിന്റെ മെത്രാഭിഷേകത്തിന്റെ രജതജൂബിലിയും പൗരോഹിത്യത്തിന്റെ സുവര്‍ണ്ണ ജൂബിലിയും 75- ാമത് ജന്മദിനവും 30നു വിവിധ പരിപാടികളോടെ ആഘോഷിക്കും. 30ന് ഉച്ചയ്ക്ക് 1.30ന് കത്തീഡ്രല്‍ ദേവാലയ അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ വിശിഷ്ടാതിഥികളെ സ്വീകരിക്കും. 

വിശുദ്ധ കുര്‍ബാനയ്ക്കു മുന്നോടിയായി അതിരൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം പോണാട്ട് ആമുഖ പ്രഭാഷണം നടത്തും. തുടര്‍ന്നുനടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ സുവിശേഷ പ്രസംഗം നടത്തും. 

ഉച്ചകഴിഞ്ഞു 3.30നു നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി അനുഗ്രഹ പ്രഭാഷണം നടത്തും. 

മാനന്തവാടി ബിഷപ് മാര്‍ ജോസ് പൊരുന്നേടം, താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ഭദ്രാവതി ബിഷപ് മാര്‍ ജോസഫ് അരുമച്ചാടത്ത്, മാണ്ഡ്യ ബിഷപ് മാര്‍ ജോര്‍ജ് ഞെരളക്കാട്ട് എന്നിവര്‍ ജൂബിലി ഉപഹാര സമര്‍പ്പണം നടത്തും. 

ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റത്തിന്റെ ജൂബിലി സ്മാരകമായി ഓരോ ഇടവകയും ഓരോ വീടു പണിതു പാവപ്പെട്ട കുടുംബത്തിനു നല്‍കുന്ന പദ്ധതിയുടെ ഭാഗമായി വീടിന്റെ താക്കോല്‍ദാനം മന്ത്രി കെ.എം. മാണി നിര്‍വഹിക്കും. ജൂബിലി സ്‌കോളര്‍ഷിപ് വിതരണം കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും ജൂബിലി സുവനീറിന്റെ പ്രകാശനം മന്ത്രി കെ.പി. മോഹനനും നിര്‍വഹിക്കും. 

മന്ത്രിമാരായ പി.ജെ ജോസഫ്, കെ.സി ജോസഫ്, കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, ബത്തേരി ബിഷപ് ജോസഫ് മാര്‍ തോമസ്, ബല്‍ത്തങ്ങാടി ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍എ, തലശേരി നഗരസഭാധ്യക്ഷ ആമിന മാളിയേക്കല്‍, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ധന്യ സിഎംസി, നഗരസഭാ കൗണ്‍സിലര്‍ അഡ്വ. എം.വി. മുഹമ്മദ് സലിം, എകെസിസി രൂപത പ്രസിഡന്റ് ദേവസ്യ കൊങ്ങോല എന്നിവര്‍ ആശംസകളര്‍പ്പിക്കും. 

ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം മറുപടി പ്രസംഗം നടത്തും. തലശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു എം. ചാലില്‍ സ്വാഗതവും ജൂബിലി ആഘോഷ കമ്മിറ്റി കണ്‍വീനര്‍ റവ.ഡോ.തോമസ് കൊച്ചുകരോട്ട് നന്ദിയും പറയുമെന്ന് അതിരൂപത പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ റവ.ഡോ. ജോര്‍ജ് കുടിലില്‍, ഫാ.തോമസ് തൈത്തോട്ടം, ഫാ. മാത്യു മുളയോലില്‍, ഡി.പി. ജോസ്, ജോണി വടക്കേക്കര എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 

(ദീപിക)

 മാര്‍ ജോര്‍ജ് വലിയമറ്റത്തിന്റെ ജൂബിലിയാഘോഷം 30ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക